Monday, March 26, 2007

പ്രതിഭാസം

കവിത:

ഇടയനായി വളര്‍ന്നത്‌
കുഞ്ഞാടുകളെ വിശ്വസിച്ചിട്ടല്ല.
യാദവന്‍ കാലികളെ,
യേശു ആടുകളെ,
പ്രവാചകന്‍ ഒട്ടകങ്ങളെ
മേയ്ച്ചതിന്റെ ലാഭവിഹിതം
മോഹിച്ചിട്ടല്ല.
സ്വന്തമാകിയ ഭൌതികം
ആത്മീയപ്പെട്ടിയില്‍ വീഴ്‌ത്തുന്ന
സമര്‍ഥരുടെ പ്രാര്‍ത്ഥനകള്‍
ഉള്ളം നിറച്ചിട്ടുമല്ല.



Photo Sharing and Video Hosting at Photobucket


പിന്നില്‍ നടക്കുന്ന
അഗണ്യര്‍
അശാന്തര്‍
ആവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനകളില്‍
എനിക്കൊരിടം വേണം!
പീലിക്കോലിനാല്‍ ഉഴിഞ്ഞ്‌
മന്ത്രം കെട്ടിയിട്ട
വഴിവിതാനങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍
ചരിത്രത്തിലെഴുതും
ഒരു നായകന്റെ മേല്‍വിലാസം,
ചോരപുരണ്ട വിരല്‍മുദ്ര.

കാല്‍പ്പെരുവിരലില്‍,
അഞ്ചു മര്‍മ്മങ്ങളില്‍,
പലായനപീഡനങ്ങളില്‍...
ഒടുങ്ങാതെ തുടരുന്ന വചോവിലാസങ്ങളില്‍
‍ഞാന്‍ ഇന്നിനെ മറന്ന്‌
നാളെകളെ സ്ഥിരനിക്ഷേപമായ്‌ മാറ്റുമ്പോള്‍...
മരണാനന്തര പെരുമയില്‍
മുഴുകിത്തേങ്ങി അലയുന്ന
ആടിനെക്കാള്‍ നല്ലത്‌
ഇടയനാവുന്നതല്ലേ?

മുന്നില്‍ പിടിക്കാന്‍ ഒരു കോടി,
പിന്നില്‍ നിരക്കാന്‍പടയണി,
നിലവിളികള്‍ക്കൊക്കെ പേറ്റന്റുള്ള
തമോവിസ്‌മൃതിയുടെ താലപ്പൊലി.

കാലം തിരിഞ്ഞുനിന്നാല്‍
ഒരു പ്രളയമോ
പെട്ടകമോ
തീമഴയോ...!
ഞാന്‍ തന്നെ ഒരിതിഹ>സം
വേറെയെന്തിന്‌ പ്രതിഭാസം?

000

Monday, March 19, 2007

തീറ്റ

കവിത:

Photo Sharing and Video Hosting at Photobucket



പാലൊരു സമീകൃതഭക്ഷണ, മതിനാലേ
ധേനുവെത്തിന്നീടുവാന്‍ തീരുമാനിച്ചു ഞാനും.
മുട്ടയില്‍ നിറയെ നല്‍പ്പോഷകം താനല്ലയോ
കോഴിയെത്തിന്നാന്‍ വേറെ ജാമ്യവും വേണ്ടേ വേണ്ട.


മാമ്പഴം, ആപ്പിള്‍, ഓറെഞ്ച്‌, മാതളം, ഏത്തപ്പഴം
മരമായ്‌ തിന്നീടുവാന്‍ പറ്റുകില്ലതിനാലേ
മനസ്‌സില്‍ അവയുടെ തണല്‍നട്ടതിന്‍ കീഴെ
മലര്‍ന്നു കിടക്കുന്നു, മുറുക്കിത്തുപ്പുന്നു ഞാന്‍.


ഇത്തിരിതിന്നുന്നവര്‍ക്കൊത്തിരി ജീവിക്കുവാന്‍
പറ്റുമെന്നൊരു വൈദ്യര്‍ ഗണിച്ചുകല്‍പ്പിക്കവേ
തലച്ചോറല്‍പ്പാല്‍പ്പമായ്‌ വിളമ്പിയതില്‍ത്തെല്ലു
മധുരം ചേര്‍ത്തു സ്വന്തം വിധിയെത്തിന്നുന്നു ഞാന്‍.


ഹൃദയം കൌമാരത്തിലൊരുവള്‍ മോഷ്‌ടിച്ചതാ,
ണവിടം ശൂന്യം; കത്തും നെരിപ്പോടിരിക്കട്ടെ!
സ്‌മൃതികള്‍ വല്ലപ്പോഴും വിരുന്നിന്നെത്തുന്നേരം
തണുക്കുന്നതുമാറ്റാന്‍ തീറ്റകള്‍ക്കാവില്ലല്ലോ?

000





Sunday, March 11, 2007

അരം, വാള്‍, മരം...

കവിത:


Photo Sharing and Video Hosting at Photobucket



അരം വെയ്ക്കുന്ന കൊലച്ചിരിയില്‍
തിടമ്പേറ്റുന്നത്‌ മരണത്തെ.
വക്രതയുടെ വാളേ,
നീ കരുതുന്നുണ്ടോഈ
മൂര്‍ച്ച സ്വന്തമെന്ന്‌?

മരം വിധേയയാം കന്യക.
മഴയേറ്റ്‌ മദം തികഞ്ഞവള്‍
‍കാറ്റുഴിഞ്ഞ്‌ മുടി വകഞ്ഞവള്‍
പകല്‍ കൊണ്ട്‌ തീ കാഞ്ഞവള്‍.
വക്രതയുടെ വാളേ,
നീ കരുതുന്നുണ്ടോ
ഈ മരം നിന്റേതെന്ന്‌?

അടിമുടി നഗ്നയാക്കപ്പെട്ട,
കെട്ടിയിടപ്പെട്ട ഏതൊരു മരവും
ഒന്നു ചീറാതിരിക്കില്ല
കന്യകാത്വം പിളരുമ്പോള്‍.
അത്‌ നിലവിളിയാണെന്നോ
സീല്‍ക്കാരമുറയെന്നോ കരുതി
ഒരു വാളും പിന്തിരിയാറുമില്ല.
മരങ്ങളുടെ ജാഥയേറ്റ്‌
കൊല്ലപ്പെടുന്ന വാളുകളുടെ കഥ
വരും കാലങ്ങളിലുണ്ട്‌.

തച്ചനെ പേടിക്കാത്ത മരവും
ഒച്ചിനെ പേടിക്കാത്ത വേഗവും
ഉലകിലുണ്ടാവില്ല.
കടലാസില്‍ ലാവയായ്‌
കൈവിറപ്പിക്കുന്ന കവിതയെ
ഉയരമെത്താത്ത മകളെങ്കിലും
ഉള്ളാല്‍ ഭയക്കാത്ത കവിയുമില്ല.

എങ്കിലും...
കാന്താരി അരമേ,
വക്രതയുടെ വാളേ,
വകതിരിവിന്റെ മരമേ...
എന്റെ കൈകളെത്താതെ
നിങ്ങള്‍ക്കെന്ത്‌ ജിവിതം?

000

Monday, March 05, 2007

"ബ്ലോഗര്‍വിജയം - രണ്ടാം ദിവസം" അഥവ "യാഹൂവധം തുള്ളല്‍"

ആഗോളങ്ങളിലുള്ള പുരങ്ങള്‍
ബൂലോഗത്തെയറിഞ്ഞു തുടങ്ങി
ആയിരമല്ലണിചേരുന്നിവിടെ
അയുതമാതാവും നമ്മുടെ ശക്തി.

കൊടികളുയര്‍ത്താന്‍ വാചാടോപ-
ത്തുടികളുയര്‍ത്താനാരും വേണ്ടാ...
പ്രതിഷേധത്തിന്‍ തീയിതു പൊങ്ങി
പ്രചരിക്കുന്നൂ ഭൂതലമാകെ.

കറിവേപ്പിലയും സുവും വിശ്വ-
പ്രഭയും ദേവനും ഇഞ്ചിപ്പെണ്ണും
ശ്രീജിത്ത്‌, നന്ദു, ദില്‍ബാസുരനും
രേഷ്മ, കരീം മാഷ്‌, അലിഫും ഷിജുവും
ജ്യോതിര്‍മയി, കൃഷ്‌, കൈപ്പള്ളിയും
കാര്‍ണോരായി ചന്ദ്രേട്ടനും...

പലപല പേരിലഗണ്യസഹോദരര്‍
ഒരുമയിലിങ്ങനെ വര്‍ത്തിക്കുമ്പോള്‍
പ്രതിഷേധത്തിന്‍ ശക്തിനിറഞ്ഞു...
അനോണിത്തങ്ങള്‍ 'കല്ലീവല്ലി'!

ഇപ്രതിഷേധമടങ്ങിയൊതുങ്ങി
പലവഴി നമ്മള്‍ പിരിഞ്ഞേ പോയാല്‍
ഇനിവരുമോരോ വിഷയങ്ങളിലും
ഇതുപോലൊരുമ വിടര്‍ത്താനാമോ?

അതിനാലുരചെയ്യുന്നു നൂനം
ആരും ഖേദം കരുതീടൊല്ലേ!
ജീവിതമാണീ അകലങ്ങളിലും
നമ്മെ നോക്കി നഖം നീട്ടുന്നു.

ജോലിയുമാധിയുമല്‍പ്പം ഗമയും
തോളിലെടുത്താലതു തെറ്റല്ല.
കാരണമില്ലാ ചെറുകാര്യങ്ങളെ
കാഞ്ഞിരമുള്ളാല്‍ തോണ്ടിമുറിച്ച്‌
ഹൃദയങ്ങളിലെ സ്നേഹത്തിന്‍ കനി
വിഷമാക്കീടാന്‍ തുനിയരുതാരും.

ബൂലോഗങ്ങളിലുള്ള സുഹൃത്തേ
ഭൂമി തൊടാതെ നടന്നീടൊല്ലേ!
തറനിലവാരത്തെറികള്‍ പറഞ്ഞാ
ഭീകരവാദം ചെയ്തീടല്ലേ!

വീടിന്നുള്ളിലെ ബോണ്‍സായ്‌ കാണും
പൊട്ടക്കിണറല്ലീ ബൂവുലകം.

000


* ബൂലോഗ നായികാനയകന്മാരുടെ മുഴുവന്‍ പേരുകളും കവിതയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പരാമര്‍ശിക്കപ്പെട്ടവയൊക്കെ ഒരു പ്രാതിനിധ്യസ്വഭാവത്തില്‍ കാണുവാന്‍ അഭ്യര്‍ത്ഥന.

Sunday, March 04, 2007

"ബ്ലോഗര്‍വിജയം - ഒന്നാം ദിവസം" അഥവ"യാഹൂവധം തുള്ളല്‍"


തസ്‌കരശാസ്ത്ര വിശാരദനാകിയ
ദുഷ്‌കൃത യാഹൂ ഇങ്ങനെയെന്നും
വഞ്ചനവിദ്യാപീഠം കയറി-
ത്തഞ്ചിയിരിപ്പാന്‍ ഇച്ഛിക്കുകയോ?

പാവം ബ്ലോഗര്‍ പരീക്ഷിച്ചുള്ളൊരു
പാചകവിദ്യകളൊക്കെ ഉലര്‍ത്തി
യാഹൂ.. എന്നു 'യുറേക്ക' മൊഴിഞ്ഞി-
ട്ടാകെ വിലസ്സിയിരിക്കുന്നേരം...

പലപലദൂരം ഭൂവില്‍ വസിക്കും
പല ബ്ലോഗര്‍മാര്‍ പുകിലു തുടങ്ങി...
തര്‍ക്കം, വേദപുരാണം, ശാസ്ത്രം
ഒക്കെയുമായി തകഥിമി മേളം.

തന്നുടെ മുറ്റത്തുള്ള കറുമ്പി-
പ്പയ്യിനെയാരോ മോഷ്ടിക്കുമ്പോള്‍
തല്ലാനറിയാ പൈതലുമല്‍പ്പം
തൊള്ളതുറന്നു ചിലയ്ക്കുകയില്ലേ?

അതിന്റെ പാല്‌ കറക്കുന്നതിനും
മില്‍മാ ബൂത്തില്‍ വില്‍ക്കുന്നതിനും
നേരേചൊവ്വേ മാന്യതയോടെ
അനുവാദത്തിനു ചോദിക്കേണ്ടേ?

ധീരതയോടിതു പറയുന്നേരം
മ>മാങ്കത്തിനു കോപ്പുമെടുത്തോ?
'അമ്പടവീരാ!' തോളിലിരുന്നീ
ചെവി തിന്നേണ്ടാ നീയിനി മേലില്‍!

'എന്നുടെ ലോകത്തെന്തുണ്ടേലും
കോപ്പിയടിക്കാനെന്നുടെ ധര്‍മ്മം
ചോദിക്കാനായെത്തുന്നവരുടെ
ചോരകുടിച്ചേ ഞാനൊഴിവാകൂ.'....

എന്ന്‌ പുലമ്പും യാഹൂ വില്ലന്‍
എന്നുനിറുത്തും ചോരണവേല?
ഇന്നു നിറുത്താനാവില്ലെങ്കില്‍
അന്നുവരേക്കും നമ്മുടെ സമരം.

അന്യരെ മാനിക്കാത്ത വിലാസം
അങ്ങനെ നീണ്ടുനടക്കില്ലുലകില്‍!
മാപ്പുപറഞ്ഞൊരു വാക്കിന്‍ വിലയില്‍പ
രിഹാരത്തിനു തുനിയൂ... യാഹൂ.

ഓലപ്പാമ്പിനെ നീട്ടിച്ചീറി
ഓക്കാനക്കളി വേണ്ടായിനിയും.
ഹുങ്കുമുയര്‍ത്തിവരേണ്ടാ യാഹൂ..
വങ്കത്തരമിതു നീ മതിയാക്കൂ.

മാനമ്മര്യാദയ്ക്കു നടക്കാന്‍
പാടില്ലാത്ത തരത്തില്‍ വീണ്ടും
നാണക്കേടാമീവഴി നിന്നുടെ
തീക്കളി ബ്ലോഗര്‍മരൊടുവേണ്ട.

000