Saturday, March 08, 2008

ഏകാത്മകം

Photobucket

അറിയാമോ?
ഈ തോക്കിനുള്ളില്‍
നിന്റെ പേരു കുറിക്കപ്പെട്ട
തീയുണ്ടകള്‍.
അറിയാം...
നിന്റെ ഹൃദയത്തോട്‌ ചേര്‍ന്നും
മറ്റൊരു യന്ത്രം മിടിക്കുന്നുണ്ട്‌.
പല ജീവിതങ്ങളുടെ
തിരിയണയ്ക്കാവുന്ന ഇന്ധനം!

ഞാനൊരു ജൂതനും
നീയൊരു പാലസ്റ്റീനിയും
നമ്മള്‍ക്കിടയില്‍ ഒരു പാലമില്ല.
ഉള്ളത്‌...
കടിച്ചാല്‍ പൊട്ടാത്ത കാരണങ്ങള്‍ മാത്രം!
ചോരയോ ജീവനോ കൊടുത്താല്‍
ഒടുങ്ങുന്നതല്ല
നമ്മുടെ പുരാതന വൈരം...
അവര്‍ നമ്മെ പഠിപ്പിച്ച വേദം.

വിവേകത്തിന്റെ കണികയില്ലാതെ
വികാരങ്ങളില്‍ കൂപ്പുകുത്തിയിരിക്കുന്ന
നമ്മുടേ പ്രജാപതിമാര്‍ക്ക്‌
ദൈവത്തില്‍നിന്ന്‌ സാത്താനിലേക്കുള്ള വഴി
നന്നായിട്ടറിയാമെങ്കിലും...
അജ്ഞതയാണ്‌ അലങ്കാരമെന്ന ചേലില്‍
അവര്‍ ഇടയ്ക്കൊക്കെ കൈകുലുക്കുന്നു.
അധിക്ഷേപത്തിന്റെ വാള്‍ വീശുന്നു
ആസനച്ചൂടില്‍ ഇരിപ്പുറക്കാതെ
പരസ്പരം വെല്ലുവിളിക്കുന്നു.
ഡ്രാക്കുളയുടെ കൊതിയുമായി
ചുടുചോരയുടെ ഗലീലിക്കടലില്‍
അവര്‍ പാദം നനയാതെ നടക്കുന്നു.
ഒലീവുകളില്‍പ്പോലും ചോര ചുവയ്ക്കുന്നു.

രണ്ടിടങ്ങളിലെയും അടുക്കളകളില്‍
ഒരുനാള്‍
‍റൊട്ടിയില്ലാതെ വന്നാല്‍
ആര്‍ക്കും മനസ്സിലാവും
ജൂതനും പാലസ്റ്റീനിയുമായുള്ള
അസാമാന്യ സാമ്യത.

എന്നാല്‍പ്പോലും...
കാവല്‍ക്കാരനാകേണ്ടിവന്ന എനിക്കും
അതിക്രമിയായിപ്പോയ നിനക്കും
ഒരേ അമ്മ
മക്കള്‍
പ്രണയിനി.
ഒരേ കണ്ണീര്‍
വിരഹം
രതി.
ഒരേ നനമണ്ണ്‌
കാറ്റ്‌
വെയില്‍
മഴ.
ഒരേ ചോര
കരച്ചില്‍
‍ചിരി.
ആര്‍ക്കറിയാം...
ഇതില്‍ ജൂതനാര്‌?
പാലസ്റ്റീനിയാര്‌?

ആയതിനാല്‍ സഹോദരാ...
നമുക്കിടയില്‍ മുള്ളുവേലിയായ
ഈ വെറുപ്പിന്റെ അയസ്ക്കാന്തം
ഉപേക്ഷിക്കാതെ പറ്റുമോ,
ഇനി നമുക്കൊന്ന്‌കെട്ടിപ്പിടിക്കാന്‍?

000

Saturday, March 01, 2008

അകത്തും പുറത്തും

Photobucket

വഴിയൊന്നേയുള്ളു
അകത്തു പോകുവാന്‍,
വഴിയതു തന്നെ
പുറത്തിറങ്ങുവാന്‍.

ഉപഭോഗങ്ങള്‍ തന്‍
സുഖഗുണിതങ്ങള്‍
നുരയിടുന്നൊരു
വിപണിനേരങ്ങള്‍
കടക്കണ്ണാല്‍ മുട്ടി
കരനഖം നീട്ടി
കവിള്‍ച്ചോപ്പും കാട്ടി
അധരത്താല്‍ തൊട്ട്‌
വിളിച്ചിടുന്നുണ്ട്‌.

തലയല്‍പ്പം കുനിച്ച്‌
ഉടലല്‍പ്പം വളച്ച്‌
ശ്വസിച്ച സ്വാതന്ത്ര്യം
മൃതിയെന്നു നിനച്ച്‌
കരള്‍ കടയുന്ന
കനത്ത മത്തുകള്‍
അവയില്‍ നീറുന്ന
മുനച്ച വാക്കുകള്‍
വിറയ്ക്കും താപത്തിന്‍
വിഷപ്പല്ലില്‍ച്ചെന്ന്‌
വിധിയെ ചോദിച്ച്‌
വിയര്‍ക്കും ജീവിതം...!

പുറത്തുവയ്ക്കാതെ
മറന്നുപോകാതെ
അകംപേറിത്തിക്കി
കുടയുമാര്‍ത്തി തന്‍
ജലദാഹങ്ങളില്‍
ഒഴുകിച്ചേരുക
തുടിച്ചു നീന്തുക.

മറന്നിടായ്ക...
ഈ വഴിതുറന്നു നീ
കടന്നുപോയൊരീ
പടികളില്‍ നീളെ
ചൊരിഞ്ഞിരിപ്പൂ
നീര്‍നിണമുകിലുകള്‍,
തിണര്‍ത്തു നില്‍പ്പൂ
കൈവിരല്‍ക്കുറിപ്പുകള്‍.
പതിഞ്ഞു കേള്‍ക്കുന്നു
വെടിമുഴക്കങ്ങള്‍
പുകഞ്ഞിരിക്കുന്നു
മറഞ്ഞ ബോംബുകള്‍
തുറന്നിരിക്കുന്നു
മൃതിക്കിണറുകള്‍
വരിഞ്ഞുചുറ്റുന്നു
അതിര്‍മുള്‍വേലികള്‍.
ഒരു ഭ്രൂണം മുതല്‍
വിശുദ്ധഹൃത്തോളം
പതിച്ചിരിക്കുന്നു
പുതുനിരക്കുകള്‍.

അതുവഴി പിന്നെ
തിരിച്ചിറങ്ങുവാന്‍
അരികു ചേര്‍ന്ന്‌
കാല്‍ തളര്‍ന്നുറഞ്ഞ്‌
തീമഴയില്‍ പൊള്ളി,
മഞ്ഞടരില്‍ ചൊള്ളി,
നീരണിഞ്ഞൊരുപ്പിന്റെ
ഉറവയില്‍ കത്തി,
പുകഞ്ഞ കൊള്ളികള്‍
പുരപ്പുറത്തെറിഞ്ഞ്‌
അതില്‍ച്ചിന്നും കനല്‍
തലനെരിപ്പോടില്‍
തവിഞ്ഞുമിത്തീയായ്‌
ജ്വലിപ്പതും കണ്ട്‌...
മറവി കൊണ്ട
പാഴ്‌വിധിയെ പുച്‌ഛിച്ച്‌
മടങ്ങിയെത്തുക
പുറത്തെ വേനലില്‍.

ഇവിടെ
നമ്മള്‍ക്കൊരില വിരിക്കുക
ഇനിപ്പും കയ്‌പുമായ്‌
സ്‌മരണ തന്‍ കറി
നിരത്തി വെയ്ക്കുക.
എരിവിനായ്‌ മനോമുളകുടച്ചത്‌
മുറിഞ്ഞ നാവിലായ്‌
നുണഞ്ഞു പോവുക.

അറിയുക...
വാതില്‍ തുറന്നു തന്നെ.
നീ അകത്തുമില്ലല്ലോ
പുറത്തുമില്ലല്ലോ!

***