Monday, December 22, 2008

(കവിത): മണ്‍വാക്ക്‌

Abrt-Baby
മെല്ലെ നടക്കണം...
മുറുകെ പിടിച്ചോളൂ.
പുറത്തിറങ്ങിയാല്‍ ടാക്സി കിട്ടാം...
പരിചിതര്‍ കാണാതിരുന്നാല്‍
അപകടമില്ലെന്ന്‌ കരുതാം.

ലിഫ്റ്റിനുള്ളില്‍ എന്തൊരു ഗന്ധമാണ്‌!
അറവുകാരന്റെ പീടികയില്‍
മുറിഞ്ഞു തൂങ്ങിയ നട്ടുച്ചപോലെ.
(അവിടെയും ഇവിടെയുമായി
ചിതറിയ മാംസത്തുണ്ടുകള്‍
കഴുകിത്തുടയ്ക്കാനും വേണമല്ലോ
കുറെ സാവകാശം.)

എന്തിനായിരുന്നു കുഞ്ഞേ
വ്യഥിതയായി നീയിങ്ങനെ?
പപ്പ അറിയരുത്‌...
കൂട്ടുകാരും... നാട്ടുകാരും!
ഉള്ളില്‍വച്ചേ ഉടഞ്ഞുപോയ
ഒരു രഹസ്യവാക്കായി
ഇത്‌ നമ്മില്‍ മാത്രം.

അവനല്ലേ...
ഓടിക്കിതച്ചെത്തുന്നത്‌?
മിണ്ടാന്‍ നില്‍ക്കണ്ട.
എല്ലാം ഇവിടെ ഒടുങ്ങണം.
ഒരു കരയില്‍മാത്രം തൊടുന്ന
പാലം ആര്‍ക്കുവേണ്ടി?
വേലിയേറ്റത്തില്‍ മുങ്ങിയപ്പോള്‍
എവിടെപ്പോയിരുന്നു?

ചോരപുരണ്ട അയസ്‌കാന്തം
വിറയ്ക്കുന്ന കണ്ണുകളാല്‍
ഇങ്ങനെ നീയെന്നെ നോക്കരുത്‌.
ഉടലാകെ ഉരുകിപ്പോകുന്നു.
ലോഹമില്ലാത്ത പരിസരങ്ങളില്‍
ട്രാഫിക്ജാമിലായ യന്ത്രങ്ങള്‍
പരസ്പരം ഓര്‍മ്മിപ്പിക്കുന്നു:
'ഒരു പൂച്ചെണ്ട്‌
ആദ്യചുംബനം
ദീപ്തരതിയുടെ രാവ്‌
ഇലകൊഴിച്ച ഋതുവിന്‌
നിലാവിന്റെ പാരിതോഷികം.'

എതിര്‍ദിശയിലേക്കുള്ള ഇരമ്പലായി
ടാക്സി പാഞ്ഞതോടെ
അവനിലേക്ക്‌ കരിമേഘങ്ങള്‍ പെയ്തു.
മണ്ണിലേക്ക്‌ തളര്‍ന്നിരുന്നപ്പോള്‍
അന്നനാളത്തില്‍ കുരുങ്ങിപ്പോയ
തീരെ മൃദുവായ കുഞ്ഞുവിരലുകള്‍
വിടര്‍ന്ന മുള്‍ച്ചെണ്ടായി.

സമയത്തിന്റെ പട്ടികയില്‍
മറവി തിന്ന പ്രാണന്റെ വിതുമ്പല്‍.
ഒരു പൊട്ടിക്കരച്ചില്‍ പോലും
കനിയാത്ത മൗനത്താല്‍
വേനലിന്റെ തീനാവിലേക്ക്‌
ഉടഞ്ഞുപോകുന്ന മണ്‍വാക്ക്‌.

***

Monday, December 15, 2008

പനിക്കൂര്‍ക്ക

പനിയാണ്‌
തലയാകെ വറുതിയിലാണ്‌
ഉടല്‍ ചുഴികുത്തുമേതോ
സമുദ്രത്തിലാണ്‌
ഓര്‍മ്മ വികലമാമൊരു
രാത്രിമൂര്‍ച്‌ഛയിലാണ്‌.

മരുന്നുകള്‍ മാറുന്നു
വൈദ്യരും മാറുന്നു
വിരല്‍മുനയില്‍ നിന്നൂര്‍ന്ന
രക്തരേണുക്കളില്‍
കുറിയ മൗനങ്ങളും
കുടിലസ്വാര്‍ത്ഥങ്ങളും
വരിവച്ച്‌ നീങ്ങുന്നു.
നിദ്ര പിണങ്ങിയകന്നിരിക്കും
ഇഷ്ടകാമിനിയാവുന്നു...
പനിയിത്‌
മഹാമൗനമെല്ലാംതകര്‍ക്കുമൊരു
സ്ഫോടനമാവുന്നു.

ഇടവഴിയില്‍ നില്‍പ്പുണ്ട്‌
വായ്‌ത്തലച്ചിരികളായ്‌
ഇടയനെ പിന്‍പറ്റിയലയും
ബലിമൃഗക്കുരുതിമലര്‍.
പെരുവഴിയില്‍ നില്‍പ്പുണ്ട്‌
തിരുശൂലമുനകളില്‍
പിടയുന്ന സിന്ദൂരമുറിവുകള്
‍സ്വയം നീട്ടിയലറുന്ന
പച്ചമാംവിറകുകള്‍.

ഊഷ്‌മാവ്‌ താഴാതെ
ഉരുകിയുയരും ബോധം
ഒരു കരിവാവായി
മറയുന്നതിന്നു മുമ്പ്‌
എവിടെയെന്നച്‌ഛന്,
‍ഈ കൊടുവേനലിന്‍ നെരുകില്‍
ഒരുപിടി ഇല പിഴിഞ്ഞ്‌
അതിലെ ഭൂനിശ്വാസം
ഉയിരായ്‌ പകര്‍ന്നു തന്ന്
അനുനിമിഷം അരികിലിരിക്കാന്‍!
ഒരുപാട്‌ ചോദ്യങ്ങള്‍
ഒരു വാക്കില്‍നിറയുന്ന
പരിഹാരസൂക്തമായ്‌
ചൊല്ലി ചിരിക്കുവാന്‍.

അറിയുന്നതിപ്പൊഴോ...
പനിയുടെ വിറച്ചിലില്‍!
അച്ചന്‍...
പകരമായ്‌ മറ്റൊന്നുമില്ലാത്ത
പ്രകൃതിതന്‍ സിദ്ധൗഷധം.

***

Sunday, October 26, 2008

രൗദ്രം

The Struggle


വേദം കൊഴുപ്പിച്ചൊരീയത്തിളപ്പിനാല്‍

കാതു പൊട്ടിക്കാതെ തമ്പ്രാ...

വാളും ചിലമ്പും പുലമ്പുന്ന നാവിനാല്‍

വാതുവച്ചീടാതെ തമ്പ്രാ...

വായ്ക്കരിക്കൊപ്പം നനഞ്ഞ തൃത്താവില

കാല്‍ക്കല്‍ക്കിടന്നു പൊരിയുമ്പോള്‍.

മാടമ്പിയയങ്ങ്‌ വാണൊരാക്കാലത്തി-

ലാരും ചിലയ്ക്കാത്ത നാട്ടിലെങ്ങും

മാടനും മറുതയും പടിയിറങ്ങിപ്പോയ

കാവിലെക്കുരുതിയില്‍ നാവുകള്‍ പിടച്ചതും,

മച്ചിന്റെയുള്ളില്‍ തരുണസ്വപ്നങ്ങളും

കൊച്ചുതിടപ്പള്ളി പെറ്റ പോഴത്തവും

ദിക്കില്‍ നിറഞ്ഞു കനലൂതിനിന്നതും

ബ്രഹ്മസ്വരൂപത്തെ രക്ഷസ്സു തീണ്ട്യതും,

ഭഗ്നബന്ധങ്ങളില്‍ ഭാഗപത്രങ്ങളില്‍

ജപ്തിയാളെത്തി ബലിച്ചോറു വച്ചതും...

എങ്ങള്‍ മറന്നതില്ലൊന്നും,

മരിച്ചവര്‍മണ്ണില്‍ക്കലര്‍ന്ന്‌ പുനര്‍ജ്ജനിച്ചേടവേ.

ഗ്രീഷ്മങ്ങളേത്‌ മരുത്തിനും മണ്ണിനും

രോഷം പകര്‍ന്നുരുകുന്ന കാലം

താളും തകരയും ഉപ്പുചേര്‍ക്കാതെങ്ങള്‍

‍പാതി വേവിച്ചു കഴിച്ച നാളില്‍

തീതിന്നു പോയൊരാ പാവം കിടാങ്ങള്‍ തന്‍

‍ചാര്‍ത്തിലാരോ വെടിയുപ്പുതിര്‍ക്കവേ

എതിര്‍വായില്‍ അടിയങ്ങള്‍ മൊഴികൊണ്ട സത്യങ്ങള്‍

പിഴുതെടുത്തങ്ങുന്ന്‌ ചിരി മുഴക്കീടവേ...

ഏനും കിടാങ്ങളും തീനും കുടിയുമ-

റ്റേതേതു ദിക്കില്‍ നടന്നലഞ്ഞു? പിന്നെ...

മാനം ചുരന്ന നറുംകണ്ണുനീരില്‍

കരിക്കാടി സ്വപനവും കണ്ടുറങ്ങി.

നീരും നിലാവും നിറകതിര്‍സ്സൂര്യനും

ചേരുന്നൊരാ കാലമോര്‍ത്ത നേരം

ഓടിത്തളര്‍ന്നെങ്ങള്‍ വന്നെത്തിയീ കൊടൂം-

കാടിന്റെ മതിലകപ്പേച്ചറിയാന്‍.

പാടക്കിഴങ്ങും പനമ്പഴവും കാട്ടു-

ഞാവലിന്‍ കരളുപോലുള്ള കനികളും

തേനും നിറഞ്ഞ ഭ്രമണകാലത്തിന്റെ

തേരുരുട്ടാനിന്നു വന്നു ഞങ്ങള്‍.



Struggle-inside

അക്ഷരം കാറ്റാം ഗുരുവില്‍ നിന്നുല്‍ഭവിച്ച്‌

ഒറ്റ ക്ഷണത്തില്‍ പെരുമ്പറത്തോറ്റമായ്‌!

ആല്‍മരം, കാഞ്ഞിരം, ചൂതം, ഇലഞ്ഞിയും

കാവല്‍നിരയ്ക്കൊത്തു കൈകള്‍ കൊട്ടീടവേ...

താളിയോലയ്ക്കുള്ളിലാരൊ തളച്ചിട്ട

താഴുകള്‍ തുറന്നു വരവായ്‌ പ്രാണവിസ്മയം!

കാമം മനസ്സിലും കാളല്‍ ശിരസ്സിലും

കാളകൂടങ്ങളാല്‍ ഉടല്‍ മിന്നിനില്‍ക്കവേ

കരിവീട്ടിയില്‍ക്കടഞ്ഞെങ്ങള്‍ പണിഞ്ഞൊരീ

കനിവിന്റെ തോഴനാം കുതിരയെ കണ്ടിട്ട്‌

ഞെട്ടിത്തരിക്കാതെ തമ്പ്രാ..., മദം കൊണ്ട്‌

ചിന്നം വിളിക്കാതെ വഴിയൊഴിഞ്ഞീടുക!

കാറ്റിന്റെ ചൂളം കടമെടുത്തിന്നിവര്‍

കടലിന്റെ ശൗര്യം പരിചയാക്കുന്നിവര്‍

കാടിന്റെ ചാരത്തിലര്‍ഘ്യം പകര്‍ന്നിവര്‍

ആറിന്റെ ചാക്കാലമഴയില്‍ കുളിച്ചിവര്‍

മുകിലിന്റെ മൗനത്തില്‍ കണ്‍നിറയ്ക്കുന്നിവര്‍

യുദ്ധരക്തത്തില്‍ ഹൃദയം ദ്രവിച്ചവര്‍...

പകലിന്റെ വാതായനം തേടിയെത്തുന്നു

പലവുരു തോറ്റ പടപ്പാട്ടു പാടുന്നു.

ഇത്‌ രൗദ്രം..

ഇത്‌ രൗദ്ര,മിനിയെങ്ങള്‍ പിന്‍വാങ്ങിടാ!

ചിര-മുതുപുരാണങ്ങളാല്‍ കിന്നരം മീട്ടായ്ക.

***

(സമരം അവസാനിക്കുന്നില്ല. അതിന്റെ രൂപവും കാലവും മാത്രമേ മാറുന്നുള്ളു.)

Tuesday, October 07, 2008

ബംഗാൾ പറയാത്തത്‌

(ബംഗാളും കേരളവും തമ്മിൽ അന്‌തരമില്ല...
തുപ്പാനും തൂറാനും പൊതുവഴി എന്നതുൾപ്പെടെ!)

സിലിഗുരിയിലേക്ക്‌ പോകുംവഴിയിൽ
പച്ച കൊഴുത്ത ഗ്രാമങ്ങളിലൊന്നിൽ
ഒരു ചങ്ങാതിയുണ്ടായിരുന്നു.
എൺപത്‌ കിലോമീറ്ററിന്‌ എണ്ണൂറിന്റെ നീളം
ഗണിതത്തെ പരിഹസിക്കുന്നു.
വണ്ടി സിലിഗുരിയിൽ എത്തുമ്പോഴേക്കും
ചങ്ങാതി മറുകരയെത്തൂമോ ആവോ?

ഹൂഗ്ലിയുടെ മെലിവിനുമേൽ
ഹൗറയുടെ കൂറ്റൻ എടുപ്പുകളിൽ തൂങ്ങി
ആകാശം അവസാന ചമയത്തിലായിരുന്നു.
ബാറിൽനിന്ന്‌ ഇറങ്ങിവന്ന ഒരു തലപ്പാവുകാരൻ
'ബംഗാൾ എങ്ങനെ തോന്നി'യെന്ന്‌ കാതു കൂർപ്പിച്ചു.
മഹാശ്വേതയോട്‌ ചോദിച്ച്‌ പറയാമെന്ന്‌
അയാൾക്ക്‌ വാഗ്ദത്തം ചെയ്ത്‌ പിരിയുമ്പോൾ...
ബിമൽമിത്രയും താരാശങ്കറും കൈകോർത്തു വന്നു!
ഒരാൾക്ക്‌ ചുവന്ന തൊപ്പിയും അപരന്‌ പച്ച മേലങ്കിയും.

ചത്വരത്തിന്റെ അതിരിൽ സിദ്ധാർത്ഥൻ ചിരിച്ചു.
ഇടംകോണിൽ കുതിരകൾ ചിനച്ചു മേഞ്ഞു.
വലംകോണിൽ മോഹൻബഗാനും ഈസ്റ്റ്ബംഗാളും
കുതിച്ചുകയറി ഗോൾ പെയ്തു!

അതാ വരുന്നു സത്യജിത്‌!
പിന്നിൽ...
ആ മെലിഞ്ഞ ചിരിയുമായി അവളുമുണ്ട്‌...!
വനവും ഗ്രാമവും പങ്കുവെച്ച ചിരി...
ഏഴുകരയിലും തടാകമായ്‌
നിത്യയാം സൗരാകർഷണ ഭൂമിയായ്‌
പർവ്വതങ്ങളുടെ പാട്ടുകൾ
നെറുകയിലണിഞ്ഞ്‌ ചുവന്നവൾ!

സൈക്കിൾറിക്ഷയിൽ ഒരു കുടുംബം
ഗതാഗതക്കുരുക്കിൽ നിർവ്വാണം തേടുന്നു.
യത്ഥാർത്ഥ സ്ഥിതിസമത്വം ഇതാണ്‌...
നാലു നാണയത്തിന്റെ ചെലവിൽ
അഭയം വിലക്കപ്പെടുന്ന ദീർഘദർശിത്വം!
ജ്യോതിദായ്ക്കും മറ്റേ ദീദിക്കും ചാരുവിനും സ്തുതി.
ഈ ചവിട്ടുവണ്ടിയിൽ തുടങ്ങി
കാൽകുഴഞ്ഞൊടുങ്ങുന്ന വൈരുദ്ധ്യമേ ഇവർക്കറിയൂ!
റിക്ഷ യന്ത്രമായിട്ടുള്ള വഴികളിലെങ്ങും
അവർ ഇഴഞ്ഞിട്ടില്ലെന്ന്‌ ഓർക്കുന്ന
പാവം നന്ദിഗ്രാമം!

മഞ്ഞക്കാറുകളുടെ ചെറുനിളകൾ
എവിടെയും നഗരത്തെ ഒന്നാക്കുന്നത്‌
കരളിന്റെ ചില്ലയെ കണിക്കൊന്നയാക്കുന്നു.
കാളീഘട്ടിൽ ജലരാശിക്കുമേൽ
ഇന്നും ആരുടെയോ കുരുതിച്ചോര!

കട്ട്‌ല മീനിന്റെ കടുത്ത മുള്ളരികിൽ
അരിവാൾ രാകിയിരിക്കുന്നു രാത്രി.
വറുത്താലും കറിവച്ചാലും
ഇതിന്റെ കണ്ണുകൾ തുറന്നിരിക്കുന്നു.
രുചിയിൽ രണ്ടാമതല്ലാത്ത
ഇതിനുണ്ടോ മലയാളിയെന്നും ബംഗാളിയെന്നും.
കൈലി വലിച്ചുടുത്ത്‌
കുപ്പായക്കൈ തെറുത്തുകയറ്റി
ആടിനടക്കുമ്പോൾ
ബംഗാളിക്ക്‌... ആകെയുള്ള വ്യത്യസ്ഥത
കുറ്റിമീശയുടെ പരുപരുപ്പ്‌ മാത്രം.

ബിർളാമന്ദിറിനു മുന്നിലെ തിരക്കിൽ
ദൈവങ്ങൾ രാംമോഹൻറോയിയെ തിരഞ്ഞു.
സതീരത്നങ്ങളിൽ അവശേഷിക്കുന്ന പലരും
അന്‌തിയുടെ മറവിൽ
ഉണർന്നിരിക്കുന്ന രാപ്പറവകളായി
പകലിനെ തെറിപറഞ്ഞു.

വിക്‌ടോറിയ ജലധാരയുടെ തണുപ്പിലും
ജൂൺ വിയർത്തു വിളറിയത്‌
മൃണാൾസെന്നിന്റെ നായാട്ടുകാരനും
ബോസിന്റെ ചാവേറുകളും കണ്ടില്ല.
ഉരുക്കളുടെ സ്വപ്നവിപ്‌ളവവും
വേട്ടരീതികളിലെ സ്നേഹവാദവും മാറിയത്‌
കോൽക്കാരും ചെങ്കോലുടമകളും
മറക്കുന്നതാവാം കാരണം.

ദാബയിലെ ചപ്പാത്തിയിൽ
പരിപ്പിന്‌ പ്രണയം വരാതെപോയത്‌
കോഴിയോ മുട്ടനാടോ ഏറ്റെടുക്കുമെന്ന പ്രതീക്ഷ
അരമണിക്കൂറിലും സഫലമാവാതെ
ഒരു ഇടതുപക്ഷ ശൈലിയിൽ പിണങ്ങി,
സ്റ്റിൽ ക്യാമറ ഫോക്കസ്‌ ചെയ്യുമ്പോൾ...
തെങ്ങും മാവും മുല്ലയുമായി
മറ്റൊരു കേരളം അതിരിനു പുറത്ത്‌!

(ബംഗാളും കേരളവും തമ്മിൽ അന്‌തരമില്ല...
പൂക്കാനും കായ്‌ക്കാനും പ്രകൃതിസാധർമ്യം എന്നതുൾപ്പെടെ...)

ഇൻഡ്യക്കാരനായ ഞാൻ
പണയം വെച്ച തൂവൽച്ചിറകുകളെ ഓർത്തോർത്ത്‌
നെടുവീർപ്പിടുന്നതും
ഇപ്പോൾ ഫേഷനല്ലല്ലോ!

അഴിമുഖത്ത്‌ നങ്കൂരമിടുന്ന കപ്പലിന്റെ കൂവൽ
എന്നിലേക്ക്‌ മറവിയുടെ അസ്ത്രമായി
പിന്നെയും പെയ്യുന്നു...!

000
(കൽക്കത്തയിൽ നാലുനാൾ അലഞ്ഞതിന്റെ ബാക്കിപത്രമായി ഒരു (ക)വിത! വായിക്കുമോ സ്നേഹിതരേ?)

Friday, October 03, 2008

നിരോധനം

അരിവില പിന്നെയും കൂടി...
അരി കയറ്റുമതി നിരോധിച്ചു...
ആണവക്കരാർ അരവണക്കരാർ...
സ്റ്റോക്ക്‌ വിലത്തകര്‍ച്ച
സ്റ്റേറ്റിന്‌ തലക്കറക്കം...
എന്നിങ്ങനെ വാർത്ത മിന്നിയപ്പോൾ
ഞങ്ങൾ ആയമ്മയെ കാത്തിരുന്നു.



മന്മോഹിതൻ വിളിച്ചിട്ടാ വന്നെ...
ബുഷാനനൻ പറഞ്ഞിട്ടാ വന്നെ...
നാടിനെ രക്ഷിക്കാൻ ഒറ്റമൂലി തരും...
തീവ്രവാദത്തിന്‌ യൂനാനി തരും...
നാണയപ്പെരുപ്പത്തിന്‌ നായ്‌ക്കുരണപ്പൊടി തരും.


പെരുവഴിയളക്കുന്ന വെറുമൊരു ഭ്രാന്തൻ
തീവ്രവാദിയായി:


"ഹിമാലയത്തിന്‌ അണിയാൻ പറ്റിയ
വലിയൊരു ഉറ
എവിടെക്കിട്ടുമോ ദൈവമേ?"



000

Monday, July 28, 2008

നീലപ്പല്ലുകളില്‍ എന്റെ ചോരയും

പത്തില്‍ എല്ലാം ഏ-പ്ലസ്സായതിനാ
പപ്പാ അത്‌ സമ്മാനമായി തന്നെ.
എല്ലാ ഫീച്ചേഴ്‌സും ഒന്നിനൊന്ന്‌ മെച്ചം.
ഇന്റര്‍നെറ്റും ബ്ലൂടൂത്തും ഉള്‍പ്പെടെ
ലോകം എന്റെ കൈവെള്ളയിലായതും
ഞാനതിനുമേലെ പറക്കാന്‍ തുടങ്ങിയതും
സന്ദേശങ്ങളുടെ നിത്യവര്‍ഷത്തില്‍ നനഞ്ഞും
സന്തോഷങ്ങളുടെ മീഡിയാറേഞ്ചുകളെ തകര്‍ത്തും
പകലും രാത്രിയും പുകമഞ്ഞിലൂടെ
എന്റെ സ്വന്തം ഡ്രാക്കുളാക്കോട്ടയിലെത്തിച്ചതും...

പ്രണയം...
ആദ്യം വരുന്നത്‌ഒരു സ്‌മൈലിയുടെ കൈയൊപ്പായിട്ടാവാം.
പിന്നെ... വളരുന്നതോ...?
സ്നേഹം
സ്വാതന്ത്ര്യം
അണ്ടര്‍സ്റ്റാന്റ്‌ ഈച്‌ അദര്‍...
പിന്നാലെ...
ടൂര്‍ ടു എ ഫാര്‍ പ്ലേസും...!
ക്ലൈമാക്സാണ്‌ ത്രില്ലിംഗ്‌! ഹഗ്ഗും കിസ്സും പിന്നെ... എല്ലാമെല്ലാം.
വീടിനു പുറത്ത്‌ ഇങ്ങനെയും ഒരു ലോകം?
ഞാനെന്നല്ല,
ആരായാലും അടിച്ച്‌ പൊളിച്ചുപോവും.
ഗായത്രിയും അല്‍പം നാരായണീയവും
ലളിതാസഹസ്രനാമവുമെല്ലാം ബൈഹാര്‍ട്ടായതില്‍
അദ്ദേഹവും ഹാപ്പി.
എങ്കിലും...
ഗോപീപീനപയോധരമര്‍ദ്ദനനായി
എന്നെ രാധികയാക്കാനുള്ള കൊതിയാണ്‌
ആ കണ്ണുകളില്‍ നുരഞ്ഞുകവിഞ്ഞത്‌.

"കാമദേവന്റെ ജപമാലയില്‍ നിന്ന്‌
തെറിച്ചുപോയ രുദ്രാക്ഷങ്ങളാണ്‌
നിന്റെ മുലക്കണ്ണുകളെ"ന്ന്‌
ഒരു കവിതയും കൈമുദ്രയും...
ലയിച്ചുപോയത്‌ ഞാനുമറിഞ്ഞില്ല.

"ആശ്രമം വൃന്ദാവനം
കേളീനികുഞ്ജം ഗോവര്‍ധനം
ആസക്തമേഘങ്ങളുടെ രതിമഴ
മണ്ണും വാനവും നിര്‍വാണ സായൂജ്യത്തില്‍...
ഗോപികേ, ഇതു നിന്റെ സ്വര്‍ഗ്ഗാരോഹണം.."
വാക്കുകളില്‍ ചന്ദ്രനും താരങ്ങളും!

മള്‍ട്ടിമീഡിയകളിലൂടെ രാധാമാധവരഹസ്യങ്ങള്‍
ഭൂമിയെ അതിലംഘിച്ചത്‌ ഞാനറിഞ്ഞില്ല.

എന്തിനായി സാക്ഷിമൊഴികള്‍...
തെളിവുകള്‍...
വിശകലനങ്ങള്‍?
കണ്ണാടിയില്‍ എനിക്കില്ല മുഖം,
ഒട്ടിച്ചുവെയ്ക്കാന്‍ ഒരു പൊയ്‌മുഖവും!

ചോരകുഴഞ്ഞ നാവു നീട്ടിച്ചുഴറ്റി
ഇനിയും ചിരിക്കയോ ലോകമേ?
ആരുടെയൊക്കെയോ ജീവിതത്തിനൊപ്പം
നിന്റെ നീലപ്പല്ലുകളില്‍ ‍എന്റെ ചോരയും.

000

Saturday, March 08, 2008

ഏകാത്മകം

Photobucket

അറിയാമോ?
ഈ തോക്കിനുള്ളില്‍
നിന്റെ പേരു കുറിക്കപ്പെട്ട
തീയുണ്ടകള്‍.
അറിയാം...
നിന്റെ ഹൃദയത്തോട്‌ ചേര്‍ന്നും
മറ്റൊരു യന്ത്രം മിടിക്കുന്നുണ്ട്‌.
പല ജീവിതങ്ങളുടെ
തിരിയണയ്ക്കാവുന്ന ഇന്ധനം!

ഞാനൊരു ജൂതനും
നീയൊരു പാലസ്റ്റീനിയും
നമ്മള്‍ക്കിടയില്‍ ഒരു പാലമില്ല.
ഉള്ളത്‌...
കടിച്ചാല്‍ പൊട്ടാത്ത കാരണങ്ങള്‍ മാത്രം!
ചോരയോ ജീവനോ കൊടുത്താല്‍
ഒടുങ്ങുന്നതല്ല
നമ്മുടെ പുരാതന വൈരം...
അവര്‍ നമ്മെ പഠിപ്പിച്ച വേദം.

വിവേകത്തിന്റെ കണികയില്ലാതെ
വികാരങ്ങളില്‍ കൂപ്പുകുത്തിയിരിക്കുന്ന
നമ്മുടേ പ്രജാപതിമാര്‍ക്ക്‌
ദൈവത്തില്‍നിന്ന്‌ സാത്താനിലേക്കുള്ള വഴി
നന്നായിട്ടറിയാമെങ്കിലും...
അജ്ഞതയാണ്‌ അലങ്കാരമെന്ന ചേലില്‍
അവര്‍ ഇടയ്ക്കൊക്കെ കൈകുലുക്കുന്നു.
അധിക്ഷേപത്തിന്റെ വാള്‍ വീശുന്നു
ആസനച്ചൂടില്‍ ഇരിപ്പുറക്കാതെ
പരസ്പരം വെല്ലുവിളിക്കുന്നു.
ഡ്രാക്കുളയുടെ കൊതിയുമായി
ചുടുചോരയുടെ ഗലീലിക്കടലില്‍
അവര്‍ പാദം നനയാതെ നടക്കുന്നു.
ഒലീവുകളില്‍പ്പോലും ചോര ചുവയ്ക്കുന്നു.

രണ്ടിടങ്ങളിലെയും അടുക്കളകളില്‍
ഒരുനാള്‍
‍റൊട്ടിയില്ലാതെ വന്നാല്‍
ആര്‍ക്കും മനസ്സിലാവും
ജൂതനും പാലസ്റ്റീനിയുമായുള്ള
അസാമാന്യ സാമ്യത.

എന്നാല്‍പ്പോലും...
കാവല്‍ക്കാരനാകേണ്ടിവന്ന എനിക്കും
അതിക്രമിയായിപ്പോയ നിനക്കും
ഒരേ അമ്മ
മക്കള്‍
പ്രണയിനി.
ഒരേ കണ്ണീര്‍
വിരഹം
രതി.
ഒരേ നനമണ്ണ്‌
കാറ്റ്‌
വെയില്‍
മഴ.
ഒരേ ചോര
കരച്ചില്‍
‍ചിരി.
ആര്‍ക്കറിയാം...
ഇതില്‍ ജൂതനാര്‌?
പാലസ്റ്റീനിയാര്‌?

ആയതിനാല്‍ സഹോദരാ...
നമുക്കിടയില്‍ മുള്ളുവേലിയായ
ഈ വെറുപ്പിന്റെ അയസ്ക്കാന്തം
ഉപേക്ഷിക്കാതെ പറ്റുമോ,
ഇനി നമുക്കൊന്ന്‌കെട്ടിപ്പിടിക്കാന്‍?

000

Saturday, March 01, 2008

അകത്തും പുറത്തും

Photobucket

വഴിയൊന്നേയുള്ളു
അകത്തു പോകുവാന്‍,
വഴിയതു തന്നെ
പുറത്തിറങ്ങുവാന്‍.

ഉപഭോഗങ്ങള്‍ തന്‍
സുഖഗുണിതങ്ങള്‍
നുരയിടുന്നൊരു
വിപണിനേരങ്ങള്‍
കടക്കണ്ണാല്‍ മുട്ടി
കരനഖം നീട്ടി
കവിള്‍ച്ചോപ്പും കാട്ടി
അധരത്താല്‍ തൊട്ട്‌
വിളിച്ചിടുന്നുണ്ട്‌.

തലയല്‍പ്പം കുനിച്ച്‌
ഉടലല്‍പ്പം വളച്ച്‌
ശ്വസിച്ച സ്വാതന്ത്ര്യം
മൃതിയെന്നു നിനച്ച്‌
കരള്‍ കടയുന്ന
കനത്ത മത്തുകള്‍
അവയില്‍ നീറുന്ന
മുനച്ച വാക്കുകള്‍
വിറയ്ക്കും താപത്തിന്‍
വിഷപ്പല്ലില്‍ച്ചെന്ന്‌
വിധിയെ ചോദിച്ച്‌
വിയര്‍ക്കും ജീവിതം...!

പുറത്തുവയ്ക്കാതെ
മറന്നുപോകാതെ
അകംപേറിത്തിക്കി
കുടയുമാര്‍ത്തി തന്‍
ജലദാഹങ്ങളില്‍
ഒഴുകിച്ചേരുക
തുടിച്ചു നീന്തുക.

മറന്നിടായ്ക...
ഈ വഴിതുറന്നു നീ
കടന്നുപോയൊരീ
പടികളില്‍ നീളെ
ചൊരിഞ്ഞിരിപ്പൂ
നീര്‍നിണമുകിലുകള്‍,
തിണര്‍ത്തു നില്‍പ്പൂ
കൈവിരല്‍ക്കുറിപ്പുകള്‍.
പതിഞ്ഞു കേള്‍ക്കുന്നു
വെടിമുഴക്കങ്ങള്‍
പുകഞ്ഞിരിക്കുന്നു
മറഞ്ഞ ബോംബുകള്‍
തുറന്നിരിക്കുന്നു
മൃതിക്കിണറുകള്‍
വരിഞ്ഞുചുറ്റുന്നു
അതിര്‍മുള്‍വേലികള്‍.
ഒരു ഭ്രൂണം മുതല്‍
വിശുദ്ധഹൃത്തോളം
പതിച്ചിരിക്കുന്നു
പുതുനിരക്കുകള്‍.

അതുവഴി പിന്നെ
തിരിച്ചിറങ്ങുവാന്‍
അരികു ചേര്‍ന്ന്‌
കാല്‍ തളര്‍ന്നുറഞ്ഞ്‌
തീമഴയില്‍ പൊള്ളി,
മഞ്ഞടരില്‍ ചൊള്ളി,
നീരണിഞ്ഞൊരുപ്പിന്റെ
ഉറവയില്‍ കത്തി,
പുകഞ്ഞ കൊള്ളികള്‍
പുരപ്പുറത്തെറിഞ്ഞ്‌
അതില്‍ച്ചിന്നും കനല്‍
തലനെരിപ്പോടില്‍
തവിഞ്ഞുമിത്തീയായ്‌
ജ്വലിപ്പതും കണ്ട്‌...
മറവി കൊണ്ട
പാഴ്‌വിധിയെ പുച്‌ഛിച്ച്‌
മടങ്ങിയെത്തുക
പുറത്തെ വേനലില്‍.

ഇവിടെ
നമ്മള്‍ക്കൊരില വിരിക്കുക
ഇനിപ്പും കയ്‌പുമായ്‌
സ്‌മരണ തന്‍ കറി
നിരത്തി വെയ്ക്കുക.
എരിവിനായ്‌ മനോമുളകുടച്ചത്‌
മുറിഞ്ഞ നാവിലായ്‌
നുണഞ്ഞു പോവുക.

അറിയുക...
വാതില്‍ തുറന്നു തന്നെ.
നീ അകത്തുമില്ലല്ലോ
പുറത്തുമില്ലല്ലോ!

***

Thursday, February 28, 2008

കുപിതകുക്കുടം

Photobucket
മൂന്നാം കുക്കുടവും
വീപ്പയില്
‍കൊക്കി
കുതറി
ചോരചീറ്റി.

കുക്കുടാധിപത്യവാദികളില്‍

ഒരു തീവ്രന്‍ നേതാവ്‌

അഴികളില്‍ കൊക്കുരച്ച്‌

പ്രതിഷേധിച്ചു.


തീന്‍മേശയിലെത്തുംമുമ്പ്‌

ഉല്‍പ്പന്നത്തിന്‌ നേരിടാനുള്ള

ഭൗതികവും ആത്മീയവുമായവെല്ലുവിളികള്‍

‍എന്ന വിഷയത്തില്‍അവനെന്നെ വേട്ടയാടി.

"പച്ചക്കറികള്‍ ഭാഗ്യമുള്ളവര്‍!

മണ്ണടിയുന്ന ഉടല്‍ ബാക്കിയായി

വിത്തുകളിലെ തപസ്സുണര്‍ന്ന്‌

അവര്‍ക്കുണ്ടാവുന്നു പിന്‍ഗാമികള്‍.

പൂവിടുമ്പോഴേ താരാട്ടും തീനൂട്ടും

പിറക്കുമ്പോള്‍ ലാളനയും സ്നേഹവും.

കാല്‍വിരിഞ്ഞ മുട്ടകള്‍

നടക്കാന്‍ തുടങ്ങുമ്പോഴേ

തടിയും തൂക്കവും കുറിക്കപ്പെടുന്ന

കുക്കുടജീവിതങ്ങള്‍ നേടുന്നത്‌

കാറ്റുപോലും പിന്തിരിഞ്ഞോടുന്ന ജയിലറ.



അതുകൊണ്ട്‌...

മനുഷ്യാധമാ,

അവകാശങ്ങളെക്കുറിച്ച്‌

സ്വാതന്ത്ര്യത്തെക്കുറിച്ച്‌

നീ വാചാലനാവരുത്‌!

Chicken1

സ്റ്റീറോയിഡീകരിച്ച ഞങ്ങളുടെ ഉടല്‍

പതുപതുപ്പും രുചിസമൃദ്ധികളും

പരസ്യപ്പെടുത്തുന്നുവെങ്കില്‍

‍കൊതിക്കടലില്‍ കപ്പലോടിക്കുന്ന

നിന്റെ തലയില്‍കുറിക്കപ്പെട്ടുകഴിഞ്ഞു...

അസ്ഥിമജ്ജകളിലെ നീര്‍ക്കെട്ട്‌

ആസനാന്ത്യത്തിലെ അഗ്നിപര്‍വതം..."


ശേഷിക്കുന്ന കാലം...

വല്ല റൊട്ടിയോ വെള്ളരിയോ

മോരോ മുതിരയോ മുരിങ്ങക്കയോ

എന്ന്‌ സമാധാനിച്ച്‌

നീട്ടിയൊരു നടത്തം വെച്ചുകൊടുത്തു.


അപ്പോഴും...

കുപിതകുക്കുടം

തിളച്ച എണ്ണയില്‍ നീന്തുമ്പോലെ

പറഞ്ഞുകൊണ്ടേയിരുന്നു.

"അതുകൊണ്ട്‌...

മനുഷ്യാധമാ

അവകാശങ്ങളെക്കുറിച്ച്‌

സ്വാതന്ത്ര്യത്തെക്കുറിച്ച്‌

നീ വാചാലനാവരുത്‌!

000

Tuesday, February 19, 2008

പുഴയിങ്ങനെ എതിര്‍ ചൊല്ലാം

നാട്ടിലെ പുഴ ചിക്കും
നാഴൂരി വെള്ളത്തില്‍
പാതിയും പതിരില്ലാ കണ്ണീരല്ലേ?
മറുപാതിച്ചോരയില്‍ ചോറുണ്ട്‌
ചേറിലെ പരല്‍മീനിന്‍ കണ്ണുണ്ട്‌
കവിതയുമുണ്ട്‌.

നാറിപ്പുളിച്ച കരിക്കാടി പോലല്ലേ
ചിലനേരം പുഴ മിന്നല്‍ച്ചിറകാട്ടുന്നു?
ചേരപ്പൊന്‍നാളം പോല്‍ പടമൂരി ചുറയുന്നു
വെയിലൊളിയില്‍ കാമത്തിന്‍ വിഫലാകര്‍ഷം.
പുഴ കാണും സ്വപ്നത്തില്‍
രതി മഴയായ്‌ വഴിയുമ്പോള്‍
ചരണത്തില്‍ മല പാടും തുടിമുട്ടുണ്ട്‌.

കൊടുയന്ത്രത്തുടലിന്മേല്‍
ദ്രുതചക്രം വിളയിക്കും
കുമ്മായക്കരിമിശ്രിതമവളില്‍ പെയ്കെ
മാനത്തിന്‍ തൂണുകളില്‍
പാപവിഷം പുണരുന്നു
അവളോളം പുലര്‍കാലം തിരനോക്കുന്നു.
സ്ഥിതിയാളും മരണത്തിന്‍
ശിലപാകിയ പടവുകളില്‍
ഇളവേല്‍ക്കുന്നൊരു കാറ്റിന്‍
മണല്‍മേഘങ്ങള്‍.
ജനിജീവകവൈകല്യം
ശ്രുതിമീട്ടും ഭൂമിയുടെ
വര്‍ത്തുളമാം ഉടലേറി അവള്‍ ചിതറുമ്പോള്‍
‍ഓര്‍മ്മയുടെ മണല്‍വിരിയില്‍
ഒച്ചുകളായ്‌ കാലമൊരു
നിശ്ചലമാം ഘടികാരം വിരചിക്കുന്നു.

ചിലനേരം പുഴ താണ്ടാന്‍
കാലടികള്‍ രണ്ടല്ല
പല ഭാഷ്യം (പുഴ)-
വാക്കില്‍ നാനാര്‍ഥങ്ങള്‍.
അലിവില്ല...
തണലില്ല...
ജ്വലിതാരവമുയരുമ്പോള്‍
മഴവില്ലായ്‌ തുടുവാനില് ‍നെടുപാലങ്ങള്‍!
ഇനിയെന്നും വഴി താണ്ടാന്‍
ജലമില്ലാ നിലമായി
പരിഹാസം പകരുന്നുപുഴ തന്‍ മൗനം.

ഒരു കണ്ടല്‍ ചിരിക്കുന്നു പരിചക്കൂട്ടായ്‌,
പൊന്മാന്‍പിട കുതറുന്നു ചെറുവാള്‍മുനയായ്‌,
പായല്‍പ്പൂം ഫോസിലുകള്‍ നിണഭൂപടമായ്‌,
തോറ്റുന്നുണ്ടീരടികള്‍ രണവീര്യങ്ങള്‍.

പുഴയിങ്ങനെ എതിര്‍ ചൊല്ലാം,
പുലയാട്ടിന്‍ പുകില്‍ തോന്നാം:
'തിരികെ വരും നേരുറവായ്‌ പഴമക്കാലം'.

***

Thursday, February 14, 2008

കീബോര്‍ഡില്‍ നിന്ന്‌ മാഞ്ഞുപോയവ

Photobucket

ഒരു പ്രേമകവിത വരുന്നുണ്ട്‌.

വരമൊഴിയില്‍ കുറിച്ചിട്ട്‌
യൂണീക്കോഡ്‌ ജനാലയിലൂടെ
പുറത്തെടുത്ത്‌ തണുപ്പിച്ച്‌
ഒരു ചെണ്ടുറോസയുമായി
അവള്‍ക്ക്‌
ഇന്നുതന്നെ കൊടുക്കണം.

വിലയേറിയ സമ്മാനം
ഒരു മോതിരമോ
കൈത്തൂവാലയോ
ഐസ്ക്രീമോ
നീലജീന്‍സോ
പട്ടുസാരിയോ
ഒന്നുമല്ലെന്നും...
നിശ്വാസങ്ങളുടെ ചൂടും
പാതിരാവിന്റെ വിയര്‍പ്പും
പ്രഭാതത്തിന്റെ മഞ്ഞും
നട്ടുച്ചയുടെ സൂര്യനും
അണയാതെ നിറയുന്ന
എന്റെ പ്രണയമാണ്‌...
ഇതാ ഈ കവിതയാണെന്നും...
അവളുടെ കാതില്‍ പറയണം.
നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച്‌
ആ ചോക്ലേറ്റ്‌ നെറ്റിയില്‍
രുമ്മയും...

എന്നിട്ടിപ്പോല്‍...
ഈ കീബോര്‍ഡിലേക്ക്‌ നോക്കൂ!
ഇരുപത്താറ്‌ അക്ഷരങ്ങളും
നൂറുകണക്കായ ചിഹ്നങ്ങളും
അവയില്‍ ഉണര്‍ന്നിരിക്കുന്നു.
എന്നാല്‍...
എനിക്ക്‌ വിരല്‍മുട്ടാന്‍ വേണ്ടുന്ന
ആ സ്വര്‍ണ്ണാക്ഷരങ്ങള്‍ മാത്രം
കാണുന്നില്ലല്ലോ!
...ഹെന്റെ ഈശ്വരാ,
ഇനിയിപ്പോള്‍...
ഐ ലവ്‌ യൂ എന്ന്‌
ഞാനെങ്ങനെ എഴുതും...?

***

Monday, February 11, 2008

തെങ്ങും കൊലമരവും

Photobucket

മണ്ടരിപ്പനി വന്നേപ്പിന്നെ
ഗൊണം പിടിച്ചിട്ടില്ല.
ഒരാള്‍പ്പൊക്കമായപ്പോ കാച്ചതാ..
ഇപ്പോ കണ്ടില്ലേ?
നരച്ച്‌ നരകിച്ച്‌
എന്റെ ദേവ്യേ...
ആ ചാക്‌ക്‍വളത്തിന്റെ കേടാ!
അല്ലെങ്കിപ്പിന്നെ
ഇങ്ങനെയൊണ്ടോ
ചെറുപ്പത്തിലേ ഒരോ സൂക്കേടുകള്‌?

ഈ പറമ്പില്‌ നെറയെ
പണ്ടൊക്കെ ഞാളേ ഒണ്ടാരുന്നൊള്ള്‌.
എടയ്ക്കെങ്ങാണ്ട്‌...
രണ്ട്‌മൂന്ന്‌ പ്ലാവും മാവും;
ഇതിപ്പോ...
ശ്വാസവെടുക്കാന്‍ വയ്യാണ്ടായി,
എല്ലാടവും റബറല്ലേ പവറ്‌?

റബറ്‌ വെട്ടാന്‌ വെരാറൊള്ള തൊമ്മീം
ഞാളെ തലചെരിച്ചൊന്ന്‌ നോക്കത്തില്ല.
മേത്ത്‌ കേറാന്‌ വന്നിര്‌ന്ന മൂപ്പരും
ഈയ്യിടെ...
ഏണികുലുക്കി വരാതായി.

...ന്നലെ കേക്കണ്‌,
പണ്ടാറവടങ്ങാനെക്കൊണ്ട്‌
ആരാന്റെയോ ഒരു മന്ത്രീന്റെ
പഴിയും പ്രാക്കും.
'തെങ്ങിന്റെ മണ്ടെലാന്നോ
വെവസായം വെരണേന്ന്‌...!'
ആ കൊലമരത്തിനറിയുവോ
പണ്ട്‌...
ആലപ്പൊഴേലെ സമരത്തില്‌
സഖാക്കമ്മാരുക്ക്‌
സായിപ്പ്‌ വെച്ച വെടി
നെഞ്ചീക്കൊണ്ട തെങ്ങിനെപ്പറ്റി?
ഓ...
അയാക്കങ്ങനേയൊന്നും
ഓര്‍മ്മേണ്ടാവില്ലാലോ...!
ഫരിക്കുവല്ലിയോ
നാട്ടാരെടെ തലേക്കേറി.
ഇപ്പഴും... ആ തെങ്ങ്‌കാര്‍ണോര്‌
അവിടെത്തന്നെ നിപ്പാ...
നെഞ്ചും വിരിച്ച്‌!

ഒന്നീല്‌... ഞങ്ങളെയങ്ങ്‌ കൊല്ലണം,
അല്ലെങ്കി... മനംമര്യാദ്യായിട്ട്‌ നോക്കണം!
ഇങ്ങനെ പോയ്യാല്‌...
'തെങ്ങ്‌ ചതിക്കില്ലാ'ന്ന്‌
പണ്ടാരോ പറഞ്ഞേക്കണത്‌
'നേരല്ല... നേരല്ലാ'ന്ന്‌
ഞങ്ങക്കും പറ്യേണ്ടിവെരും.
ഹല്ല... പിന്നെ?

***

Saturday, February 02, 2008

ഇടിഞ്ഞുവീണ മാനം

"മാനം ഇടിഞ്ഞുവീഴാന്‍ പോകുന്നു.
ജീവനില്‍ കൊതിയുള്ളവര്‍
അടുത്തുള്ള കുഴികളില്‍ ചാടിയൊളിച്ചുകൊള്ളുക.."

Photobucket

ഇന്നലെ രാത്രി
ദുബൈയില്‍ മാനം നിലംപൊത്തി.
പുല്‍മെത്തെയില്‍ ഒട്ടിപ്പോയ
വെളുത്തപ്രാവുകളായ്‌
മേഘങ്ങള്‍ പരുത്തിപ്പൂ വിരിച്ചു.

ബര്‍-ദുബൈ ബസ്സില്‍
ചിരിച്ചു ചിലച്ച്‌ കയറിയ
ലെബനീസ്‌ പെണ്‍കുട്ടികളുടെ
പച്ചക്കണ്ണുകളില്‍
ഒലീവുമണികള്‍ക്കുമേല്‍
ഇളംതേന്‍ ഒഴുക്കിയ
നിലാശോഭ പോലെ
"ഓ.. വണ്ടര്‍ഫുള്‍!"
എന്നൊരു മുലയിളക്കത്താല്‍
അവര്‍ കൂട്ടമായ്‌ മദിച്ചു.
ജുമൈരയിലെ കടല്‍
അവരില്‍ തിരയടിച്ചു.

ക്രീക്കിലെ ഇരുള്‍
തലപ്പാവണിഞ്ഞ്‌
കരിമരുന്ന് നൃത്തവാദ്യങ്ങളുടെ
നിഴലാട്ടം തിമിര്‍ത്തു.

ഷാര്‍ജയിലെ ജലാശയങ്ങളിലും
മഞ്ഞലോഹച്ചന്തകളിലും
കളഞ്ഞുപോയ നക്ഷത്രങ്ങളെ
തിരഞ്ഞലഞ്ഞ്‌ കാറ്റിന്‌ പനിച്ചു.
മേലതിരിനും കീഴ്‌മണ്ണിനുമിടയില്‍
ഒരു മീന്‍തോണിയായി
ബസ്സ്‌ ഇഴഞ്ഞു.

ജമൈക്കയില്‍ നിന്നുള്ള ഹാന്നയും
ഫിലിപ്പീന്‍സുകാരിയായ ക്രിസ്റ്റീനയും
കൈകള്‍ തലയ്‌ക്കുമേലുയര്‍ത്തി
തൂണുകളാക്കി എന്തോ കാത്തിരുന്നു.
അഫ്ഘാനിയായ ഒമറും
പലസ്റ്റീനിയായ അഹ്‌മദും
പരമകാരുണികന്റെ പേരില്‍
തര്‍ക്കിച്ചുകൊണ്ടെയിരുന്നപ്പോള്‍
ഇരുവര്‍ക്കും കിട്ടി
ഓരോ മിസ്ഡ്‌ കോള്‍!

ഇരുപത്തൊന്നാം നമ്പര്‍ ബസ്സില്‍
അല്‍-ഖൂസിലേക്കുള്ള വഴിയില്‍
മാനം വീണുകിടന്നു.
കാലില്‍ത്തടഞ്ഞ ചില പല
അന്യഗ്രഹജീവികളെ
പെപ്‌സിക്കുപ്പിയാക്കി
തൊഴിച്ചെറിഞ്ഞ്‌ നടക്കുമ്പോള്‍...
ഹാവൂ!
മാനത്തില്‍ നിന്ന്‌ വേര്‍പെട്ട്‌
ആകാശം തിരികെപ്പോയി
ഒരു ഷോറൂമൊരുക്കിക്കൊണ്ട്‌
പഴയൊരു പരസ്യവാചകം മുരണ്ടു.
"ജനകോടികളുടെ.....!"

***

Wednesday, January 23, 2008

ഓട്ടോക്കാരന്റെ ദിനക്കുറിപ്പുകള്‍

പഴവങ്ങാടീല്‌ തേങ്ങാവെല കൂടി
പതിനഞ്ചിനാ ഒരെണ്ണം കിട്ടിയെ..!
മേല്‍പ്പാലത്തേന്ന്‌ ഒരു തടിച്ചി കേറി
തമ്പാനൂരെറക്കിയപ്പോ നൂറിന്റെ കീറ്‌!
'ചേഞ്ചില്ലാ'ന്ന്‌ അവള്‌ പറഞ്ഞേനെടേല്‌
ഒന്നുരണ്ട്‌ സഹന്മാരെത്തപ്പീട്ടും
'ചേഞ്ചില്ല' തന്നെ?
എടുത്താപ്പൊങ്ങാത്ത ചരക്കും ചമയോം
ഏന്തിയേന്തി അവളങ്ങ്‌ പോയപ്പോ
ഭൂമികുലുക്കുന്ന ആ അപൂര്‍വചന്തിക്കിട്ട്‌
ഒന്ന്‌ തൊഴിക്കാനാ തോന്നിയെ!

അപ്പോ... ദാ വന്നു.. ഒരു സിംബ്ലന്‍.
ഷൂവും ടൈയും ചെവീലൊര്‌ മൊബേലും
ചറപറാചൊറിയന്‍ ഇംഗ്ലീഷും.
'ടെക്നോപാര്‍ക്കിന്‌ ദൂരം കൊറേണ്ട്‌,
ബസ്സാ നല്ലേ'ന്ന്‌ പറഞ്ഞപ്പോ
'ദോണ്ട്‌ വഴി' എന്നൊരു കാച്ച്‌!
അവന്റെയൊര്‌ പത്രാസ്‌... തേങ്ങാക്കൊല.
ഉള്ളൂര്‌ പോങ്ങുമ്മൂട്‌ കാര്യവട്ടം വഴി
കറക്കിയെടുത്ത്‌ കുറ്റിയടിച്ചപ്പോ
അവന്‌ മീറ്ററേല്‍ കാണണോന്ന്‌!
പേശാന്‍ നിക്കാതെ ടൈവാലേല്‌ പിടികൂടി
ഒര്‌ പെട കൊടുത്തപ്പോ...
'ന്നാണ്ണാ കാശ്‌'ന്നൊര്‌ ഐ. ട്ടി. ഡയലോഗ്‌!

Photobucket

കാര്യവട്ടത്തൂന്ന്‌ മൂന്ന്‌ ജഗജില്ലികളാ കേറിയെ.
എമ്പത്‌ തരണവെന്ന്‌ മുമ്പേറ്‌ പറഞ്ഞെ
അവമ്മാരോട്‌ വഴക്കിടന്‍ വയ്യാഞ്ഞിട്ടാ.
പുള്ളാരല്ലേ... പൂതിയല്ലേ... എന്നൊക്കെ തോന്നി
സകലമാന ഊടുവഴീലും
ഊരും പേരും ശരിയല്ലാത്ത ചെലവള്‌മാരെ
തപ്പിത്തപ്പി നടന്ന്‌ കൊഴഞ്ഞ്‌
ഉച്ചയോടെ കൊച്ചുവേളീ ചെന്ന്‌
ഞാന്‍ പൊറത്ത്‌ മുഷിഞ്ഞുകെടന്ന്‌
നാല്‌ ദിനേശ്ബീഡിം പൊകച്ച്‌.
തട്ടുമുട്ടും ചിരിബഹളോം തകര്‍ത്ത്‌
പിന്നേം പിന്നേം നേരംവൈകി...
എറ്റിപ്പിഴിഞ്ഞ ജീന്‍സ്‌ പോലെ
അവമ്മാര്‌ വണ്ടീക്കേറി മലന്നേപ്പിന്നെ
ബാറിന്റെ മുമ്പിലാ ഞാന്‍ നിര്‍ത്തിയെ.
കൊതിക്കെറുവ്‌ മാറ്റാന്‍ രണ്ട്‌ വാറ്റടിച്ച്‌
ഒരു താറമ്മൊട്ടേം വിഴുങ്ങി വന്നപ്പോ...
ദാ കെടക്കുന്നു... അവമ്മാരെടെ തരികിട.
'അമ്പതേ' തരത്തൊള്ളെന്ന്‌!
എമ്പതല്ലാ.. അമ്പതാത്രേ... പറഞ്ഞേന്ന്‌
ഒര്‌ ജാമ്യവെവസ്ഥേം വളിച്ച ചിരീം.
കിട്ട്യതും വാങ്ങിച്ച്‌ അവമ്മാരെ പൊറത്താക്കി
കേശവദാസപുരത്തേക്ക്‌ തിരിയുമ്പോ
മുടിയാനയിട്ട്‌ ഒരു മീന്‍ലോറി കേറിവന്ന്‌....

ഞാനിപ്പം കഷ്വാല്‍റ്റീലാടാ അപ്പീ...
വണ്ടിയാകെ ചളവായെടാ പൊന്നേ!
നീയാ യൂണ്യന്‍ നേതാവിനെ വിളിച്ചോണ്ട്‌
ഇങ്ങോട്ടൊന്ന്‌ വാടാ മോനേ.
ഇതേലെ കാശ്‌ തീരാറായി...
ങാ.. പിന്നെ,
മറക്കാതെ നാല്‌ പൊറോട്ടേം കോഴീം,
പറ്റുവെങ്കി... മറ്റേ...!

***

Monday, January 21, 2008

മുഴക്കം

Photobucket

കാണാത്ത കയര്‍കൊണ്ട്‌ കെട്ടിയാലും
കാലുകള്‍ കുതികൊള്ളുമെന്നുമെങ്ങും.
കാരാഗൃഹത്തിലടച്ചിട്ടാലും
കാവ്യവും കാലവും അരികിലെത്തും.
ഈന്തച്ചുവട്ടില്‍ തളച്ചിട്ടാലും
ദേവദാരുക്കളെന്നരികിലെത്തും.
ചോദിക്കായാണ്‌ നീ വിഫലബുദ്ധീ:
'മാമരം സഞ്ചരിച്ചീടുമെന്നോ?'

മണലും മരുക്കാറ്റുമാര്‍ത്തുതിങ്ങും
മരണച്ചിരികളില്‍ കോര്‍ത്തുവീഴ്‌കെ,
ഒച്ചയൊടുങ്ങാ നിലവിളികള്‍
ഒച്ചുപോല്‍ മെല്ലെ തണുത്തുപോകെ,
ഇച്‌ഛകള്‍ക്കൊത്ത്‌ മിഴികള്‍ പോലും
തുഷ്ടി നേടാത്ത മനസ്സിനൊപ്പം
ഒട്ടകം സൂചിക്കുഴ കടക്കാ-
നൊക്കാതെ നട്ടം തിരിവതുപോല്‍
‍ഈ മണ്ണില്‍ വന്നുപിറന്നതിന്റെ
ഈടുറ്റ വേദന തിന്നു ഞങ്ങള്‍.

മുക്തമാക്കൂ, മുള്ളുവേലി ചുറ്റി
താഴുറപ്പിച്ച നിലവറയില്‍
ഭഗ്‌നനിലാവില്‍ തുടിച്ചു തേങ്ങും
മുഗ്‌ദ്ധമൗനത്തിന്‍ കടുന്തുടികള്‍.

പ്രാണന്‍ കുരല്‍വിട്ട്‌ പോകുംമുമ്പേ
പ്രാര്‍ത്ഥിക്കുവാനൊരു വാക്കു നല്‍കൂ...
വെട്ടം മരിക്കാത്ത ദിക്കുകളേ
പെട്ടെന്ന് നക്ഷത്ര ദീപ്തിയേകൂ.

000

* അക്ഷരങ്ങളെ സാമൂഹികപരിവര്‍ത്തനത്തിനായി ഉപയോഗിച്ച 'അഫ്‌നാന്‍'...

Saturday, January 19, 2008

ഫാന്‍സിഡ്രസ്സ്

Pakaram

ആ ദിനങ്ങളില്‍
പെരുമഴയ്ക്കും മണലറയ്ക്കും
നഗ്നതയും നാണവും കനത്തു.
നുണയുടെ വെള്ളപ്പെരുക്കം
നഗരങ്ങളെ ചതുപ്പുകളാക്കിയത്
ചക്കരക്കുടത്തിലിറങ്ങിയ ഈച്ചകളും
മുലക്കാമ്പുകള്‍ കണ്ട കൊതുകുകളും
അറിയാത്തവിധം രാജവീഥികള്‍ മരവിച്ചു കിടന്നു.
പ്രസ്താവനകള്‍ (വളിച്ചവ) ചെളിയായ്‌
പെറ്റുവളര്‍ന്നു പലവടിവില്‍.

‘മഴയേ… മഴയേ… മാനക്കനിവേ,
മാളോര്‍ ഞങ്ങള്‍ കുഴഞ്ഞല്ലോ.
മദമെല്ലാമൊന്നാടിത്തീര്‍ക്കൂ
കരയും കടലും പിരളുന്നു.
മേലാപ്പുകളും കീഴാറുകളും
മേലാതുള്ളൊരു മണല്‍വിരിയില്‍
പെയ്തൊഴിയൂ നീ മുകില്‍വമ്പേ…’
നെന്‍ചുപിടഞ്ഞു, മിഴിപൊള്ളി.

പാഴൂര്‍മനയിലെ ഗണകന്‍ ചൊല്ലി
ഗണിച്ചുഗുണിച്ചൊരു ചിരിയോടെ:
‘പറുദീസയിലെ പഴയ ചെകുത്താന്‍
‍പുതുവേഷത്തില്‍ ജനസ്ഥലികള്‍
മണ്ടിമണത്തുനടപ്പതിനാലേ
മഴയൊരു മ്ളേച്‌ഛതയായ്‌ മുഴുകി.
അവന്‍റ്റെ പാപക്കറകളിലല്ലോ
ലോകം മരണച്ചെളിനിലമായ്‌.

***
* പെരിങ്ങോടന്‍റ്റെ 'ഋഷ്യശൃംഗന്'ഒരു അനുബന്ധം.

Tuesday, January 15, 2008

ആകാശം പറഞ്ഞത്‌

അജ്മാനിലെ ആകാശം പറഞ്ഞു:

പനിക്കിടക്കയിലായതില്‍ മുഷിയേണ്ട...
മൂക്കൊലിപ്പും പേക്കിനാവും കുടഞ്ഞെറിഞ്ഞ്‌
നാളെഒരു പൂച്ചെണ്ടുമായി ഞാന്‍
‍നിന്‍റ്റെ ആതിഥേയയാവാം.
ഈ പര്‍ദ്ദയും പരിഭവവുമൊഴിഞ്ഞ്‌
ഇലപൊഴിക്കുന്ന ശിശിരത്തിന്‍റ്റെ
മഞ്ഞുകണങ്ങളായി ഞാന്‍ മൊഴിയും...

വരൂ സ്നേഹിതാ,
ഈ തുറന്ന കൈകളിലേക്ക്‌...
സ്വയം പതിക്കുകഈ നെന്‍ചിലേക്ക്‌....
ഇറക്കിവെയ്ക്കുക ഹൃദയഭാരം.

തുരുമ്പിച്ച തുലാസിന്‍റ്റെ തട്ടുകളിലെങ്ങും
ആത്മവിശുദ്ധിയെ വെയ്ക്കരുത്‌.
ഭാരക്കട്ടികള്‍ക്ക്‌ പറയാനാവില്ല
വിദൂരമനസ്സിന്‍റ്റെ വിഫലാവേഗങ്ങള്‍!
ചൊല്ലിയൊഴിയാത്ത കവിതപോലെ
നിറകണ്ണുകളില്‍ തിരികളുലയുമ്പോള്‍
ഇടറുന്ന തേങ്ങലുകള്‍ക്കിടമേകാതെ
എന്‍റ്റെ മുടിത്തൊങ്ങലുകളില്‍
‍നിന്‍റ്റെ മുഖമമര്‍ത്തുക.

എള്ളും എരുക്കും പൂക്കുന്ന ഗന്ധം...
ഏലച്ചായ തിളയ്ക്കുന്ന ഉന്മാദം...
പാലമരം വയസ്സറിയിച്ച പ്രണയം...
എല്ലാം നീയെന്നില്‍ കണ്ടെത്തും.

അതുവരെ...
എന്‍റ്റെ പനിക്കിടക്കയുടെ തലയ്ക്കല്‍
തണുവുറഞ്ഞ കൈപ്പടവുമായി
ഉറങ്ങാതെ കാത്തിരിക്കുക.
ചിന്തേരിട്ട ചില വാക്കുകള്‍
എനിക്കായി കരുതിവെയ്ക്കുക.

***