Saturday, April 09, 2011

തോളിൽ ഉറങ്ങുമ്പോൾ

ഒന്ന്


മകളുടെ തോളിൽ ഒതുങ്ങിക്കിടക്കുമ്പോൾ

ഇടയ്ക്ക് പുറത്തുതട്ടി ‘ഓഞ്ഞിക്കോ’ ന്ന്

ചിലപ്പോൾ ‘കഴുത്ത് നോവുന്നൊണ്ടോ? ന്ന്

പിന്നെ ‘കണ്ണടച്ച് കെടന്നോ’ ന്ന്

അവൾ കുന്ന് കയറി മെല്ലെ നടക്കുന്നു.

‘മാമുണ്ണണ്ടേടാ കുട്ടാ…

ഉപ്പനെ നോക്കെടാ കണ്ണാ…

ഉമ്മ കൊടുക്കെടാ കള്ളാ..’ എന്നിങ്ങനെ

ഊറയ്ക്കിട്ടുണക്കിയ പഴഞ്ചൊല്ലുകൾ

ഉൾബോധത്തിൽ കുതറുന്നു.

‘താമരക്കുമ്പിളിലെന്തുണ്ട്..’ ന്നൊരു

താരാട്ടുപാട്ടും ചിമിഴിനു പുറത്താകുന്നു…

കുന്നിന്മേലൊരു മേഘം പൂക്കളമെഴുതുന്നു.




രണ്ട്


പഞ്ചാരച്ചുണ്ടിലെ പാൽ‌മണം വറ്റാതെ

മകളെന്റെ തോളിൽ കിടന്നുറങ്ങുന്നു.

‘അച്ച.. എന്തച്ച’ തുളിച്ച നാവോറിന്റെ

മൺകുടം നിറയെ ത്തുളുമ്പുന്നു പാതിര.

കാറ്റ് കുഴലൂതുന്ന മൂങ്ങക്കരച്ചിലിൽ

രാത്രിയെന്നുള്ള ഭയപ്പാടിൽ വിങ്ങി

കെട്ടിപ്പിടിച്ച് കഴുത്തിൽ മുഖമണച്ച്

ചൊല്ലാതെയെന്തൊക്കെയോ മൊഴിയുന്നു

രാക്കിളി പോലെ ഇടയ്ക്കൊച്ചയില്ലാതെ

ഭീതിക്കരച്ചിലാൽ മുറ്റമടിക്കുന്നു.

ഒരു തലോടലിൻ വാവോറ്റ് കേൾക്കെ

വിശ്രാന്തിയൊരു നീണ്ട നിശ്വാസമാകുന്നു…

മകൾ എന്റെ തോളിൽ പുണർന്നുറങ്ങുന്നു.


മൂന്ന്

അമ്മയുടെ ചുമലിൽ ഞാൻ ചായുറങ്ങുന്നു

തളർന്ന പാദങ്ങൾ മുറ്റമളന്നു നീങ്ങുന്നു.

മൂന്നിടം നൊന്തൊടിഞ്ഞുള്ളൊരാ തോളിൽ

ഉരുക്കിന്റെ കെട്ടുകളുരഞ്ഞു തേങ്ങുന്നു.

മെല്ലിച്ച നെഞ്ചുകൂടിന്റെയകത്തിരുന്ന്

അന്തിക്കരിങ്കാക്ക ചേക്ക കാറുന്നു.

‘കാവിൽ വിളക്കുവച്ചില്ല പൊന്നേ…

കാളരാത്രിക്ക് കൺ‌തിരി തെളിച്ചതില്ല.

നേരം വെളുത്തതിൽ‌പ്പിന്നെയൊരിത്തിരി

നേരം നിലത്തിരുന്നിട്ടുമില്ല.

കാൽമടമ്പിൽ തൈലമിത്തിരി പുരട്ടി

ചൂടു കൊടുത്താൽ ശമിച്ചിടാം നൊമ്പരം.

അച്ചൻ തളർന്നെത്തുമപ്പൊഴേക്കും

കണ്ണരിക്കഞ്ഞിയാൽ പൈദാഹമാറ്റാം.

മെല്ലെയാ വിരിനെഞ്ചിൽ നിന്നെക്കിടത്തി

അല്ലൽ പുരളാത്ത മൺപാട്ടായുറക്കാം.

പാറമുന ചോരച്ചൊരച്ച്ഛന്റെ കൈകളിൽ

ഓടലെണ്ണത്തലോടൽ പോലെ പെയ്തിടാം.

ഓർമ്മകൾ ചുവയ്ക്കുന്ന നാരകച്ചോട്ടിൽ

ഓമലേ തൊട്ടിലിൽ നിന്നെയുറക്കാം.‘


നാല്


മകളുടെ തോളിൽ ഉറങ്ങിക്കിടക്കവെ

മകളെന്റെ തോളിൽ പുണർന്നുറങ്ങുന്നു,

അമ്മയുടെ ചുമലിൽ ഞാൻ ചായുറങ്ങുന്നു,

അച്ച്ഛന്റെ നെഞ്ചിലെ താളമറിയുന്നു.

ഏതൊക്കെയോ കൂർത്ത ദുഃസ്വപ്നജാലം

കട്ടെടുത്തെന്നെയും കൊണ്ടുപായുന്നു.


000