Wednesday, July 22, 2009

പല്ലി ഒരു ഉല്‍പ്രേക്ഷയല്ല

ഫ്യൂസ്‌ പോയെന്ന്‌ ഭാര്യ.

ഇരുള്‍പ്പേടി ഞാനൊതുക്കിക്കൊണ്ട്‌
ആമാടപ്പെട്ടി തുറക്കുമ്പോള്‍...
കണ്ടുകിട്ടുന്നു
മൂന്നു ശവങ്ങള്‍ - പല്ലികള്‍.
കറുത്തുനീലിച്ചവയെങ്കിലും
കണ്ണൂകള്‍ പളുങ്കായ്‌ തിളങ്ങുന്നവ,
വാല്‍ മുറിയാത്തവ!

ഇന്നലെ ഇവരെണ്റ്റെ ഉത്തരം താങ്ങി
ഉപനിഷത്തായ്‌ ചിലച്ചു.
സത്തൊഴിയാ വാലിന്‍തുമ്പില്‍ ‍
സത്യമേ തുടിക്കുന്നതെന്നു ഞാന്‍ നിനച്ചു.
കാലിടറും നേരത്തെണ്റ്റെ
കണ്‍ഫ്യൂഷനൊടുങ്ങാതെ
ഇടത്തും വലത്തും, പിന്നിടയ്ക്കും
കാലുകള്‍ കവച്ചു.
രോഗം (ലോകം)മാറാനിതു കാരണമെന്നു ശഠിച്ചു.

ധീരമാം ദിനോസറിന്‍ മുഖഭേദങ്ങള്‍,
ഭീമപാദവൃക്ഷങ്ങള്‍,
ലോലഹൃദയാന്തരങ്ങളില്‍ ചുവക്കും
തുടിപ്പാര്‍ന്ന മിടിപ്പുകള്‍,
നളന്ദാ-തക്ഷശിലാ വസന്താഗമങ്ങള്‍...
സര്‍ഗ്ഗസായൂജ്യങ്ങളെ ചരിത്രമാക്കും
മുഗ്ദ്ധ സുഷുപ്തീ ലയഭംഗീകാമനാകലികകള്‍... !

ഉള്‍ക്കണ്ണു തുറന്ന്‌ ഞാന്‍ വമ്പിലോര്‍ക്കവേ
പാടക്കോപ്പുകള്‍ തോക്കുംവണ്ണം ചീറുന്നു...
അതേ, മൂന്നു പല്ലികള്‍, വാലുള്ളവ.

പിന്നെയാ യുദ്ധാവേശ ജാഥയിലവയെല്ലാം
വൃത്തബന്ധുരം ശിലാബന്ധിത വാക്യങ്ങളാല്‍
മര്‍ത്യമോക്ഷത്തിന്‍ പുലയാട്ടുകള്‍ തുടരുന്നു.

ആമാടപ്പെട്ടിമേല്‍ മകനിപ്പോള്‍
സ്റ്റിക്കറൊട്ടിച്ചീടുന്നു:
"ദൈവമേ... നിന്‍പേരിപ്പോള്‍
പല്ലിയെന്നാണോ?
സ്തോത്രം... "

-----

മഴയില്‍ നടക്കുമ്പോള്‍

മഴയില്‍ നടക്കുമ്പോള്‍
മണക്കും ചോരക്കനല്‍,
ഉണരും സ്മൃതിയൊച്ച
ഒരൊറ്റച്ചിലമ്പു പോല്‍.

ഇടനീള്‍വഴി നീളെ
അഗ്രയാനത്തിന്‍ പുത്തന്‍
പെരുമ്പാമ്പിഴയുമ്പോള്‍
തകില്‍ കൊട്ടുന്നു പകല്‍.
തരളം വയലേല
കൈതപ്പൂങ്കരം നീട്ടി
മണപ്പിക്കുന്നകവും പുറവും
തിണര്‍ത്ത സ്നേഹത്താല്‍.

മഴക്കാറ്റുണരുമ്പോള്‍
മുകില്‍പ്പൂ നൃത്തം ചെയ്യും
മയില്‍ക്കാവടിപ്പെയ്ത്തായ്‌
മിഴികള്‍ കലമ്പുന്നു,
തീര്‍ത്ഥക്കുടമുടയുന്നു.

മരിച്ച സ്നേഹങ്ങള്‍ തന്‍
മുളമ്പൂ മുളയ്ക്കവേ
ചൊരിഞ്ഞ താപങ്ങള്‍ തന്‍
കാടുണര്‍ന്നുലയുന്നുണ്ട്‌,
അടുത്തും അകലെയും.
മരിക്കാത്തവയെല്ലാം,
മുളയ്ക്കാ വിത്തായ്‌ മണ്ണിന്‍
വിടരാച്ചുണ്ടിന്‍ മൌനം
ഉമ്മവച്ചെടുക്കുന്നു.

രാത്രിതന്‍ ചുരം താണ്ടി
ആഷാഢക്കുളിര്‍ മോന്തി
ജ്വരവേദനകളില്‍
കല്‍പ്പാന്തം മണത്തുകൊണ്ട്‌
സ്വയമേതുറവയെ തേടുന്നു... ?
കടലിണ്റ്റെ കലിയും കവിതയും
ചേര്‍ത്തു മോന്തുന്നു ഞാന്‍.

തിമിരക്കാഴ്ച തിങ്ങും
മനസ്സാല്‍ വടികുത്തിയിടറി,
തളരാതെ, പിന്‍മാറാതെ
ചികയുന്നകക്കണ്ണിന്‍ തെളിദൃശ്യങ്ങള്‍...
സ്വപ്നബന്ധുരം ജീവിതാര്‍ഥം
മഴയില്‍ നടക്കുമ്പോള്‍.

000

Tuesday, July 07, 2009

അപമാനിതം

ആണി ഒരു രൂപകമാവാം.
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.

പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.

ചോരയെ ജലത്തിനു പകരംവച്ചതായുള്ള
യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന
നദികളുടെ സംയുക്ത ജാഥയില്‍
മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും
ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!
എന്നാല്‍...
എണ്ണയ്ക്കു പകരം സംഹാരായുധം
എന്ന കാവ്യനീതി ആണിക്കറിയാമെന്നത്
തെല്ലൊക്കെ ആശ്വാസം പകരുന്നതായി
രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

ഭാവന
പുതുബോധം
വാക്കുപയോഗരീതി
തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി
കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,
വേറിട്ട ശബ്ദമൊന്നുമാവാതെ...
പരമകഷ്ടമാണ് കവികളുടെ കാര്യം!

കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.
മറ്റുള്ളവ...
കവിസ്മാരക പുരസ്കാരങ്ങളുടെ
സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.

കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.
പഴുപ്പു നിറഞ്ഞ വ്രണമായി
ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍
മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര
തീര്‍ത്തും അസഹ്യമാണ്;
അപമാനിതവും.