Friday, December 18, 2009

കക്കയും കൈതയും

അരയോളം വെള്ളത്തില്‍
തലയാഴം കൊള്ളുമ്പോള്‍
കക്കകളുടെ ജലസാധകമറിയാം.

കുമിളകള്‍ ഉടയുന്നത്‌
കുരിശ്ശേറിയവണ്റ്റെ നിമിഷങ്ങളില്‍.
പത്തിയമര്‍ത്തിയും ഉപ്പൂറ്റി ഉയര്‍ത്തിയും
തുള്ളിക്കളിച്ചാലേ തെളിയുള്ളൂ
കരിങ്കക്കയുടെ ഗ്രാമച്ചെരിവുകള്‍.
അരികുകളില്‍ മുത്തും പവിഴവും
മുങ്ങാങ്കുഴിയിടുന്ന താഴ്വാരങ്ങള്‍.
കറുത്തപൊന്നും തേങ്ങാക്കൊത്തും
ഇടകലരുന്ന ഇറച്ചിയുടെ മണം.
ഹരിത താംബൂലങ്ങളില്‍ ചുണയേറ്റുന്ന
ചുണ്ണാമ്പെരിവിണ്റ്റെ രസനകള്‍.

കരകയറുമ്പോള്‍ കൈത പറഞ്ഞു:
'എനെറ്റ്‌ കിരീടം സ്വീകരിക്കൂ... '
പൊന്നോലത്തളിരിണ്റ്റെ വാസനക്കരങ്ങള്‍
മറന്നുപോകാത്ത കൂട്ടുകാരിയെ
അപ്പോള്‍ തിരികെത്തന്നു.

പുസ്തകക്കെട്ടും നെല്ലിപ്പഴവും
കാത്തുവച്ചൊരുമ്മയും കൈയൊഴിഞ്ഞ്‌
താഴേക്കവള്‍ പറക്കുമ്പോള്‍
കന്നേറ്റിപ്പാലം കണ്ണടച്ചു നിന്നത്‌
ഇന്നലെയാണ്‌.

കക്ക തുറന്നപ്പോള്‍... !
മാംസത്തിനു പകരം
തീരെ ചെറിയ ഒരു വെണ്‍മുത്ത്‌.

***

Thursday, September 10, 2009

ചീഞ്ഞുപോയ ഒരു കണ്ണിനുള്ളില്‍

ഭാവിയെ ഷൂട്ട് ചെയ്യാവുന്ന
പുതിയതരം ക്യാമറ
ഇന്നലെ വാങ്ങി.
മാര്‍ക്കറ്റിലിറങ്ങും മുമ്പെ
ബുക്ക് ചെയ്ത് കാത്തിരുന്നതിനാല്‍
കിട്ടിയ പാടേ ടെറസില്‍ക്കേറി
ടില്‍റ്റും വൈഡും ഇണക്കി
മുന്നാക്കം പിന്നാക്കം
മേലേ കീഴെ നീക്കി
കൈത്തഴക്കം കണ്ടെത്തി.

സന്ധ്യക്ക്
ഗ്രാമത്തിലെ മൈതാനത്ത്
ആല്‍മരത്തിന്റെ താഴെ
യൂണിഫോമില്ലാത്ത കുട്ടികള്‍
കവിത ചൊല്ലിപ്പഠിക്കുന്നതും
ആശാന്‍ അതിന്റെ താളം
ഈണത്തില്‍ ബന്ധിപ്പിക്കുന്നതും
കൊടുങ്കാറ്റിനെ ഗര്‍ഭം ധരിച്ച
പുസ്തകങ്ങള്‍ ജാഥ നടത്തുന്നതും...

ദാരിദ്ര്യരേഖയുടെ മുകളില്‍
പതാകയുയര്‍ത്തുന്ന
ക്രിക്കറ്റ് താരത്തിന്റെ കൂറ്റന്‍ ചിത്രം
തകര്‍ന്നു വീണ്
ഓഹരിവിപണിയുടെ ആസ്ഥാനത്ത്
ഗതാഗതം മുടങ്ങി
തെരുവില്‍ ഉത്സവമാകുന്നതും....

(രാത്രിയില്‍
കളിക്കൂട്ടുകാരിയെ കണ്ടു കൊതിച്ച്
നെല്ലിക്കാവര്‍ത്തമാനത്തില്‍
ഒളിച്ചിരുന്ന മധുരം കുടിച്ച്
പുഴയിലേക്ക് തെന്നിവീണപ്പോള്‍...
വെറുതെയെങ്കിലും തോന്നി
സ്വപ്നത്തെ ഷൂട്ട് ചെയ്യാവുന്ന ക്യാമറയും
വൈകാതെ കണ്ടെത്തണമെന്ന്!)

വെളുപ്പിനുണര്‍ന്ന്
ബാല്‍ക്കണിയില്‍ ട്രൈപോഡ് വച്ച്
പുകമഞ്ഞിലേക്ക് കണ്ണു തുറന്ന്
മുഷിഞ്ഞ് മയങ്ങുമ്പോള്‍,
നഗരമാലിന്യത്തിനരികില്‍
കുടിവെള്ളത്തിനായി ഏറ്റുമുട്ടുന്ന
ഗ്രാമീണരുടെ രോഷവും
പട്ടാളത്തിന്റെ വീറും
ബുള്‍ഡോസറിന്റെ ഇരമ്പവും...
ക്രമത്തില്‍ ഷൂട്ടായി.

മനസ്സിന്റെ അനന്താകാശങ്ങള്‍
തുറന്നുകിട്ടിയ അനുഭവങ്ങളാല്‍
പില്‍ക്കാല ദിനങ്ങളില്‍
ഒരു കോസ്മൊനോട്ടായി
വായുവില്‍ നൃത്തം ചെയ്ത്
ഞ്ഞാന്‍ ചിറകില്ലാതെ പറന്നുപോയി.

സൂര്യനും ചന്ദ്രനും
ചെറുവിളക്കുകളായി
അച്ഛന്റെയും അമ്മയുടെയും
മുഖമെടുത്തണിഞ്ഞു.
ചിരിക്കാനും കരയാനും മത്രമല്ല
എതിര്‍ക്കാനും കൊതിപ്പിക്കാനും കഴിയുന്ന
ദീപ~തനക്ഷത്രങ്ങള്‍ക്ക്
കാമിനിയുടെ ഭാവങ്ങളുണ്ടായി.
ഗുര്‍ത്വാകര്‍ഷണത്താല്‍ ത്രസിപ്പിക്കുന്ന
കുഞ്ഞുങ്ങളുടെ ആലിംഗനങ്ങളില്‍
വിശപ്പും നിലവിളിയും
ഉറഞ്ഞ ചോരയുടെ ചൂടും അറികെ
ഊര്‍ജ്ജപ്രവാഹത്തില്‍ മുഴുകി
ഒഴുകിത്തെറിച്ചു പോകുന്ന
വേദനകളുടെ ഉള്‍ക്കയായി ഞാന്‍.

നട്ടെല്ലില്ലാത്ത ഒരു മഴവില്ല്
താന്‍ പണ്ടേതോ രാജാവിന്റെ
യുദ്ധം ജയിക്കുവാനായി
വളഞ്ഞുവളഞ്ഞാണ്
ഏഴുനിറമുള്ള രാജഹംസമായതെന്ന്
വീമ്പ് പറയുമ്പോഴും....
ഇരുള്‍ക്കിണറിന്റെ കണ്ണറയില്‍
വീണുമരിക്കാനിടയാക്കാതെ
ഒഴിച്ചു തള്ളിവിട്ടതിന്
ദൈവത്തിന് നന്ദി പറയാന്‍
അതിപ്രവേഗമുള്ള ഒരു സന്ദേശം
വിഫലമായി എഴുതിക്കൊണ്ടേയിരുന്നു.

അപ്പോഴേക്കും...
താണുപറന്നു വന്ന മിസൈലുകളിലൊന്ന്
പൂത്തിരി കൊളുത്തിവിട്ട
രാത്രിയുടെ ശവപേടകത്തിലേക്ക്
കാലം കടന്നുപോകുമ്പോള്‍
ആരോ അടക്കം പറഞ്ഞു:
നമ്മള്‍ ഒരു തമോദ്വാരത്തിലാണ്
സ്നേഹിതാ...
തിരിച്ചിറങ്ങാനാവാത്ത വിധം
അടയ്ക്കപ്പെട്ട
ഒരു ചീഞ്ഞ കണ്ണിനുള്ളില്‍.

((()))

Sunday, August 30, 2009

ഓണക്കാഴ്ചകള്‍

തെക്കുപുറത്തെ ചുടലത്തെങ്ങിന്‍
നെറുകയിലാദ്യം പൊട്ടിവിടര്‍ന്നൊരു
പൂങ്കുല നറുചിരി തൂകുമ്പോള്‍
ഓര്‍ക്കുന്നു ഞാന്‍ മുത്തശ്ശിയെ.

ചക്കരമാവിന്‍ ചായും ചില്ലയില്‍
ഒത്തിരിയാമോദങ്ങള്‍ നിറയ്ക്കും
പൂത്തിരി നെയ്ത്തിരിയുഴിയുമ്പോള്‍
കൈനീട്ടുന്നു മുത്തശ്ശന്‍.

കാവില്‍ കളമെഴുതുന്നൊരുഷസ്സില്‍,
കാവടിയാടും മുകിലിന്‍ വില്ലില്‍,
ചിന്നും മഴയുടെ മുദ്രക്കൈയില്‍,
ചൈത്രസുഗന്ധം പൊഴിയുമ്പോള്‍
പാലമൃതുണ്ട ദിനങ്ങളില്‍ നിന്നൊരു
താരാട്ടായെന്‍ പെറ്റമ്മ.

പാറയുടയ്ക്കും വേര്‍പ്പില്‍ പേശികള്‍
നൊന്തുനുറുങ്ങുമൊരുച്ചക്കൊടുവെയില്‍,
എല്ലാക്കൈകളുമൊത്തുപിടിച്ചൊരു
മലയെ വരുതിയിലാക്കും കനവില്‍...
ഇരുളിന്‍ പൂച്ചകള്‍ പെറ്റുകിടക്കും
മിഴികളിലൊക്കെ വെളിച്ചം പകരാന്‍...
മുഷ്ടിബലത്തിന്‍ ചെന്തീക്കതിരാല്‍
ഉല്‍സവമേളം മണ്ണിലുണര്‍ത്താന്‍
സങ്കല്‍പ്പങ്ങള്‍ പകര്‍ന്നേ പോയൊരു
സ്വപ്നം പോലെന്‍ പൊന്നച്ഛന്‍.

തൂശനിലത്താളില്‍ പൗര്‍ണമി തന്‍
തുമ്പച്ചോറ് നിറയ്ക്കും രാവില്‍
പെട്ടെന്നെന്തേ കൂറ്റന്‍ വാവല്‍-
ച്ചിറകുകളാല്‍ ദുര്‍മൃത്യു പതുങ്ങീ
ചെറ്റും ദയയില്ലാത്തൊരു വിധിയായ്
കുഞ്ഞനിയന്റെ കൊലച്ചോറുണ്ടു?

പാടവരമ്പില്‍ കാറ്റിന്‍ കൈവിരല്‍
കൈതക്കൂമ്പ് തുറക്കുമ്പോള്‍
കണ്ണുകള്‍ പൊത്തിയടുത്തമരുന്നെന്‍
കണ്മണിയുടെ കവിള്‍ പൂക്കുമ്പോള്‍
കാണാക്കനവിന്‍ തോണിയിലാരേ
മോഹപ്പുഴയില്‍ നീന്തുന്നു?

എല്ലാരും ചേര്‍ന്നൊരുനാളെന്നില്‍
സന്‍ചിതസ്നേഹം പകരുമ്പോള്‍
നിലാവായ്, വെയിലായ്, താളപ്പൊയ്ത്തില്‍
നെഞ്ഞ്ചുരുകുന്നൊരു കണ്ണീര്‍ക്കനവായ്
പിന്‍വഴിയെല്ലാമലയാന്‍ വെമ്പു-
മൊരാത്മവിഷാദം പൊന്നോണം.

Wednesday, August 12, 2009

ആര്‍ക്കും അറിയാത്തത്‌!

കണ്ടിട്ടുണ്ടോ?
തുറിച്ച കണ്ണുകളിലെ മരണഭീതി
തുണിക്കറുപ്പാല്‍ മൂടപ്പെടുന്നത്‌?
കുരുക്കുവൃത്തത്തിനകത്തെ ലോകം...
ഇളം പച്ച, മഞ്ഞ, കുങ്കുമം, ചുവപ്പ്‌...
ഒടുവില്‍ എല്ലാം ഇരുട്ടാകുന്നത്‌.

കേട്ടിട്ടുണ്ടോ?
സമയം സൂചിമുനയാകുമ്പോള്‍
‍കഴുത്തു മുറിയുന്ന നേര്‍ത്ത ശബ്ദം.
പാതിയില്‍ നിലച്ച സൈറണ്‍ പോലെ
കുരുതിമൃഗത്തിണ്റ്റെ നിലവിളി.

നുണഞ്ഞിട്ടുണ്ടോ?
കാട്ടരുവിയുടെ കണ്ണീര്‍പോലെ
പൊള്ളുന്ന ചോരയിലെ ഉപ്പ്‌.
കണ്‍കുഴിയില്‍ വിളഞ്ഞ ചിപ്പിയിലെ
കരിഞ്ഞ മാംസത്തിണ്റ്റെ കയ്പ്പ്‌.

മണത്തിട്ടുണ്ടോ?
വെടിമരുന്നിണ്റ്റെ കരിമ്പുകയില്‍
തീയലകള്‍ നിലയ്ക്കുമ്പോള്‍
എല്ലിന്‍കൂട്‌ പോലും ശിഷ്ടമാക്കാത്ത
ചാവേറിണ്റ്റെ പ്രതീകാത്മക സ്വപ്നം.

തൊട്ടിട്ടുണ്ടോ?
പ്രണയത്തിണ്റ്റെ ഇതളുകളിലെ മഞ്ഞ്‌,
തിരസ്കാരത്തിണ്റ്റെ കൊടുമുള്ളുകള്‍,
അസ്തമിക്കുന്ന മൊഴികളിലെ സൂര്യന്‍,
ഇടറുന്ന ഒരുതുള്ളി ബാഷ്പം.

അറിഞ്ഞിട്ടുണ്ടോ?
ജീവവൃക്ഷത്തിണ്റ്റെ തായ്ത്തടിയില്‍
‍അധികാരത്തിണ്റ്റെ മഴുക്കേളികള്‍.
തലച്ചോറിണ്റ്റെ കോടിശിഖരങ്ങളി
‍ജനിതകവ്യാധിയുടെ മൃതികീടങ്ങള്‍.

ഇല്ല, ഒന്നും ഉണ്ടായിട്ടുണ്ടാവുകയില്ല!
അല്ലെങ്കില്‍...
ആരെങ്കിലും...
തുറന്നുപിടിച്ച ഹൃദയത്തിലെ ഈ കൊടുങ്കാറ്റ്‌
മുരളുന്നതെങ്കിലും അറിയാതിരിക്കുമോ?

സുഖാനുഭവങ്ങളുടെ മരവിപ്പില്ലാത്ത
ഇന്ദ്രിയങ്ങള്‍ തുറന്നുവെച്ചാല്‍
അപ്രിയസത്യങ്ങളുടെ കരിങ്കവിത
അണുമാത്രയില്‍ പുഷ്പിക്കും.

അതാണല്ലോ ആര്‍ക്കും അറിയാത്തത്‌!

***

Wednesday, July 22, 2009

പല്ലി ഒരു ഉല്‍പ്രേക്ഷയല്ല

ഫ്യൂസ്‌ പോയെന്ന്‌ ഭാര്യ.

ഇരുള്‍പ്പേടി ഞാനൊതുക്കിക്കൊണ്ട്‌
ആമാടപ്പെട്ടി തുറക്കുമ്പോള്‍...
കണ്ടുകിട്ടുന്നു
മൂന്നു ശവങ്ങള്‍ - പല്ലികള്‍.
കറുത്തുനീലിച്ചവയെങ്കിലും
കണ്ണൂകള്‍ പളുങ്കായ്‌ തിളങ്ങുന്നവ,
വാല്‍ മുറിയാത്തവ!

ഇന്നലെ ഇവരെണ്റ്റെ ഉത്തരം താങ്ങി
ഉപനിഷത്തായ്‌ ചിലച്ചു.
സത്തൊഴിയാ വാലിന്‍തുമ്പില്‍ ‍
സത്യമേ തുടിക്കുന്നതെന്നു ഞാന്‍ നിനച്ചു.
കാലിടറും നേരത്തെണ്റ്റെ
കണ്‍ഫ്യൂഷനൊടുങ്ങാതെ
ഇടത്തും വലത്തും, പിന്നിടയ്ക്കും
കാലുകള്‍ കവച്ചു.
രോഗം (ലോകം)മാറാനിതു കാരണമെന്നു ശഠിച്ചു.

ധീരമാം ദിനോസറിന്‍ മുഖഭേദങ്ങള്‍,
ഭീമപാദവൃക്ഷങ്ങള്‍,
ലോലഹൃദയാന്തരങ്ങളില്‍ ചുവക്കും
തുടിപ്പാര്‍ന്ന മിടിപ്പുകള്‍,
നളന്ദാ-തക്ഷശിലാ വസന്താഗമങ്ങള്‍...
സര്‍ഗ്ഗസായൂജ്യങ്ങളെ ചരിത്രമാക്കും
മുഗ്ദ്ധ സുഷുപ്തീ ലയഭംഗീകാമനാകലികകള്‍... !

ഉള്‍ക്കണ്ണു തുറന്ന്‌ ഞാന്‍ വമ്പിലോര്‍ക്കവേ
പാടക്കോപ്പുകള്‍ തോക്കുംവണ്ണം ചീറുന്നു...
അതേ, മൂന്നു പല്ലികള്‍, വാലുള്ളവ.

പിന്നെയാ യുദ്ധാവേശ ജാഥയിലവയെല്ലാം
വൃത്തബന്ധുരം ശിലാബന്ധിത വാക്യങ്ങളാല്‍
മര്‍ത്യമോക്ഷത്തിന്‍ പുലയാട്ടുകള്‍ തുടരുന്നു.

ആമാടപ്പെട്ടിമേല്‍ മകനിപ്പോള്‍
സ്റ്റിക്കറൊട്ടിച്ചീടുന്നു:
"ദൈവമേ... നിന്‍പേരിപ്പോള്‍
പല്ലിയെന്നാണോ?
സ്തോത്രം... "

-----

മഴയില്‍ നടക്കുമ്പോള്‍

മഴയില്‍ നടക്കുമ്പോള്‍
മണക്കും ചോരക്കനല്‍,
ഉണരും സ്മൃതിയൊച്ച
ഒരൊറ്റച്ചിലമ്പു പോല്‍.

ഇടനീള്‍വഴി നീളെ
അഗ്രയാനത്തിന്‍ പുത്തന്‍
പെരുമ്പാമ്പിഴയുമ്പോള്‍
തകില്‍ കൊട്ടുന്നു പകല്‍.
തരളം വയലേല
കൈതപ്പൂങ്കരം നീട്ടി
മണപ്പിക്കുന്നകവും പുറവും
തിണര്‍ത്ത സ്നേഹത്താല്‍.

മഴക്കാറ്റുണരുമ്പോള്‍
മുകില്‍പ്പൂ നൃത്തം ചെയ്യും
മയില്‍ക്കാവടിപ്പെയ്ത്തായ്‌
മിഴികള്‍ കലമ്പുന്നു,
തീര്‍ത്ഥക്കുടമുടയുന്നു.

മരിച്ച സ്നേഹങ്ങള്‍ തന്‍
മുളമ്പൂ മുളയ്ക്കവേ
ചൊരിഞ്ഞ താപങ്ങള്‍ തന്‍
കാടുണര്‍ന്നുലയുന്നുണ്ട്‌,
അടുത്തും അകലെയും.
മരിക്കാത്തവയെല്ലാം,
മുളയ്ക്കാ വിത്തായ്‌ മണ്ണിന്‍
വിടരാച്ചുണ്ടിന്‍ മൌനം
ഉമ്മവച്ചെടുക്കുന്നു.

രാത്രിതന്‍ ചുരം താണ്ടി
ആഷാഢക്കുളിര്‍ മോന്തി
ജ്വരവേദനകളില്‍
കല്‍പ്പാന്തം മണത്തുകൊണ്ട്‌
സ്വയമേതുറവയെ തേടുന്നു... ?
കടലിണ്റ്റെ കലിയും കവിതയും
ചേര്‍ത്തു മോന്തുന്നു ഞാന്‍.

തിമിരക്കാഴ്ച തിങ്ങും
മനസ്സാല്‍ വടികുത്തിയിടറി,
തളരാതെ, പിന്‍മാറാതെ
ചികയുന്നകക്കണ്ണിന്‍ തെളിദൃശ്യങ്ങള്‍...
സ്വപ്നബന്ധുരം ജീവിതാര്‍ഥം
മഴയില്‍ നടക്കുമ്പോള്‍.

000

Tuesday, July 07, 2009

അപമാനിതം

ആണി ഒരു രൂപകമാവാം.
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.

പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.

ചോരയെ ജലത്തിനു പകരംവച്ചതായുള്ള
യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന
നദികളുടെ സംയുക്ത ജാഥയില്‍
മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും
ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!
എന്നാല്‍...
എണ്ണയ്ക്കു പകരം സംഹാരായുധം
എന്ന കാവ്യനീതി ആണിക്കറിയാമെന്നത്
തെല്ലൊക്കെ ആശ്വാസം പകരുന്നതായി
രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

ഭാവന
പുതുബോധം
വാക്കുപയോഗരീതി
തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി
കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,
വേറിട്ട ശബ്ദമൊന്നുമാവാതെ...
പരമകഷ്ടമാണ് കവികളുടെ കാര്യം!

കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.
മറ്റുള്ളവ...
കവിസ്മാരക പുരസ്കാരങ്ങളുടെ
സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.

കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.
പഴുപ്പു നിറഞ്ഞ വ്രണമായി
ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍
മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര
തീര്‍ത്തും അസഹ്യമാണ്;
അപമാനിതവും.

Tuesday, June 09, 2009

വീട്ടുതടങ്കല്‍

ഇരുള്‍ കിതയ്ക്കും വിഹാരമീ ജീവിതം.

അതിരുകള്‍ക്കും തടങ്ങള്‍ക്കുമപ്പുറം
പുലരിയുണ്ടോ?
പുരാണദേവാലയ സ്തുതികളുണ്ടോ?
മനസ്സു തുറന്നൊരാളകലെയുണ്ടോ?
അറിയില്ല...
മണ്‍മതില്‍ ചിതല്‍ പിടിച്ചതാണെങ്കിലും
കാറ്റിണ്റ്റെ ഹൃദയമര്‍മ്മരമിന്നുമനാഥമായ്‌
ചിതറിവീഴുന്നു രാവിന്‍ കയങ്ങളില്‍.

മൊഴിമരങ്ങള്‍ വിളിക്കുന്നു
പാഴ്‌നിഴല്‍ പഴിപറഞ്ഞേ പുലമ്പുന്നു
പാട്ടുകള്‍ പതിരുപെറ്റുപോം ഞാറ്റടിക്കാലവും
പറയിമുത്തശ്ശി തന്‍ പഴങ്കഥകളും
വയലളന്നേ നടക്കുന്നു...
മാടനും മറുതയും വാഴുമിത്തിരിക്കാവിലോ
വയണ തിരിവയ്ക്കുമമ്പലക്കുന്നിലോ
ചിറകൊടിഞ്ഞുപോയൊരു കുഞ്ഞുപക്ഷിതന്‍
ചിരപരിചിത ക്ളാന്തനാദങ്ങളില്‍
തിരികെ വന്നു ഞാന്‍ കൂടുതേടുന്നുവോ?

വഴിയരികിലെ കാഴ്ചകള്‍
പൊയ്ക്കാലു പതറിവീഴും പരീക്ഷകള്‍
ആള്‍ത്തിരക്കറിയുമെന്നാല്‍ അലിഞ്ഞതില്‍ മായുവാന്‍
‍കൊതിയെഴാത്തതാം ഏകാന്തമാനസം.
തകില്‌ തെന്‍പാണ്ടിമേളം കൊഴുക്കുന്നു
മയില്‌ പഞ്ചാരി തുള്ളിത്തകര്‍ക്കുന്നു
വിജനമുള്ളിലെ കാഴ്ച്ചപ്പുറങ്ങളില്‍
വിരസജീവിതക്കോലം തിമിര്‍ക്കുന്നു.
വിരഹി ഞാനീ വിമൂകസായന്തനം
വിധിവിഹിതമായ്‌ മൊത്തിക്കുടിക്കുന്നു.

നിറയുമേതോ വിഷക്കോപ്പ തന്നുനീ
വിരഹിയെന്നെയുപേക്ഷിച്ചു പോകയോ...
സഹനചന്ദ്രികേ നിന്നെത്തിരഞ്ഞു ഞാന്‍
മൃതിവനത്തിന്നതിര്‍ത്തി താണ്ടുന്നുവോ?

എവിടെയായിരുന്നാലും തടങ്കലില്‍
എരിയുമുള്ളം കുരുന്നിലക്കൂമ്പു പോല്‍.
അതിനു സാന്ത്വനമാര്‍ പകര്‍ന്നേകുമെ-
ന്നലയുവാന്‍മാത്രമെണ്റ്റെ തീര്‍ത്ഥാടനം.
ഇനി വിലാസം കുറിക്കുവാനി,ല്ലഹം
കപടനൃത്തച്ചുവടിളക്കുന്നൊരീനിമിഷവും കൂടി മായട്ടെ... !
ആരൊരാള്‍ കുതിരമേലെറിയെത്തുവാന്‍
ശിഷ്ടമീ കുരുടജന്‍മം തിരിച്ചെടുത്തീടുവാന്‍?

*****

Sunday, March 29, 2009

വിരഹാദ്യരാത്രി

സ്വര്‍ണ്ണം കിനിഞ്ഞു കിനിഞ്ഞ്‌
അലിഞ്ഞിറങ്ങിയ മാതിരി
അസ്തമയശോഭയുടെ ഉലകത്തിച്ച്‌
ലഹരിയുടെ തീര്‍ത്ഥങ്ങളില്‍
മുഴുകി നീന്താന്‍ കൊതിയുണ്ടെങ്കിലും...
സ്വപ്‌നവും നോവുന്ന സത്യവും
ഇരുതട്ടുകളില്‍ തുള്ളിയിളകവെ
പുതുഗന്ധങ്ങളുടെ പെയ്‌ത്തില്‍
നാം അഭിമുഖമിരിപ്പെങ്കിലും...
മധ്യത്തില്‍ ഈ നീതിദേവതയുടെ
അന്ധവും ബധിരവുമായ ശിരസ്സില്‍
ഒച്ചയെടുക്കാത്ത മുറിനാവ്‌
കരുതലായ്‌
കുരുതിജന്മത്തെ
മറിച്ച്‌ വായിക്കുന്നു.

കണ്ണിലാരാണ്‌ ശരറാന്തല്‍ കൊളുത്തിയത്‌?
കിനാവും കവിതയും ചേര്‍ത്ത്‌
ഉറക്കമിളച്ച്‌ കാത്തത്‌?
കിടക്കവിരി മാറ്റി വിളക്കൂതിയത്‌?
അമ്പിളിത്തട്ടില്‍ മുന്തിരിവീഞ്ഞും
കെട്ടിപ്പിടിക്കാന്‍ മുയല്‍ക്കുഞ്ഞുങ്ങളുമായി
ശരത്‌കാലത്തിന്റെ ശയ്യാകാശത്തിലെ
മേഘങ്ങള്‍ മുറുക്കിയ സാരംഗിയില്‍
ആരോ നിറുത്താതെ പാടുന്നതും
നമുക്കുവേണ്ടിയോ... പ്രിയേ?

ഒരു തവണ മൊത്തിയെങ്കിലും
ഒരിക്കലും കൊതിതീര്‍ക്കാത്തവിധം
നിശ്ചലം കണ്ണുതുറന്നിരിക്കട്ടെ
ആ പാനപാത്രം അവിടെ
അങ്ങനെത്തന്നെ
അചഞ്ചലം.
ഈ മുഖവും മനസ്സും പെയ്യുന്ന
വിധുവും അനല്‍പമധുവും
രുചികളെ തിരികെവിളിക്കുമ്പോള്‍
പാനപാത്രം എനിക്കെന്തിന്‌!
പ്രണയത്തിലുപരി ലഹരിയാകാന്‍
ഏത്‌ മായാമദിരയാണുള്ളത്‌?

ക്ഷമിക്കുക...
ഓര്‍ത്തോര്‍ത്തിരിക്കെ
മറന്നു പോകുന്നു,
ഇത്‌ വിരഹാദ്യരാത്രിയെന്ന്‌.

***

Monday, March 02, 2009

ലൈഫ്‌ ലോംഗ്‌ (കവിത)

മണിബന്ധത്തില്‍ കുരുക്കി
ഉറപ്പിക്കുമ്പോള്‍ ചോദ്യം:
'എത്ര കാലം ശരിയായി ചലിക്കും?'
'ലൈഫ്‌ ലോംഗ്‌' എന്നു പറയാന്‍
ഒട്ടും വൈകിയില്ല.

'സമയം ശരിയായാലും പ്രശ്നമുണ്ടല്ലോ...
മണിക്കൂര്‍ മിനിറ്റായും
മിഴിതുറന്നടയ്ക്കലായും കണക്കിലെഴുതും.
എഴുന്നേല്‍പ്പ്‌
നടപ്പ്‌
കിടപ്പ്‌
മരുന്നുകള്‍
തലക്കെട്ടു മാത്രം പത്രവായന
കുളി
ഭക്ഷണം
ടീവി കേള്‍ക്കല്‍...
എല്ലാറ്റിനും സമയത്തിന്റെ വിലക്കുണ്ടാവും!
വായിക്കാത്ത ജീവിതം
എത്ര നിഷ്‌പ്രയോജനം.'
- പരാതിയല്ല
- ആത്മഗതമാണ്‌.

കണ്‍പോളകളില്‍ നീരുണ്ട്‌,
കാല്‍പ്പാദങ്ങള്‍ പതറുന്നുണ്ട്‌,
ചുമ കഫക്കെട്ടായി ഇടറുന്നുണ്ട്‌.
എല്ലാറ്റിനും സമയത്തിന്റെ വിലക്കുണ്ടല്ലോ!

ഒടുവില്‍...
യാത്രയുടെ അവസാന ചീട്ടുമായി
ഇ. സി. ജി. മോണിറ്ററില്‍
ഇളംപച്ച നിറമുള്ള തിര ശാന്തമായി.
അമാവാസികള്‍ മിഴിയിലേക്കിറങ്ങി.

അര്‍ദ്ധബോധത്തിലെ അവസാന വിളി
ആര്‍ക്കുള്ളതായിരുന്നു?
മണിബന്ധത്തില്‍
അപ്പോഴും തുടിച്ചു...
'ലൈഫ്‌ ലോംഗാ'യിട്ടുള്ള സമയം!

***

Wednesday, February 25, 2009

പാചകക്കുറിപ്പുകള്‍ (ഇന്നത്തെ സ്‌പെഷ്യല്‍)

പൊറുതിമുട്ടിയാല്‍
തയ്യാറാക്കാവുന്ന
ചില സ്പെഷ്യല്‍ ഇനങ്ങളാണ്‌.

ഒന്ന്‌:
മൂര്‍ച്ചയുള്ള കത്തി
വീതിയുള്ള റബര്‍ബാന്‍ഡ്‌
ഇളം ചൂടുള്ള വെള്ളം (ആവശ്യത്തിന്‌).

രണ്ട്‌:
ഫ്യൂരഡാന്‍ - 30 മില്ലിഗ്രാം
സ്ലീപിംഗ്‌ പില്‍സ്‌ - 15 എണ്ണം
എലിപ്പാഷാണം (ഒരു പൂവമ്പഴത്തില്‍ മിക്സ്‌ ചെയ്യാവുന്നത്ര!)

മൂന്ന്‌:
രണ്ടു മീറ്റര്‍ കയര്‍ (പൊട്ടാനിടയില്ലാത്ത തരം)
ചെറിയ സ്റ്റൂള്‍ (സുമാര്‍ രണ്ടടി ഉയരമുള്ളത്‌)
മുറിക്കുള്ളില്‍ ഫാനില്ലാത്തവര്‍
പറമ്പിലെ മാവോ
അടുക്കളയിലെ കഴുക്കോലോ
മുന്‍കൂട്ടി കണ്ടുവെയ്ക്കുക.

അവശ്യം വേണ്ടുന്ന മറ്റു ടച്ചിംഗ്സ്‌:
ബാങ്കുവക ജപ്തി നോട്ടീസ്‌ (അസ്സലും ഫോട്ടോകോപ്പിയും)
കടബാധ്യതയുടെ ചുരുക്കം (എഴുതിത്തള്ളേണ്ടുന്ന തുക ഉള്‍പ്പെടെ)
ആത്മഹത്യാക്കുറിപ്പ്‌ (സ്വന്തം തീരുമാനമെന്ന്‌ വ്യക്തമാക്കി ചുവപ്പിന്റെ അടിവരയിട്ടത്‌) അമ്പലം, പള്ളി, ചര്‍ച്ച്‌ മുതലിടങ്ങളിലെ
വീട്ടാത്ത നേര്‍ച്ചകളുടെ ലിസ്റ്റ്‌.
പ്രണയാവശിഷ്ടമായ
നാലുവരി നാടന്‍പാട്ട്‌.

പാകം ചെയ്യേണ്ടുന്ന വിധം...?
അവരവരുടെ അഭിരുചിയും
സൗകര്യവും പോലെ
ആര്‍ക്കും ശ്രമിക്കാം.
ചൂടോടെയും അല്ലാതെയും അതീവ ആസ്വാദ്യകരം.

സാഹിത്യരോഗികള്‍ക്കുള്ള മുന്നറിയിപ്പ്:
ഇടപ്പള്ളി, നന്ദനാര്‍, രാജലക്ഷ്മി
ആദിയായയവരുടെ റഫറന്‍സുകളും
വൈയക്തികസമസ്യകളും
ടിപ്പണമാക്കാവുന്നതാണ്‌.
***

ഏതെങ്കിലും ടി. വി. ചാനലുകാര്‍
സംഭവം ഹൈലൈറ്റ് ചെയ്തേക്കാം.
‘ചത്തു കിടന്നാലും ചമഞ്ഞുവേണം.’

000

Thursday, February 12, 2009

കിളിപ്പാട്ട്‌

കാതിലെത്താന്‍ വൈകുന്ന
കിളിപ്പാട്ടുകളൊക്കെ
ആകാശം മേഘക്കീറില്‍
നക്ഷത്രത്താല്‍ പകര്‍ത്തുന്നുണ്ടാവാം.
നാളത്തെ വെയിലിലോ
മറ്റൊരിക്കല്‍ മഴയിലോ
ഋതുഗീതമായ്‌ അലിയിച്ച്‌
ഭൂമിക്ക്‌ തിരികെത്തരാന്‍.

അതുകൊണ്ടായിരിക്കാം
നോവുകള്‍ പൊള്ളിക്കുന്ന
കടുത്ത വേനല്‍ സഹിക്കാനും
കരളിനെ കുളുര്‍പ്പിക്കുന്ന
നനുത്ത മഴകളെ പ്രണയിക്കാനും
നം അനുശീലിച്ചത്‌.

സത്യത്തില്‍ ഓരോ കിളിപ്പാട്ടും
ഒരു സന്ദേശമാവം.
ചോരയുറയുന്ന നേരിന്റെ
നേര്‍ത്തലിയുന്ന ഒരീണം
വെട്ടിത്തിളയ്ക്കുന്ന ക്രൗര്യത്തിന്റെ
അപ്രിയമായ ഒരു പൊള്ളല്‍.

തിളച്ചവെള്ളവും പൂച്ചയും
മനസ്സിനുള്ളിലെ ധ്രുവങ്ങളില്‍
ഇപ്പോഴും അങ്ങനെതന്നെ
പതിഞ്ഞുകിടക്കുന്നു...
കിളിപ്പാട്ടുകളാല്‍ ഉണര്‍ത്തപ്പെടാതെ.

***

Tuesday, January 13, 2009

മുതലയുടെ ഹൃദയം (കവിത)

അല്ലയോ മുതലേ...
നിന്റെ കണ്ണട ചുവന്നാണ്‌,
ഉടുപ്പ്‌ പച്ചയാണ്‌,
നടപ്പ്‌ ചരിഞ്ഞാണ്‌,
കിടപ്പ്‌ ആരാന്റെ കട്ടിലില്‍!

ചിരി പതിഞ്ഞതും
എഴുത്ത്‌ കാപട്യവും
പാട്ട്‌ അപശ്രുതിയെങ്കില്‍
നോക്ക്‌ പാതിയടഞ്ഞത്‌.

ഏറ്റവും അസഹ്യം
ആ കണ്ണുനീരാണ്‌.
അതിന്റെ നിറവില്‍ അമ്ലമഴ
കനച്ച്‌ കുതറുന്നു.
വഴുവഴുത്ത സ്ഖലിതത്തില്‍
സനാതനത്വം മറയുന്നു.

പിന്നെയുമുണ്ട്‌ കുറ്റങ്ങള്‍...
നാമജപം വികടത്വമാക്കി
പ്രാര്‍ത്ഥനയെ സ്വകാര്യമാക്കി
പ്രാണായാമത്തില്‍പ്പോലും
മറ്റുള്ളവര്‍ക്കായ്‌ തപിച്ചു.

ആകയാല്‍ ഞങ്ങള്‍ വന്നു;
നിന്റെ ഹൃദയം പുറത്തെടുക്കാന്‍
നക്രഹൃദയം നറുമരുന്നെന്ന്
നാനാമുനികള്‍ അരുള്‍ചെയ്തത്‌
ഈ കര്‍മ്മത്തെ സാധൂകരിക്കും.
നിന്റെ കണ്ണീര്‍ ഒന്നടക്കുക,
സ്വര്‍ഗ്ഗമെങ്കിലും കാംക്ഷിക്കുക.

ചോരയുടെ ചൂടും
മാംസത്തിന്റെ ചൂരും
ഞരമ്പുകളുടെ മുറുക്കവും
അസ്ഥികളുടെ കാഠിന്യവും.

അസാധാരണം ഈ മിടിപ്പുകള്‍,
ഒരു ടൈംബോംബിന്റെ തുടിപ്പുകള്‍?
സിത്താര്‍, ബാംസുരി, തബ്‌ല...
ഇതാ മധുരമായ്‌ മുഴങ്ങുന്നു
അന്ധഗായകന്റെ ആറാം സിംഫണി.

000

Tuesday, January 06, 2009

വീട് ഒരു ദേവാലയം

housemaid
നനഞ്ഞ കൈകള്‍ ഒറ്റവസ്ത്രത്തില്‍
ഒരു ആഫ്രിക്ക തീര്‍ത്തു.
മുടിയിഴയിലെ വെള്ളികളൊക്കെ
പുകയാല്‍ കറുപ്പഴകായി.
കവിളിലിറ്റുന്ന വിയര്‍പ്പുപ്പില്‍
കപ്പപ്പുഴുക്കിന് മുളകരച്ചു.
അപ്പോഴും നാസികാഗ്രത്തില്‍
ഒരു മുത്ത് തീക്കനല്‍ തെളിച്ചു.

പകല്‍പ്പാതിയുടെ തിളപ്പുമായി
പര്‍ത്താവ് പതിഞ്ഞുവന്നു.
ഇന്നലെ തല്ലിക്കൊന്ന മഞ്ഞച്ചേരയെ
അവള്‍ വീണ്ടും കണ്ടു.
എരിവ് കുറവാണെന്നയാള്‍
പാത്രം വടിച്ചുനക്കി ഏമ്പക്കം വിട്ടു.
നിനക്കുണ്ടോ എന്നൊരു ചോദ്യത്തെ
പ്രതീക്ഷിച്ചല്ലെങ്കിലും അയാളെ നോക്കി.
ശരിക്കും തുറക്കാത്ത ജനാലകളായി
അന്തിചാഞ്ഞ കണ്ണുകളില്‍ അരം മാത്രം.
yellowsnake
കുട്ടികള്‍ വരുമ്പോഴേക്കും ഇനിയെന്ത്?
ഓമയ്ക്ക വേവിച്ചാല്‍ കഞ്ഞി മതിയാവും.
ഏന്തിവലിഞ്ഞ് ചീനിക്കമ്പാല്‍ക്കുത്തി
പിഞ്ചൊരെണ്ണം വീഴ്ത്തുമ്പോള്‍
ഉപ്പുമുളകുകള്‍ കണ്ണില്‍പ്പുരണ്ട് പിടഞ്ഞ്
കാണാത്ത ദൈവത്തെ നാലുതവണ
കരഞ്ഞും പിഴിഞ്ഞും വിളിച്ചു.

അകത്ത് കൂര്‍ക്കത്തിനിടയിലൂടെ
ഏതോ തെറ്റിയുച്ചരിക്കപ്പെട്ട തെറി.
വിഴുപ്പുകള്‍ തേച്ചുരച്ച് കൈകുഴഞ്ഞ്
വിറയലുള്ള വിരലുകളില്‍ ചോര പൊടിഞ്ഞു.
മഴക്കാര്‍ മുരളുന്നതില്‍ പരിതപിച്ചു:
നാള‍ത്തേക്ക് യൂണിഫോറം ഉണങ്ങില്ലേ?
Photobucket
ഇനി ഒരുപാത്രം കഞ്ഞിവെള്ളം ബാക്കി?
അതില്‍ ഒരുനുള്ള് ഉപ്പും ചേര്‍ക്കാതെ
ഒറ്റശ്വാസത്തില്‍ ഇറക്കാമെന്ന് നിനച്ച്
ഇരുട്ടില്‍ പരതുമ്പോള്‍...
നാവു തുടച്ച് ഒരുപൂച്ച കുറുകെ.
000

Saturday, January 03, 2009

കുളം

മുറ്റത്തെ കിണറിന്‌
ഒരു ഓവുണ്ടായിരുന്നു.
മഴനിറഞ്ഞു കിണര്‍ തൂവുമ്പോള്‍
അച്‌ഛന്‍ ഓവ്‌ തുറന്നു വിടും.

ഒളിച്ചുകളിക്കുന്ന സൂര്യനെ
ഇളം നീലയായി പകര്‍ത്തി
മലര്‍ന്നുകിടക്കുന്ന കിണര്‍
‍ആഴങ്ങളില്‍ നിന്നുള്ള
ചൂടുള്ള ധാരയെ പുറംതള്ളും.
ചെറിയ ജലസസ്യങ്ങളും
മാനത്തുകണ്ണിയും
പിച്ചകത്തിന്റെ അടര്‍ന്ന മൊട്ടുകളും
ഓളങ്ങളുടെ ധിക്കാരത്തില്‍
ഒഴുക്കിനെതിരെ കൂടിനില്‍ക്കും.

ഒഴുക്കിനൊപ്പം വഴിതുറന്ന്
ഞാനും അച്‌ഛനൊപ്പം
തൂമ്പയുമായി നടക്കും.
തെങ്ങുകള്‍ക്കും വാഴകള്‍ക്കും
കറിവേപ്പിനും നാരകത്തിനും
ചാലുകള്‍... തോടുകള്‍.

ഒഴുക്കിന്റെ വേഗം
വയല്‍ക്കരയിലെ കുളം വരെ.
ആകാശത്തെ നിറച്ചുവച്ച
പ്രണയിനിയുടെ കണ്ണുപോലെ
ആഴവും അനന്തതയും തുടിക്കുന്ന
നീലിമയുടെ നൃത്തം.

കുളം
പ്രപഞ്ചവും ആകാശഗംഗയും
ജീവിതത്തിന്റെ സമൃദ്ധിയും
ജലത്തിന്റെ അപാരതയും
മനസ്സിന്റെ ശാന്തതയും...
എന്നൊക്കെ അച്‌ഛന്‍ പറയും.

തിരികെ വീട്ടിലെത്തുമ്പോള്‍
ഒറ്റയ്‌ക്കായെന്ന തോന്നലുമായി
കണ്ണുനിറയ്ക്കുന്നു അമ്മ.
- നീയെവിടെപ്പോയിരുന്നു?
- കുളക്കര വരെ.
- ഈ സന്ധ്യക്ക്‌... ഒറ്റയ്ക്കോ?
- അല്ലല്ലോ!
- പിന്നെ?
- അച്‌ഛനും ഉണ്ടായിരുന്നു.

അമ്മയുടെ മൗനം
ഒരു തേങ്ങലിന്
ഞൊടിയിടയില്‍ വഴിമാറും.

***