Tuesday, January 13, 2009

മുതലയുടെ ഹൃദയം (കവിത)

അല്ലയോ മുതലേ...
നിന്റെ കണ്ണട ചുവന്നാണ്‌,
ഉടുപ്പ്‌ പച്ചയാണ്‌,
നടപ്പ്‌ ചരിഞ്ഞാണ്‌,
കിടപ്പ്‌ ആരാന്റെ കട്ടിലില്‍!

ചിരി പതിഞ്ഞതും
എഴുത്ത്‌ കാപട്യവും
പാട്ട്‌ അപശ്രുതിയെങ്കില്‍
നോക്ക്‌ പാതിയടഞ്ഞത്‌.

ഏറ്റവും അസഹ്യം
ആ കണ്ണുനീരാണ്‌.
അതിന്റെ നിറവില്‍ അമ്ലമഴ
കനച്ച്‌ കുതറുന്നു.
വഴുവഴുത്ത സ്ഖലിതത്തില്‍
സനാതനത്വം മറയുന്നു.

പിന്നെയുമുണ്ട്‌ കുറ്റങ്ങള്‍...
നാമജപം വികടത്വമാക്കി
പ്രാര്‍ത്ഥനയെ സ്വകാര്യമാക്കി
പ്രാണായാമത്തില്‍പ്പോലും
മറ്റുള്ളവര്‍ക്കായ്‌ തപിച്ചു.

ആകയാല്‍ ഞങ്ങള്‍ വന്നു;
നിന്റെ ഹൃദയം പുറത്തെടുക്കാന്‍
നക്രഹൃദയം നറുമരുന്നെന്ന്
നാനാമുനികള്‍ അരുള്‍ചെയ്തത്‌
ഈ കര്‍മ്മത്തെ സാധൂകരിക്കും.
നിന്റെ കണ്ണീര്‍ ഒന്നടക്കുക,
സ്വര്‍ഗ്ഗമെങ്കിലും കാംക്ഷിക്കുക.

ചോരയുടെ ചൂടും
മാംസത്തിന്റെ ചൂരും
ഞരമ്പുകളുടെ മുറുക്കവും
അസ്ഥികളുടെ കാഠിന്യവും.

അസാധാരണം ഈ മിടിപ്പുകള്‍,
ഒരു ടൈംബോംബിന്റെ തുടിപ്പുകള്‍?
സിത്താര്‍, ബാംസുരി, തബ്‌ല...
ഇതാ മധുരമായ്‌ മുഴങ്ങുന്നു
അന്ധഗായകന്റെ ആറാം സിംഫണി.

000

Tuesday, January 06, 2009

വീട് ഒരു ദേവാലയം

housemaid
നനഞ്ഞ കൈകള്‍ ഒറ്റവസ്ത്രത്തില്‍
ഒരു ആഫ്രിക്ക തീര്‍ത്തു.
മുടിയിഴയിലെ വെള്ളികളൊക്കെ
പുകയാല്‍ കറുപ്പഴകായി.
കവിളിലിറ്റുന്ന വിയര്‍പ്പുപ്പില്‍
കപ്പപ്പുഴുക്കിന് മുളകരച്ചു.
അപ്പോഴും നാസികാഗ്രത്തില്‍
ഒരു മുത്ത് തീക്കനല്‍ തെളിച്ചു.

പകല്‍പ്പാതിയുടെ തിളപ്പുമായി
പര്‍ത്താവ് പതിഞ്ഞുവന്നു.
ഇന്നലെ തല്ലിക്കൊന്ന മഞ്ഞച്ചേരയെ
അവള്‍ വീണ്ടും കണ്ടു.
എരിവ് കുറവാണെന്നയാള്‍
പാത്രം വടിച്ചുനക്കി ഏമ്പക്കം വിട്ടു.
നിനക്കുണ്ടോ എന്നൊരു ചോദ്യത്തെ
പ്രതീക്ഷിച്ചല്ലെങ്കിലും അയാളെ നോക്കി.
ശരിക്കും തുറക്കാത്ത ജനാലകളായി
അന്തിചാഞ്ഞ കണ്ണുകളില്‍ അരം മാത്രം.
yellowsnake
കുട്ടികള്‍ വരുമ്പോഴേക്കും ഇനിയെന്ത്?
ഓമയ്ക്ക വേവിച്ചാല്‍ കഞ്ഞി മതിയാവും.
ഏന്തിവലിഞ്ഞ് ചീനിക്കമ്പാല്‍ക്കുത്തി
പിഞ്ചൊരെണ്ണം വീഴ്ത്തുമ്പോള്‍
ഉപ്പുമുളകുകള്‍ കണ്ണില്‍പ്പുരണ്ട് പിടഞ്ഞ്
കാണാത്ത ദൈവത്തെ നാലുതവണ
കരഞ്ഞും പിഴിഞ്ഞും വിളിച്ചു.

അകത്ത് കൂര്‍ക്കത്തിനിടയിലൂടെ
ഏതോ തെറ്റിയുച്ചരിക്കപ്പെട്ട തെറി.
വിഴുപ്പുകള്‍ തേച്ചുരച്ച് കൈകുഴഞ്ഞ്
വിറയലുള്ള വിരലുകളില്‍ ചോര പൊടിഞ്ഞു.
മഴക്കാര്‍ മുരളുന്നതില്‍ പരിതപിച്ചു:
നാള‍ത്തേക്ക് യൂണിഫോറം ഉണങ്ങില്ലേ?
Photobucket
ഇനി ഒരുപാത്രം കഞ്ഞിവെള്ളം ബാക്കി?
അതില്‍ ഒരുനുള്ള് ഉപ്പും ചേര്‍ക്കാതെ
ഒറ്റശ്വാസത്തില്‍ ഇറക്കാമെന്ന് നിനച്ച്
ഇരുട്ടില്‍ പരതുമ്പോള്‍...
നാവു തുടച്ച് ഒരുപൂച്ച കുറുകെ.
000

Saturday, January 03, 2009

കുളം

മുറ്റത്തെ കിണറിന്‌
ഒരു ഓവുണ്ടായിരുന്നു.
മഴനിറഞ്ഞു കിണര്‍ തൂവുമ്പോള്‍
അച്‌ഛന്‍ ഓവ്‌ തുറന്നു വിടും.

ഒളിച്ചുകളിക്കുന്ന സൂര്യനെ
ഇളം നീലയായി പകര്‍ത്തി
മലര്‍ന്നുകിടക്കുന്ന കിണര്‍
‍ആഴങ്ങളില്‍ നിന്നുള്ള
ചൂടുള്ള ധാരയെ പുറംതള്ളും.
ചെറിയ ജലസസ്യങ്ങളും
മാനത്തുകണ്ണിയും
പിച്ചകത്തിന്റെ അടര്‍ന്ന മൊട്ടുകളും
ഓളങ്ങളുടെ ധിക്കാരത്തില്‍
ഒഴുക്കിനെതിരെ കൂടിനില്‍ക്കും.

ഒഴുക്കിനൊപ്പം വഴിതുറന്ന്
ഞാനും അച്‌ഛനൊപ്പം
തൂമ്പയുമായി നടക്കും.
തെങ്ങുകള്‍ക്കും വാഴകള്‍ക്കും
കറിവേപ്പിനും നാരകത്തിനും
ചാലുകള്‍... തോടുകള്‍.

ഒഴുക്കിന്റെ വേഗം
വയല്‍ക്കരയിലെ കുളം വരെ.
ആകാശത്തെ നിറച്ചുവച്ച
പ്രണയിനിയുടെ കണ്ണുപോലെ
ആഴവും അനന്തതയും തുടിക്കുന്ന
നീലിമയുടെ നൃത്തം.

കുളം
പ്രപഞ്ചവും ആകാശഗംഗയും
ജീവിതത്തിന്റെ സമൃദ്ധിയും
ജലത്തിന്റെ അപാരതയും
മനസ്സിന്റെ ശാന്തതയും...
എന്നൊക്കെ അച്‌ഛന്‍ പറയും.

തിരികെ വീട്ടിലെത്തുമ്പോള്‍
ഒറ്റയ്‌ക്കായെന്ന തോന്നലുമായി
കണ്ണുനിറയ്ക്കുന്നു അമ്മ.
- നീയെവിടെപ്പോയിരുന്നു?
- കുളക്കര വരെ.
- ഈ സന്ധ്യക്ക്‌... ഒറ്റയ്ക്കോ?
- അല്ലല്ലോ!
- പിന്നെ?
- അച്‌ഛനും ഉണ്ടായിരുന്നു.

അമ്മയുടെ മൗനം
ഒരു തേങ്ങലിന്
ഞൊടിയിടയില്‍ വഴിമാറും.

***