Wednesday, December 12, 2007

ചരിത്രത്തിന്‍റ്റെ വികൃതികളില്‍ ചിലവ

Photo Sharing and Video Hosting at Photobucket

രണ്‌ടായിരം പാതിരിമാരും
അത്രയുംതന്നെ ദേവസ്വക്കാരും
അതില്‍ക്കുറയാത്ത മറ്റു ന്യൂനപക്ഷങ്ങളും
രണ്‌ടു ലോറി നേതാക്കളും
അത്രത്തോളം അനുയായിസേനകളും
ഉള്‍ക്കൊള്ളുന്ന കൊച്ചുവൃത്തത്തില്‍
'കേരളം'എന്ന പേരിനെ 'റബ്ബളം' ആക്കി
മുന്നേറുകയുണ്ടായതായി മാര്‍ക്കോപോളൊ...
രണ്ടായിരാമാണ്ടിന്‍റ്റെ അന്ത്യഘട്ടത്തെക്കുറിച്ച്‌
വാചാലനാകുന്നു.

പള്ളിക്കൂടങ്ങളില്‍ നിന്നുള്ള വിളവെടുപ്പ്‌
മുന്‍കാലങ്ങളെക്കാള്‍ പതിന്‍മടങ്ങ്‌
വെട്ടുമേനിയായിരുന്നെന്ന്‌ സ്ഥാപിക്കാ
ന്‍ചില തിരുമേനിമാരെയും ഇളമേനികളെയും
അമെരിഗോ, വാസ്കോ തുടങ്ങിയ
ഗവേഷകര്‍ ഉത്തരോദ്ധരിച്ചിരിക്കുന്നുമുണ്ട്‌.

പിതാക്കന്മാരുടെ യജ്ഞാലയത്തില്‍ നിന്ന്‌
അറുപതിനായിരവും
ദേവസ്വം വക കാര്യാലയത്തില്‍ നിന്ന്‌
അത്രത്തോളവുംമറ്റു ന്യൂനപക്ഷങ്ങളുടെ വക
അതില്‍ക്കുറയാത്തതും
നേതാക്കളുടെ കൂടുകളില്‍ നിന്ന്‌
മേല്‍പ്പറഞ്ഞ സംഖ്യയെ വെല്ലാത്തതും
ഒക്കെയൊക്കെയായ ഭിഷഗ്വരാദികള്‍
‍തെരുവിലിറങ്ങി... തേരാപ്പാരാ...!

മനുഷ്യഭാഷയറിയാത്ത
മഹോന്നതപീഠങ്ങളില്‍
അവനവന്‍ കാര്യം വ്രതമാക്കിയ അവര്‍...
ദൈവത്തിന്‌ പകരക്കാരായി
അഭിഷിക്തരായതില്‍പ്പിന്നെയാണ്‌
ദൈവികചൈതന്യം
ഏതോ കുരുടന്‍റ്റെ
മിഴിക്കിണറില്‍
‍ചാടിച്ചത്തത്‌!

+++

Wednesday, December 05, 2007

സരയുവില്‍നിന്ന്‌ സേതുവിലേക്ക്‌

Photo Sharing and Video Hosting at Photobucket

സരയുവില്‍ മുങ്ങും മുമ്പ്‌
തല തകര്‍ത്തത്‌ ഒരു കോണ്ക്രീറ്റ് ശിലയായിരുന്നെന്ന്‌
തന്‍റ്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ട്‌
രാമന്‍ ഞെട്ടിയതിനാല്‍
‍വൈകുണ്ഠത്തിലേക്ക്‌ ലൈവായി പറയാന്‍വെച്ചത്‌
ഒരു മിസ്ഡ് കോളായി കലാശിച്ചു.
ലക്ഷ്മണന്‍റ്റെ നെന്‍ചില്‍ തറച്ചത്‌
ഒരു വേല്‍മുനയാണത്രേ!
മൈഥിലിയുടെ ഗര്‍ഭത്തെ പിളര്‍ന്നത്‌
കൊടുവാളോ വടിവളോ എന്ന്‌
ഫോറന്‍സിക് റിപ്പോര്‍ട്ട്‌ പറഞ്ഞില്ല.
കുട്ടിയുടേത്‌ മനുഷ്യരൂപമായിരുന്നെന്ന്‌
തെഹല്‍ക സ്ഥാപിച്ചു.

സരയുവിനു കുറുകെയുള്ള പാലത്തില്‍
പിന്നെയും....
സായുധപാണികള്‍ ഉശിരോടെ കാത്തുനിന്നു
ശിലകള്ക്കുമേല്‍ ചൊരിയുന്ന കുമ്മായച്ചാന്തില്‍
സ്വന്തം രക്തം ചേര്‍ക്കാന്‍.
താഴെ...
ജലോപരി ഒഴുകിയകന്ന ജഢങ്ങളിലെങ്ങും
വിക്ഷുബ്‌ധതയുടെ നീലിമ ഇല്ലായിരുന്നു.
ചാവേറിന്റെ ചരിതങ്ങളും
അവരില്‍ വര്‍ണ്ണച്ചേലയായില്ല.
ഉടഞ്ഞുവീണ ദേവാലയത്തിന്‍റ്റെ
അസ്ഥികളില്‍കാറ്റ്‌ കൊളുത്തിയ ബാംസുരി മാത്രം
ഖമാസ് രാഗത്തില്‍ വിലപിച്ചു.

കരയില്‍...
തൊപ്പിയും താടിയും ആചാര്യന്മാരായി
തമ്മിലിടഞ്ഞും പിണഞ്ഞും പകര്‍ന്ന
രതിസീല്ക്കാരം മാത്രം മേഘങ്ങളിലേക്ക്‌
വൈദ്യുതി തൊടുത്തു.
കണക്കെടുപ്പിനൊടുവില്‍
‍ലാഭച്ഛേദങ്ങള്‍ക്കു ശേഷം
സായുധപാണികള്‍ പിന്നിലൊളിപ്പിച്ച്‌
രണ്ടാളും പുന്‍ചിരിച്ചു:
വരൂ... ഇനി നമുക്കൊരു സേതു ബന്ധിക്കാം.

+++

Sunday, December 02, 2007

നാവുകള്‍

Photo Sharing and Video Hosting at Photobucket


ആകാരമോ പ്രകാരമോ അല്ല
അവയ്ക്ക്‌ പേരിടുന്നത്‌...
ശീലങ്ങളും ചലനങ്ങളും ചേര്‍ന്ന്‌
ഏതെങ്കിലുമൊരു പേരില്‍ പ്രതിഷ്ഠിക്കുകയാണ്‌.

ചിലവ പെരുവഴിയെങ്കില്‍
ഇടവഴികളോട്‌ ഇണങ്ങില്ല.
പുച്ഛത്തിന്റെ അമ്ളജലം
അതില്‍ വഴുക്കലുണ്ടാക്കും .
ചിലവ ദേവനദിയെന്ന പുകഴ്ത്തലില്‍

നരകവാരിധികളെ ഒളിപ്പിക്കും.
പേരു മാത്രം നിലനില്ക്കും
ഒരു നോക്കുകുത്തിച്ചിരി പോലെ!

മരമായ്‌ മേഘം തൊടുന്ന
മഴയായ്‌ മണ്ണിലിറങ്ങുന്ന
ചിലവയൊക്കെ ഓര്‍മ്മിക്കപ്പെടും
പല ജന്‍മങ്ങളുടെ ഒളിപ്പടവുകളിലൂടെ.
വാക്കുകളുടെ സുഗന്ധമേറ്റിയ
കേഴ്വിയായ് മുഴങ്ങിക്കുഴങ്ങി
അവ ചരിത്രത്തില്‍ കൊടി നാട്ടും.

വിഷമധുരം കിനിയുന്നതോ
ശവക്കച്ചയായ്‌ മൂടുന്നതോ
വാഗ്ദത്തമായ്‌ നേരം കൊല്ലുന്നതോ
അക്കൂട്ടത്തിലുണ്ടാവാം.
മഴവില്ലായ്‌ കൊതിപ്പിക്കുന്നതോ
മിഴിമുനയായ് കരള്‍ കീറുന്നതോ
ഒക്കെയൊക്കെ ചില നാള്‍
പ്രാര്‍ത്ഥനാമുറികളില്‍ ഇടം പിടിച്ചേക്കും!

ചിലവ കുളയട്ടകളായി
ആത്മരക്തം കുടിച്ചുചീര്‍ത്ത്‌
ദിച്ചുപാടും മഹോപനിഷത്തുകള്‍!

അങ്ങനെ... നാവുകള്‍
കോടി രൂപകങ്ങളുടെ അഭിസരണങ്ങളിലൂടെ
സ്വയം നഗ്നമാക്കപ്പെട്ട
ജനനേന്ദ്രിയങ്ങളായി തുടിച്ച്‌
പാതകളെയും പതാകകളെയും
ബലാല്‍സംഗം ചെയ്യും.

++++