നനഞ്ഞ കൈകള്‍ ഒറ്റവസ്ത്രത്തില്‍
ഒരു ആഫ്രിക്ക തീര്‍ത്തു.
മുടിയിഴയിലെ വെള്ളികളൊക്കെ
പുകയാല്‍ കറുപ്പഴകായി.
കവിളിലിറ്റുന്ന വിയര്‍പ്പുപ്പില്‍
കപ്പപ്പുഴുക്കിന് മുളകരച്ചു.
അപ്പോഴും നാസികാഗ്രത്തില്‍
ഒരു മുത്ത് തീക്കനല്‍ തെളിച്ചു.
പകല്‍പ്പാതിയുടെ തിളപ്പുമായി
പര്‍ത്താവ് പതിഞ്ഞുവന്നു.
ഇന്നലെ തല്ലിക്കൊന്ന മഞ്ഞച്ചേരയെ
അവള് വീണ്ടും കണ്ടു.
എരിവ് കുറവാണെന്നയാള്‍
പാത്രം വടിച്ചുനക്കി ഏമ്പക്കം വിട്ടു.
നിനക്കുണ്ടോ എന്നൊരു ചോദ്യത്തെ
പ്രതീക്ഷിച്ചല്ലെങ്കിലും അയാളെ നോക്കി.
ശരിക്കും തുറക്കാത്ത ജനാലകളായി
അന്തിചാഞ്ഞ കണ്ണുകളില്‍ അരം മാത്രം.
കുട്ടികള്‍ വരുമ്പോഴേക്കും ഇനിയെന്ത്?
ഓമയ്ക്ക വേവിച്ചാല്‍ കഞ്ഞി മതിയാവും.
ഏന്തിവലിഞ്ഞ് ചീനിക്കമ്പാല്‍ക്കുത്തി
പിഞ്ചൊരെണ്ണം വീഴ്ത്തുമ്പോള്‍
ഉപ്പുമുളകുകള്‍ കണ്ണില്‍പ്പുരണ്ട് പിടഞ്ഞ്
കാണാത്ത ദൈവത്തെ നാലുതവണ
കരഞ്ഞും പിഴിഞ്ഞും വിളിച്ചു.
അകത്ത് കൂര്‍ക്കത്തിനിടയിലൂടെ
ഏതോ തെറ്റിയുച്ചരിക്കപ്പെട്ട തെറി.
വിഴുപ്പുകള്‍ തേച്ചുരച്ച് കൈകുഴഞ്ഞ്
വിറയലുള്ള വിരലുകളില്‍ ചോര പൊടിഞ്ഞു.
മഴക്കാര് മുരളുന്നതില്‍ പരിതപിച്ചു:
നാളത്തേക്ക് യൂണിഫോറം ഉണങ്ങില്ലേ?
ഇനി ഒരുപാത്രം കഞ്ഞിവെള്ളം ബാക്കി?
അതില്‍ ഒരുനുള്ള് ഉപ്പും ചേര്‍ക്കാതെ
ഒറ്റശ്വാസത്തില്‍ ഇറക്കാമെന്ന് നിനച്ച്
ഇരുട്ടില്‍ പരതുമ്പോള്‍...
നാവു തുടച്ച് ഒരുപൂച്ച കുറുകെ.
000
11 comments:
പുതിയ കവിത: വീട് ഒരു ദേവാലയം
വായിക്കുമോ?
വളരെ നല്ല ചിന്ത... ആശംസകള്‍
നല്ല കവിത.
നന്ദി പകല്ക്കിനാവന്.
വിഷ്ണുമാഷ് പറഞ്ഞാല്‍പ്പിന്നെ
നല്ലതെന്ന് ഞാനും വിശ്വസിക്കും.
ശിവേട്ടാ, നിങ്ങളെ വായിക്കുമ്പോള്‍ കവിതയുടെ
ദാഹം തീര്‍ത്തും ശമിക്കുന്നു, അല്‍പ്പനേരത്തേക്കെങ്കിലും.....
ഒന്നിനൊന്നു മെച്ചമാകുന്നു എല്ലാ കവിതകളും
ആശംസകള്‍........
വളരെ നന്ദി,രണ്‍ജിത്.
Dear Siva Prasad,
Very well you presented different role of a lady who bear the entire burden quietly until grave and rewarded with almost nothing.
Poem touches the heart. If many others wrote it, would have like a report.
Thanks & Regards,
Santhosh Thomas
വായിച്ചു..കൊള്ളാം..:)
പ്രിയ സന്തോഷ് തോമസിനും പ്രയാസിക്കും നന്ദി പറയുന്നു. ഇനിയും വല്ലപ്പോഴും ഈ വഴി വരുക.
language becomes sharp & new in ur poem...
മനസ്സിലൊരു പിടച്ചില്‍..പിന്നെ നന്നായിട്ടുണ്ടെന്ന് പ്രത്യേകം പറയുന്നില്ല..ഒരു കാര്യം കൂടെ ആ ചിത്രങ്ങള്‍ എന്തു കൊണ്ടോ ആ കവിതക്കു ചേരുന്നില്ല..അതില്‍ പറഞ്ഞിട്ടുള്ളവ തന്നെ...പക്ഷെ അവ വല്ല പെയിന്റിങ്ങുകളുമായിരുന്നേല് ഇപ്പോഴത്തേക്കാള്‍ ഗംഭീരമായേനെ...
Post a Comment