Monday, December 06, 2010

റിപ്പോർട്ടർ

(പത്രപ്രവർത്തക ഷാഹിനയ്ക്ക് ഐക്യദാർഢ്യം)

എല്ലാം നിനക്കു തന്നു.
കണ്ണും കാതും
തലച്ചോറും ഹൃദയവും
ചിരിയും കരച്ചിലും
വെമ്പലും വിതുമ്പലും
കുതിപ്പും കിതപ്പും
സൌമ്യതയും എതിർപ്പും…
എല്ലാം രുചിച്ചറിഞ്ഞ്
രുചിയെല്ലാം വിശകലനം ചെയ്ത്
നീ രസിച്ച് കോട്ടുവായിട്ട്
ഇളകിയിരുന്ന് പല്ലിടകുത്തി
മൂക്കിൻതുമ്പിലേക്കടുപ്പിക്കുന്നു.
അധോവായുവിന്റെ സംഗീതം
ഹിന്ദുസ്ഥാനിയിലാണെന്ന് വാദിച്ച്
അമരലീലാപുരാണങ്ങളിൽ ലയിച്ച്
ഏമ്പക്കത്തിന് മുഖവുരയായി
സ്ഖലനാന്തരം സ്ത്രീശരീരത്തൊടെന്നപോലെ
ബ്ലാബ്ലാബ്ലീ എന്ന് മൊഴിയുന്നു.

എല്ലാം നിനക്കു തന്നു.
ആയുസ്സും ആത്മാവും
അക്ഷരവും അനശ്വരതയും…
അതെല്ലാം തിരിച്ചു തരുക.
അന്വേഷണങ്ങൾക്ക് ഉരുക്കുമറയായി
നിന്റെ ഇരു തലകളും
അവിശ്രമം ഉയർന്നുനിൽക്കട്ടെ.
എന്റെ ഈ ഒരിറ്റ് കണ്ണീരിൽ
ഉയിർക്കട്ടെ നേരിന്റെ കൽപ്പകങ്ങൾ.
എന്റെ സ്മാരകത്തിന് കല്ലിടാൻ
നിന്റെ പൊങ്ങച്ച വാചാലത
ഇനിമേൽ വേണ്ട.

ഹേ… ജനാധിപത്യമേ
നിന്റെ കപട നീതിബോധത്താൽ
ഒരു യവനികയായി ചുരുളഴിഞ്ഞ്
എന്നിലെ വൈദ്യുതിയെ മൂടുക.

നിന്റെ കൂരിരുട്ടിൽ തെളിയാൻ
മിന്നാമിനുങ്ങുകളുടെ സംഘം
എവിടെനിന്നോ പുറപ്പെട്ടിട്ടുണ്ട്.
അവ എത്തിച്ചേരും വരെ
എനിക്കീ ബധിരയുടെ മൌനം
കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

000

Monday, May 24, 2010

പുഴയെഴുതുന്ന പൊയ്‌നാടകം

ഓരോരോ വരകളായ്... ചായങ്ങളായ്
പുഴ ഒരസ്തമയം സ്വപ്നം കാണുമ്പോള്‍
മേഘവില്ലിലൊരു കണ്ണേറുകനല്‍ മാത്രം
ഒളിച്ചും പാത്തും അടങ്ങാതടങ്ങി.

ചാഞ്ഞുറങ്ങിയൊരു പൂവരശ്
ഞാണില്ലാത്തൊരു മുതുതെങ്ങ്
കാക്കപ്പൂവള്ളിപ്പടര്‍പ്പില്‍
കരയുന്നൊരു കുളക്കോഴി
നീര്‍ക്കോലിക്കുളി
മാനത്തുകണ്ണിക്കനവ്...
പുഴയിതിലെല്ലാം പരന്നുപതഞ്ഞ്
പാതാളഗുഹ നൂണിറങ്ങിയൊരു
പഞ്ചാരനുണക്കഥ.

പൈതലിനൊരു പുഴയുടെ ഉച്ചിഷ്ടം
അമ്മിഞ്ഞപ്പാല്‍ക്കടല്‍ നീന്തും
നിലാവിന്റെ കളിമ്പം,
കുടിച്ചാലും തീരാതെയൊഴുകുന്നത്.

അതിശുദ്ധനാം ശാന്തിക്കാരന്
മുറിഞ്ഞ പൂണൂല്‍ പോലെ
ശരിയാകാത്തൊരു ജീവിതനുണ,
പേര്‍ത്തും പറയുക ദിനധര്‍മ്മം.

വിരഹിക്കത് നിലാവിരലാല്‍
ആകാശമെഴുതിയ പ്രണയക്കുറി,
വായിച്ചു മതിയാകാത്ത ചുംബനശ്രുതി.

വീടുമറന്നൊരു തീര്‍ഥാടകന്
വെന്തടര്‍ന്ന കരിഞ്ചുണ്ടില്‍
അമൃതമാകുമൊരു ജലസിന്ധു.

മണല്‍ക്കരാറിന്റെ മാന്ത്രികര്‍ക്കത്
ചവിട്ടടി കഴുകാനൊരു നിറകുടം,
തുളുമ്പാതെ ഒഴിയാതെ പകരുന്നത്.

വിപ്ലവവീണ്‍‌വാക്കിന്റെ
വിശ്വദര്‍ശന വീഥിയിലാരോ
നഞ്ചുകലക്കി മീന്‍പിടിക്കും വ്യാക്കൂള്‍.

ധ്യാനാത്മക ജീവിത വേദാന്തക്കരയില്‍
ദൈവം സ്വയം ഇരകോര്‍ത്തിട്ടൊരു
കൊമ്പന്‍സ്രാവിന്റെ ആത്മനിര്‍വ്വേദം.

ഒറ്റയാകുന്ന പാലത്തിലേറിക്കുരച്ച്
ചന്ദ്രബിംബത്തിനുമുന്നില്‍
ഒന്നുമല്ലാത്ത നീയും ഞാനും
പറയാനുള്ളതൊക്കെ മറന്ന്
ഒരുമയില്ല്ലാതഭിനയിച്ചു തീര്‍ക്കുന്ന
ഒരു പൊയ്‌നാടകം..!

യവനികച്ചരടില്‍ത്തൂങ്ങി നിമിഷമളന്ന്
കാണികളുടെ ഉദ്വേഗച്ചുഴികളിലമര്‍ന്ന്
ഭാഷ മറന്നുപോയ ഒരു ദേശത്തിന്റെ
പുരാതന നിഘണ്ടുവില്‍ ഒരു പുഴയായ്...
അരങ്ങില്‍ ഒരു പൊയ്‌നാടകം.

***

Thursday, May 13, 2010

പിണക്കം

വിഷു പിന്നെയും വന്നു
വിളറിച്ചിലമ്പിച്ച പുലർകാലത്തിൽ,
ഓർമ്മത്തെറ്റുപോൽ വെയിൽമഞ്ഞ.

കണ്ണീലാർത്തുരുകുന്ന എണ്ണതൻ വിലാപമായ്
നിന്നുകത്തുന്നു...
മകൾ കാത്തിരിക്കുന്നൊരച്ഛൻ .
വണ്ടികൾ വഴിതെറ്റിയോടുന്നു, വഴികളിൽ
അന്ധകാരത്തിൻ രാസമിശ്രിതം തുളുമ്പുന്നു.

കൊന്നയിൽ തൂക്കാനുള്ള സ്വർണ്ണവും കൊണ്ടേ നിൽ‌പ്പൂ
വർണ്ണമേലാപ്പിൽ ഡ്യൂട്ടിഫ്രീകളാം സായൂജ്യങ്ങൾ.
പൂത്തതില്ലൊറ്റപ്പെട്ട പെണ്മണി,
പൂക്കാക്കൊമ്പിൽ കനകം തൂക്കീടുമ്പോൾ
തെല്ലവൾക്കിളവുണ്ടാം!

അകലത്തെങ്ങോനിന്ന് മുഴങ്ങും ശബ്ദം മാത്രം
അരികത്തുണ്ടോ ഞാനെന്നുറക്കെ ചോദിക്കുന്നു.
അടുപ്പം, അകലവും അളക്കാനാവാതെന്നും
പരുക്കന്‍ മതില്‍ക്കെട്ടിലിരിപ്പോര്‍ക്കറിയുമോ
പരിക്കാല്‍ ഞരങ്ങുന്നൊരാത്മാവിന്‍ ജഢം പേറി
ചിരിക്കാന്‍ പഠിപ്പിച്ച് പോയതല്ലയോ കാലം!

ആയിരം, അതിലേറെ....യളന്നു വാക്കിന്‍ പത്തി
ചുരുക്കിയൊതുക്കിക്കൊണ്ടാഹ്ലാദവികാരത്താല്‍
ആശംസ നേരാനുള്ള വാക്കുകൾ പരതുമ്പോൾ
ഭാഷതൻ കടൽ വെള്ളം പിന്മടങ്ങിപ്പോകുന്നു.

എങ്കിലും... വിഷു വന്ന് കൺനിറയ്ക്കുമ്പോൾ
ദൂരെ വേനൽ ഗർഭത്തിൽപ്പേറും
കിണറും പിണങ്ങുന്നു.

000

Wednesday, March 31, 2010

ലഹരിപർവ്വം

കഴുത്തിനു മുറുക്കിപ്പിടിച്ച് പുറത്തിട്ടു.
കൊരവള്ളി ഞെരിച്ച് ചോരമണത്തു.
മൂക്ക് വിറപ്പിച്ച് മിഴികൾ പൂട്ടി
കൊണ്ടുവാ വെള്ളമെന്ന് നാവാൽ നീട്ടി
കൊച്ചു ഹിമാലയങ്ങളെ തൊഴിച്ചപ്പോൾ
ഗംഗയെ പരമേശ്വരൻ ഒളിച്ചുനോക്കി.
ഗജറാണിയായ് തുമ്പിവിറപ്പിച്ച
പാർവതി പാതിമെയ്യിൽ തളിർത്തു.

മൂന്നാം പടികയറി നാലിലേക്ക്
കാലിടറിയപ്പോൾ കൈലാസം കുലുങ്ങി.
വിയർത്തു വിറച്ച് കൊടുമുടികയറിയപ്പോൾ
പാർവതിയും ഗംഗയുമില്ല ചാരെ...
കാളിദാസൻ ഔഷധച്ചെടികളുടെ
സ്വയം‌പ്രകാശത്തിൽ ധ്യാനിച്ചിരിക്കുന്നു.
അഞ്ചമ്പൻ വില്ലു കുലയ്ക്കാനാവാതെ
രതീദേവിയറിയാതെ കണ്ടുനിൽക്കുന്നു...
മാനസസരോവരത്തിൽ താമര പറിക്കുന്നത്
നഗ്നസുഗന്ധിയാം സൈരന്ധ്രി.

‘കാന്താ... തൂകുന്നു തൂമണം...ഇതെങ്ങു നിന്ന്?’
പാടുന്നു കൌമാര വിസ്മയം.
മൂക്കുടഞ്ഞ്, കണ്ണടഞ്ഞ് പരന്നുവീണപ്പോൾ
തത്തമ്മപ്പേച്ചു പോൽ തെറിച്ച്
പളുങ്കുകുപ്പിയുടെ പേരു തെളിഞ്ഞു:
‘***കുച് നയി...കുച് നയി..’

000

*** ‘കുച് നയി‘ എന്ന ഹിന്ദിപ്പേരിൽ ഒരു സ്കോച് വിസ്കി.
(നിയമപരമായ മുന്നറിയിപ്പ്‌: മദ്യം പരസ്യമായേ കുടിക്കാവൂ.)

Tuesday, March 02, 2010

ഒറ്റ്‌ (കവിത)

പാതിരാപ്പാലമണമൊഴുകുന്ന വീഥിയില്‍
പാത തൊടാതിരു വെണ്ണിലാപ്പാദങ്ങള്‍
ആര്‍ത്തലറിക്കൊണ്ട്‌ പാഞ്ഞുപോയെന്ന്‌
മകള്‍ പേടിച്ചരണ്ട്‌ നിലവിളിച്ചുണരവെ,
തോന്നലെന്നോതി ഞാന്‍; എങ്കിലും...
ഓര്‍മ്മതന്‍ കല്ലില്‍ സ്വയം തല തല്ലിയ
കന്യതന്‍ പ്രേതമതെന്ന്‌ ശഠിച്ചവള്‍.
നട്ടുച്ചനാവുകള്‍ പൊള്ളിച്ച മണ്ണിണ്റ്റെ
പച്ചിലക്കാടുകള്‍ പോലെ മേഘങ്ങളും
പേടിച്ചുറഞ്ഞു നില്‍ക്കുന്നു ഗ്രീഷ്മാകുലം!

നോക്കൂ... മതില്‍ നിറയെ രക്തം വീണ
ജീവിതപ്പേടി തന്‍ നിത്യാര്‍ത്തനാദങ്ങള്‍.
നീല വലംപിരി ശംഖുപുഷ്പങ്ങളില്
‍തീവണ്ട്‌ ചുംബിച്ച വ്രണിത പ്രാണസ്വരം.
വിറയുള്ള ഭാഷയാല്‍ കോറുന്നൊരാധിയില്
‍ജ്വലിതയാകുന്നു സംഭീതയാം സന്ധ്യയും.

കാറ്റിന്‍ ജനാലയ്ക്കല്‍ വന്നൊരു കബന്ധം
ഏതെന്‍ ശിരസ്സ്‌, ആരെന്തിനു തകര്‍ത്തെന്ന്‌
നീട്ടിയെറിയുന്നൊരു തേറുളി തറയ്ക്കെ
തിളയ്ക്കുന്നു ജ്വരബോധി ശിഖരമെന്നില്‍.

ഊണുറക്കില്ലാതെ, ചമയങ്ങളില്ലാതെ,
ഈണം കൊതിപ്പിച്ച വീണയില്‍ പിടയാതെ,
ഒറ്റനില്‍പ്പില്‍ ധ്യാനബദ്ധമാം സര്‍വാഗ്നി
തോറ്റിയുണര്‍ത്തും മഹാസങ്കടങ്ങളില്‍
നിത്യം മുറിച്ചുമുണക്കിയും രാപ്പകല്
‍സത്യനൂല്‍ കൊണ്ട്‌ തുന്നുന്നൊരീ ജീവിതം...
തെറ്റിയുമിടറിയും തൊട്ടുവായിക്കുന്നു
രക്തകപാലിയായ്‌ കാലാന്ധഭൈരവന്‍.

നിര്‍ദ്ദയാന്ധ്യത്തിന്‍ നിരുപമാധ്യായങ്ങള്‍
നീട്ടിപ്പരത്തി വായിക്കുന്ന ലോകവും,
നന്ദികേടിണ്റ്റെ ഉപനിഷദ്ക്കാലവും
ഭീതിയേറ്റുന്നൊരീ ആസക്തജീവിതം...
നാലുകഴഞ്ച്‌ വിലപേശി വാങ്ങുവാന്‍
ചാതുര്യമില്ലാത്ത ധര്‍മ്മസന്താപമേ...
നീ പഠിക്കില്ല, നിലനില്‍പ്പിലൂന്നിയ
നീതിശാസ്ത്രത്തിന്‍ പ്രചണ്ഡസാരങ്ങളെ!

പാദങ്ങള്‍ രണ്ടും പരിചിതബന്ധനം
പാട്ടിന്നവസാന ശീലാക്കിമാറ്റുന്നു.
ഒറ്റയാള്‍യാത്രയുടെ അക്കരെയിക്കരെ
ഒറ്റു കൊടുക്കപ്പെടുന്നുവോ ജീവിതം?

000