Sunday, April 01, 2012

മഴയ്ക്കുശേഷവും പെയ്യുന്ന മരം

ഒരു പനയല്ലാതെ ബാക്കിയെല്ലാം

നാട്ടിലെപ്പോലെ തോന്നി.

ഗോപിയേട്ടന്റെ വീട്

വീട്ടുകാര്‍... അന്തരീക്ഷം.

അമ്മയും അമ്മാവനും പെങ്ങളും

മണത്തു വിടരുന്ന ഉദ്യാനം.



മുറ്റത്തെ പ്രാവിന്‍കൂടുകള്‍

ഒരു വെളുത്ത പ്രപഞ്ചമാണ്‌.

പിടക്കോഴിമാതിരി,

അരയന്നാകൃതിയില്‍,

മയില്പ്പൂവോ അങ്കച്ച്ചിറകോ ഒക്കെയുള്ള...

ആഫ്രിക്കനും യൂറോപ്യനും ആസ്ത്രേലിയനുമായ

പൌരത്വത്തില്‍ പലതരം പ്രാവുകള്‍.

പനയുടെ പുറമ്പോക്കില്‍

വയസ്സറിയിച്ച സ്വര്‍ണ്ണലതയായി

എകാന്തയായ മാതളനാരകം.



അകത്തളത്തില്‍...

ധ്യാനത്തിലിരിക്കുന്ന തത്ത,

ഒരു മൂങ്ങയുടെ പകലുറക്കം.

ഗൃഹാതുരമായ ഒരു വിവാഹ വീഡിയോ

തേന്‍ പെയ്യിക്കുന്ന സംഗീതം!

അതിഥികളുടെ പാദം നമിക്കുന്ന

രോമത്തൊങ്ങലണിഞ്ഞ അമ്മനായ.

അരികിലൊരു കൂട്ടില്‍

മാമുണ്ടുറങ്ങിയ നാല് കുഞ്ഞുങ്ങള്‍...

പളുങ്ക് കണ്ണുകളില്‍ കൌതുകം.



ഷിവാസിന്റെ പാനപാത്രത്തില്‍

ഹിമാലയം നിറയുമ്പോള്‍

ചിരിക്കോളില്‍ തൃശ്ശൂര്‍ പൂരം

പുനര്‍ജ്ജനിച്ചു.

മധുരം, കൊഴുപ്പ്, മനോനിയന്ത്രണം.

മലയാളം, വേഗപാത, മാര്‍ക്സിസം.

ആഗോളം, അഫ്ഗാനിസ്ഥാന്‍, അമേരിക്ക.

സവാള, കാരറ്റ്, വെള്ളരിക്ക...

ഷിവാസില്‍ നിന്ന് ഷാവേസിലേക്ക്

ഒരു ഭൂഖണ്ഡാന്തര മിസൈല്‍.



തൂങ്ങിയാടുന്ന കണ്ണുകള്‍

അപ്പോളാണ് കണ്ടത്...

അലമാരയില്‍ വാതുറന്ന

ഒരു വലിയ ചീങ്കണ്ണി.

അതിന്റെ വായില്‍ നിന്ന്

ചരിത്രം എന്നിലേക്ക്‌ കുതിച്ചു ചാടി.



മഴയ്ക്കുശേഷവും പെയ്യുന്ന മരം

എനിക്കൊരു കുട തന്നു.