Monday, October 30, 2006

അഗ്നിമലയാളം

(ജനിച്ച മണ്ണിനെക്കുറിച്ചാവുമ്പോള്‍, കവിതയില്‍ നിറയുന്നത്‌ ആ പുരാവൃത്തങ്ങളുടെ തൊങ്ങലണിഞ്ഞ 'ഗൃഹാതുരത'യാണ്‌. ഇന്നത്തെ 'തിന്മകള്‍'ക്കിടയില്‍നിന്ന്‌ അന്നത്തെ 'നന്മ'കള്‍ മാത്രം കാണുവാന്‍ ആര്‍ക്കും കൊതി തോന്നില്ലേ?)

തേനും കനകവും ചാലിച്ചിതാരെന്റ
നാവില്‍പ്പകര്‍ന്നതീ മധുരമലയാളം?
ജീവന്റെ ചാരുതയിലാത്മരാഗം തോറ്റി-
യാരെന്റെ കാതില്‍ മൊഴിഞ്ഞു മലയാളം?

വളയണിക്കൈകളാല്‍ അമ്മയെപ്പോലെന്റെ
തളിരുടലിലാലോലഭംഗിയാലേ
താളമാര്‍ന്നായിരം ചന്ദ്രാംശുഭാവമായ്‌
പാടിപ്പകര്‍ന്നതീ മഹിതമലയാളം.
തനിയേ നടന്നൊട്ടു വീണു ഞാന്‍ കേഴവേ
തഴുകുന്നു പീലിയാല്‍ പുളകജതികള്‍,
മുള്ളുകള്‍ കൊണ്ടു മുറിവേല്‍ക്കുന്ന നേരത്ത്‌
ഉള്ളുണരുമാര്‍ദ്രമാം സ്‌നേഹവര്‍ഷം,
പടിയിറങ്ങുമ്പൊഴും പകലിന്റെ മൂര്‍ച്‌ഛയി
ല്‍അകമിഴിയില്‍ വഴിയുന്നൊരഭയമന്ത്രം.
അറിയുന്നു ഞാന്‍, മനസ്സറിയാതെ ചൊല്ലുന്നൊ-
രാധിയും വ്യാധിയും എന്റെ മലയാളം.

സാന്ധ്യസോപാനത്തിലുണരുന്ന കീര്‍ത്തനം
ശാഖിയായ്‌ ചില്ലകള്‍ വിടര്‍ത്തുമാനന്ദം,
സ്വാതിയുടെ സദിരാര്‍ന്നു സരസ്സുകള്‍ പൂക്കുന്നൊ-
രാമ്പല്‍നിലാവിന്റെ ശീതളാനന്ദം,
ഗിരിമകുടമണിയുന്ന കസവണിച്ചേലയായ്‌
പുളകിത ശരന്നദീ തീര്‍ത്ഥപ്രമോദം,
കൂമ്പുന്ന രാത്രിതന്‍ മച്ചകത്തുള്ളൊരു
കൂമന്റെ കുരലിലെ അനുരണനഭംഗി.
വയലേല മൂളും പ്രഭാതരാഗങ്ങളില്
‍പുഴ മാറിലേന്തും തുലാവര്‍ഷധാരയില്
‍കന്മഷിയണിഞ്ഞേതു കരളിനും കണിപോലെ
കാക്കപ്പൂ കിളരുന്ന തൊടികള്‍ തോറും
കദളിവാഴക്കൂമ്പ്‌ യൌവനം നേദിച്ച്‌
ശൃംഗാരലാസ്യം നടത്തും പറമ്പിലും
പൊങ്ങിയും താണും നിരന്തരമാത്മാവു
ചൊല്ലിപ്പഠിച്ചതാണെന്റെ മലയാളം.

തുഞ്ചന്റെ പൈങ്കിളിപ്പാട്ടിന്‍ പദങ്ങളില്‍,
തുള്ളലിന്‍ ചിരികളില്‍ മിന്നും ചിലങ്കയില്‍,
കളരിപ്പയറ്റിന്റെ വീറുറ്റ നിലകളായ്‌
വേശമേറ്റുന്ന ശുദ്ധവായ്‌ത്താരിയില്‍,
ചാവേര്‍ക്കരുത്തിന്റെ കൌമാരവിസ്മയം
കേളികേട്ടുള്ള മാമാങ്കക്കളങ്ങളില്‍,
തെന്നും മലങ്കാറ്റിനുള്ളില്‍ച്ചുരത്തുന്ന
ചെന്തമിഴ്‌തെച്ചിതന്‍ ശലഭപൂരങ്ങളില്
‍ഏറനാടിന്‍ ക്ഷുഭിതഗ്രാമരംഗങ്ങളില്
‍തേക്കുപാട്ടിന്റെ വിയര്‍പ്പിറ്റുമോര്‍മ്മയില്‍,
മാനംകെടുത്തുവാനായുന്ന തമ്പ്രാനെ
നാവറുത്തെറിയുന്ന പെണ്‍മതന്‍ ചീറലില്.
കണ്ണാടിപോലാത്മദര്‍ശനപ്പൊരുളില്‍ നി-
ന്നുരുവാര്‍ന്ന യതിയുടെ ശ്ലോകസാരങ്ങളില്‍
സത്യത്തെ ദൈവമായ്‌ ചൊല്ലിയാരാധിച്ച
തൂലികാരൌദ്രം ജ്വലിപ്പിച്ച ദീപ്തിയില്
‍അസ്ഥികള്‍ കിളിര്‍ത്ത മണ്‍പാതയില്‍
ദുര്‍ബലര്‍ ഉയിര്‍നേടിയുണരുന്ന ധീരയത്നങ്ങളില്‍,
വീണപുഷ്പങ്ങള്‍തന്‍ സൂര്യോദയത്തിന്റെ
തേരൊച്ച കാത്തിരിക്കുന്ന മലയാളം,
വിരിമാറില്‍ വെടിയേറ്റ തെങ്ങിന്‍ പുരാവൃത്ത-
സ്മരണയാല്‍ ചെങ്കതിര്‍ നെയ്ത മലയാളം.

നോവിന്‍ ത്രിശ്‌ശൂലം തുളയ്ക്കുന്ന നെഞ്ചില്‍ഇ
ടിവാളിന്‍ പുളപ്പില്‍ കിഴിഞ്ഞ കണ്ണില്
‍ലേപനം തൂവുന്നൊരക്ഷരപ്പെരുമയായ്‌
ഗുരുവിന്‍ സ്വരാകാര ദിവ്യസാന്നിദ്ധ്യമായ്‌,
അറിയുന്നു ഞാന്‍, മനസ്സറിയാതെ തേങ്ങുന്നൊ-
രാധിയും വ്യാധിയും എന്റെ മലയാളം.

ഒരു ശ്രാവണോന്മാദമായെന്റെ സന്ധ്യയെ
തിരുമൊഴികള്‍ ചാര്‍ത്തിച്ച ഗരിമ മലയാളം,
മൃതിയോളവും ദാഹജലധിയുടെ തിരകളായ്‌
സിരകളില്‍ പ്രണയനിണമാര്‍ന്ന മലയാളം,
ഇനിയേറ്റുപാടുവാന്‍ ബാക്കിയാമിശലിന്റെ
ചരണസാമാര്‍ദ്രമാം ഭാവി മലയാളം,
ചന്ദനം പൂക്കുന്ന ഹൃദയകേദാരങ്ങള്
‍പുണ്യം വിളമ്പുന്ന ഭൂമി മലയാളം.

കടലുകള്‍ക്കകലെയും മിഴിയില്‍ കനയ്ക്കുന്നൊ-
രന്ധകാരത്തിന്റെ ശോകമലയാളം,
പാതിയോളം വെന്തുതൂവുന്ന ചോറിന്റെ-
നിഷ്‌ഫലത ദാമ്പത്യമായ മലയാളം,
നെഞ്ചോടുചേര്‍ക്കേണ്ട കുഞ്ഞിക്കിടാങ്ങള്‍തന്
‍ചിന്നുന്ന മിഴിനീരുമെന്റെ മലയാളം,
തലയറ്റുപോയൊരെന്‍ നാടിന്‍ പ്രതീക്ഷകള്‍-
ക്കിനിയും മുളയ്‌ക്കേണ്ട കനവ്‌ മലയാളം.
ജഡതകള്‍ മരുഭൂമിയായി വളരുന്നൊരീ
മലിനതയിലുണരട്ടെ അഗ്നിമലയാളം.

000

Monday, October 23, 2006

വീണ്ടും ഡയോജനിസ്സ്‌ ഈ തെരുവില്‍_!

വിജയന്റെ വാദം ശരിയാണ്‌.
'ശുനകന്‍' എന്നൊരു 'ജാതി' സര്‍ക്കാര്‍ അംഗീകരിക്കണമെന്നതാണ്‌ ആ വാദം.
അയാള്‍ വെറുതെ പറയുന്നതല്ല. ക്ഷുരക (ചില പ്രദേശങ്ങളില്‍ 'വിളക്കിത്തല നായര്‍') സമുദായത്തില്‍പ്പെട്ട തന്നെ വെറും 'ശുനകന്‍' അഥവ പട്ടിയാക്കിയതിന്‌ അങ്ങനെയൊരു ന്യായീകരണത്തിലൂടെ സമൂഹം 'പുരോഗതി കൈവരിച്ചോട്ടെ' എന്നാവുമോ പാവം വിജയന്റെ ഉള്ളിലിരുപ്പ്‌? ഭവനനിര്‍മാന വായ്‌പയ്ക്ക്‌ അപേക്ഷിക്കുമ്പോള്‍ അവശ്യം വേണ്ടുന്ന ജാതി സര്‍ട്ടിഫിക്കറ്റിലാണ്‌ വില്ലേജോഫീസര്‍ തന്റെ 'തനിപ്രകൃതി'യായുള്ള ഈ വികൃതി കണിച്ചത്‌! അതൊന്ന്‌ തിരുത്തി 'ക്ഷുരക'നാക്കിത്തരണം എന്ന്‌ വിനീതമായി അപേക്ഷിച്ചപ്പോള്‍, 'വേണമെങ്കില്‍ ഗസറ്റു വിജ്ഞാപനത്തിലൂടെ ജാതി മാറ്റിക്കോ' എന്ന്‌ ആപ്പീസറേമാന്‍ പരിഹാസപൂര്‍വം അരുളിച്ചെയ്തു.സര്‍ക്കാര്‍ അവര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന പരമാവധി, ഒരു 'സസ്പെന്‍ഷന്‍' കൊടുത്ത്‌ ആപ്പീസറെ വീട്ടിലിരുത്തി. എന്നിട്ടും പ്രശ്നം 'തിരുനക്കരേലെ വഞ്ചിയായി' കിടക്കുകയാണ്‌.

ഇതൊരു നിസ്സാര പ്രശ്നമാണോ? ജാതികള്‍ തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള സമരം ഏകദേശം ഇരുപത്തഞ്ച്‌ കൊല്ലങ്ങള്‍ക്കു മുമ്പായിരുന്നു. ഇപ്പോള്‍ ജാതിപറഞ്ഞ്‌ അഭിമാനിക്കുന്നവരായി നമ്മുടെ നാട്ടുകാര്‍. ആസനത്തില്‍ അശ്വത്ഥം കിളിര്‍ത്താലും അതൊരു തണലായി കരുതുന്ന മാനസികവളര്‍ച്ച...! അമ്പമ്പോ... അപാരസുന്ദരമായ കേരളം!

നമ്മുടെ ജാതിവ്യവസ്ഥയുടെ വേര്‌ പുരാതനമായ ചാതുര്‍വര്‍ണ്യത്തില്‍ തുടങ്ങി ഇത്തരം സംസ്കാരശൂന്യമായ ദുരവസ്ഥയോളം എത്തിനില്‍ക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ എനിക്കും നിങ്ങള്‍ക്കും, നാടിനെ കാലാകാലം കൊടിയും ചിഹ്നവും മാറ്റിമാറ്റി നയിച്ച നേതാക്കള്‍ക്കും, അവരുടെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിനും ആവില്ല. കണ്ണടച്ച്‌ ഇരുട്ടാക്കുന്ന വിദ്യയില്‍ അഗ്രഗണ്യന്മാരായ ആ നേതൃമന്യന്മാര്‍ക്കൊക്കെ 'പ്രാദേശികമായ' ഒരു വിഷയമായി ഇതിനെ ലഘൂകരിക്കന്‍ കഴിഞ്ഞേക്കും. എന്നാല്‍, വരുംകാലങ്ങളില്‍ ഭാരതത്തെ ഗ്രസിക്കാന്‍ പോകുന്ന വലിയ ഒരു അപകടമായി വേണം ജാതിചിന്തയുടെ പുനരുദ്ധാനത്തെയും അതിലൂടെ പിരിമുറുകിയ മതാത്മക രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെയും കാണുവാന്‍.

കേരളത്തെപ്പോലെ, ജാതിചിന്തയെ അതിന്റെ യുവത്വത്തില്‍ത്തന്നെ തകര്‍ത്തെറിഞ്ഞ ഒരു പരിഷ്കൃത സമൂഹത്തിന്റെ 'ജാതീയതയുടെ ചെളിക്കുണ്ടിലേക്കുള്ള തിരിച്ചുപോക്കായി' സമകാലത്തെ വിലയിരുത്തുന്നതില്‍ തെറ്റുണ്ടെന്ന്‌ തോന്നുന്നില്ല. ഓരോ മതവും, അതിനുള്ളിലെ ജാതികളും, പിന്നെ ഉപജാതികളും, അവയ്ക്കുള്ളില്‍പ്പോലും പ്രതിജാതികളും പെരുകിപ്പെരുകി... കേരളീയ സമൂഹവും തിളച്ചുമറിയുന്ന കാലത്തെ സങ്കല്‍പിച്ചാല്‍, അവിടെ സാമാന്യമായ വിവേചന ബുദ്ധിയുള്ള മനുഷ്യരുടെ വംശനാശമാണ്‌ കാണാന്‍ കഴിയുക.

സ്വാമി വിവേകാനന്ദന്റെ കാലത്തെ കേരളത്തില്‍ നിലവിലിരുന്ന അസ്പൃശ്യതയും അയിത്തവും തിരിച്ചുകൊണ്ടുവരാനണോ, ഇത്രയേറെ വിദ്യാഭ്യാസവും ചിന്താസ്വാതന്ത്ര്യവും, രാഷ്ട്രീയ-സമൂഹിക പുരോഗതിയും നമ്മള്‍ നേടിയത്‌? എല്ലാ വിഭജനങ്ങള്‍ക്കുമപ്പുറം ആത്യന്തികമയ 'മാനവ സമൂഹം' സൃഷ്ടിക്കപ്പെടുകയില്ലെന്നാണോ ഇതൊക്കെ സൂചിപ്പിക്കുന്നത്‌? ജാതീയമായ വേര്‍തിരിവുകള്‍ക്കപ്പുറം മനുഷ്യനെന്ന ചിന്ത ദുര്‍ബലമാവുന്നത്‌ എന്തുകൊണ്ടാണ്‌? സംവരണരീതിയാണ്‌ ഇതിനൊക്കെ കാരണമെന്ന്‌ ചിലര്‍ ആക്രോശിക്കുന്നു!

വിജയനു കിട്ടിയ വെറുമൊരു ജാതിസര്‍ട്ടിഫിക്കറ്റില്‍ നിന്നും വളരെ തഴേത്തട്ടിലേക്കുള്ള ഒരു പൊതുസമൂഹത്തിന്‌ ആശാസ്യമല്ലാത്ത ശീലക്കേടുകളിലേക്കല്ലേ നാം കൂപ്പുകുത്തുന്നത്‌? വരരുചിയുടെ കഥയിലൂടെ പന്ത്രണ്ടു സമുദായവും ഒരമ്മയുടെയും അച്ചന്റെയും മക്കളാണെന്ന ദൃഷ്ടാന്തം ആവര്‍ത്തിച്ചു പറയുന്ന പഴമയില്‍നിന്ന്‌ ജാതികളെല്ലാം പരസ്പര ശത്രുക്കളാണെന്നു ചിന്തിക്കുന്ന പുതിയ സമൂഹം നമുക്ക്‌ ആശാസ്യമാണോ? കുമരനാശാന്‍ വിവക്ഷിച്ച ജാതിക്കോമരങ്ങളൊഴിഞ്ഞ്‌ ഒരു നവസമൂഹം ഉരുത്തിരിയാന്‍ മിശ്രവിവാഹങ്ങള്‍ക്ക്‌ എന്തെങ്കിലും പങ്ക്‌ ഇക്കാര്യത്തില്‍ വഹിക്കാന്‍ കഴിയുമോ? (പ്രണയം പോലും ജതിമത ഗ്യാരണ്ടിയില്‍ ആരംഭിക്കുന്ന പുതു യുവത്വം...!)

ഇതാ മനുഷ്യപുത്രന്‍ ആ പഴയ ഡയോജനീസ്സിനെപ്പോലെ നട്ടുച്ചയ്ക്കു കത്തിജ്‌ജ്വലിക്കുന്ന വിളക്കുമായി തെരുവുകള്‍ തോറും തേടുന്നു. എവിടെ മനുഷ്യന്‍... എവിടെ... ഞാന്‍ തേടുന്ന മനുഷ്യന്‍? ഇരുട്ടിന്റെ സംഘനൃത്തത്തിനപ്പുറം അവനുണ്ടോ? എവിടെ.. എവിടെ.. ആ മതേതര മനുഷ്യന്‍? എവിടെ.. എവിടെ ആ ജാത്യേതര മനുഷ്യന്‍?

***

Saturday, October 21, 2006

ശ്രീവിദ്യ - ദൈവത്തിന്റെ മറ്റൊരു വികൃതി

പ്രതിഭയുടെ സ്ത്രീരൂപമായിരുന്ന പ്രശസ്ത അഭിനേത്രി ശ്രീവിദ്യയുടെ അന്ത്യം അപ്രതീക്ഷിതമായിരുന്നു. അച്ചന്റെ മരണമുണ്ടാക്കിയ വേദനയെ അത്‌ മറ്റൊരാവര്‍ത്തനമാക്കി.

സ്ഥിരമായി ടെലിവിഷന്‍ കാണാറില്ലാത്ത ഞാന്‍ ഒരു ദിവസം അവസാനിക്കുമ്പോള്‍, ടി. വി. സ്ക്രീനില്‍ ശ്രീകുമാരന്‍തമ്പി പറയുന്ന വാക്കുകള്‍ക്ക്‌ കാതോര്‍ത്തു. "'അമ്മത്തമ്പുരാട്ടി'യായ ശ്രീവിദ്യ ഇനി ചികില്‍സയ്ക്കായി പോവുകയാണ്‌. അവര്‍ തിരിച്ചുവന്നശേഷം ഈ സീരിയല്‍ തുടരും' എന്നതായിരുന്നു ആ സന്ദേശം.

നൂറുകണക്കിന്‌ സിനിമകളിലെ സാധാരണ വേഷങ്ങളില്‍ അവര്‍ വേണ്ടത്ര തിളങ്ങിയില്ലെങ്കിലും, 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച' (എം. ടി.), 'കാറ്റത്തെ കിളിക്കൂട്‌' (ജോണ്‍ പോള്‍), 'ദൈവത്തിന്റെ വികൃതികള്‍'(ലെനിന്‍ രാജേന്ദ്രന്‍), 'രചന'(ഭരതന്‍), 'പവിത്രം'(പി. ബാലചന്ദ്രന്‍), 'ദളപതി' (മണിരത്നം) തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ അഭിനയം ഹൃദയസ്പര്‍ശിയായിരുന്നു.

തമിഴ്‌ മക്കളില്‍നിന്ന്‌ ഭിന്നരെങ്കിലും, സിനിമയിലെ താരശോഭകളെ ജീവിതവുമായി ചേര്‍ത്തുവായിക്കുന്ന നമ്മള്‍ മലയാളികളില്‍ പ്രതിനിധാന സ്വഭാവമുള്ള ചില വ്യക്തികളെ ആരാധനാപാത്രങ്ങളായി പ്രതിഷ്ടിക്കാറുണ്ട്‌. കവിയൂര്‍ പൊന്നമ്മ 'നല്ലമ്മ'യാകുന്നതു പോലെ, ശ്രീവിദ്യയും ചിലപ്പോള്‍ അമ്മയും പലപ്പോഴും ചേച്ചിയും ആയി മാറി. അതുകോണ്ടാവാം ഏറ്റവുമടുത്ത ഒരു ബന്ധുവിന്റെ വിയോഗമായി നാം ആ മരണത്തെ അനുഭവിക്കുന്നത്‌.

സിനിമാരംഗം നഷ്ടങ്ങളുടെ ആവര്‍ത്തനമായതുകൊണ്ടാവം അവര്‍ (ശ്രീവിദ്യ) മെല്ലെ ടെലിവിഷന്‍ സീരിയലിന്റെ പ്രധാന ഘടകമായി മാറിയത്‌? ഡസന്‍കണക്കിന്‌ അവര്‍ അഭിനയിച്ച സീരിയലുകളുടെ കൂട്ടത്തില്‍ 'അവിചാരിതം' (കെ. കെ. രാജീവ്‌) എന്ന ചെറിയ സീരിയല്‍ ഒരു അനുഭവമാക്കി മാറ്റിയത്‌ ശ്രീവിദ്യയുടെ അസാധാരണ കൈയൊതുക്കമായിരുന്നു.

വിവാഹജീവിതം അവര്‍ക്ക്‌ ഒരു കുരിശ്‌ശാരോഹണമായിരുന്നു എന്ന്‌ സിനിമാരംഗത്തെ അറിയാവുന്ന ചില പരിചയക്കാര്‍ പറഞ്ഞുള്ള അറിവ്‌ എനിക്കുണ്ട്‌. 'തീക്കനല്‍' സിനിമയുടെ നിര്‍മ്മാതാവിനെ സ്നേഹിച്ച്‌ വിവാഹം കഴിച്ചതിലൂടെ അവര്‍ സ്വന്തം അമ്മയുമായി പിണങ്ങിയ കഥ പില്‍ക്കാലത്ത്‌ മനോവേദനയോടെ, അവര്‍ ഏറ്റുപറഞ്ഞിരുന്നു. ആ ദാമ്പത്യം ഏതോ കുരങ്ങന്റെ കൈയിലെ പൂമാലയായി പരിണാമഗുപ്തി പ്രാപിച്ചത്‌ ഒത്തിരി 'ഭ്രൂണരോദനങ്ങളോടെ'യാണെന്ന്‌ നമ്മള്‍ വ്യസനത്തോടെയാണ്‌ വായിച്ചത്‌. പണത്തിനുമീതെ പല ആണ്‍കഴുകന്മാരും പറക്കില്ലെന്ന്‌ ഒന്നുകൂടി തിരിച്ചറിയുകയും ചെയ്തു.

ഭര്‍ത്താവുമായുള്ള വേര്‍പിരിയലും കോടതികയറ്റവും, അതില്‍ നേടിയ വിജയവുമൊന്നും അവര്‍ ആഘോഷമാക്കിയില്ല. പല തലമുറകളില്‍പ്പെട്ട മഹാനടന്മാരുടെ ഒപ്പം, പലര്‍ക്കും അമ്മയായി അഭിനയിച്ച്‌ കൊതിതീര്‍ത്ത തനിക്ക്‌ ജീവിതത്തില്‍ 'ഒരു അമ്മ'യാവാന്‍ കഴിയാഞ്ഞതിന്റെ ആഴമേറിയ വേദന അവരില്‍ മരണത്തോളം വേരിറക്കിയിരുന്നു. ചുരുക്കത്തില്‍ അവരുടെ മരണം, ഒരു ദീപ്തനക്ഷത്രത്തിന്റെ വിടവാങ്ങലായി എനിക്ക്‌ തോന്നുന്നു. ഇനിയും ശ്രദ്ധേയമായ ഒത്തിരി കഥാപാത്രങ്ങള്‍ക്കായി അവര്‍ വേഷമിടുമെന്ന്‌ കരുതിയത്‌ ... വെറും തോന്നല്‍ മാത്രമായി. (മനസ്സില്‍ നിറച്ചുവച്ചിരിക്കുന്ന ഒരു തിരക്കഥ ആരെങ്കിലും സിനിമയാക്കാനൊരുങ്ങിയാല്‍ അതില്‍ ഒരു 'അമ്മ' വേഷമായി സങ്കല്‍പ്പിച്ചിരുന്നതും ശ്രീവിദ്യയെ ആയിരുന്നു എന്നത്‌ ഒരു വിരോധാഭാസമാവാം.)

പുനര്‍ജന്മത്തില്‍ വിശ്വാസമില്ലെങ്കിലും... അങ്ങനെയുണ്ടാവുന്നതാണ്‌ ഹിതകരമെന്ന്‌ ഇപ്പോള്‍ ചിന്തിച്ചുപോകുന്നു. അല്ലെങ്കിലും, നമുക്ക്‌ പ്രിയപ്പെട്ടവര്‍ ജീവിതത്തിലേക്ക്‌ തിരികെ വരുന്നത്‌, സ്വപ്നം സത്യമാകുന്നത്‌.... ഒക്കെയൊക്കെയും... കൊതിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ?

* ഇരുപത്‌ വര്‍ഷങ്ങള്‍ക്കപ്പുറം... സര്‍വകലാവല്ലഭന്‍ 'കമലഹാസന്‍' പറഞ്ഞത്‌:
"ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ആകര്‍ഷകമായ കണ്ണുകള്‍ ശ്രീവിദ്യയുടേതാണ്‌. പക്ഷെ അവര്‍ എന്റെ ചേച്ചി ആയിപ്പോയി. അതുപോലെ കണ്ണുകളുള്ള ഒരു പെണ്ണിനെയാണ്‌ ഞാന്‍ വിവാഹം കഴിക്കുക."

ശ്രീവിദ്യ യുവത്വത്തില്‍ തന്നെ ആകര്‍ഷിച്ചതിനെയും, പില്‍ക്കാലത്ത്‌ അവരില്‍നിന്നു മാതൃതുല്യമായി ലഭിച്ച സ്നേഹത്തെയും അവലംബിച്ച്‌ 'ക്ഷോഭിക്കുന്ന കവി' ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എഴുതിയിട്ടുണ്ട്‌.

മിമിക്രി വയറ്റിപ്പാടാക്കിയവര്‍ ശ്രീവിദ്യയുടെ നിതംബഗുരുത്വത്തെ അതിശയോക്തിയുടെ തലയണകള്‍ വച്ചുകെട്ടി ഉപഹസിച്ചത്‌ കണ്ടുചിരിച്ച 'ടീവി നോക്കികള്‍' ഇപ്പൊഴെങ്കിലും ആ പരിഹാസത്തിന്റെ മുള്‍മുനകള്‍ സ്വന്തം കണ്ണില്‍ ഏറ്റുവാങ്ങുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു.

അച്ചാര്‍:

ഒരു കുമ്പിള്‍ കണ്ണീരും ഒരു കുടന്ന പുഷ്പങ്ങളും.

***

Wednesday, October 18, 2006

കുപ്പായങ്ങള്‍

‍രാത്രി...
ആകാശക്കുപ്പായം തുന്നിക്കൂട്ടി
നഗ്നത മറയ്ക്കുന്ന വിരഹി.
സ്വപ്നം മറന്നുപോയ
വിധേയരുടെ വേനല്‍ക്കൂടാരത്തില്
‍പുറത്തേക്ക്‌ പായും മിഴിയില്‍
അകക്കാമ്പിന്റെ ചൊല്‍ക്കാഴ്ചകളായ്‌
ഓര്‍മ്മത്താളുകളിലൂടെ ഞാന്‍.

അഴയില്‍ തൂങ്ങുന്നതെല്ലാം
മരിച്ചവരുടെകുപ്പായങ്ങള്‍.
അളവുകള്‍ ചിലത്‌ - ഏറിയും കുറഞ്ഞും
നിറങ്ങള്‍ പലത്‌ - കടുത്തും വിളര്‍ത്തും
ആകൃതിയൊഴിഞ്ഞ ശ്വസനാവേഗങ്ങള്‍
ആഴം തിരയുന്ന പുരാവൃത്തങ്ങള്‍.

ജന്മിയപ്പൂപ്പന്റെ ചാരുകസാലയില്‍
ജരാനരകളിലൊടുങ്ങിയ മാതുലവിപ്ലവം
ഏക്കേജി, എമ്മെന്‍, ഈയെമ്മസ്‌,
കേപ്പീയാര്‍, കുന്നിക്കല്‍, മജൂംദാര്‍!
കുളയട്ടയെപ്പോലെ ചീര്‍ത്തുതൂങ്ങിയ
ചൂണ്ടുവിരലിലെ നീളന്‍ അരിമ്പാറ
മൂത്താശാരിയുടെ ഉളിമുനയാല്‍
പല്ലിവാലായി വീണുപിടച്ച ഓപറേഷന്‍!

അനിയന്റെ സിവില്‍ സര്‍വ്വീസ്‌ പഠനക്കുറിപ്പുകള്‍,
ഇരുചക്രശകടമായ്‌ സാഹസാന്ത്യം.
ദൈവങ്ങളുടെ കുംഭഗോപുരങ്ങള്‍ക്കപ്പുറത്ത്‌
തലയറ്റലയും പിതൃപ്രാര്‍ത്ഥനകള്‍.
പെയ്തും തപിച്ചും,
പൂവിട്ടു കൊഴിഞ്ഞും കാലം.
ശൂന്യമായ വേദിയില്‍ ഒറ്റയാള്‍വേഷമായി
മിശ്രാഭിനയം നടത്തുന്ന കോമാളി നീ...
നീയെന്ന്‌ വിദൂഷകവചനം.

മണങ്ങളിലൂടെ ...
വിയര്‍പ്പും ബീഡിയും വെറ്റിലപ്പാക്കും
അറ്റുതൂങ്ങിയ വിരലിന്റെ ചുവന്ന ചിരിയും
കുപ്പായങ്ങളിലേറി പുനര്‍ജ്ജനിയായി
ജാഥാംഗങ്ങളുടെ ആവേശമായി
ഇന്നും മായാതെ!

പാകമാകാത്ത കുപ്പായത്തിന്റെ
പൊട്ടിയടര്‍ന്ന സ്വര്‍ണ്ണക്കുടുക്കുകളില്‍
സ്നേഹവും സ്വാതന്ത്ര്യവും വായിച്ചെടുക്കുന്നു
രാത്രിയും ഞാനും നിങ്ങളും.

അതാ...
കുപ്പായങ്ങളുടെ ശൂന്യതയിലേക്ക്‌
അവര്‍ തിരികെ പ്രവേശിക്കുന്നതു കണ്ടില്ലേ?

000

Tuesday, October 17, 2006

ബലിച്ചോര

ചുവന്ന ബലിച്ചോര
കറുത്തുറഞ്ഞ ചെളിനിലത്തിലൂടെ
ഒരു കണ്ണീര്‍പ്പുഴയൊഴുകുന്നു.
ചത്തമീനുകളായി
കാലവും കവിതയും
അതില്‍ നീന്തിനടക്കുന്നു.
കണ്ണഴുകിയ തലയോട്ടിയിലൂടെ
യാങ്കിസര്‍പ്പങ്ങള്‍ എണ്ണ തിരയുന്നു.
പൊലിഞ്ഞ മെഴുതിരികളില്‍
വിഷധൂമം വര്‍ത്തുളാകൃതിയില്‍ ചുറ്റുന്നു.

സ്വന്തം ശിരസ്സുകള്‍ തേടിത്തളര്‍ന്ന
ഒരു കൂട്ടം ബാല്യങ്ങള്
‍തെരുവിലൂടെ അലയുന്നു.
ഒരു വാക്കുപോലും സ്വന്തമല്ലാത്ത
അവരുടെവിരലറ്റുതൂങ്ങിയ കൈപ്പടത്തില്‍
പനിനീര്‍മൊട്ടുകള്‍ മാത്രം.
അതവര്‍ അന്ധലോകത്തിന്റെ
ചപലതയ്ക്കുനേരെ നീട്ടുന്നു.
ലോകമോ?
അതിന്റെ ലോഹവാതില്‍
ചെകിട്‌ പൊട്ടുമാറ്‌ കൊട്ടിയടയ്ക്കുന്നു.

കബന്ധങ്ങള്‍ തിങ്ങിയ മോര്‍ച്ചറിയുടെ
ഇടുങ്ങിയ വാതില്‍ ആരോ തുറക്കുന്നു.
നിലവിളികളില്‍ മരവിച്ച
നിരാശ്രയരായ അമ്മമാരുടെ
നീലിച്ച ഒലിവുമുലക്കണ്ണുകള്‍.
അമ്മിഞ്ഞപ്പാലുണങ്ങാത്ത ചുണ്ടില്‍ഒ
രു സ്വപ്നച്ചിരിയുമായി
അന്ത്യനിദ്രയിലാണ്ട പിഞ്ചുടല്‍.
അവന്റെ മുഷ്ടിയുടെ ശൂന്യതയില്‍
ദുര്‍ബലമായ ഒരു ചോദ്യം മാത്രം.
'എവിടെ എന്റെ പ്രിയപ്പെട്ട ലോകം?'

ഇതാ, യു. എന്‍. നിരീക്ഷകന്
‍ആതുരാലയത്തിന്റെ ഇടനാഴിയില്‍.
'ഈ സമാധാനപ്രാവിനെ നാം വരവേല്‍ക്കുക.
ലോകത്തിന്റെ വിശുദ്ധ മനഃസാക്ഷിയും
ലോഹനീതിയുടെ തുലാസും ഇവനല്ലോ!'
ശിഥിലഭ്രൂണങ്ങളുടെ കുഞ്ഞുനഖങ്ങള്
‍പ്രാവിന്റെ ബൂട്ടുകളില്‍ അള്ളിപ്പിടിക്കുന്നുവോ?
അദ്ദേഹം ഒരു ടോയ്‌ലെറ്റ്‌ അന്വേഷിച്ച്‌
പരക്കം പായുകയാണല്ലോ!

അച്ഛന്‍ ഇനിയും വരാത്തതെന്ത്‌?
ഒന്നും വേണ്ടിയിരുന്നില്ല.
ഋതുപ്പകര്‍ച്ചയുടെ സമ്മാനങ്ങളും
മൂന്ന്‌ നിറങ്ങളിലുള്ള കൈവളകള്‍,
വെള്ളിപ്പാദസരം, ഹല്‍വ, ബദാം,
പച്ചയില്‍ മഞ്ഞപ്പൂക്കളുള്ള പട്ടുറുമാല്‍,
കവിത കുറിക്കാന്‍ ഒറ്റവരയന്‍ പുസ്തകം.
ഒന്നും ഇനി വേണ്ടല്ലോ അച്ഛാ!
അതൊക്കെ കുഞ്ഞാമിന എടുത്തോട്ടെ,
അവള്‍ക്ക്‌ ഒരു കണ്ണല്ലേ പോയുള്ളൂ!

യുദ്ധവിരുദ്ധ മുന്നേറ്റത്തിന്റെ
കൊടിയടയാളമായ കവിയൊരാള്‍
തന്റെ പ്രണയം തേടിയുഴലുന്നു.
അത്‌ പൂക്കളിലും പുഴയിലും ഇല്ലായിരുന്നു.
പൂഴിയില്‍, ചാരത്തില്‍, ജ്വലിത വിഭ്രാന്തിയോടെ
അതൊരു നക്ഷത്രനിശ്ശബ്ദതയായി
ഒളിച്ചു കഴിഞ്ഞിരുന്നു.

ബലിച്ചോരയുടെ ഉപ്പളങ്ങളില്‍ പിച്ചവെച്ച്‌,
ക്രൂരതയുടെ അധിനിവേശങ്ങളില്‍ വളര്‍ന്ന്‌
കാഴ്ചകളാല്‍ കബളിപ്പിക്കുന്ന സൂര്യ .. ..!
നിന്റെ കുടിലദൃഷ്ടികള്‍ ഇനി അടയ്ക്കുക.
ഇരുട്ടിന്റെ ഞൊറി വിടര്‍ത്തിയിടുക.
കണ്ണീര്‍വറ്റാത്ത ഓര്‍മ്മകളെ തഴുകിയുറക്കാന്‍
ഞങ്ങള്‍ക്കിനിയൊരു പാട്ടുപോലുമില്ലല്ലോ!

****
എല്ലാ യുദ്ധങ്ങളുടെയും രക്തസാക്ഷികള്‍ക്ക്‌.

Thursday, October 12, 2006

സോറി പ്ലൂട്ടോ...

ഒമ്പതിനും എട്ടിനുമിടയില്‍ വിയര്‍ക്കുന്നു
നിന്റെ കണ്ണിന്റെ കലങ്ങിയ കയങ്ങള്‍.
പുറത്തേക്കു മാത്രം തുറക്കുന്ന വഴിയില്‍
ഏകയാം നിന്നെ തിരികെ വിളിച്ചില്ല.
എങ്കിലും നീയെന്റെ പരിണയസ്‌മൃതികളില്
‍തീക്ഷ്‌ണമായ്‌ തൊട്ടു വിളിക്കും നവവധു.

ഇളംകാപ്പി വര്‍ണ്ണമാം പട്ടുപുടവ
മുയല്‍ക്കണ്ണിലാളും വിശുദ്ധപാപം
മുനിഞ്ഞ യുവത്വം പകര്‍ന്ന മൗനം
ഇടയ്ക്കൊളിച്ചെത്തും ഒളിസേവച്ചാരന്റെ
ഇടനെഞ്ഞിലാളും ഘനവൈദ്യുതി.
മാനിച്ചതെല്ലാം സമര്‍പ്പിച്ചു നീ
മൗനചാലകജ്വലനമായ്‌ വന്നുയിര്‍ത്തെങ്കിലും
ചക്രവാതം പോല്‍ ചുഴറ്റുന്നൊരാണവ
നാലുകെട്ടില്‍ നിന്നു വിടപറഞ്ഞീടുന്നു.

അവസാന സ്നേഹാശ്വമെറ്റിത്തെറിപ്പിച്ച
ജലസന്ധിയില്‍ ഉയിരാര്‍ന്ന ഭ്രൂണത്തെ
വിഫലമരുവായുള്ളൊരുദരത്തിലേന്തി നീ
മിണ്ടാതെയിടറാതെ വഴിതെളിക്കുമ്പോള്‍
ഇനിയെന്നു കാണുമെന്നുള്ള ചോദ്യത്തെയീ
വികൃതമാം ഓറെഞ്ചു ചിരിയില്‍ പൊതിഞ്ഞു ഞാന്‍
വിജയമാശംസിച്ചു പിന്‍വാങ്ങിടുന്നു.

ഒന്നാശ്വസിക്കാം നിനക്കീ മനുഷ്യന്റെ
നീയോമനിച്ച പ്രപഞ്ചസാരത്തിന്റെ
നെറുകയില്‍ കുത്തിത്തുളച്ചുള്ള ശൂലമായ്‌
എന്റെ അകനാനൂറു ചിന്ത പുളയുമ്പോള്
‍വീണ്ടുമെത്തീടാം പുതുഗണനസൂത്രങ്ങള്‍,
അന്നൊരു സൂര്യനും വേറെയുണ്ടാവാം!
ഇനി വിശ്രമിക്കുക പ്രിയ കാമിനീ,
ഏറ്റമിളയവള്‍ നീയായിരുന്നുവെന്നാകിലും
പക്വതയാര്‍ന്നോരു പ്രാണതേജസ്സു നീ.

സോറി പ്ലൂട്ടോ...
ഇനി നിന്നെയൊളിക്കുന്ന സൗഹാര്‍ദ്ദമില്ല,
ഒരു മാത്രയില്‍ സമര്‍പ്പിച്ച സ്‌നേഹവും
അമൃതമാം കേവലാകര്‍ഷവും
ഞാന്‍ ബാക്കി വെയ്ക്കുന്നു, ധീരതേ!
നീ കരഞ്ഞാര്‍ത്തു വീണീടുകില്‍
നിര്‍ദ്ദയം തകരുന്നതാണെന്റെ ആത്മയൂഥം.

***