Tuesday, January 11, 2011

മീൻ‌മണമുള്ള ജീവിതം

അഞ്ചരയ്ക്ക് തണുത്തു വിറച്ചും

ഏഴേമുക്കാലിന് ധൃതി വിഴുങ്ങിയും

ആറരയ്ക്ക് ശാന്തമായ് അലസമായും

എട്ടരയ്ക്ക് തലപെരുത്ത് തളർന്നും…

വഴിനടക്കുമ്പോൾ മണക്കും…

മത്തി, അയല, ഷേരി, മാന്തൾ

മസാലക്കൂട്ടിൽ തേങ്ങയരഞ്ഞ്

മെല്ലെ തിളച്ചതിന്റെ ആവിമണം.



കിടക്കയിൽ മീൻപോലെ ഇടം‌വലം

തിരിഞ്ഞു കിടന്ന് ഉറക്കമിളയ്ക്കെ

വരാലുകൾ കൂട്ടംകൂട്ടമായി കരയിലേറി

ഇരുകാലുകൾ വളർന്ന് നടന്ന്

കന്യകമാരും കാമുകരുമായ ജാലം.

വറുത്തതും പൊരിച്ചതുമായി മയക്കം

കഴിഞ്ഞകാലത്തെ വിളമ്പി നീട്ടുന്നു.



മഴയിലൂടേതോ മകരച്ചാകര

ജനലിന്മേൽ മുട്ടിവിളിച്ച് ചോദിച്ചു:

മാതിയാകാത്തതാം രുചിക്കൊതികളിൽ

അടയിരിക്കുന്ന ദുരാർത്തിഭൂതമേ!

ഇടറിക്കാലുകൾ പതിക്കുവോളവും

ഉദരക്കായലിൻ തിരപ്പെരുക്കത്തിൽ

തുടിച്ചുനീന്തുവാൻ കൊതിച്ചുകൊണ്ടു നിൻ

സ്ഥിതിഗതിയുടെ പരാദജീവിതം.

***



പൊരിമീൻ‌പടം google അടുക്കളയിൽ നിന്ന്‌