Tuesday, January 13, 2009

മുതലയുടെ ഹൃദയം (കവിത)

അല്ലയോ മുതലേ...
നിന്റെ കണ്ണട ചുവന്നാണ്‌,
ഉടുപ്പ്‌ പച്ചയാണ്‌,
നടപ്പ്‌ ചരിഞ്ഞാണ്‌,
കിടപ്പ്‌ ആരാന്റെ കട്ടിലില്‍!

ചിരി പതിഞ്ഞതും
എഴുത്ത്‌ കാപട്യവും
പാട്ട്‌ അപശ്രുതിയെങ്കില്‍
നോക്ക്‌ പാതിയടഞ്ഞത്‌.

ഏറ്റവും അസഹ്യം
ആ കണ്ണുനീരാണ്‌.
അതിന്റെ നിറവില്‍ അമ്ലമഴ
കനച്ച്‌ കുതറുന്നു.
വഴുവഴുത്ത സ്ഖലിതത്തില്‍
സനാതനത്വം മറയുന്നു.

പിന്നെയുമുണ്ട്‌ കുറ്റങ്ങള്‍...
നാമജപം വികടത്വമാക്കി
പ്രാര്‍ത്ഥനയെ സ്വകാര്യമാക്കി
പ്രാണായാമത്തില്‍പ്പോലും
മറ്റുള്ളവര്‍ക്കായ്‌ തപിച്ചു.

ആകയാല്‍ ഞങ്ങള്‍ വന്നു;
നിന്റെ ഹൃദയം പുറത്തെടുക്കാന്‍
നക്രഹൃദയം നറുമരുന്നെന്ന്
നാനാമുനികള്‍ അരുള്‍ചെയ്തത്‌
ഈ കര്‍മ്മത്തെ സാധൂകരിക്കും.
നിന്റെ കണ്ണീര്‍ ഒന്നടക്കുക,
സ്വര്‍ഗ്ഗമെങ്കിലും കാംക്ഷിക്കുക.

ചോരയുടെ ചൂടും
മാംസത്തിന്റെ ചൂരും
ഞരമ്പുകളുടെ മുറുക്കവും
അസ്ഥികളുടെ കാഠിന്യവും.

അസാധാരണം ഈ മിടിപ്പുകള്‍,
ഒരു ടൈംബോംബിന്റെ തുടിപ്പുകള്‍?
സിത്താര്‍, ബാംസുരി, തബ്‌ല...
ഇതാ മധുരമായ്‌ മുഴങ്ങുന്നു
അന്ധഗായകന്റെ ആറാം സിംഫണി.

000

8 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എല്ലാകാലത്തും മറ്റുള്ളവര്‍ക്കായി പാടുന്ന ഒരു പാട്ടുകാരന്‍ എല്ലാ ദേശത്തുമുണ്ടാവും.
അയാളെ ചിലപ്പോള്‍ ആളുകള്‍ മനസ്സിലാക്കിയിട്ടുള്ളത് ഒരു ‘മുതല’ എന്നാവും.
ഹൃദയം ദ്രവിച്ചൊഴുകുന്ന കണ്ണുനീര്‍ മുതലക്കണ്ണീരാണെന്നും ആരോപിക്കും.

Kaithamullu said...

നിന്റെ കണ്ണീര്‍ ഒന്നടക്കുക,
സ്വര്‍ഗ്ഗമെങ്കിലും കാംക്ഷിക്കുക.

-അതെ, അത്രയെ നമുക്കിനി പ്രതീക്ഷിക്കാനുള്ളൂ!

Ranjith chemmad / ചെമ്മാടൻ said...

സിത്താര്‍, ബാംസുരി, തബ്‌ല...
ഇതാ മധുരമായ്‌ മുഴങ്ങുന്നു
അന്ധഗായകന്റെ ആറാം സിംഫണി.!!!
great..

പകല്‍കിനാവന്‍ | daYdreaMer said...

അല്ലയോ മുതലേ...
നിന്റെ കണ്ണട ചുവന്നാണ്‌,
ഉടുപ്പ്‌ പച്ചയാണ്‌,
നടപ്പ്‌ ചരിഞ്ഞാണ്‌,
കിടപ്പ്‌ ആരാന്റെ കട്ടിലില്‍

മറ്റുള്ളവര്‍ക്കായ് കത്തിയെരിയും സുസ്നേഹമൂര്‍ത്തിയാം സൂര്യാ...!!

വേറിട്ട ചിന്ത...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നന്ദി.. ശശിയേട്ടന്‍, ര‍ണ്‍ജിത്, പകല്‍ക്കിനാവന്‍.
കവിതയെ മനസ്സിലാക്കിയതിന്; കവിയെയും.

Anonymous said...

I like your vision from different angles & perception.

Santhosh Thomas

G. Nisikanth (നിശി) said...

Nalla darshanam, nalla vishayam, nalla ezhuthu....

kavitha mikachu nilkkunnu....

asamsakalote....

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

സന്തോഷ്, ചെറിയനാടന്‍....
വളരെ സന്തോഷം. നിങ്ങള്‍ തിരിച്ചറിയുന്നല്ലോ!
നന്ദി.