കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്!
Wednesday, July 22, 2009
പല്ലി ഒരു ഉല്‍പ്രേക്ഷയല്ല
ഇരുള്‍പ്പേടി ഞാനൊതുക്കിക്കൊണ്ട്
ആമാടപ്പെട്ടി തുറക്കുമ്പോള്‍...
കണ്ടുകിട്ടുന്നു
മൂന്നു ശവങ്ങള്‍ - പല്ലികള്‍.
കറുത്തുനീലിച്ചവയെങ്കിലും
കണ്ണൂകള്‍ പളുങ്കായ് തിളങ്ങുന്നവ,
വാല്‍ മുറിയാത്തവ!
ഇന്നലെ ഇവരെണ്റ്റെ ഉത്തരം താങ്ങി
ഉപനിഷത്തായ് ചിലച്ചു.
സത്തൊഴിയാ വാലിന്‍തുമ്പില്‍
സത്യമേ തുടിക്കുന്നതെന്നു ഞാന്‍ നിനച്ചു.
കാലിടറും നേരത്തെണ്റ്റെ
കണ്‍ഫ്യൂഷനൊടുങ്ങാതെ
ഇടത്തും വലത്തും, പിന്നിടയ്ക്കും
കാലുകള്‍ കവച്ചു.
രോഗം (ലോകം)മാറാനിതു കാരണമെന്നു ശഠിച്ചു.
ധീരമാം ദിനോസറിന്‍ മുഖഭേദങ്ങള്‍,
ഭീമപാദവൃക്ഷങ്ങള്‍,
ലോലഹൃദയാന്തരങ്ങളില്‍ ചുവക്കും
തുടിപ്പാര്‍ന്ന മിടിപ്പുകള്‍,
നളന്ദാ-തക്ഷശിലാ വസന്താഗമങ്ങള്‍...
സര്‍ഗ്ഗസായൂജ്യങ്ങളെ ചരിത്രമാക്കും
മുഗ്ദ്ധ സുഷുപ്തീ ലയഭംഗീകാമനാകലികകള്‍... !
ഉള്‍ക്കണ്ണു തുറന്ന് ഞാന്‍ വമ്പിലോര്‍ക്കവേ
പാടക്കോപ്പുകള്‍ തോക്കുംവണ്ണം ചീറുന്നു...
അതേ, മൂന്നു പല്ലികള്‍, വാലുള്ളവ.
പിന്നെയാ യുദ്ധാവേശ ജാഥയിലവയെല്ലാം
വൃത്തബന്ധുരം ശിലാബന്ധിത വാക്യങ്ങളാല്‍
മര്‍ത്യമോക്ഷത്തിന്‍ പുലയാട്ടുകള്‍ തുടരുന്നു.
ആമാടപ്പെട്ടിമേല്‍ മകനിപ്പോള്‍
സ്റ്റിക്കറൊട്ടിച്ചീടുന്നു:
"ദൈവമേ... നിന്‍പേരിപ്പോള്‍
പല്ലിയെന്നാണോ?
സ്തോത്രം... "
-----
മഴയില്‍ നടക്കുമ്പോള്‍
മണക്കും ചോരക്കനല്‍,
ഉണരും സ്മൃതിയൊച്ച
ഒരൊറ്റച്ചിലമ്പു പോല്‍.
ഇടനീള്‍വഴി നീളെ
അഗ്രയാനത്തിന്‍ പുത്തന്‍
പെരുമ്പാമ്പിഴയുമ്പോള്‍
തകില്‍ കൊട്ടുന്നു പകല്‍.
തരളം വയലേല
കൈതപ്പൂങ്കരം നീട്ടി
മണപ്പിക്കുന്നകവും പുറവും
തിണര്‍ത്ത സ്നേഹത്താല്‍.
മഴക്കാറ്റുണരുമ്പോള്‍
മുകില്‍പ്പൂ നൃത്തം ചെയ്യും
മയില്‍ക്കാവടിപ്പെയ്ത്തായ്
മിഴികള്‍ കലമ്പുന്നു,
തീര്‍ത്ഥക്കുടമുടയുന്നു.
മരിച്ച സ്നേഹങ്ങള്‍ തന്‍
മുളമ്പൂ മുളയ്ക്കവേ
ചൊരിഞ്ഞ താപങ്ങള്‍ തന്‍
കാടുണര്‍ന്നുലയുന്നുണ്ട്,
അടുത്തും അകലെയും.
മരിക്കാത്തവയെല്ലാം,
മുളയ്ക്കാ വിത്തായ് മണ്ണിന്‍
വിടരാച്ചുണ്ടിന്‍ മൌനം
ഉമ്മവച്ചെടുക്കുന്നു.
രാത്രിതന്‍ ചുരം താണ്ടി
ആഷാഢക്കുളിര്‍ മോന്തി
ജ്വരവേദനകളില്‍
കല്‍പ്പാന്തം മണത്തുകൊണ്ട്
സ്വയമേതുറവയെ തേടുന്നു... ?
കടലിണ്റ്റെ കലിയും കവിതയും
ചേര്‍ത്തു മോന്തുന്നു ഞാന്‍.
തിമിരക്കാഴ്ച തിങ്ങും
മനസ്സാല്‍ വടികുത്തിയിടറി,
തളരാതെ, പിന്‍മാറാതെ
ചികയുന്നകക്കണ്ണിന്‍ തെളിദൃശ്യങ്ങള്‍...
സ്വപ്നബന്ധുരം ജീവിതാര്‍ഥം
മഴയില്‍ നടക്കുമ്പോള്‍.
000
Tuesday, July 07, 2009
അപമാനിതം
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.
പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.
ചോരയെ ജലത്തിനു പകരംവച്ചതായുള്ള
യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന
നദികളുടെ സംയുക്ത ജാഥയില്‍
മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും
ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!
എന്നാല്‍...
എണ്ണയ്ക്കു പകരം സംഹാരായുധം
എന്ന കാവ്യനീതി ആണിക്കറിയാമെന്നത്
തെല്ലൊക്കെ ആശ്വാസം പകരുന്നതായി
രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
ഭാവന
പുതുബോധം
വാക്കുപയോഗരീതി
തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി
കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,
വേറിട്ട ശബ്ദമൊന്നുമാവാതെ...
പരമകഷ്ടമാണ് കവികളുടെ കാര്യം!
കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.
മറ്റുള്ളവ...
കവിസ്മാരക പുരസ്കാരങ്ങളുടെ
സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.
കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.
പഴുപ്പു നിറഞ്ഞ വ്രണമായി
ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍
മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര
തീര്‍ത്തും അസഹ്യമാണ്;
അപമാനിതവും.
Tuesday, June 09, 2009
വീട്ടുതടങ്കല്‍
അതിരുകള്‍ക്കും തടങ്ങള്‍ക്കുമപ്പുറം
പുലരിയുണ്ടോ?
പുരാണദേവാലയ സ്തുതികളുണ്ടോ?
മനസ്സു തുറന്നൊരാളകലെയുണ്ടോ?
അറിയില്ല...
മണ്‍മതില്‍ ചിതല്‍ പിടിച്ചതാണെങ്കിലും
കാറ്റിണ്റ്റെ ഹൃദയമര്‍മ്മരമിന്നുമനാഥമായ്
ചിതറിവീഴുന്നു രാവിന്‍ കയങ്ങളില്‍.
മൊഴിമരങ്ങള്‍ വിളിക്കുന്നു
പാഴ്‌നിഴല്‍ പഴിപറഞ്ഞേ പുലമ്പുന്നു
പാട്ടുകള്‍ പതിരുപെറ്റുപോം ഞാറ്റടിക്കാലവും
പറയിമുത്തശ്ശി തന്‍ പഴങ്കഥകളും
വയലളന്നേ നടക്കുന്നു...
മാടനും മറുതയും വാഴുമിത്തിരിക്കാവിലോ
വയണ തിരിവയ്ക്കുമമ്പലക്കുന്നിലോ
ചിറകൊടിഞ്ഞുപോയൊരു കുഞ്ഞുപക്ഷിതന്‍
ചിരപരിചിത ക്ളാന്തനാദങ്ങളില്‍
തിരികെ വന്നു ഞാന്‍ കൂടുതേടുന്നുവോ?
വഴിയരികിലെ കാഴ്ചകള്‍
പൊയ്ക്കാലു പതറിവീഴും പരീക്ഷകള്‍
ആള്‍ത്തിരക്കറിയുമെന്നാല്‍ അലിഞ്ഞതില്‍ മായുവാന്‍
കൊതിയെഴാത്തതാം ഏകാന്തമാനസം.
തകില് തെന്‍പാണ്ടിമേളം കൊഴുക്കുന്നു
മയില് പഞ്ചാരി തുള്ളിത്തകര്‍ക്കുന്നു
വിജനമുള്ളിലെ കാഴ്ച്ചപ്പുറങ്ങളില്‍
വിരസജീവിതക്കോലം തിമിര്‍ക്കുന്നു.
വിരഹി ഞാനീ വിമൂകസായന്തനം
വിധിവിഹിതമായ് മൊത്തിക്കുടിക്കുന്നു.
നിറയുമേതോ വിഷക്കോപ്പ തന്നുനീ
വിരഹിയെന്നെയുപേക്ഷിച്ചു പോകയോ...
സഹനചന്ദ്രികേ നിന്നെത്തിരഞ്ഞു ഞാന്‍
മൃതിവനത്തിന്നതിര്‍ത്തി താണ്ടുന്നുവോ?
എവിടെയായിരുന്നാലും തടങ്കലില്‍
എരിയുമുള്ളം കുരുന്നിലക്കൂമ്പു പോല്‍.
അതിനു സാന്ത്വനമാര്‍ പകര്‍ന്നേകുമെ-
ന്നലയുവാന്‍മാത്രമെണ്റ്റെ തീര്‍ത്ഥാടനം.
ഇനി വിലാസം കുറിക്കുവാനി,ല്ലഹം
കപടനൃത്തച്ചുവടിളക്കുന്നൊരീനിമിഷവും കൂടി മായട്ടെ... !
ആരൊരാള്‍ കുതിരമേലെറിയെത്തുവാന്‍
ശിഷ്ടമീ കുരുടജന്‍മം തിരിച്ചെടുത്തീടുവാന്‍?
*****
Sunday, March 29, 2009
വിരഹാദ്യരാത്രി
അലിഞ്ഞിറങ്ങിയ മാതിരി
അസ്തമയശോഭയുടെ ഉലകത്തിച്ച്
ലഹരിയുടെ തീര്‍ത്ഥങ്ങളില്‍
മുഴുകി നീന്താന്‍ കൊതിയുണ്ടെങ്കിലും...
സ്വപ്‌നവും നോവുന്ന സത്യവും
ഇരുതട്ടുകളില്‍ തുള്ളിയിളകവെ
പുതുഗന്ധങ്ങളുടെ പെയ്‌ത്തില്‍
നാം അഭിമുഖമിരിപ്പെങ്കിലും...
മധ്യത്തില്‍ ഈ നീതിദേവതയുടെ
അന്ധവും ബധിരവുമായ ശിരസ്സില്‍
ഒച്ചയെടുക്കാത്ത മുറിനാവ്
കരുതലായ്
കുരുതിജന്മത്തെ
മറിച്ച് വായിക്കുന്നു.
കണ്ണിലാരാണ് ശരറാന്തല്‍ കൊളുത്തിയത്?
കിനാവും കവിതയും ചേര്‍ത്ത്
ഉറക്കമിളച്ച് കാത്തത്?
കിടക്കവിരി മാറ്റി വിളക്കൂതിയത്?
അമ്പിളിത്തട്ടില്‍ മുന്തിരിവീഞ്ഞും
കെട്ടിപ്പിടിക്കാന്‍ മുയല്‍ക്കുഞ്ഞുങ്ങളുമായി
ശരത്‌കാലത്തിന്റെ ശയ്യാകാശത്തിലെ
മേഘങ്ങള്‍ മുറുക്കിയ സാരംഗിയില്‍
ആരോ നിറുത്താതെ പാടുന്നതും
നമുക്കുവേണ്ടിയോ... പ്രിയേ?
ഒരു തവണ മൊത്തിയെങ്കിലും
ഒരിക്കലും കൊതിതീര്‍ക്കാത്തവിധം
നിശ്ചലം കണ്ണുതുറന്നിരിക്കട്ടെ
ആ പാനപാത്രം അവിടെ
അങ്ങനെത്തന്നെ
അചഞ്ചലം.
ഈ മുഖവും മനസ്സും പെയ്യുന്ന
വിധുവും അനല്‍പമധുവും
രുചികളെ തിരികെവിളിക്കുമ്പോള്‍
പാനപാത്രം എനിക്കെന്തിന്!
പ്രണയത്തിലുപരി ലഹരിയാകാന്‍
ഏത് മായാമദിരയാണുള്ളത്?
ക്ഷമിക്കുക...
ഓര്‍ത്തോര്‍ത്തിരിക്കെ
മറന്നു പോകുന്നു,
ഇത് വിരഹാദ്യരാത്രിയെന്ന്.
***
Monday, March 02, 2009
ലൈഫ് ലോംഗ് (കവിത)
ഉറപ്പിക്കുമ്പോള്‍ ചോദ്യം:
'എത്ര കാലം ശരിയായി ചലിക്കും?'
'ലൈഫ് ലോംഗ്' എന്നു പറയാന്‍
ഒട്ടും വൈകിയില്ല.
'സമയം ശരിയായാലും പ്രശ്നമുണ്ടല്ലോ...
മണിക്കൂര്‍ മിനിറ്റായും
മിഴിതുറന്നടയ്ക്കലായും കണക്കിലെഴുതും.
എഴുന്നേല്‍പ്പ്
നടപ്പ്
കിടപ്പ്
മരുന്നുകള്‍
തലക്കെട്ടു മാത്രം പത്രവായന
കുളി
ഭക്ഷണം
ടീവി കേള്‍ക്കല്‍...
എല്ലാറ്റിനും സമയത്തിന്റെ വിലക്കുണ്ടാവും!
വായിക്കാത്ത ജീവിതം
എത്ര നിഷ്‌പ്രയോജനം.'
- പരാതിയല്ല
- ആത്മഗതമാണ്.
കണ്‍പോളകളില്‍ നീരുണ്ട്,
കാല്‍പ്പാദങ്ങള്‍ പതറുന്നുണ്ട്,
ചുമ കഫക്കെട്ടായി ഇടറുന്നുണ്ട്.
എല്ലാറ്റിനും സമയത്തിന്റെ വിലക്കുണ്ടല്ലോ!
ഒടുവില്‍...
യാത്രയുടെ അവസാന ചീട്ടുമായി
ഇ. സി. ജി. മോണിറ്ററില്‍
ഇളംപച്ച നിറമുള്ള തിര ശാന്തമായി.
അമാവാസികള്‍ മിഴിയിലേക്കിറങ്ങി.
അര്‍ദ്ധബോധത്തിലെ അവസാന വിളി
ആര്‍ക്കുള്ളതായിരുന്നു?
മണിബന്ധത്തില്‍
അപ്പോഴും തുടിച്ചു...
'ലൈഫ് ലോംഗാ'യിട്ടുള്ള സമയം!
***
Wednesday, February 25, 2009
പാചകക്കുറിപ്പുകള്‍ (ഇന്നത്തെ സ്പെഷ്യല്‍)
തയ്യാറാക്കാവുന്ന
ചില സ്പെഷ്യല്‍ ഇനങ്ങളാണ്.
ഒന്ന്:
മൂര്‍ച്ചയുള്ള കത്തി
വീതിയുള്ള റബര്‍ബാന്‍ഡ്
ഇളം ചൂടുള്ള വെള്ളം (ആവശ്യത്തിന്).
രണ്ട്:
ഫ്യൂരഡാന്‍ - 30 മില്ലിഗ്രാം
സ്ലീപിംഗ് പില്‍സ് - 15 എണ്ണം
എലിപ്പാഷാണം (ഒരു പൂവമ്പഴത്തില്‍ മിക്സ് ചെയ്യാവുന്നത്ര!)
മൂന്ന്:
രണ്ടു മീറ്റര്‍ കയര്‍ (പൊട്ടാനിടയില്ലാത്ത തരം)
ചെറിയ സ്റ്റൂള്‍ (സുമാര്‍ രണ്ടടി ഉയരമുള്ളത്)
മുറിക്കുള്ളില്‍ ഫാനില്ലാത്തവര്‍
പറമ്പിലെ മാവോ
അടുക്കളയിലെ കഴുക്കോലോ
മുന്‍കൂട്ടി കണ്ടുവെയ്ക്കുക.
അവശ്യം വേണ്ടുന്ന മറ്റു ടച്ചിംഗ്സ്:
ബാങ്കുവക ജപ്തി നോട്ടീസ് (അസ്സലും ഫോട്ടോകോപ്പിയും)
കടബാധ്യതയുടെ ചുരുക്കം (എഴുതിത്തള്ളേണ്ടുന്ന തുക ഉള്‍പ്പെടെ)
ആത്മഹത്യാക്കുറിപ്പ് (സ്വന്തം തീരുമാനമെന്ന് വ്യക്തമാക്കി ചുവപ്പിന്റെ അടിവരയിട്ടത്) അമ്പലം, പള്ളി, ചര്‍ച്ച് മുതലിടങ്ങളിലെ
വീട്ടാത്ത നേര്‍ച്ചകളുടെ ലിസ്റ്റ്.
പ്രണയാവശിഷ്ടമായ
നാലുവരി നാടന്‍പാട്ട്.
പാകം ചെയ്യേണ്ടുന്ന വിധം...?
അവരവരുടെ അഭിരുചിയും
സൗകര്യവും പോലെ
ആര്‍ക്കും ശ്രമിക്കാം.
ചൂടോടെയും അല്ലാതെയും അതീവ ആസ്വാദ്യകരം.
സാഹിത്യരോഗികള്‍ക്കുള്ള മുന്നറിയിപ്പ്:
ഇടപ്പള്ളി, നന്ദനാര്‍, രാജലക്ഷ്മി
ആദിയായയവരുടെ റഫറന്‍സുകളും
വൈയക്തികസമസ്യകളും
ടിപ്പണമാക്കാവുന്നതാണ്.
***
ഏതെങ്കിലും ടി. വി. ചാനലുകാര്‍
സംഭവം ഹൈലൈറ്റ് ചെയ്തേക്കാം.
‘ചത്തു കിടന്നാലും ചമഞ്ഞുവേണം.’
000
Thursday, February 12, 2009
കിളിപ്പാട്ട്
കിളിപ്പാട്ടുകളൊക്കെ
ആകാശം മേഘക്കീറില്‍
നക്ഷത്രത്താല്‍ പകര്‍ത്തുന്നുണ്ടാവാം.
നാളത്തെ വെയിലിലോ
മറ്റൊരിക്കല്‍ മഴയിലോ
ഋതുഗീതമായ് അലിയിച്ച്
ഭൂമിക്ക് തിരികെത്തരാന്‍.
അതുകൊണ്ടായിരിക്കാം
നോവുകള്‍ പൊള്ളിക്കുന്ന
കടുത്ത വേനല്‍ സഹിക്കാനും
കരളിനെ കുളുര്‍പ്പിക്കുന്ന
നനുത്ത മഴകളെ പ്രണയിക്കാനും
നം അനുശീലിച്ചത്.
സത്യത്തില്‍ ഓരോ കിളിപ്പാട്ടും
ഒരു സന്ദേശമാവം.
ചോരയുറയുന്ന നേരിന്റെ
നേര്‍ത്തലിയുന്ന ഒരീണം
വെട്ടിത്തിളയ്ക്കുന്ന ക്രൗര്യത്തിന്റെ
അപ്രിയമായ ഒരു പൊള്ളല്‍.
തിളച്ചവെള്ളവും പൂച്ചയും
മനസ്സിനുള്ളിലെ ധ്രുവങ്ങളില്‍
ഇപ്പോഴും അങ്ങനെതന്നെ
പതിഞ്ഞുകിടക്കുന്നു...
കിളിപ്പാട്ടുകളാല്‍ ഉണര്‍ത്തപ്പെടാതെ.
***
Tuesday, January 13, 2009
മുതലയുടെ ഹൃദയം (കവിത)
നിന്റെ കണ്ണട ചുവന്നാണ്,
ഉടുപ്പ് പച്ചയാണ്,
നടപ്പ് ചരിഞ്ഞാണ്,
കിടപ്പ് ആരാന്റെ കട്ടിലില്‍!
ചിരി പതിഞ്ഞതും
എഴുത്ത് കാപട്യവും
പാട്ട് അപശ്രുതിയെങ്കില്‍
നോക്ക് പാതിയടഞ്ഞത്.
ഏറ്റവും അസഹ്യം
ആ കണ്ണുനീരാണ്.
അതിന്റെ നിറവില്‍ അമ്ലമഴ
കനച്ച് കുതറുന്നു.
വഴുവഴുത്ത സ്ഖലിതത്തില്‍
സനാതനത്വം മറയുന്നു.
പിന്നെയുമുണ്ട് കുറ്റങ്ങള്‍...
നാമജപം വികടത്വമാക്കി
പ്രാര്‍ത്ഥനയെ സ്വകാര്യമാക്കി
പ്രാണായാമത്തില്‍പ്പോലും
മറ്റുള്ളവര്‍ക്കായ് തപിച്ചു.
ആകയാല്‍ ഞങ്ങള്‍ വന്നു;
നിന്റെ ഹൃദയം പുറത്തെടുക്കാന്‍
നക്രഹൃദയം നറുമരുന്നെന്ന്
നാനാമുനികള്‍ അരുള്‍ചെയ്തത്
ഈ കര്‍മ്മത്തെ സാധൂകരിക്കും.
നിന്റെ കണ്ണീര്‍ ഒന്നടക്കുക,
സ്വര്‍ഗ്ഗമെങ്കിലും കാംക്ഷിക്കുക.
ചോരയുടെ ചൂടും
മാംസത്തിന്റെ ചൂരും
ഞരമ്പുകളുടെ മുറുക്കവും
അസ്ഥികളുടെ കാഠിന്യവും.
അസാധാരണം ഈ മിടിപ്പുകള്‍,
ഒരു ടൈംബോംബിന്റെ തുടിപ്പുകള്‍?
സിത്താര്‍, ബാംസുരി, തബ്‌ല...
ഇതാ മധുരമായ് മുഴങ്ങുന്നു
അന്ധഗായകന്റെ ആറാം സിംഫണി.
000
Tuesday, January 06, 2009
വീട് ഒരു ദേവാലയം
നനഞ്ഞ കൈകള്‍ ഒറ്റവസ്ത്രത്തില്‍
ഒരു ആഫ്രിക്ക തീര്‍ത്തു.
മുടിയിഴയിലെ വെള്ളികളൊക്കെ
പുകയാല്‍ കറുപ്പഴകായി.
കവിളിലിറ്റുന്ന വിയര്‍പ്പുപ്പില്‍
കപ്പപ്പുഴുക്കിന് മുളകരച്ചു.
അപ്പോഴും നാസികാഗ്രത്തില്‍
ഒരു മുത്ത് തീക്കനല്‍ തെളിച്ചു.
പകല്‍പ്പാതിയുടെ തിളപ്പുമായി
പര്‍ത്താവ് പതിഞ്ഞുവന്നു.
ഇന്നലെ തല്ലിക്കൊന്ന മഞ്ഞച്ചേരയെ
അവള്‍ വീണ്ടും കണ്ടു.
എരിവ് കുറവാണെന്നയാള്‍
പാത്രം വടിച്ചുനക്കി ഏമ്പക്കം വിട്ടു.
നിനക്കുണ്ടോ എന്നൊരു ചോദ്യത്തെ
പ്രതീക്ഷിച്ചല്ലെങ്കിലും അയാളെ നോക്കി.
ശരിക്കും തുറക്കാത്ത ജനാലകളായി
അന്തിചാഞ്ഞ കണ്ണുകളില്‍ അരം മാത്രം.
കുട്ടികള്‍ വരുമ്പോഴേക്കും ഇനിയെന്ത്?
ഓമയ്ക്ക വേവിച്ചാല്‍ കഞ്ഞി മതിയാവും.
ഏന്തിവലിഞ്ഞ് ചീനിക്കമ്പാല്‍ക്കുത്തി
പിഞ്ചൊരെണ്ണം വീഴ്ത്തുമ്പോള്‍
ഉപ്പുമുളകുകള്‍ കണ്ണില്‍പ്പുരണ്ട് പിടഞ്ഞ്
കാണാത്ത ദൈവത്തെ നാലുതവണ
കരഞ്ഞും പിഴിഞ്ഞും വിളിച്ചു.
അകത്ത് കൂര്‍ക്കത്തിനിടയിലൂടെ
ഏതോ തെറ്റിയുച്ചരിക്കപ്പെട്ട തെറി.
വിഴുപ്പുകള്‍ തേച്ചുരച്ച് കൈകുഴഞ്ഞ്
വിറയലുള്ള വിരലുകളില്‍ ചോര പൊടിഞ്ഞു.
മഴക്കാര്‍ മുരളുന്നതില്‍ പരിതപിച്ചു:
നാളത്തേക്ക് യൂണിഫോറം ഉണങ്ങില്ലേ?
ഇനി ഒരുപാത്രം കഞ്ഞിവെള്ളം ബാക്കി?
അതില്‍ ഒരുനുള്ള് ഉപ്പും ചേര്‍ക്കാതെ
ഒറ്റശ്വാസത്തില്‍ ഇറക്കാമെന്ന് നിനച്ച്
ഇരുട്ടില്‍ പരതുമ്പോള്‍...
നാവു തുടച്ച് ഒരുപൂച്ച കുറുകെ.
000
Monday, January 05, 2009
Saturday, January 03, 2009
കുളം
ഒരു ഓവുണ്ടായിരുന്നു.
മഴനിറഞ്ഞു കിണര്‍ തൂവുമ്പോള്‍
അച്‌ഛന്‍ ഓവ് തുറന്നു വിടും.
ഒളിച്ചുകളിക്കുന്ന സൂര്യനെ
ഇളം നീലയായി പകര്‍ത്തി
മലര്‍ന്നുകിടക്കുന്ന കിണര്‍
ആഴങ്ങളില്‍ നിന്നുള്ള
ചൂടുള്ള ധാരയെ പുറംതള്ളും.
ചെറിയ ജലസസ്യങ്ങളും
മാനത്തുകണ്ണിയും
പിച്ചകത്തിന്റെ അടര്‍ന്ന മൊട്ടുകളും
ഓളങ്ങളുടെ ധിക്കാരത്തില്‍
ഒഴുക്കിനെതിരെ കൂടിനില്‍ക്കും.
ഒഴുക്കിനൊപ്പം വഴിതുറന്ന്
ഞാനും അച്‌ഛനൊപ്പം
തൂമ്പയുമായി നടക്കും.
തെങ്ങുകള്‍ക്കും വാഴകള്‍ക്കും
കറിവേപ്പിനും നാരകത്തിനും
ചാലുകള്‍... തോടുകള്‍.
ഒഴുക്കിന്റെ വേഗം
വയല്‍ക്കരയിലെ കുളം വരെ.
ആകാശത്തെ നിറച്ചുവച്ച
പ്രണയിനിയുടെ കണ്ണുപോലെ
ആഴവും അനന്തതയും തുടിക്കുന്ന
നീലിമയുടെ നൃത്തം.
കുളം
പ്രപഞ്ചവും ആകാശഗംഗയും
ജീവിതത്തിന്റെ സമൃദ്ധിയും
ജലത്തിന്റെ അപാരതയും
മനസ്സിന്റെ ശാന്തതയും...
എന്നൊക്കെ അച്‌ഛന്‍ പറയും.
തിരികെ വീട്ടിലെത്തുമ്പോള്‍
ഒറ്റയ്‌ക്കായെന്ന തോന്നലുമായി
കണ്ണുനിറയ്ക്കുന്നു അമ്മ.
- നീയെവിടെപ്പോയിരുന്നു?
- കുളക്കര വരെ.
- ഈ സന്ധ്യക്ക്... ഒറ്റയ്ക്കോ?
- അല്ലല്ലോ!
- പിന്നെ?
- അച്‌ഛനും ഉണ്ടായിരുന്നു.
അമ്മയുടെ മൗനം
ഒരു തേങ്ങലിന്
ഞൊടിയിടയില്‍ വഴിമാറും.
***
Monday, December 22, 2008
(കവിത): മണ്‍വാക്ക്
മെല്ലെ നടക്കണം...
മുറുകെ പിടിച്ചോളൂ.
പുറത്തിറങ്ങിയാല്‍ ടാക്സി കിട്ടാം...
പരിചിതര്‍ കാണാതിരുന്നാല്‍
അപകടമില്ലെന്ന് കരുതാം.
ലിഫ്റ്റിനുള്ളില്‍ എന്തൊരു ഗന്ധമാണ്!
അറവുകാരന്റെ പീടികയില്‍
മുറിഞ്ഞു തൂങ്ങിയ നട്ടുച്ചപോലെ.
(അവിടെയും ഇവിടെയുമായി
ചിതറിയ മാംസത്തുണ്ടുകള്‍
കഴുകിത്തുടയ്ക്കാനും വേണമല്ലോ
കുറെ സാവകാശം.)
എന്തിനായിരുന്നു കുഞ്ഞേ
വ്യഥിതയായി നീയിങ്ങനെ?
പപ്പ അറിയരുത്...
കൂട്ടുകാരും... നാട്ടുകാരും!
ഉള്ളില്‍വച്ചേ ഉടഞ്ഞുപോയ
ഒരു രഹസ്യവാക്കായി
ഇത് നമ്മില്‍ മാത്രം.
അവനല്ലേ...
ഓടിക്കിതച്ചെത്തുന്നത്?
മിണ്ടാന്‍ നില്‍ക്കണ്ട.
എല്ലാം ഇവിടെ ഒടുങ്ങണം.
ഒരു കരയില്‍മാത്രം തൊടുന്ന
പാലം ആര്‍ക്കുവേണ്ടി?
വേലിയേറ്റത്തില്‍ മുങ്ങിയപ്പോള്‍
എവിടെപ്പോയിരുന്നു?
ചോരപുരണ്ട അയസ്‌കാന്തം
വിറയ്ക്കുന്ന കണ്ണുകളാല്‍
ഇങ്ങനെ നീയെന്നെ നോക്കരുത്.
ഉടലാകെ ഉരുകിപ്പോകുന്നു.
ലോഹമില്ലാത്ത പരിസരങ്ങളില്‍
ട്രാഫിക്ജാമിലായ യന്ത്രങ്ങള്‍
പരസ്പരം ഓര്‍മ്മിപ്പിക്കുന്നു:
'ഒരു പൂച്ചെണ്ട്
ആദ്യചുംബനം
ദീപ്തരതിയുടെ രാവ്
ഇലകൊഴിച്ച ഋതുവിന്
നിലാവിന്റെ പാരിതോഷികം.'
എതിര്‍ദിശയിലേക്കുള്ള ഇരമ്പലായി
ടാക്സി പാഞ്ഞതോടെ
അവനിലേക്ക് കരിമേഘങ്ങള്‍ പെയ്തു.
മണ്ണിലേക്ക് തളര്‍ന്നിരുന്നപ്പോള്‍
അന്നനാളത്തില്‍ കുരുങ്ങിപ്പോയ
തീരെ മൃദുവായ കുഞ്ഞുവിരലുകള്‍
വിടര്‍ന്ന മുള്‍ച്ചെണ്ടായി.
സമയത്തിന്റെ പട്ടികയില്‍
മറവി തിന്ന പ്രാണന്റെ വിതുമ്പല്‍.
ഒരു പൊട്ടിക്കരച്ചില്‍ പോലും
കനിയാത്ത മൗനത്താല്‍
വേനലിന്റെ തീനാവിലേക്ക്
ഉടഞ്ഞുപോകുന്ന മണ്‍വാക്ക്.
***
Monday, December 15, 2008
പനിക്കൂര്‍ക്ക
തലയാകെ വറുതിയിലാണ്
ഉടല്‍ ചുഴികുത്തുമേതോ
സമുദ്രത്തിലാണ്
ഓര്‍മ്മ വികലമാമൊരു
രാത്രിമൂര്‍ച്‌ഛയിലാണ്.
മരുന്നുകള്‍ മാറുന്നു
വൈദ്യരും മാറുന്നു
വിരല്‍മുനയില്‍ നിന്നൂര്‍ന്ന
രക്തരേണുക്കളില്‍
കുറിയ മൗനങ്ങളും
കുടിലസ്വാര്‍ത്ഥങ്ങളും
വരിവച്ച് നീങ്ങുന്നു.
നിദ്ര പിണങ്ങിയകന്നിരിക്കും
ഇഷ്ടകാമിനിയാവുന്നു...
പനിയിത്
മഹാമൗനമെല്ലാംതകര്‍ക്കുമൊരു
സ്ഫോടനമാവുന്നു.
ഇടവഴിയില്‍ നില്‍പ്പുണ്ട്
വായ്‌ത്തലച്ചിരികളായ്
ഇടയനെ പിന്‍പറ്റിയലയും
ബലിമൃഗക്കുരുതിമലര്‍.
പെരുവഴിയില്‍ നില്‍പ്പുണ്ട്
തിരുശൂലമുനകളില്‍
പിടയുന്ന സിന്ദൂരമുറിവുകള്
സ്വയം നീട്ടിയലറുന്ന
പച്ചമാംവിറകുകള്‍.
ഊഷ്‌മാവ് താഴാതെ
ഉരുകിയുയരും ബോധം
ഒരു കരിവാവായി
മറയുന്നതിന്നു മുമ്പ്
എവിടെയെന്നച്‌ഛന്,
ഈ കൊടുവേനലിന്‍ നെരുകില്‍
ഒരുപിടി ഇല പിഴിഞ്ഞ്
അതിലെ ഭൂനിശ്വാസം
ഉയിരായ് പകര്‍ന്നു തന്ന്
അനുനിമിഷം അരികിലിരിക്കാന്‍!
ഒരുപാട് ചോദ്യങ്ങള്‍
ഒരു വാക്കില്‍നിറയുന്ന
പരിഹാരസൂക്തമായ്
ചൊല്ലി ചിരിക്കുവാന്‍.
അറിയുന്നതിപ്പൊഴോ...
പനിയുടെ വിറച്ചിലില്‍!
അച്ചന്‍...
പകരമായ് മറ്റൊന്നുമില്ലാത്ത
പ്രകൃതിതന്‍ സിദ്ധൗഷധം.
***
Sunday, October 26, 2008
രൗദ്രം
വേദം കൊഴുപ്പിച്ചൊരീയത്തിളപ്പിനാല്‍
കാതു പൊട്ടിക്കാതെ തമ്പ്രാ...
വാളും ചിലമ്പും പുലമ്പുന്ന നാവിനാല്‍
വാതുവച്ചീടാതെ തമ്പ്രാ...
വായ്ക്കരിക്കൊപ്പം നനഞ്ഞ തൃത്താവില
കാല്‍ക്കല്‍ക്കിടന്നു പൊരിയുമ്പോള്‍.
മാടമ്പിയയങ്ങ് വാണൊരാക്കാലത്തി-
ലാരും ചിലയ്ക്കാത്ത നാട്ടിലെങ്ങും
മാടനും മറുതയും പടിയിറങ്ങിപ്പോയ
കാവിലെക്കുരുതിയില്‍ നാവുകള്‍ പിടച്ചതും,
മച്ചിന്റെയുള്ളില്‍ തരുണസ്വപ്നങ്ങളും
കൊച്ചുതിടപ്പള്ളി പെറ്റ പോഴത്തവും
ദിക്കില്‍ നിറഞ്ഞു കനലൂതിനിന്നതും
ബ്രഹ്മസ്വരൂപത്തെ രക്ഷസ്സു തീണ്ട്യതും,
ഭഗ്നബന്ധങ്ങളില്‍ ഭാഗപത്രങ്ങളില്‍
ജപ്തിയാളെത്തി ബലിച്ചോറു വച്ചതും...
എങ്ങള്‍ മറന്നതില്ലൊന്നും,
മരിച്ചവര്‍മണ്ണില്‍ക്കലര്‍ന്ന് പുനര്‍ജ്ജനിച്ചേടവേ.
ഗ്രീഷ്മങ്ങളേത് മരുത്തിനും മണ്ണിനും
രോഷം പകര്‍ന്നുരുകുന്ന കാലം
താളും തകരയും ഉപ്പുചേര്‍ക്കാതെങ്ങള്‍
പാതി വേവിച്ചു കഴിച്ച നാളില്‍
തീതിന്നു പോയൊരാ പാവം കിടാങ്ങള്‍ തന്‍
ചാര്‍ത്തിലാരോ വെടിയുപ്പുതിര്‍ക്കവേ
എതിര്‍വായില്‍ അടിയങ്ങള്‍ മൊഴികൊണ്ട സത്യങ്ങള്‍
പിഴുതെടുത്തങ്ങുന്ന് ചിരി മുഴക്കീടവേ...
ഏനും കിടാങ്ങളും തീനും കുടിയുമ-
റ്റേതേതു ദിക്കില്‍ നടന്നലഞ്ഞു? പിന്നെ...
മാനം ചുരന്ന നറുംകണ്ണുനീരില്‍
കരിക്കാടി സ്വപനവും കണ്ടുറങ്ങി.
നീരും നിലാവും നിറകതിര്‍സ്സൂര്യനും
ചേരുന്നൊരാ കാലമോര്‍ത്ത നേരം
ഓടിത്തളര്‍ന്നെങ്ങള്‍ വന്നെത്തിയീ കൊടൂം-
കാടിന്റെ മതിലകപ്പേച്ചറിയാന്‍.
പാടക്കിഴങ്ങും പനമ്പഴവും കാട്ടു-
ഞാവലിന്‍ കരളുപോലുള്ള കനികളും
തേനും നിറഞ്ഞ ഭ്രമണകാലത്തിന്റെ
തേരുരുട്ടാനിന്നു വന്നു ഞങ്ങള്‍.
അക്ഷരം കാറ്റാം ഗുരുവില്‍ നിന്നുല്‍ഭവിച്ച്
ഒറ്റ ക്ഷണത്തില്‍ പെരുമ്പറത്തോറ്റമായ്!
ആല്‍മരം, കാഞ്ഞിരം, ചൂതം, ഇലഞ്ഞിയും
കാവല്‍നിരയ്ക്കൊത്തു കൈകള്‍ കൊട്ടീടവേ...
താളിയോലയ്ക്കുള്ളിലാരൊ തളച്ചിട്ട
താഴുകള്‍ തുറന്നു വരവായ് പ്രാണവിസ്മയം!
കാമം മനസ്സിലും കാളല്‍ ശിരസ്സിലും
കാളകൂടങ്ങളാല്‍ ഉടല്‍ മിന്നിനില്‍ക്കവേ
കരിവീട്ടിയില്‍ക്കടഞ്ഞെങ്ങള്‍ പണിഞ്ഞൊരീ
കനിവിന്റെ തോഴനാം കുതിരയെ കണ്ടിട്ട്
ഞെട്ടിത്തരിക്കാതെ തമ്പ്രാ..., മദം കൊണ്ട്
ചിന്നം വിളിക്കാതെ വഴിയൊഴിഞ്ഞീടുക!
കാറ്റിന്റെ ചൂളം കടമെടുത്തിന്നിവര്‍
കടലിന്റെ ശൗര്യം പരിചയാക്കുന്നിവര്‍
കാടിന്റെ ചാരത്തിലര്‍ഘ്യം പകര്‍ന്നിവര്‍
ആറിന്റെ ചാക്കാലമഴയില്‍ കുളിച്ചിവര്‍
മുകിലിന്റെ മൗനത്തില്‍ കണ്‍നിറയ്ക്കുന്നിവര്‍
യുദ്ധരക്തത്തില്‍ ഹൃദയം ദ്രവിച്ചവര്‍...
പകലിന്റെ വാതായനം തേടിയെത്തുന്നു
പലവുരു തോറ്റ പടപ്പാട്ടു പാടുന്നു.
ഇത് രൗദ്രം..
ഇത് രൗദ്ര,മിനിയെങ്ങള്‍ പിന്‍വാങ്ങിടാ!
ചിര-മുതുപുരാണങ്ങളാല്‍ കിന്നരം മീട്ടായ്ക.
***
(സമരം അവസാനിക്കുന്നില്ല. അതിന്റെ രൂപവും കാലവും മാത്രമേ മാറുന്നുള്ളു.)
Tuesday, October 07, 2008
ബംഗാൾ പറയാത്തത്
തുപ്പാനും തൂറാനും പൊതുവഴി എന്നതുൾപ്പെടെ!)
സിലിഗുരിയിലേക്ക് പോകുംവഴിയിൽ
പച്ച കൊഴുത്ത ഗ്രാമങ്ങളിലൊന്നിൽ
ഒരു ചങ്ങാതിയുണ്ടായിരുന്നു.
എൺപത് കിലോമീറ്ററിന് എണ്ണൂറിന്റെ നീളം
ഗണിതത്തെ പരിഹസിക്കുന്നു.
വണ്ടി സിലിഗുരിയിൽ എത്തുമ്പോഴേക്കും
ചങ്ങാതി മറുകരയെത്തൂമോ ആവോ?
ഹൂഗ്ലിയുടെ മെലിവിനുമേൽ
ഹൗറയുടെ കൂറ്റൻ എടുപ്പുകളിൽ തൂങ്ങി
ആകാശം അവസാന ചമയത്തിലായിരുന്നു.
ബാറിൽനിന്ന് ഇറങ്ങിവന്ന ഒരു തലപ്പാവുകാരൻ
'ബംഗാൾ എങ്ങനെ തോന്നി'യെന്ന് കാതു കൂർപ്പിച്ചു.
മഹാശ്വേതയോട് ചോദിച്ച് പറയാമെന്ന്
അയാൾക്ക് വാഗ്ദത്തം ചെയ്ത് പിരിയുമ്പോൾ...
ബിമൽമിത്രയും താരാശങ്കറും കൈകോർത്തു വന്നു!
ഒരാൾക്ക് ചുവന്ന തൊപ്പിയും അപരന് പച്ച മേലങ്കിയും.
ചത്വരത്തിന്റെ അതിരിൽ സിദ്ധാർത്ഥൻ ചിരിച്ചു.
ഇടംകോണിൽ കുതിരകൾ ചിനച്ചു മേഞ്ഞു.
വലംകോണിൽ മോഹൻബഗാനും ഈസ്റ്റ്ബംഗാളും
കുതിച്ചുകയറി ഗോൾ പെയ്തു!
അതാ വരുന്നു സത്യജിത്!
പിന്നിൽ...
ആ മെലിഞ്ഞ ചിരിയുമായി അവളുമുണ്ട്...!
വനവും ഗ്രാമവും പങ്കുവെച്ച ചിരി...
ഏഴുകരയിലും തടാകമായ്
നിത്യയാം സൗരാകർഷണ ഭൂമിയായ്
പർവ്വതങ്ങളുടെ പാട്ടുകൾ
നെറുകയിലണിഞ്ഞ് ചുവന്നവൾ!
സൈക്കിൾറിക്ഷയിൽ ഒരു കുടുംബം
ഗതാഗതക്കുരുക്കിൽ നിർവ്വാണം തേടുന്നു.
യത്ഥാർത്ഥ സ്ഥിതിസമത്വം ഇതാണ്...
നാലു നാണയത്തിന്റെ ചെലവിൽ
അഭയം വിലക്കപ്പെടുന്ന ദീർഘദർശിത്വം!
ജ്യോതിദായ്ക്കും മറ്റേ ദീദിക്കും ചാരുവിനും സ്തുതി.
ഈ ചവിട്ടുവണ്ടിയിൽ തുടങ്ങി
കാൽകുഴഞ്ഞൊടുങ്ങുന്ന വൈരുദ്ധ്യമേ ഇവർക്കറിയൂ!
റിക്ഷ യന്ത്രമായിട്ടുള്ള വഴികളിലെങ്ങും
അവർ ഇഴഞ്ഞിട്ടില്ലെന്ന് ഓർക്കുന്ന
പാവം നന്ദിഗ്രാമം!
മഞ്ഞക്കാറുകളുടെ ചെറുനിളകൾ
എവിടെയും നഗരത്തെ ഒന്നാക്കുന്നത്
കരളിന്റെ ചില്ലയെ കണിക്കൊന്നയാക്കുന്നു.
കാളീഘട്ടിൽ ജലരാശിക്കുമേൽ
ഇന്നും ആരുടെയോ കുരുതിച്ചോര!
കട്ട്‌ല മീനിന്റെ കടുത്ത മുള്ളരികിൽ
അരിവാൾ രാകിയിരിക്കുന്നു രാത്രി.
വറുത്താലും കറിവച്ചാലും
ഇതിന്റെ കണ്ണുകൾ തുറന്നിരിക്കുന്നു.
രുചിയിൽ രണ്ടാമതല്ലാത്ത
ഇതിനുണ്ടോ മലയാളിയെന്നും ബംഗാളിയെന്നും.
കൈലി വലിച്ചുടുത്ത്
കുപ്പായക്കൈ തെറുത്തുകയറ്റി
ആടിനടക്കുമ്പോൾ
ബംഗാളിക്ക്... ആകെയുള്ള വ്യത്യസ്ഥത
കുറ്റിമീശയുടെ പരുപരുപ്പ് മാത്രം.
ബിർളാമന്ദിറിനു മുന്നിലെ തിരക്കിൽ
ദൈവങ്ങൾ രാംമോഹൻറോയിയെ തിരഞ്ഞു.
സതീരത്നങ്ങളിൽ അവശേഷിക്കുന്ന പലരും
അന്‌തിയുടെ മറവിൽ
ഉണർന്നിരിക്കുന്ന രാപ്പറവകളായി
പകലിനെ തെറിപറഞ്ഞു.
വിക്‌ടോറിയ ജലധാരയുടെ തണുപ്പിലും
ജൂൺ വിയർത്തു വിളറിയത്
മൃണാൾസെന്നിന്റെ നായാട്ടുകാരനും
ബോസിന്റെ ചാവേറുകളും കണ്ടില്ല.
ഉരുക്കളുടെ സ്വപ്നവിപ്‌ളവവും
വേട്ടരീതികളിലെ സ്നേഹവാദവും മാറിയത്
കോൽക്കാരും ചെങ്കോലുടമകളും
മറക്കുന്നതാവാം കാരണം.
ദാബയിലെ ചപ്പാത്തിയിൽ
പരിപ്പിന് പ്രണയം വരാതെപോയത്
കോഴിയോ മുട്ടനാടോ ഏറ്റെടുക്കുമെന്ന പ്രതീക്ഷ
അരമണിക്കൂറിലും സഫലമാവാതെ
ഒരു ഇടതുപക്ഷ ശൈലിയിൽ പിണങ്ങി,
സ്റ്റിൽ ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ...
തെങ്ങും മാവും മുല്ലയുമായി
മറ്റൊരു കേരളം അതിരിനു പുറത്ത്!
(ബംഗാളും കേരളവും തമ്മിൽ അന്‌തരമില്ല...
പൂക്കാനും കായ്‌ക്കാനും പ്രകൃതിസാധർമ്യം എന്നതുൾപ്പെടെ...)
ഇൻഡ്യക്കാരനായ ഞാൻ
പണയം വെച്ച തൂവൽച്ചിറകുകളെ ഓർത്തോർത്ത്
നെടുവീർപ്പിടുന്നതും
ഇപ്പോൾ ഫേഷനല്ലല്ലോ!
അഴിമുഖത്ത് നങ്കൂരമിടുന്ന കപ്പലിന്റെ കൂവൽ
എന്നിലേക്ക് മറവിയുടെ അസ്ത്രമായി
പിന്നെയും പെയ്യുന്നു...!
000
(കൽക്കത്തയിൽ നാലുനാൾ അലഞ്ഞതിന്റെ ബാക്കിപത്രമായി ഒരു (ക)വിത! വായിക്കുമോ സ്നേഹിതരേ?)
Friday, October 03, 2008
നിരോധനം
അരി കയറ്റുമതി നിരോധിച്ചു...
ആണവക്കരാർ അരവണക്കരാർ...
സ്റ്റോക്ക് വിലത്തകര്‍ച്ച
സ്റ്റേറ്റിന് തലക്കറക്കം...
എന്നിങ്ങനെ വാർത്ത മിന്നിയപ്പോൾ
ഞങ്ങൾ ആയമ്മയെ കാത്തിരുന്നു.
മന്മോഹിതൻ വിളിച്ചിട്ടാ വന്നെ...
ബുഷാനനൻ പറഞ്ഞിട്ടാ വന്നെ...
നാടിനെ രക്ഷിക്കാൻ ഒറ്റമൂലി തരും...
തീവ്രവാദത്തിന് യൂനാനി തരും...
നാണയപ്പെരുപ്പത്തിന് നായ്‌ക്കുരണപ്പൊടി തരും.
പെരുവഴിയളക്കുന്ന വെറുമൊരു ഭ്രാന്തൻ
തീവ്രവാദിയായി:
"ഹിമാലയത്തിന് അണിയാൻ പറ്റിയ
വലിയൊരു ഉറ
എവിടെക്കിട്ടുമോ ദൈവമേ?"
000
Monday, July 28, 2008
നീലപ്പല്ലുകളില്‍ എന്റെ ചോരയും
പപ്പാ അത് സമ്മാനമായി തന്നെ.
എല്ലാ ഫീച്ചേഴ്‌സും ഒന്നിനൊന്ന് മെച്ചം.
ഇന്റര്‍നെറ്റും ബ്ലൂടൂത്തും ഉള്‍പ്പെടെ
ലോകം എന്റെ കൈവെള്ളയിലായതും
ഞാനതിനുമേലെ പറക്കാന്‍ തുടങ്ങിയതും
സന്ദേശങ്ങളുടെ നിത്യവര്‍ഷത്തില്‍ നനഞ്ഞും
സന്തോഷങ്ങളുടെ മീഡിയാറേഞ്ചുകളെ തകര്‍ത്തും
പകലും രാത്രിയും പുകമഞ്ഞിലൂടെ
എന്റെ സ്വന്തം ഡ്രാക്കുളാക്കോട്ടയിലെത്തിച്ചതും...
പ്രണയം...
ആദ്യം വരുന്നത്‌ഒരു സ്‌മൈലിയുടെ കൈയൊപ്പായിട്ടാവാം.
പിന്നെ... വളരുന്നതോ...?
സ്നേഹം
സ്വാതന്ത്ര്യം
അണ്ടര്‍സ്റ്റാന്റ് ഈച് അദര്‍...
പിന്നാലെ...
ടൂര്‍ ടു എ ഫാര്‍ പ്ലേസും...!
ക്ലൈമാക്സാണ് ത്രില്ലിംഗ്! ഹഗ്ഗും കിസ്സും പിന്നെ... എല്ലാമെല്ലാം.
വീടിനു പുറത്ത് ഇങ്ങനെയും ഒരു ലോകം?
ഞാനെന്നല്ല,
ആരായാലും അടിച്ച് പൊളിച്ചുപോവും.
ഗായത്രിയും അല്‍പം നാരായണീയവും
ലളിതാസഹസ്രനാമവുമെല്ലാം ബൈഹാര്‍ട്ടായതില്‍
അദ്ദേഹവും ഹാപ്പി.
എങ്കിലും...
ഗോപീപീനപയോധരമര്‍ദ്ദനനായി
എന്നെ രാധികയാക്കാനുള്ള കൊതിയാണ്
ആ കണ്ണുകളില്‍ നുരഞ്ഞുകവിഞ്ഞത്.
"കാമദേവന്റെ ജപമാലയില്‍ നിന്ന്
തെറിച്ചുപോയ രുദ്രാക്ഷങ്ങളാണ്
നിന്റെ മുലക്കണ്ണുകളെ"ന്ന്
ഒരു കവിതയും കൈമുദ്രയും...
ലയിച്ചുപോയത് ഞാനുമറിഞ്ഞില്ല.
"ആശ്രമം വൃന്ദാവനം
കേളീനികുഞ്ജം ഗോവര്‍ധനം
ആസക്തമേഘങ്ങളുടെ രതിമഴ
മണ്ണും വാനവും നിര്‍വാണ സായൂജ്യത്തില്‍...
ഗോപികേ, ഇതു നിന്റെ സ്വര്‍ഗ്ഗാരോഹണം.."
വാക്കുകളില്‍ ചന്ദ്രനും താരങ്ങളും!
മള്‍ട്ടിമീഡിയകളിലൂടെ രാധാമാധവരഹസ്യങ്ങള്‍
ഭൂമിയെ അതിലംഘിച്ചത് ഞാനറിഞ്ഞില്ല.
എന്തിനായി സാക്ഷിമൊഴികള്‍...
തെളിവുകള്‍...
വിശകലനങ്ങള്‍?
കണ്ണാടിയില്‍ എനിക്കില്ല മുഖം,
ഒട്ടിച്ചുവെയ്ക്കാന്‍ ഒരു പൊയ്‌മുഖവും!
ചോരകുഴഞ്ഞ നാവു നീട്ടിച്ചുഴറ്റി
ഇനിയും ചിരിക്കയോ ലോകമേ?
ആരുടെയൊക്കെയോ ജീവിതത്തിനൊപ്പം
നിന്റെ നീലപ്പല്ലുകളില്‍ എന്റെ ചോരയും.
000
Saturday, March 08, 2008
ഏകാത്മകം
അറിയാമോ?
ഈ തോക്കിനുള്ളില്‍
നിന്റെ പേരു കുറിക്കപ്പെട്ട
തീയുണ്ടകള്‍.
അറിയാം...
നിന്റെ ഹൃദയത്തോട് ചേര്‍ന്നും
മറ്റൊരു യന്ത്രം മിടിക്കുന്നുണ്ട്.
പല ജീവിതങ്ങളുടെ
തിരിയണയ്ക്കാവുന്ന ഇന്ധനം!
ഞാനൊരു ജൂതനും
നീയൊരു പാലസ്റ്റീനിയും
നമ്മള്‍ക്കിടയില്‍ ഒരു പാലമില്ല.
ഉള്ളത്...
കടിച്ചാല്‍ പൊട്ടാത്ത കാരണങ്ങള്‍ മാത്രം!
ചോരയോ ജീവനോ കൊടുത്താല്‍
ഒടുങ്ങുന്നതല്ല
നമ്മുടെ പുരാതന വൈരം...
അവര്‍ നമ്മെ പഠിപ്പിച്ച വേദം.
വിവേകത്തിന്റെ കണികയില്ലാതെ
വികാരങ്ങളില്‍ കൂപ്പുകുത്തിയിരിക്കുന്ന
നമ്മുടേ പ്രജാപതിമാര്‍ക്ക്
ദൈവത്തില്‍നിന്ന് സാത്താനിലേക്കുള്ള വഴി
നന്നായിട്ടറിയാമെങ്കിലും...
അജ്ഞതയാണ് അലങ്കാരമെന്ന ചേലില്‍
അവര്‍ ഇടയ്ക്കൊക്കെ കൈകുലുക്കുന്നു.
അധിക്ഷേപത്തിന്റെ വാള്‍ വീശുന്നു
ആസനച്ചൂടില്‍ ഇരിപ്പുറക്കാതെ
പരസ്പരം വെല്ലുവിളിക്കുന്നു.
ഡ്രാക്കുളയുടെ കൊതിയുമായി
ചുടുചോരയുടെ ഗലീലിക്കടലില്‍
അവര്‍ പാദം നനയാതെ നടക്കുന്നു.
ഒലീവുകളില്‍പ്പോലും ചോര ചുവയ്ക്കുന്നു.
രണ്ടിടങ്ങളിലെയും അടുക്കളകളില്‍
ഒരുനാള്‍
റൊട്ടിയില്ലാതെ വന്നാല്‍
ആര്‍ക്കും മനസ്സിലാവും
ജൂതനും പാലസ്റ്റീനിയുമായുള്ള
അസാമാന്യ സാമ്യത.
എന്നാല്‍പ്പോലും...
കാവല്‍ക്കാരനാകേണ്ടിവന്ന എനിക്കും
അതിക്രമിയായിപ്പോയ നിനക്കും
ഒരേ അമ്മ
മക്കള്‍
പ്രണയിനി.
ഒരേ കണ്ണീര്‍
വിരഹം
രതി.
ഒരേ നനമണ്ണ്
കാറ്റ്
വെയില്‍
മഴ.
ഒരേ ചോര
കരച്ചില്‍
ചിരി.
ആര്‍ക്കറിയാം...
ഇതില്‍ ജൂതനാര്?
പാലസ്റ്റീനിയാര്?
ആയതിനാല്‍ സഹോദരാ...
നമുക്കിടയില്‍ മുള്ളുവേലിയായ
ഈ വെറുപ്പിന്റെ അയസ്ക്കാന്തം
ഉപേക്ഷിക്കാതെ പറ്റുമോ,
ഇനി നമുക്കൊന്ന്‌കെട്ടിപ്പിടിക്കാന്‍?
000
Saturday, March 01, 2008
അകത്തും പുറത്തും
വഴിയൊന്നേയുള്ളു
അകത്തു പോകുവാന്‍,
വഴിയതു തന്നെ
പുറത്തിറങ്ങുവാന്‍.
ഉപഭോഗങ്ങള്‍ തന്‍
സുഖഗുണിതങ്ങള്‍
നുരയിടുന്നൊരു
വിപണിനേരങ്ങള്‍
കടക്കണ്ണാല്‍ മുട്ടി
കരനഖം നീട്ടി
കവിള്‍ച്ചോപ്പും കാട്ടി
അധരത്താല്‍ തൊട്ട്
വിളിച്ചിടുന്നുണ്ട്.
തലയല്‍പ്പം കുനിച്ച്
ഉടലല്‍പ്പം വളച്ച്
ശ്വസിച്ച സ്വാതന്ത്ര്യം
മൃതിയെന്നു നിനച്ച്
കരള്‍ കടയുന്ന
കനത്ത മത്തുകള്‍
അവയില്‍ നീറുന്ന
മുനച്ച വാക്കുകള്‍
വിറയ്ക്കും താപത്തിന്‍
വിഷപ്പല്ലില്‍ച്ചെന്ന്
വിധിയെ ചോദിച്ച്
വിയര്‍ക്കും ജീവിതം...!
പുറത്തുവയ്ക്കാതെ
മറന്നുപോകാതെ
അകംപേറിത്തിക്കി
കുടയുമാര്‍ത്തി തന്‍
ജലദാഹങ്ങളില്‍
ഒഴുകിച്ചേരുക
തുടിച്ചു നീന്തുക.
മറന്നിടായ്ക...
ഈ വഴിതുറന്നു നീ
കടന്നുപോയൊരീ
പടികളില്‍ നീളെ
ചൊരിഞ്ഞിരിപ്പൂ
നീര്‍നിണമുകിലുകള്‍,
തിണര്‍ത്തു നില്‍പ്പൂ
കൈവിരല്‍ക്കുറിപ്പുകള്‍.
പതിഞ്ഞു കേള്‍ക്കുന്നു
വെടിമുഴക്കങ്ങള്‍
പുകഞ്ഞിരിക്കുന്നു
മറഞ്ഞ ബോംബുകള്‍
തുറന്നിരിക്കുന്നു
മൃതിക്കിണറുകള്‍
വരിഞ്ഞുചുറ്റുന്നു
അതിര്‍മുള്‍വേലികള്‍.
ഒരു ഭ്രൂണം മുതല്‍
വിശുദ്ധഹൃത്തോളം
പതിച്ചിരിക്കുന്നു
പുതുനിരക്കുകള്‍.
അതുവഴി പിന്നെ
തിരിച്ചിറങ്ങുവാന്‍
അരികു ചേര്‍ന്ന്
കാല്‍ തളര്‍ന്നുറഞ്ഞ്
തീമഴയില്‍ പൊള്ളി,
മഞ്ഞടരില്‍ ചൊള്ളി,
നീരണിഞ്ഞൊരുപ്പിന്റെ
ഉറവയില്‍ കത്തി,
പുകഞ്ഞ കൊള്ളികള്‍
പുരപ്പുറത്തെറിഞ്ഞ്
അതില്‍ച്ചിന്നും കനല്‍
തലനെരിപ്പോടില്‍
തവിഞ്ഞുമിത്തീയായ്
ജ്വലിപ്പതും കണ്ട്...
മറവി കൊണ്ട
പാഴ്‌വിധിയെ പുച്‌ഛിച്ച്
മടങ്ങിയെത്തുക
പുറത്തെ വേനലില്‍.
ഇവിടെ
നമ്മള്‍ക്കൊരില വിരിക്കുക
ഇനിപ്പും കയ്‌പുമായ്
സ്‌മരണ തന്‍ കറി
നിരത്തി വെയ്ക്കുക.
എരിവിനായ് മനോമുളകുടച്ചത്
മുറിഞ്ഞ നാവിലായ്
നുണഞ്ഞു പോവുക.
അറിയുക...
വാതില്‍ തുറന്നു തന്നെ.
നീ അകത്തുമില്ലല്ലോ
പുറത്തുമില്ലല്ലോ!
***