Sunday, December 24, 2006

അന്ധന്മാരുടെ പൂരം

പി. ശിവപ്രസാദ്‌

(ക)വിത:

അന്ധന്മാരുടെ പൂരം

തീപിടിച്ച വാക്കുകള്‍ ‍
അടയാളവാക്യം പറഞ്ഞ്‌
ആംബുലന്‍സില്‍ കയറി.
മുഖം മറച്ച ഓര്‍മ്മയൊരെണ്ണം
മുന്‍സീറ്റില്‍ വിതുമ്പിയിരുന്ന്‌
പഴയൊരു ചലച്ചിത്രഗാനം മൂളി.

പിരിഞ്ഞുപിണഞ്ഞ വഴികളിലൂടെ
കോണി കയറിയ യാത്രികന്‍
‍സര്‍പ്പമാളത്തിലെത്തി ചൂളം മുഴക്കി.
സ്വപ്നതംബുരുവില്‍
പൊട്ടിയ ഞരമ്പുകമ്പികള്‍
വിളക്കിച്ചേര്‍ക്കാന്‍
ബ്ലേഡുകമ്പനിയുടെ ഇണ്ടാസ്‌
ശ്രൂതിമൂളി പടിക്കലെത്തി.

മണല്‍ക്കൂനയുടെ കണ്ണീരായി
നദിയോര്‍മ്മകളുടെ പുസ്തകങ്ങള്‍
ടെക്‌നോപാര്‍ക്കിലേക്ക്‌ മാര്‍ച്ചു ചെയ്തു.
കലക്ടറുടെ വാര്‍ത്താസമ്മേളനത്തില്‍
എ. ഡി. ബി. രേഖകള്‍
ഇഷ്ടികകളായി പൊട്ടിത്തെറിച്ചു.

ലേലമേല്‍ക്കാന്‍ അബ്‌കാരീം ബിനാമീം
കുഴിയെടുക്കാന്‍ പാണ്ടിത്തൊഴിലാളീം...
കര്‍ഷക-യുവജന സംഘങ്ങള്‍
ജാഥ നടത്തി റോഡു തടഞ്ഞ്‌
പിണങ്ങിപ്പിരിഞ്ഞു...
വിഷനുകളില്‍ പൂരം കൊടിയേറി.

കുഴിമൂടാനിത്തിരി മണ്ണില്ലാതെ
ശവഘോഷങ്ങള്‍ തെരുവിനെ പീഡിപ്പിച്ചു.
ശോഭായാത്രകള്‍ കോടതി മുറിച്ചുകടന്ന്‌
ഐസ്ക്രീം പാര്‍ലറിനുമുന്നില്‍
മാലയിട്ട്‌ ശരണംവിളിച്ചു.

"സ്മാര്‍ട്ടായി നഗരം പണിയെടാ മക്കളേ.."

'ആവാം ഉടയതേ. അടിയങ്ങള്‍ക്കാവോളം..'

"ആരാണ്ടാ പോഴത്തം ചെലക്കണത്‌?"

'ആരൂല്ല.. അറിയാ പൈതങ്ങളാണേ...'

"പോയ്‌ തൊലയെടാ കഴുവേറീന്റെ..
അമ്മേടെ..
അപ്പന്റെ..
പെങ്ങടെ..."

'തോന്നിയതാ തമ്പ്രാ.. വെറുതെ..'

"പിരിഞ്ഞുപോ... വെടിവെക്കുമെടാ പന്നീന്റെ..!"

കേരളം സാദരം വിജയിപ്പൂതാക,
പാണ്ഡിത്യം പലരൂപേ ദര്‍ശിപ്പൂതാക,
സമസ്ത ലോകാ അന്ധിപ്പൂതാക.

ബബ്ബാ ബബ്ബബ്ബഃ.

*

കടങ്ങളും കാല്‍ച്ചങ്ങലയും
കലിയുമില്ലാത്ത പുതുവര്‍ഷത്തിലേക്ക്‌
എന്നെ വിമോചിപ്പിക്കാനായ്‌
തരൂ സ്നേഹിതാ...
ഒരു വിഷപാത്രം.

000

Sunday, December 17, 2006

അക്വാറീജിയ

കഥ :


ചുവപ്പുനിറത്തില്‍ ആകര്‍ഷകമായ സമചതുരാകൃതിയുള്ള ആ ചെറിയ പെട്ടി കരുണന്റെ കൈവെള്ളയിലിരുന്ന്‌ വിറച്ചു. അതിനുള്ളില്‍ ഒരു തങ്കമോതിരമുണ്ട്‌. പദ്‌മരാഗത്തിന്റെ തിളക്കത്തിന്‌ തന്റെ സ്നേഹത്തെക്കാളേറെ വിലയുണ്ടെന്ന്‌ അയാള്‍ക്കറിയാം. സുഭദ്ര പലതവണ ആവശ്യപ്പെട്ടപ്പോഴും വാങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍, ഒരു വാഗ്ദാനം നിറവേറ്റുന്നതിന്റെ രസത്തോടെയല്ലെങ്കില്‍പ്പോലും അത്‌ സമ്മാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ...

എല്ലാം അവളുടെ സങ്കല്‍പ്പങ്ങളാണ്‌. താന്‍ ഒരു അഗമ്യഗമനക്കാരനാണെന്നതാണ്‌ അവയില്‍ മുഖ്യമായത്‌. അവള്‍ കുറെക്കാലമായി തന്നെയും തെക്കതിലെ ഷേര്‍ലിയെയും കൂട്ടുപ്രതികളാക്കി ചിലതൊക്കെ മനസ്സില്‍ എഴുതിച്ചേര്‍ക്കുന്നുണ്ടായിരുന്നു. വെറും പൊട്ടത്തരങ്ങള്‍. അല്ലെങ്കിലും ഷേര്‍ലി ആഭരണമിടുന്നതും മാറ്റുന്നതും ഒരു പുതിയ പ്രതിഭാസമല്ലല്ലോ! ഭര്‍ത്താവിന്റെ ഇഷ്ടവും ഭാര്യയുടെ ആവശ്യകതയും നന്നായി ഇണങ്ങുന്ന ദാമ്പത്യമാണ്‌ അവരുടേതെന്ന്‌ തനിക്കും തോന്നിയിട്ടുള്ളതാണ്‌. എല്ലാ ആഭരണക്കടയുടെ ഉദ്ഘാടനത്തിനും മുന്തിയ തുകയ്ക്ക്‌ പലതും വാങ്ങിക്കൂട്ടുക ആ വക്കീലിന്റെ ശീലമാണ്‌. നുണകളുടെ പാലങ്ങള്‍കൊണ്ട്‌ നേരുകളുടെ കരകളെ കൂട്ടിക്കെട്ടുന്ന അയാള്‍ക്ക്‌ ആവശ്യത്തിലധികം സമ്പാദിക്കാന്‍ കഴിയുന്നുണ്ടാകും.

താനും വക്കീലും ഗോലികളിച്ചു നടന്നതും, പള്ളിക്കൂടത്തിലും കോളേജിലും പഠിച്ചതുമൊന്നും മറക്കാറായിട്ടില്ല. അയാള്‍ നേരാംവണ്ണം തലയുപയോഗിച്ച്‌ സമ്പാദിച്ചു. ബിരുദക്കാരനായ താനോ? തല പാടെ ഉപേക്ഷിച്ച്‌ കൈകളുടെ വിരുതിനെ ആശ്രയിച്ചു. കുഴമണ്ണിനെ മെരുക്കി നൃത്തം പഠിപ്പിച്ച്‌, വിരലുകളും കൈത്തലവും ഉപയോഗിച്ച്‌ പാരമ്പര്യത്തിന്റെ കണ്ണികള്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. ചെളിയുടെ നനവിലും ചൂളയുടെ പൊള്ളലിലും അച്ഛനപ്പൂപ്പന്മാര്‍ പഠിപ്പിച്ചതെല്ലാം മണ്‍കലങ്ങളായി പുറത്തുവന്നു. അവയില്‍ ജീവിതംപോലെ ജലം നിറഞ്ഞുതുളുമ്പി. രുചിയും രസവുമുള്ള ജീവിതത്തിന്‌ മറ്റേതൊരു രൂപകവും തനിക്ക്‌ തോന്നാറില്ല. മണ്‍കലങ്ങളിലൂടെ ഉപജീവനത്തിന്റെ പാത തീരെ ഇടുങ്ങിയും മുള്ളുകള്‍ നിറഞ്ഞും കണ്ടപ്പോഴും താന്‍ വിരണ്ടില്ല. മണ്ണും ചെളിയുമെല്ലാം വമ്പന്‍ ലോറികളില്‍ നിറച്ച്‌ അന്യദിക്കുകളിലേക്ക്‌ കൊണ്ടുപോകുന്ന കരാറുപണിക്കാര്‍ വയലുകള്‍ കൈയേറി മുടിച്ചപ്പോഴും, തന്നെ ശത്രുവായി പ്രഖ്യാപിച്ച്‌ വെല്ലുവിളിച്ചപ്പോഴും വിരണ്ടില്ല. വീട്ടിനുള്ളില്‍ മാത്രം താന്‍ പരാജയത്തിന്റെ കയ്പറിഞ്ഞു തുടങ്ങി. അങ്ങനെ, മനസ്സിന്റെ ആഴത്തില്‍, മറ്റൊരു മെച്ചപ്പെട്ട തൊഴില്‍ നോടാന്‍ കഴിയാഞ്ഞതിന്റെ നിരാശ മണ്ടോടുകളായി ചിതറി വീണു. നിയതമായ രൂപവും ഭംഗിയുമില്ലാത്ത മണ്ടോടുകള്‍. ക്രമത്തില്‍ അവ കുമിഞ്ഞുകൂടി രക്തചംക്രമണത്തിന്റെ ഉള്‍വഴികള്‍ അടയാന്‍ തുടങ്ങിയോ?

ഇപ്പോള്‍, കരുണന്റെ ദൈന്യതയുടെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പുന്ന മാതിരി 'കാലത്തിനൊപ്പം മാറാത്ത ശവം' എന്നൊരു പുച്‌ഛിക്കലോടെ സുഭദ്ര മുന്നും പിന്നും കുലുക്കി കടന്നുപോയത്‌ അയാളെ ഞെട്ടിച്ചു. അതോടെ നെഞ്ച്‌ പറിഞ്ഞുപോയതായി തോനി. അവള്‍, ഭാര്യയെന്ന പദവിയില്‍ പതിനെട്ടുവര്‍ഷങ്ങളെ ചവിട്ടിക്കുഴച്ച്‌ വിരസതയോടെ കഴിഞ്ഞുകൂടുകയും, കഴിഞ്ഞ മിഥുനത്തില്‍ പതിനാറു വയസ്സു തികഞ്ഞ സൌദാമിനിയെ യഥാസമയം പെറ്റുവളര്‍ത്തുകയും ചെയ്തവളാണ്‌. അടക്കമൊതുക്കങ്ങള്‍ തെല്ലുപോലുമില്ലാത്ത ചിലനേരങ്ങളില്‍ അയാളവളെ തല്ലിയിട്ടുണ്ട്‌. അത്ര ശക്തമല്ലാത്ത ഒരടി അവളുടെ മനോരോഗങ്ങള്‍ക്ക്‌ ഒരാഴ്ച്ചക്കാലത്തേക്കുള്ള മരുന്നായിട്ടുമുണ്ട്‌. അതിരുകവിഞ്ഞ മിഥ്യാഭിമാനവും ഭര്‍ത്താവിനെ ഭരിക്കലാണ്‌ ഭാര്യയുടെ കടമയെന്ന വിശ്വാസവും സുഭദ്രയുടെ പ്രത്യേകതയായിരുനു.

മിക്സര്‍-ഗ്രൈന്‍ഡര്‍, ടി.വി., ഫ്രിഡ്ജ്‌ തുടങ്ങിയ ആഡംബരങ്ങളൊന്നും വേണ്ടെന്ന്‌ അയാള്‍ ഒരിക്കലും വാശിപിടിച്ചിട്ടില്ല. അതെല്ലാം സമയാസമയങ്ങളില്‍ വീട്ടിലെത്തിച്ച്‌ ഭാര്യയുടെ ജോലിഭാരം കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. അതില്‍പ്പിന്നെ കോളറ പിടിപെട്ട മാതിരിയുള്ള ടെലിവിഷന്‍ പരമ്പരകളില്‍ സുഭദ്ര തലകുത്തനെ വീഴുകയായിരുന്നു. ചിലപ്പോഴൊക്കെ അയാളും അവള്‍ക്ക്‌ കൂട്ടിരുന്നു. പരമ്പരകളെക്കാള്‍ അയാളെ ആകര്‍ഷിക്കാറുണ്ടായിരുന്നത്‌ ഇടവേളകളിലെ പരസ്യങ്ങളായിരുന്നു. പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള സ്ത്രീകളുടെ അഴക്‌ അയാളെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്‌. കൂട്ടത്തില്‍ ഉടല്‍നിറയെ ആഭരണങ്ങളണിഞ്ഞ്‌, നിറഞ്ഞുലഞ്ഞ്‌ ചിരിക്കാറുള്ള ഒരു സിനിമാതാരം ആയിടെ അയാളുടെ മനസ്സ്‌ കവരാനും തുടങ്ങിയിരുനു.

ഇരുപത്തിനാല്‌ കാരറ്റിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ സുഭദ്രയുടെ ശരീരത്തെ എത്രത്തോളം രസഭരമാക്കുമെന്ന്‌ അയാള്‍ ഇടയ്ക്ക്‌ ആലോചിക്കാറുമുണ്ട്‌. തൊങ്ങലണിഞ്ഞ, പരുവത്തിന്‌ വെന്തതും ചന്ദനനിറമുള്ളതുമായ ഒരു കുടത്തിന്റെ കഴുത്തുപോലെ രൂപഭംഗിയും ഉപ്പുമണവും പേറി അവള്‍ അയാളുടെ ചുംബനങ്ങള്‍ക്കായി ചാഞ്ഞുതരും. കൂജയുടെ അരവട്ടംപോലെയുള്ള അവളുടെ അരക്കെട്ടില്‍ പൊക്കിള്‍ക്കുഴിയിലേക്ക്‌ എടുത്തു ചാടാനായുന്ന കൂമ്പുമായി ഒരു മണിയരഞ്ഞാണം പുണര്‍ന്നു കിടക്കുന്നതായി അയാള്‍ ഇടയ്ക്ക്‌ സ്വപ്നവും കണ്ടു. ചിലപ്പോഴൊക്കെ ശിരസ്സില്‍ ഇന്ദ്രനീലം തിളങ്ങുന്ന ഒരു സര്‍പ്പമായി അത്‌ അവളുടെ അരക്കെട്ടിനെ ചുറ്റിക്കിടന്നു. താന്‍ വിരല്‍ നീട്ടി തഴുകുമ്പോള്‍ അരസികതയുടെ ചീറലോടെ അത്‌ പത്തിവിടര്‍ത്തി. അങ്ങനെ ഉന്മാദത്തിന്റെ കേളികൊട്ടും, നിഗ്രഹിക്കാനാവാത്ത ഇന്ദ്രിയങ്ങളുടെ ചിന്നം വിളികളുമായി കരുണന്റെ രാത്രികള്‍ നീണ്ടു. അതൊന്നും ആരോടും പറയാവുന്ന കാര്യങ്ങളല്ല. മകള്‍ക്ക്‌ പതിനാറായി. അവള്‍ക്കും സ്വപ്നങ്ങളുടെ വാതില്‍ തുറന്നുകിട്ടുന്ന പ്രായമായിരിക്കുന്നു. മനസ്സിനെ ചങ്ങലയ്ക്കിടേണ്ടുന്ന സമയമായോ എന്ന സംശയം അയാളില്‍ തിരനോക്കി.

ഇങ്ങനെ സന്ദേഹങ്ങളുടെ കാലപ്രവാഹത്തില്‍ വീണുപോയ കരുണന്റെ തൊണ്ടയില്‍ ക്കുടുങ്ങിയ ദാമ്പത്യം മേലോട്ടും കീഴോട്ടുമില്ലാതെ അയാളെ വലച്ചു. ദുര്‍ബലമായ കാരണങ്ങളാല്‍ പലപ്പോഴും പിണങ്ങിയ സുഭദ്ര തികഞ്ഞ ധാര്‍ഷ്‌ട്യത്തിന്റെ പ്രതിരൂപമായി അയാളെ കുഴക്കി. ഒരിക്കല്‍, അങ്ങനെ പിണങ്ങിപ്പോയ ശേഷം രണ്ടാം മാസത്തില്‍, തിരികെയെത്തിയ അവള്‍ക്ക്‌ ചില മുന്നുപാധികളുണ്ടായിരുന്നു.

(1) താല്‍പ്പര്യമില്ലാത്തപ്പോള്‍ കൂടെക്കിടക്കാന്‍ നിര്‍ബന്ധിക്കരുത്‌.
(2) ദിവസവും പാചകം ചെയ്ത്‌ വിളമ്പണമെന്ന നിഷ്ഠയുണ്ടെങ്കില്‍ ഒരു വേലക്കാരിയെ ഉടനടി നിയമിക്കുക.
(3) ഈട്ടില്‍ ഇല്ലാത്ത ചില ഉപകരണങ്ങള്‍ (വാഷിംഗ്‌ മെഷീന്‍, സോഡ മേക്കര്‍ തുടങ്ങിയവക്ക വാങ്ങുക.
(4) അതിഥികളെ സല്‍ക്കരിക്കലും പഴങ്കഥകള്‍ അയവിറക്കലും ഒഴിവാക്കുക.
(5) കൊല്ലത്തിലൊരിക്കല്‍ മാതാപിതാക്കളെ സന്ദര്‍ശിക്കുന്ന ഏര്‍പ്പാട്‌ നിര്‍ത്തുക.

ഉപാധികള്‍ കേട്ടിരുന്നപ്പോള്‍ തികഞ്ഞ വിരക്തിയാണ്‌ അയാള്‍ക്കാദ്യം തോന്നിയത്‌. തന്റെ മിതഭാഷണവും അനുസരണയും അവളില്‍ യാതൊരു പ്രതികരണവും ഉളവാക്കുകയില്ലെന്ന അനുഭവം എങ്ങനെയും മുന്നേറാനുള്ള കുറുക്കുവഴികളെക്കുറിച്ച്‌ ചിന്തിക്കാന്‍ പ്രേരണയായി.

അന്നു രാത്രിയില്‍ കരുണന്റെ വിരുന്നുകാരായത്‌ ടോമി പാലാക്കാരനും ഗുഡ്‌ലക്ക്‌ ചന്ദ്രാനന്ദനുമായിരുന്നു. മെര്‍സിഡസ്‌ കാര്‍ സമ്മാനം ലഭിച്ചവനെപ്പോലെ കരുണന്‍ അഴുക്ക്‌ തീണ്ടാതെ ചിരിച്ചു. ആഗോളപാനീയവും ഇറക്കുമതിചെയ്ത അണ്ടിപ്പരിപ്പും ആസ്വദിച്ച ടോമിചന്ദ്രന്മാരുടെ ചിരികളില്‍ തൊള്ളായിരത്തിപ്പതിനാറ്‌ നിലവാരമുള്ള സ്വര്‍ണ്ണത്തിന്റെ പളപളപ്പുണ്ടായിരുന്നു. അവരുടെ വരവോടെ തന്റെ ചെറിയ വീടിനുള്ളില്‍ ദുബായ്‌ ഷോപ്പിങ്‌ ഫെസ്റ്റിവെല്‍ കൊടിയേറിയെന്ന്‌ കരുണന്‌ തോന്നി.അവര്‍ കരുണനോട്‌ ഏറെനേരം സംസാരിച്ചിരുന്നു. തികച്ചും രാജകീയമായ ശെയിലിയില്‍ 'ബാലെ'ക്കാരെപ്പോലെ തോന്നിച്ചു അവരുടെ സംഭാഷണം.

"ബ്രഹ്മപുത്രനായ കുലാലന്റെ വംശമഹിമയില്‍ പിറന്ന, ഹേ .. കരുണാ, താങ്കളുടെ കുടുംബത്തിന്റെ ഭാഗ്യം ഇതാ തെളിയാന്‍ പോകുന്നു. ഇരുപതിനായിരത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുക. നറുക്കെടുപ്പില്‍ അഞ്ച്‌ മെര്‍സിഡസ്‌ കാറുകളോ, പന്ത്രണ്ട്‌ ഹ്യൂണ്ടേയ്‌ കാറുകളോ .. .. "

"സ്വര്‍ണ്ണം വാങ്ങാന്‍ തിക്കിത്തിരക്കുന്നതിനു മുമ്പ്‌ നിങ്ങളുടെ പൊന്നിന്റെ എംഡന്‍ രഹസ്യങ്ങളിലേക്ക്‌ പോകാനാണ്‌ എനിക്ക്‌ തോന്നുന്നത്‌. സത്യത്തില്‍ എന്താണതിന്റെ രഹസ്യം?" കരുണന്റെ ഹാലിളകിയ സംശയം.

"പറഞ്ഞുതരാം. കേട്ടോളൂ ഡിയര്‍.. .." കുറെ പാന്‍മസാല വായിലേക്കെറിഞ്ഞ്‌, ചവച്ചു രസിച്ച്‌, ടോമിചന്ദ്രന്മാര്‍ പറഞ്ഞു തുടങ്ങി.

"നിങ്ങള്‍ക്കറിയുമോ മിസ്റ്റര്‍ കരുണന്‍? മനുഷ്യസമൂഹത്തിന്റെ വികാസപ്രക്രിയയില്‍ നാണ്യവ്യവസ്ഥയുടെ അടിസ്ഥാനം തന്നെ സ്വര്‍ണ്ണമായിരുന്നു."

"പക്ഷേ, അത്‌ ചെമ്പാണെന്നാ ഞാന്‍ കേട്ടിട്ടൊള്ളെ.." കരുണന്‍ പ്രതികരിച്ചു.

"വെള്ളിയാണെന്ന്‌ പറയുന്ന മണ്ടന്മാരുമൊണ്ട്‌. അതിലൊന്നും കാര്യമില്ലെന്നേ" ടോമി ചിരിച്ചു.

"എങ്ങനെയും രൂപപ്പെടുത്താന്‍ കഴിയുന്ന ഈ ലോഹത്തിന്‌ ആവര്‍ത്തനപ്പട്ടികയില്‍ പതിനൊന്നാം സ്ഥാനമാണുള്ളത്‌. ആറ്റോമിക സംഖ്യ എഴുപത്തിയൊന്‍പത്‌. വെള്ളിയോ ചെമ്പോ ചേര്‍ത്ത്‌ കടുപ്പം കൂട്ടിയശേഷമാണ്‌ ഇതിനെ ആഭരണങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്‌."

"അപ്പോ.. മായമില്ലാത്ത കച്ചോടം നിങ്ങക്കും അറീല്ലെന്ന്‌ സാരം?"

"ഇരുപത്തിനാല്‌ കാരറ്റ്‌ സ്വര്‍ണ്ണമാണ്‌ ഏറ്റവും ശുദ്ധമായത്‌. അത്‌ ഞങ്ങളുടെ ഷോറൂമുകളില്‍ മാത്രമേ കിട്ടുകയുമുള്ളു എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.."

"അതായത്‌ നമ്മുടെ ഭൌതികജീവിതത്തിന്റെ പുതുവ്യവസ്ഥയില്‍ ജിവാത്മാവിന്റെ സ്ഥാനമാണ്‌ സ്വര്‍ണ്ണത്തിനുള്ളത്‌. സ്വര്‍ണ്ണം ജീവാത്മാവാണെങ്കില്‍ റോയല്‍ വാട്ടറാണ്‌ പരമാത്മാവ്‌?"

"രാജകീയ ജലം. കൊള്ളാമല്ലോ പേര്‌. സിനിമക്കാര്‌ ചൂണ്ടാതെ നോക്കിക്കോ?"

"കാല്‍ഭാഗം ഗാഢ നൈട്രിക്‌ ആസിഡും മുക്കാല്‍ ഭാഗം ഗാഢ ഹൈഡ്രോക്ലോറിക്‌ ആസിഡും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതദ്രവമാണ്‌ റോയല്‍വാട്ടര്‍. അതിന്‌ സ്വര്‍ണ്ണത്തെ ലയിപ്പിക്കാന്‍ കഴിയും. ഓറെഞ്ചിന്റെ മഞ്ഞനിറമുള്ള ഈ ലായനിയില്‍ പലതും ലയിച്ചു ചേരും. ഇതിന്‌ 'അക്വാറീജിയ' എന്നും പേരുണ്ട്‌" ചന്ദ്രാനന്ദന്‍ ക്ലാസ്സെടുക്കുകയാണ്‌.

"അഹഹോ? അക്വാറീജിയ. അവനാള്‌ അടിപൊളിയാണല്ലോ സാറേ?" കരുണന്‌ രസിച്ചു.

"സ്വര്‍ണ്ണമില്ലാത്ത പെണ്ണും കടിഞ്ഞാണില്ലാത്ത കുതിരയും അപകടകാരിയാണെന്ന്‌ ഞങ്ങള്‍ താങ്കളെ പറഞ്ഞ്‌ മനസ്സിലാക്കേണ്ടതുണ്ടോ? ഒരു സുവര്‍ണ്ണ തീരുമാനമെടുക്കാന്‍ താങ്കള്‍ക്ക്‌ സമയമായി.. .. " ടോമിചന്ദ്രന്മാര്‍ ഉലഞ്ഞും കുലുങ്ങിയും ചിരിച്ചുതള്ളി.

ജനകോടികളുടെ മൃഗതൃഷ്ണകളെ കടിഞ്ഞാണാക്കിയ ആ യോദ്ധാക്കളെ വിശ്വസിക്കാതിരിക്കാന്‍ കരുണന്‌ തോന്നിയില്ല. രണ്ട്‌ മാന്യന്മാര്‍. ജീവിതവിജയികള്‍. സ്വന്തം പരസ്യചിത്രങ്ങളില്‍ പുണ്യവാളന്മാരെപ്പോലെ പ്രത്യക്ഷപ്പെടാറുള്ള അവരുടെ വാക്കുകളെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നതില്‍ അല്‍ഭുതപ്പെടാനില്ല. അങ്ങനെയാണ്‌ കരുണന്‍ തനിത്തങ്കമായ തന്റെ മനസ്സുമായി മുന്നില്‍ പേശിക്കൊണ്ടിരുന്ന അക്വാറീജിയകളിലേക്ക്‌ എടുത്തു ചാടിയത്‌.

രാത്രി മുഴുവന്‍ ചിന്തിച്ചതിനാല്‍, അയാളുടെ ബോധാബോധങ്ങളില്‍ വന്‍ വിസ്ഫോടനങ്ങള്‍ സംഭവിച്ചതിന്റെ ഫലമായിട്ടാണ്‌ കരുണന്‍ കോട്ടയം ബസ്സില്‍ കയറിയത്‌. ബാങ്കില്‍നിന്ന്‌ പിന്‍വലിച്ച അമ്പത്താറായിരം രൂപയും കൈയിലുണ്ടായിരുന്നു. ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതിന്റെ മുക്കാല്‍പ്പങ്കായ ആ തുക ഉലയില്‍ ചുട്ടുപൊള്ളുന്ന ഒരു സ്വര്‍ണ്ണത്തകിടുപോലെ അയാളുടെ തലയ്ക്കുള്ളിലും തിളച്ചു. സ്വര്‍ഗ്ഗം പോലെ തോന്നിച്ച ആഭരണക്കടയില്‍നിന്ന്‌ തിരികെ വരുമ്പോള്‍ കരുണന്‍ സംതൃപതനായിരുന്നു. പന്ത്രണ്ടു വര്‍ഷക്കാലത്തെ സുഭദ്രയുടെ അലട്ടലുകള്‍ക്കുള്ള ഒറ്റമൂലി ഇതാ തന്റെ കൈയില്‍. പത്തു പവന്റെ മാലയും ഒരു ജോഡി കമ്മലും വളകളും. പിന്നെ, പ്രത്യേകമായി നക്ഷത്രരാശി നോക്കി വാങ്ങിയ പദ്‌മരാഗ മോതിരവും.

ബസ്സിലിരുന്ന്‌ ചെറുതായൊന്ന്‌ മയങ്ങിപ്പോയോ? അതെ, നല്ല ക്ഷീണമുണ്ടായിരുന്നു. പക്ഷേ, കൈയിലെ ബാഗ്‌ നന്നായി സൂക്ഷിച്ചുതന്നെ പിടിച്ചിട്ടുണ്ടായിരുന്നു. ഇക്കാലത്ത്‌ കൂടെക്കിടക്കുന്നവരെ വിശ്വസിക്കാന്‍ പറ്റില്ല. പിന്നല്ലേ സഹയാത്രികരെ! ബസ്സിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോഴായിരുന്നു സംശയം തോന്നിയത്‌. എന്റമ്മേ.. .. അതെയല്ലോ! ബാഗിന്റെ വയര്‍ തികച്ചും ശൂന്യം.

കരുണന്റെ തലയ്ക്കുള്ളില്‍ പിന്നെ വെറും കരിക്കട്ട മാത്രമായിരുന്നു. അത്‌ കുഴമണ്ണായി മാറിയത്‌ അയാള്‍ വിളക്കുകാലിനു ചുവട്ടില്‍ ചടഞ്ഞിരുന്ന്‌ ഒത്തിരി നേരം കരഞ്ഞതിനുശേഷമാണ്‌. സഹതാപം വഴിയുന്ന വാക്ധോരണിയുടെ ആളകമ്പടിയോടെയാണെയെങ്കിലും തിരികെ വീടെത്തിയത്‌ സ്വബോധത്തോടെയായിരുന്നില്ല. വായില്‍ക്കൊള്ളാത്ത മറുഭാഷയുടെ മരമടി കഴിഞ്ഞപ്പോള്‍ സുഭദ്രയുടെ കത്തുന്ന കണ്‍മുനകളില്‍ കരുണന്‍ വിറങ്ങലിച്ചു. അയാളുടെ കൈവെള്ളയില്‍ ചുവപ്പ്‌ നിറത്തില്‍ ആകര്‍ഷകമായ സമചതുരാകൃതിയുള്ള ആ ചെറിയ പെട്ടി ഇരുന്ന്‌ വിറച്ചു. ഒടുവില്‍, ഭര്‍ത്താവിന്റെ മുഖമടച്ച്‌ 'ആണത്തമില്ലാത്തവന്‍' എന്ന്‌ വിശേഷിപ്പിച്ച്‌ അവള്‍ കതക്‌ വലിച്ചടച്ചു.

പുറത്ത്‌ വേവുന്ന മീനത്തിന്റെ സന്ധ്യ കരിപിടിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ദിശയറിയാതെ നടന്നു. അന്തിക്കള്ളിന്റെ ലഹരി നുരഞ്ഞപ്പോള്‍ കരുണന്‍ ഷാപ്പിന്റെ ഇരുള്‍മൂലയിലിരുന്ന്‌ തേങ്ങലടക്കാന്‍ പാടുപെട്ടു.
'ഞാനൊരു മനുഷ്യനായി ജീവിക്കാന്‍ അവള്‌ സമ്മതിക്കില്ല' എന്ന പതിവു പല്ലവി പുറത്തുചാടി.

'നെനക്ക്‌ നട്ടെല്ലിന്‌ കരുത്തില്ലാഞ്ഞിട്ടാടാ കരുണാ .. ..' എന്ന്‌ ഡ്രൈവര്‍ ലെയ്‌ലാന്‍ഡ്‌ മത്തായി വിളിച്ചു കൂവി.

'അവക്ക്‌ വേറെ എടപാട്‌ കാണുമെടോ. സ്വന്തം ജാരനുവേണ്ടി അവള്‌ നെന്നെ ഒറ്റിയേക്കും .. ..' എന്നിങ്ങനെ കറവക്കാരന്‍ പുഷ്കരന്‍ അടക്കം പറഞ്ഞു.

അയാളാകെ തിളച്ചുമറിഞ്ഞു. ഉറയ്ക്കാത്ത ചുവടുകളില്‍ തിരിച്ചെത്തിയത്‌ ചെളിനിലത്തിലായിരുന്ന്നു. കരയിലുള്ള ഏറുമാടത്തില്‍ പഴയൊരു റാന്തല്‍വിളക്ക്‌ കാണണമല്ലോ എന്ന്‌ കരുണന്‍ ഓര്‍മ്മിച്ചു. കൌമാരത്തോളം പഴക്കമുള്ള അത്‌ തെരഞ്ഞ്‌ കണ്ടുപിടിക്കാനുള്ള ക്ഷമയൊന്നും ഇല്ലായിരുന്നു. കുറെ കരിയിലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട്‌ കത്തിച്ചു. തീപ്പാമ്പുകള്‍ അയാളുടെ കണ്ണുകളിലൂടെ ഇഴഞ്ഞ്‌ ഉള്ളില്‍ക്കടന്നു.

കൌമാരം ഒരു കുതിരയായി അവനില്‍ ചിനച്ചുണര്‍ന്നു. ചെളിക്കണ്ടത്തില്‍ അതിന്റെ കുളമ്പുകള്‍ താളത്തില്‍ ചലിച്ചു. പുതുമഴ പെയ്ത്‌ കുളുര്‍ന്നപോലെ മണ്ണില്‍ ജൈവവിസ്‌മയങ്ങള്‍ തുടിച്ചു. അതില്‍നിന്ന്‌ പര്‍വ്വതങ്ങള്‍ മുളച്ചു. നീരുറവകള്‍ തുളുമ്പി. പുല്‍നാമ്പുകളും ആദിബീജങ്ങളും ഉയിര്‍ത്തു. തപ്പുമേളങ്ങളുമായി മൃഗവനങ്ങള്‍ അതിരുകാക്കാനെത്തി.

അപ്പോള്‍, ജലപാതത്തിന്റെ ചുവട്ടില്‍ കറുത്തൊരു ശിലയില്‍നിന്ന്‌ അവളുടെ ഉടല്‍ വിമോചിതമായി. കരിവീട്ടിയുടെ കാതല്‍പോലെ ചിന്തേരാല്‍ മിനുക്കപ്പെട്ട ആ ഉടലില്‍ അവന്റെ കാമനകള്‍ ഒരു കീരിയെപ്പോലെ വലംവെച്ചു. അവള്‍ പാല്‍ക്കാരി പാറോതിയായിരുന്നു. കരുത്ത്‌ ആവാഹിക്കപ്പെട്ട അവന്റെ കൈപ്പൂട്ടിലേക്ക്‌ ഒതുങ്ങുമ്പോള്‍ അവള്‍ അലിയാന്‍ തുടങ്ങി. കല്ലുമാലയും കുപ്പിവളകളും കിലുങ്ങിക്കലമ്പി. ഏതൊക്കെയോ അറിയാത്ത പൂക്കളുടെ മദഗന്ധങ്ങള്‍ അവനെ പൊതിഞ്ഞു.

സ്വപ്നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനാവാതെ ആ മീനത്തിളപ്പിന്റെ രാത്രി അങ്ങനെയൊക്കെ മണത്തുവിടര്‍ന്നതിന്റെ ആലസ്യം അവനെ മൂടി. കരുണന്റെ കാല്‍ച്ചുവട്ടില്‍ ചെളിമണ്ണ്‌ കുഴഞ്ഞു തിമിര്‍ക്കുകയാണ്‌. അതില്‍ നിന്ന്‌ അയാള്‍ വംശമഹിമയുടെ സൃഷ്ടിതാളങ്ങള്‍ കേള്‍ക്കുകയാണ്‌. പ്രപിതാമഹന്മാരെ മത്തുപിടിപ്പിച്ച താളങ്ങള്‍. അയാളുടെ ഓര്‍മ്മയില്‍ നിന്ന്‌ അവള്‍ മണക്കാന്‍ തുടങ്ങി. പുളിച്ച പാലിന്റെ മണം. അതോ, അമ്മിഞ്ഞയുടെയോ? കുഴമണ്ണിന്റെ ഗന്ധം അയാളില്‍ ഉത്തേജകമായി പരിണമിച്ചു. ഞരമ്പുകളില്‍ കന്മദത്തിന്റെ ലാവ പ്രവഹിച്ചു. ഓര്‍മ്മയിലേക്ക്‌ പാല്‍ക്കാരി പാറോതി നടന്നുകയറി. പിരിഞ്ഞ പാലിന്റെ പുളിമണവുമായി കാറ്റും കടന്നല്‍ക്കൂടിളകിയ മാതിരി അയാളെ പൊതിഞ്ഞു.

സ്വന്തം വീട്ടുമുറ്റം അയാള്‍ക്കിപ്പോള്‍ അന്യമായിരിക്കുന്നു. ഉറക്കച്ചടവോടെ കതകുതുറന്ന സുഭദ്രയുടെ അനിഷ്ടം നിറഞ്ഞ വാക്കുകളൊന്നും പുറത്തുവരാന്‍ കരുണന്‍ അനുവദിച്ചില്ല. ഒരു മരക്കഷണത്തെയെന്നവണ്ണം അയാളവളെ തൂക്കിയെടുത്തു. തോലുരിയപ്പെട്ടപ്പോള്‍ വെളിവായ മരക്കഷണത്തിന്റെ വെളുപ്പും തുടുപ്പുമൊന്നും അയാളറിഞ്ഞില്ല. വെകിളിപിടിച്ച കുതിരയുടെ മനസ്സുള്ള അയാളുടെ കൈപ്പൂട്ടില്‍ അപ്പോള്‍ പാറോതി മാത്രമായിരുന്നു.

'യുവറോണര്‍, അത്തരത്തില്‍ ഒരു മനുഷ്യനു ചേരാത്തവിധം നികൃഷ്ടമായി പെരുമാറിയ കരുണനെന്ന പ്രതി കടുത്ത ശിക്ഷ അര്‍ഹിക്കുന്നതായി തെളിയുകയാണ്‌. പോരാത്തതിന്‌ അയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്‌, ഭാരതീയ സ്ത്രീത്വത്തിന്റെ മഹനീയതയെയും വിശുദ്ധിയെയും ലവലേശം ബഹുമാനമില്ലാത്ത, ചെളിക്കണ്ടത്തില്‍ കരുണനെന്ന പ്രതിക്ക്‌ നീതിപീഠം ഇച്ഛിക്കുന്ന പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന്‌ ബഹുമാനപ്പെട്ട കോടതി മുമ്പാകെ വിനീതമായി അപേക്ഷിക്കുന്നു. ദാറ്റ്‌സോള്‍ യുവറോണര്‍.'

തന്റെ വാദഗതികള്‍ വിജയം കൊയ്യുമെന്ന പ്രതീക്ഷ ചെളികെട്ടിയ പുഞ്ചിരിയോടെ വക്കീല്‍ ഇരിപ്പിടത്തിലേക്ക്‌ നടന്നപ്പോള്‍, കരുണന്റെ ലോകം ഉരുള്‍പൊട്ടലില്‍ മണ്ണ്‌ മൂടിപ്പോയ ഒരു ജനപദത്തിന്റെ സ്വപ്നം പോലെ ഇരുണ്ടു.

തലകുമ്പിട്ട്‌ നില്‍ക്കുന്ന കക്ഷിയെ പ്രതിഭാഗം വക്കീല്‍ ആശ്വസിപ്പിച്ചു.
'ഒന്നും പേടിക്കാനില്ല. നമ്മുടെ വാദഗതിയില്‍ എനിക്ക്‌ പൂര്‍ണ്ണ വിശ്വാസമുണ്ട്‌. ഒരു ചുക്കും സംഭവിക്കില്ല. ലഞ്ചിനു ശേഷം വിധിവരുമ്പോള്‍ താങ്കള്‍ പൊട്ടിച്ചിരിക്കുമെന്ന്‌ എനിക്ക്‌ തീര്‍ച്ചയാണ്‌.'

ഇടനാഴിയില്‍, തിരക്കൊഴിഞ്ഞ ഒരിടത്ത്‌ അയാള്‍ വിഷണ്ണനായി നിന്നു. ചുറ്റിലും നടക്കുന്നതൊന്നും തിരിച്ചറിയാനാവാത്തത്ര ഒരു മരവിപ്പ്‌ തലയില്‍ വ്യാപിക്കുന്നു. എന്താണ്‌ സംഭവിച്ചത്‌ താന്‍ സുഭദ്രയെ അപമനിച്ചെന്നോ? കൊന്നെന്നോ? സാധാരണമായ ഒരു ദാമ്പത്യകലഹമല്ലാതെ... ഇതൊരു കുറ്റമാണെന്നോ..!'

മുന്നിലെത്തി നിര്‍വ്വികാരം തന്നെ നോക്കുന്ന മകളെ മങ്ങിയ നിഴല്‍ പോലെ അയാള്‍ കാണുന്നുണ്ട്‌. വയ്യ, ആ മുഖത്തേക്ക്‌ നോക്കാന്‍ വയ്യ. അയാള്‍ കുപ്പായത്തിന്റെ കീശയില്‍ നിന്ന്‌ ആ ചെറിയ സ്വര്‍ണ്ണ മോതിരം പുറത്തെടുത്തു. അതിന്റെ ചുവപ്പുരത്നം ചിതറിച്ച തിളക്കവും, തല കുമ്പിട്ട്‌ നടന്നകലുന്ന മകളുടെ രൂപവും മാറിമാറി നോക്കിക്കൊണ്ട്‌, ജീവിതത്തിന്റെ അങ്ങേത്തലയ്ക്കല്‍ നിന്ന്‌ മരണത്തിന്റെ ഇങ്ങേത്തലയ്ക്കലേക്ക്‌ ചാഞ്ചാടുന്ന പെന്‍ഡുലം പോലെ അയാളുടെ തല രണ്ടുമൂന്നു തവണ ഇടംവലം ചലിച്ചു.

തൊണ്ടക്കുഴലിലൂടെ അത്‌ സുഗമമായി കടന്ന്‌ ശ്വസനേന്ദ്രിയത്തിന്റെ അടപ്പായി മാറേണമേ എന്ന പ്രാര്‍ത്ഥനയോടെ അയാള്‍ .. .. .. !

000

* 2005 ഓഗസ്റ്റില്‍ 'ദേശാഭിമാനി വാരിക'യില്‍ പ്രസിദ്ധീകരിച്ചത്‌.

Wednesday, December 13, 2006

ഗംഗയിലെ കല്ലുകള്‍

കവിത:

ഒരിക്കല്‍....
ബോധയാത്രയില്‍ നിന്ന്‌ തിരിച്ചെത്തിയ
കവിസുഹൃത്ത്‌
ഒരുപിടി ഉരുളന്‍ കല്ലുകള്‍ തന്നു.
ക്രോധമുനകള്‍ തേഞ്ഞുരഞ്ഞ്‌
യതിമൗനങ്ങളുറഞ്ഞ കല്ലുകള്‍.

'ഇവ ഗംഗയുടേതായതിനാല്‍ അശുദ്ധ'മെന്ന്‌
അവന്റെ മൊഴി.
'സരയുവിലും യമുനയിലുംപമ്പയിലുമുള്ളത്‌
ഒരേ ദേവമാലിന്യ'മെന്ന്‌
അവന്‍ മൂക്കുപൊത്തി.

കാമുകിയുടെ ഒളിക്കത്തിനുമേല്‍
കളഞ്ഞുപോയ സ്നേഹംപോലെ
ഓര്‍മയില്‍ അവ സ്ഖലിച്ചടര്‍ന്നും
ഉണര്‍ച്ചയില്‍ ദേഹീവിലാപമാര്‍ന്നും
ഇരുട്ടില്‍ ആരുടെയോ കണ്ണുകളായും
എന്നെ പുകകൊണ്ട്‌ ചുറ്റിവരിഞ്ഞും...

ഉറക്കത്തിലെ മലകയറ്റം
ഞങ്ങളൊന്നിച്ചായിരുന്നു.
ആരോ ഉരുട്ടിക്കയറ്റുന്ന
പെരുതായ പാറകളായി അവ.
ഏറ്റമിറക്കങ്ങള്‍ക്കിടയില്‍
മലമുനമ്പിന്റെ അതിരില്‍
മരണം തോല്‍പ്പാവക്കൂത്തിന്‌
സൂത്രധാരനായൊരുങ്ങുമ്പോള്‍
കൂര്‍ത്ത കൊക്കുകൊണ്ട്‌
ഇരയെ ലാളിക്കുന്നത്‌
ഗരുഢനായിരുന്നു.
ചിറകുകളുടെ രാക്ഷസച്‌ഛായയില്‍
തൂവല്‍ക്കുരുന്നായി ഒരു പ്രാവ്‌!

കടലോരത്ത്‌ കവിയോടൊപ്പാം
തിരയെണ്ണി നടക്കുമ്പോള്
‍കൊടുങ്കാറ്റടങ്ങിയ തീരം
കിനാവുകണ്ട്‌ ചിരിച്ചു.
അവന്‍ വചനമുതിര്‍ത്തപ്പോള്
‍ആകാശം കുഞ്ഞുമാലാഖമാരെ പെറ്റു.
തമ്പണഞ്ഞ്‌ കവിത മൂളിയപ്പോള്‍
തകിലുണര്‍ത്തിയ രാത്രിയെ ശീലുകളാക്കി
നക്ഷത്രങ്ങള്‍ പെയ്തു.
നോവിന്റെ ആയിരം തീമലങ്കാറ്റുകള്
‍ഇടനെഞ്ചിലടക്കിയ സമുദ്രം
ആലാപനത്തില്‍ ഉപ്പ്‌ കലര്‍ത്തി.
അണപൂട്ടിയ നിത്യസങ്കടങ്ങളില്‍
കണ്ണുനീര്‍ ചോരയായ്‌ ചുറഞ്ഞു.

അവന്‍ പാടി:
'എല്ലാം മറക്കാം ഇനിയെന്റെ കൂട്ടരേ...
വല്ലായ്ക വറുതികള്‍ പകലിരവു പേടികള്‍
കുന്തമുന ചാപിള്ള കുരുനിലച്ചോരകള്‍
മിഴിപൊത്തിയകലുന്ന മാതൃദൈന്യങ്ങള്‍.

സ്വന്തമുടല്‍ എരിവിളക്കാക്കിയ പാട്ടുകള്‍
ന്തം കൊളുത്തി നാം പടയേറ്റ രാവുകള്‍
എങ്ങോ മറഞ്ഞതാം കൊന്നതന്‍ വേവുകള്‍
ഇന്നും മുഴങ്ങുന്നു നെഞ്ചിലും കാതിലും.'

ഒടുവില്‍..
പുണ്യം തിരയുന്ന ഭിക്ഷാടകന്റെ
ഒഴിഞ്ഞ സ്വപ്നപാത്രത്തില്‍
നാണയങ്ങള്‍ക്കൊപ്പം കിലുങ്ങി
ആ കല്ലുകളും ഗംഗതേടിയലഞ്ഞു.

എങ്കിലും...
ഉപബോധത്തിന്റെ മുനമ്പുകളില്
‍ആരാലും നയിക്കപ്പെടാതെ
അവ ഇപ്പോഴും കയറിയിറങ്ങുന്നു
കുത്തിനോവിച്ചും കുതറിയും
ആയിരം മുനകളോടെ.

000

Sunday, December 10, 2006

ആദ്യരാവില്‍ പറയാവുന്നത്‌

എയിഡ്‌സ്‌ വിരുദ്ധ പ്രചാരകനായ
യുവകേരളീയന്‍ ഞാന്‍.
ആദ്യരാത്രിയാണിന്ന്‌.
കിടപ്പറയില്‍ പറയാനുള്ള
നൂറായിരം വര്‍ത്തമാനങ്ങള്‍ക്ക്‌
ചെറിയൊരു റിഹേഴ്‌സലാണ്‌
നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്‌.

സ്ത്രീ - പുരുഷന്‌ ദൈവം നല്‍കിയ ബലി
പുരുഷന്‍ - സ്ത്രീയ്ക്ക്‌ കടിഞ്ഞാടിടുന്ന യന്ത്രം
പ്രേമം - ഇരുവര്‍ക്കും മറയില്ലാതെ ചതിക്കാന്
‍പ്രായം ചിരിച്ചു നല്‍കുന്ന അച്ചാരം.
ലോകം എന്റെ സിനിമാസ്കോപ്പില്
‍പേയിളകിയ വെറുമൊരു കുതിര.
നിന്റെ വീക്ഷണത്തില്‍ ഒതുങ്ങാത്തതാവാം
എന്റെ സങ്കല്‍പ്പമെങ്കില്‍
നീ നിന്നെത്തന്നെ മറന്നേക്കുക.

പഴയതില്‍നിന്ന്‌ പുതിയതോ
പുതിയതില്‍നിന്ന്‌ ഭാവിയോ
തുയിലുണര്‍ത്തേണ്ടുന്ന കാലം
പടിയിറങ്ങി പൊയ്‌പേ്പായ്‌.
ഇന്നിപ്പോള്‍...
ഉള്ളതില്‍ ഉപ്പും മധുരവും ചേര്‍ത്ത്‌ മോന്താം.

വടക്കും തെക്കും കിഴക്കും
ചിതറിയ നഗരസത്രങ്ങളെല്ലാം
വീഞ്ഞുവിളഞ്ഞ കണ്ണുകളുമായി
എന്നെ മാറിലൊതുക്കിയ കാലം.
പഴയദില്ലിയില്‍ മുന്തിരിച്ചുവയുള്ള ബേഗം
ചൗരംഗി ലെയ്‌നില്‍ വംഗശ്രീ റോസി
ഗ്രാന്‍ഡ്‌ റോഡില്‍ മറാഠമണക്കും ചന്ദന
ഭുവനേശ്വറില്‍ സാമ്പ്രാണിച്ചൂരായ മുഗ്ദ്ധ...
കിടക്കയില്‍നിന്ന്‌ നേരേ
മനസ്സിലേക്ക്‌ കടക്കാന്‍ കൊതിച്ചവര്‍.
മധുവിധുവിന്നൊടുവില്‍
ഉപയോഗിച്ചെറിഞ്ഞ ഉറകളെപ്പോലെ
അവര്‍ എനിക്കന്യരായ്‌ത്തീര്‍ന്നു.
ഉറകള്‍ നിര്‍ബന്ധമാക്കിയതിലൂടെ
പ്രതിജ്ഞാബദ്ധമാക്കിയ ജന്മങ്ങള്‍.

പോംവഴികളില്ലാത്ത കീറാമുട്ടിയോ
ശരിയുത്തരമില്ലാത്ത വിഷമക്രിയയോ
ആയിരിക്കാം ജീവിതത്തിന്റെ ജന്തുസ്വരൂപം!
കഴിഞ്ഞതിനെക്കുറിച്ചെന്തിന്‌ വിലാപം?
വരാനുള്ള സ്വപ്‌നവും വ്യര്‍ത്ഥം.
ഉടല്‍ ചേര്‍ത്ത്‌ സ്വര്‍ഗ്‌ഗമാക്കിയാല്‍
ഉയിര്‍ കടലായും മാറും.
(ഇതൊക്കെ വടിവൊത്ത മുഴക്കത്തില്‍
വധുവിനോട്‌ പറഞ്ഞുപോയാല്‍...
വിറയ്ക്കുന്ന വിരല്‍ത്തുമ്പിലെ നഖങ്ങള്‍
എന്റെ കഴുത്തുതേടിവന്നാല്‍?)

"ഓമനേ,
ഒരു സത്യം ഞാന്‍ പറയട്ടെ?
എന്റെ ജീവിതത്തിലെ
ആദ്യത്തെ സ്ത്രീയാണ്‌ നീ...
അവസാനത്തെയും."

000

Thursday, December 07, 2006

കാമധേനു അഥവ ഭ്രാന്തിപ്പശു

കവിത:
കാമധേനുവെന്ന്‌ പഴയ രൂപകം!

ഒന്ന്‌:

അത്‌ ഗോകുലത്തിലെ വൃദ്ധയായ പശു.
ചെറുശ്‌ശേരിഗാഥയുടെ പാല്‍പ്പുഴകള്‍
ഉണങ്ങിച്ചുളിഞ്ഞ അകിടുകള്‍.
കോര്‍ത്തുകെട്ടിയ പദങ്ങളുടെ
ബീജപ്രളയങ്ങളൊന്നും
അതില്‍ ഗര്‍ഭമാവുന്നില്ല.
കണ്ണുതുറക്കുന്നതെല്ലാം
ഏരകപ്പുല്ലിന്റെ വിത്തുകള്‍.
കുളമ്പുകളില്‍ പഴുവരിക്കുന്നത്‌
ഗോവര്‍ദ്ധനത്തിന്റെ സ്വപ്നം.
ഗോപികള്‍ നീന്തുന്ന കടവില്‍
കുലവൈരത്തിന്റെ കാളകൂടം.
പൂതനയുടെ നിറമാറ്‌ കടിച്ചീമ്പി
പാലും പ്രാണനുമെടുത്ത്‌,
മഞ്ജരിയുടെ നിറമാലകളില്‍ നിന്ന്‌
രതിയും വിരഹവുമിറുത്ത്‌
കാളിയന്റെ ശിരസ്സുകളിലൂടെ
ലാസ്യതാണ്ഡവങ്ങളാടി .. ..
ഒടുവില്‍ ഒരമ്പിന്‍മുനയിലൂടെ
അതിന്‌ നിര്‍വ്വാണം.

രണ്ട്‌:

കിളിക്കൊഞ്ചലിലെ കളകാകളികള്‍
‍കെട്ടിക്കിടക്കുന്ന ക്ഷേത്രക്കുളം.
മാരീചന്മാര്‍ വിഭ്രമിപ്പിക്കുന്ന
ശോകനീലിമയില്‍
മഞ്ഞപ്പൂക്കളുടെ ഋതുപ്പകര്‍ച്ച.
വിദ്വേഷത്തിന്റെ നിര്‍മ്മാല്യങ്ങളില്‍
‍സോപാനത്തിന്റെ എട്ടാംപദം.
പകിടക്കളത്തില്‍ വീണുരുളുന്ന
പവിത്രശംഖിന്റെ മുഴക്കം പോലെ
ഭൂമിപുത്രിയുടെ നിലവിളികള്‍.
കവിതയുടെ വിതക്കാലവും
കാഞ്ഞിരത്തിന്റെ പൂക്കാലവും
കിളിയോടൊപ്പം പറന്നേ പോയ്‌.
ആരോ ജപിച്ചു:
'ആ മരം ഈ മരം'.

മൂന്ന്‌:

നാലുംകൂട്ടിയിരുന്നാല്‍ വേദനകള്‍
‍വേദാന്തക്കടലിലെ നാഴിയരി.
തിളയ്ക്കുന്തോറും തൂവുന്ന ജലം
തിരിച്ചുകിട്ടാത്ത ജീവിതം.
മിഴാവുകൊട്ടിക്കുഴഞ്ഞ കൈത്തുമ്പില്‍
മിഴിയെണ്ണതൂവിക്കൊളുത്തിയ
തിരികളുമായി കവിയൊരാള്‍.
മുഷ്ക്കനായ ചാക്യാരുടെ
മുള്ളുള്ള പരിഹാസങ്ങളില്‍
കാന്താരിയുടെ കടുംനീറ്റല്‍.
ഉറക്കില്ലാ പകലും രാവുകളും
വേഷംപകര്‍ന്ന വ്യാക്ഷേപകങ്ങള്‍!
എവിടെയൊ ഒരു നായ കുരച്ചുവോ?

നാല്‌:

കാമമോഹിതമായ ലോകത്തിന്‌
കവിതയും പേറ്റന്റില്ലാപ്പശുവും
തമ്മിലെന്ത്‌?
അതൊരു ഭ്രാന്തിപ്പശുവാണെന്ന്‌
ആത്മാവിന്‌ തോന്നുമ്പോള്‍ !

000

Monday, December 04, 2006

മണല്‍ക്കൂണുകള്‍

1. കാറ്ററിയില്ല ... കടലറിയില്ല ...

ഏതോ ഹിഡന്‍ അജണ്ടപോലെ സൂര്യന്‍
മണല്‍ക്കാറ്റിന്റെ കുന്തമുനകള്‍ക്ക്‌ കാവല്‍.
രാവോ പകലോ വേര്‍തിരിയാത്ത കൂടാരത്തില്
‍പ്രാതലിന്റെ വിളര്‍ച്ച പോലെ പൌര്‍ണ്ണമി.
വട്ടത്തില്‍ വട്ടാരം ഒത്തിരിക്കാം
പാത്രത്തില്‍ ചത്തുകിടക്കുന്നതോ സ്വപ്നവിഭവം.
ഇത്‌...
സന്ധിയില്ലാ ജിവിതത്തിന്റെ ഒറ്റയാള്‍ പ്രകടനം.
കവലകളോരോന്നും മുറിച്ചുകടക്കാന്‍
യുഗങ്ങളുടെ ദൈര്‍ഘ്യം.
വാക്കുകള്‍ക്ക്‌ ധ്വനിയൊടുങ്ങിപ്പോകുമ്പോള്‍
കഥയില്‍നിന്ന്‌ പുറക്കാത്തപ്പെട്ട നായകനെപ്പോലെ
കുടിയേറ്റക്കാരന്റെ വിലാപശ്രുതികള്‍...
"കാറ്ററിയില്ല ... കടലിറിയില്ല ...
അലയും തിരയുടെ വേദന?"

2. ചെക്കും വണ്ടിച്ചെക്കും

'ജീവിതം എത്ര വലിയ പ്രതിഭാസമാണ്‌?
'ഓഹോ? ആര്‌ പറഞ്ഞ്‌?'
'ഞാനല്ല, ഏതോ മഹാന്‍'
'താന്‍ മഹാമ്മാരെ കളഞ്ഞിട്ട്‌
മനുഷേമ്മാരെ നോക്കി പടിക്ക്‌. '
'എന്നാലും മനുഷ്യരില്‍ നിന്നാണല്ലോ
മഹന്മാരുണ്ടായിട്ടുള്ളത്‌''.
'തനിക്കെന്താ വട്ടൊണ്ടോ?'
'ഇപ്പോഴില്ല.എന്നാലും ഇനി ഉണ്ടായിക്കൂടെന്നില്ല'
'എടോ, മഹാമ്മാരൊക്കെ മാറിയ ചെക്കുകളാ..
നമ്മള്‌ മനുഷേമ്മാരൊക്കെ വെറും വണ്ടിച്ചെക്ക്‌.

3. കാര്‍ഡുകള്‍
(നൂതന വിദ്യാഭ്യാസത്തിന്‌ ഒരു ചാപ്റ്റര്‍)

ജീവിതം നിലനിര്‍ത്താന്‍ ഭക്ഷണമല്ല
അത്യാവശ്യമായവ ചില കാര്‍ഡുകളാണ്‌.

റേഷന്‍ കാര്‍ഡ്‌ = പട്ടിണിയുടെ പരോള്‍
തിരിച്ചറിയല്‍ക്കാര്‍ഡ്‌ = വോട്ടവകാശ വിനോദം
മാസ്റ്റര്‍ കാര്‍ഡ്‌ = മാന്യതയുടെ ട്രപ്പീസുകളി
സിം കാര്‍ഡ്‌ = ദൂരം കുറയ്ക്കാനുള്ള ഉപകരണം
കാര്‍ഷിക വായ്പ = കാലന്റെ ക്ഷണപത്രം

000

Wednesday, November 29, 2006

കിണറ്റുലോകം

കവിത:


സംസ്‌കൃതസ്‌കൂളിന്റെ അങ്കണമാകയാല്
‍കേട്ടുവളര്‍ന്നത്‌ ശ്‌ളോകാത്മകം.
കൊക്കിക്കുരച്ചു കരഞ്ഞാലും
തെറ്റിപ്പിറക്കുന്നു ഭാഷാത്മകം.

മേലെയൊരാകാശം പൂര്‍ണവൃത്തം
ചുറ്റുമിരുണ്ടതാം കാവ്യലോകം
ആഴക്ക്‌ കണ്ണുനീര്‍ പാരാവാരം
മാനത്തുകണ്ണിയെനിക്ക്‌ കൂട്ട്‌.

പന്നല്‍ച്ചെടിയുടെ മേലെയെങ്ങോ
തുമ്പിയൊരെണ്ണമിരിപ്പതുണ്ട്‌
തൊട്ടടുത്തുള്ളൊരു പൊത്തിനുള്ളില്‍
സര്‍പ്പമുറക്കം നടിപ്പതുണ്ട്‌.
നാവൊന്നുനീട്ടാന്‍ കൊതിയുണ്ടെന്നാല്
‍നന്നല്ല രാശിയെന്നോര്‍മ്മയുണ്ട്‌!

ആദിത്യനായിരം തിരികൊളുത്തി
കാവലുപേക്ഷിച്ച്‌ പോകുന്നേരം
തൂവെള്ളിപ്പാത്രത്തില്‍ കഞ്ഞിമോന്തി
രാക്കുയില്‍ കൂവിത്തിമിര്‍ക്കുന്നേരം
കത്തും വയറിന്റെ ഉഷ്‌ണമാറ്റാന്
‍കാര്‍ക്കിച്ചുതുപ്പി ഞാന്‍ കേഴുന്നേരം
ഏതോകിളിക്കുഞ്ഞുടുത്തെറിഞ്ഞ
തൂവല്‍ വന്നെന്നെ തലോടുന്നല്ലോ!
അല്ല... തുറന്നൊരാ സര്‍പ്പവായില്‍
മെല്ലെയകപ്പെട്ട്‌ പോകയാവാം.

കണ്ണറിയാത്ത നിറങ്ങളുള്ള
കണ്ണുനീര്‍ക്കുണ്ടില്‍ കിടന്നലഞ്ഞ്‌
രാവും പകലും പിണഞ്ഞചുറ്റില്
‍സ്വാസ്ഥ്യം തിരയുന്നു ജീവചക്രം.
ആകാശവട്ടത്തിനിപ്പുറത്തെ
വാതായനങ്ങളില്‍ ചെന്നുമുട്ടാന്
‍പാമ്പിന്റെ പൊത്തും കടന്നുകേറാന്‍
ആവതില്ലാത്തതെന്‍ ഭാവലോകം.

000

Thursday, November 23, 2006

നീലക്കൊടുവേലിയുടെ വിത്ത്‌

കവിത:

പ്രണയം
ഒരൊറ്റ ദിശയിലേക്കുള്ള
അതിവേഗപാത.
വേഗം കൂടുന്തോറും
ചക്രങ്ങളുടെ സ്ഥാനത്ത്‌
ചുഴിവൃത്തങ്ങള്‍ മാത്രം.
പുറത്തുള്ളവര്‍ കാണുന്നു
കാറ്റായ്‌ തീയായ്‌ ഗതിവേഗം.
അകത്ത്‌ രസിച്ചിരിക്കുന്നവര്‍ക്ക്‌
കാലം എതിര്‍വേഗം മാത്രം.

പ്രണയം
പാതിമുഖമുള്ള അഭിനേതാവ്‌.
പരിഭവങ്ങളുടെ പാഞ്ചാലി
വ്രണവാഴ്‌വിന്റെ കര്‍ണ്‌ണന്‍
നഷ്‌ടയുദ്ധങ്ങളുടെ ഭീഷ്മര്
‍മൃഗതൃഷ്‌ണകളുടെ നളജന്മം.
ഭാവരസങ്ങളുടെ പുഴ
മിഴി കവിഞ്ഞൊഴുകുമ്പോള്
‍മറുപാതിയില്‍ പുളയ്‌ക്കുന്നു
കാരമുള്ളും കരിനാഗവും.

പ്രണയം
എതിരാളിയില്ലാത്ത ശിബിരത്തില്
‍ആയുധമെടുക്കാത്ത പോരിലെ
ചീറിത്തെറിക്കാത്ത ചോരയില്
‍ആരോ മറന്നുപേക്ഷിച്ച
നീലക്കൊടുവേലിയുടെ വിത്ത്‌.
അവള്‍ മാത്രം അതറിയുന്നില്ല!

മുളയ്‌ക്കാനും ഇലവിരിക്കാനും
ആരെങ്കിലും ഒരുപിടി മണ്ണ്‌
ഓലമറയാല്‍ ചെറുതണല്
‍ചാറ്റല്‍മഴയായ്‌ ദയാപുണ്യം...!
ഇല്ല...
തോന്നലുകളിലൂടെ വളര്‍ന്ന്‌
ആകാശത്തെ സ്വന്തമാക്കിയ
മരമെന്ന ദുഷ്‌പ്പേര്‌ അതിനുവേണ്ട.

ഒരുവശം മാത്രമുള്ള നാണയം
തിരസ്‌കരിക്കുകയാണ്‌ യുക്തി.
നൂറ്റാണ്ടുകള്‍ക്കു ശേഷം ആര്‍ക്കെങ്കിലും
പുരാവസ്‌തുക്കളുടെ കൂട്ടത്തില്
‍മിനുക്കിവെച്ച്‌ പ്രദര്‍ശിപ്പിക്കാം.
പ്രണയമെന്ന പേരില്‍ മാത്രം
ആരും അതിനെ പരിചയപ്പെടുത്തരുത്‌.

000

Tuesday, November 21, 2006

കപ്പപ്പുഴുക്കും ചമ്മന്തിയും

എല്ലാവര്‍ക്കും നന്ദി. 'ഗൗരവമുള്ള സാഹിത്യചര്‍ച്ച്യ്ക്ക്‌ ബ്ലോഗിടം പക്വമല്ല' എന്ന എന്റെ അഭിപ്രായം നിരുപാധികം പിന്‍വലിക്കുന്നു. സഹിത്യത്തെയും അതിന്റെ ചാലുകളെയും തിരിച്ചറിയുന്ന പലരും ചര്‍ച്ചയെന്നു കേള്‍ക്കുമ്പോള്‍ ധൃതിയില്‍ 'ഫോര്‍ ഡയലോഗ്‌സ്‌' കാച്ചി തിരിച്ചുപോവുകയോ, വികടമോ വിമതമോ ഒക്കെയായ അഭിപ്രായങ്ങളെ പാതിവഴിയില്‍ 'ബാറ്റണ്‍' കൈമാറുകയോ ചെയ്യുന്നതിന്റെ നിരാശയിലാണ്‌ അത്തരമൊരഭിപ്രായം പറഞ്ഞുപോയത്‌.

കവിതയെയും സാഹിത്യത്തെയും ഇഷ്ടപ്പെടുന്ന, തിരിച്ചറിഞ്ഞ്‌ ആസ്വദിക്കുന്ന, പലരുമുണ്ടെന്നും, വെറും വാദത്തിനുവേണ്ടിയല്ലാതെ 'സംവാദം' തുടരാമെന്നും ഇതുവരെയുള്ള ചര്‍ച്ച തെളിയിച്ചു. അതുകൊണ്ടുമാത്രം ചില അഭിപ്രായങ്ങള്‍കൂടി പറയട്ടെ?'സര്‍ഗവേദന' എന്ന 'ക്ലീഷേ' ഒഴിവാക്കാം. പലസൃഷ്ടികള്‍ക്കു പിന്നിലും ആ അര്‍ത്ഥത്തിലുള്ള രചനാപരമായ അബോധലോകമോ, ഉള്‍പ്രേരണയെന്ന്‌ പലരും പറയാറുള്ള ജൈവരാസപ്രക്രിയയോ നടക്കുന്നില്ലായിരിക്കാം. അതുകൊണ്ട്‌ എല്ലാ എഴുത്തുകാര്‍ക്കും 'മറുകൂക്കോ' 'മറുപടിയോ' മാത്രമാണോ രചന? എല്ലാ എഴുത്തുകള്‍ക്കും അത്തരമൊരു 'പരന്ന ചട്ടിയിലേക്കൊഴിച്ച മാവിന്റെ' ജന്മരഹസ്യമേ ഉള്ളു എന്നാണോ? സാമൂഹികമായും സാമൂഹ്യമായും ഒരാളില്‍ പതിക്കുന്ന ശബ്ദങ്ങളുടെയും, ശിരസ്സിലും നെഞ്ചിലും തറഞ്ഞുകയറുന്ന അനുഭവ തീക്ഷ്ണതയുടെയും പ്രതിശബ്ദമാണെങ്കില്‍, അത്‌ ഒരു കണ്ണാടിയിലെ വെറുമൊരു പ്രതിബിംബം മാത്രമാവാന്‍ തരമില്ല. അത്‌ മനസ്സിന്റെ പല കടമ്പകളും(ട്രാഫിക്‌ ഐലണ്ടുകള്‍... 'U' വളവുകള്‍) കടന്നുപോകേണ്ടിവരും. ആശിക്കുന്ന നിലാവിനു പകരം ഉച്ചസൂര്യന്റെ തിളപ്പുകള്‍ ഉള്ളില്‍ ഒതുക്കേണ്ടിവരും.

പല അനുഗൃഹീത കവികള്‍ക്കും സൃഷ്ടി ഇത്തരം പാതയിലൂടെ രചനയുടെ പൂര്‍ണ്ണത തേടിയുള്ള അലച്ചിലായിരുന്നു.ഗുരുവായൂര്‍ നിന്ന്‌ തിരുവനന്തപുരംവരെ സഞ്ചരിച്ച്‌ ഓ. എന്‍. വി.-യെ തേടിച്ചെന്ന മഹാകവി പി. 'ഞാന്‍ ഒരു വാക്കു തേടി നടക്കുകയാണ്‌' എന്നു പറഞ്ഞത്‌ ഈ പഴഞ്ചന്‍ 'സര്‍ഗവേദന'യുമായി എങ്ങനെ പൊരുത്തപ്പെടുമെന്നത്‌ ചിന്തിക്കേണ്ടുന്ന കാര്യമാണ്‌.ചുരുക്കത്തില്‍, ചിലര്‍ക്കൊക്കെ എഴുത്ത്‌ 'മനസ്സും ശരീരവും സമര്‍പ്പിക്കപ്പെടുന്ന ഒരു വ്യക്തിപരമായ സാമൂഹികദൗത്യ'വും; മറ്റു ചിലര്‍ക്ക്‌ ഒരു പ്രതിച്‌ഛായയെ സൃഷ്ടിക്കുവാനുള്ള എതിര്‍വാക്കും ആകുന്നത്‌ ആപേക്ഷികം മാത്രമാണ്‌. ഈ ആപേക്ഷികത എല്ലാ ലോകത്തും, 'എഴുത്തുല്‍പ്പന്നങ്ങളിലും' ബന്ധപ്പെട്ടിരിക്കുന്നതുമാണ്‌.അതുകൊണ്ട്‌ 'സര്‍ഗവേദന' (സിസേറിയന്‍ എന്നും വിളിക്കാം) ആയായാലും 'മറുകൂക്ക്‌' (സുഖപ്രസവം എന്ന്‌ മറുവാക്ക്‌) ആയാലും സൃഷ്ടിക്ക്‌ അതിന്റേതായ ഒരു മൂല്യമുണ്ട്‌. അത്‌ ആസ്വാദകരുടേതായി മാറുംവരെയെങ്കിലും! കവിത സ്വാഭാവിക വഴക്കങ്ങളിലൂടെ, മൊഴികളിലൂടെ, ഭാവപരവും ജീവിതബന്ധിയുമായ അനുഭവങ്ങളിലൂടെ അവയുടെയൊക്കെ പരിണാമങ്ങളെയും താളങ്ങളെയും ഏറ്റുവങ്ങാനല്ലെങ്കില്‍ ആസ്വാദകരുടെ മുന്നിലേക്ക്‌ അവയെ സമര്‍പ്പിക്കേണ്ടുന്ന ആവശ്യമെന്ത്‌? മനുഷ്യന്റെ (തൊഴിലാളി, കര്‍ഷകന്‍, അടിസ്ഥാനവര്‍ഗ്ഗം എന്നൊന്നുമല്ല ഉദ്ദ്യേശിച്ചത്‌... common man/human എന്നു മാത്രം) മനസ്സില്‍നിന്ന്‌ (നിരവധി രാസത്വരകങ്ങളുടെ സ്വാധീനത്താല്‍)ഉല്‍ഭവിക്കുകയും, ആസ്വാദകമനസ്സുകളില്‍ നിപതിക്കുകയും ചെയ്യുന്ന കവിത എന്തായലും KFC പൊരിച്ച കോഴിയുടെ 'പാചകക്കുറിപ്പ്‌' ഒരിക്കലുമാവില്ല. രണ്ടിനും ഒരു രചനാരഹസ്യം ഒളിച്ചുവച്ചിട്ടുണ്ടെങ്കിലും.

കവിത തീര്‍ച്ചയായും ഒരു വിനിമയമാണ്‌. അതൊരു നെഞ്ചുകീറിക്കാട്ടലുമാണ്‌. പല എഴുത്തുകാര്‍ക്കും അത്‌ യാന്ത്രികമയ ഒരു ദൈനംദിന പരദൂഷണമാവാം. അങ്ങനെയുള്ള ഒരുപാട്‌ വൈജാത്യങ്ങള്‍ എക്കാലത്തും സാഹിത്യത്തില്‍ ഉണ്ടായിരുന്നല്ലോ! വിനിമയം ഒരു റ്റെലഫോണില്‍നിന്നാവാം. തെരുവിലെ വ്യത്യസ്തങ്ങളായ ശബ്ദങ്ങളില്‍ നിന്നാവം. വായിച്ച കൃതിയുടെ അനുരണനങ്ങളില്‍ നിന്നാവാം. പരിഭവിച്ച പങ്കാളിയുടെ മുഖത്തുനിന്നുമാവാം. അധികാരത്തിന്റെ ഹുങ്കില്‍ നിന്നാവാം. അടിയേല്‍ക്കുന്നവന്റെ ചോരയില്‍നിന്നാവാം. സ്വപ്നം കാണുന്നവന്റെ രാത്രിയില്‍നിന്നാവാം. ഇക്കരെ നില്‍ക്കുന്നവന്റെ അക്കരെയില്‍നിന്നാവം. എന്തില്‍നിന്നും എവിടെനിന്നും അത്‌ ജലമായി, ലവണമായി, സ്പര്‍ശമായി, ജ്വലനമായി... ചിലപ്പോള്‍ വെറും ശൂന്യതയായി കവിതയിലേക്ക്‌ വരാം. അതുപോലെ ഇതര സാഹിത്യ ശാഖകളിലും സംഭവിക്കുന്നു.

രചനയ്ക്കു പിന്നില്‍ എഴുത്തുകാരന്റെ ബോധപൂര്‍വമായ ഇച്‌ഛയുണ്ട്‌. ഇല്ലാതെ പറ്റില്ല. ചിലതൊക്കെ പറയാനുള്ള നിര്‍ബന്ധങ്ങളും ഉണ്ട്‌. ഒരു രചനയ്ക്ക്‌ അയാള്‍ ദിവസമോ, ആഴ്ചയോ... കൊല്ലങ്ങളോ എടുക്കുന്നത്‌ അക്ഷരങ്ങള്‍ നിരത്തുന്ന 'കമ്പോസിംഗ്‌' പണി ചെയ്യാനാണെന്ന്‌ വിശ്വസിക്കാന്‍ ആര്‍ക്കാണ്‌ കഴിയുക? ക്രാഫ്റ്റ്‌ മാത്രമാണ്‌ കവിത എന്ന്‌ നിരീക്ഷിക്കുന്നത്‌ ഒരുതരം അനീതിയാണ്‌. എങ്കില്‍ കേരള്‍ത്തിലെ എറ്റവും വലിയ എഴുത്തുകാര്‍ കൈനിക്കര കുമാര പിള്ളയോ പഴവിള രമേശനോ, അതുമല്ലെങ്കില്‍ എന്‍. വി. കൃഷ്ണവരിയരോ ആകുമായിരുന്നു. ഏറ്റവും നന്നായി പല എഴുത്തുകാരെയും അവരുടെ രചനകളെയും കൈയിലൊതുക്കി 'എഡിറ്റര്‍' തസ്തികയില്‍ ജോലി ചെയ്തവരാണ്‌ അവരൊക്കെ. ഒന്നുമല്ലാതിരുന്നിട്ടും, 'കമ്പോസിങ്ങും ക്രാഫ്റ്റും' തീരെ പരിചയമില്ലാതിരുന്ന സാക്ഷാല്‍ ബഷീര്‍ മഹാസാഹിത്യകാരനായത്‌ ഒരു അല്‍ഭുതമാവണം. അല്ലേ? പ്രതിഭയും അതിന്റെയൊപ്പം മനനവും ചേരാതെ എഴുത്ത്‌ യാന്ത്രികമായി വരില്ല തന്നെ.

അപ്പോള്‍, പുതിയ കാലത്തിന്റെ കവിതയെ സംബന്ധിച്ച്‌ ചെറിയ ജീവിതം, ചെറിയ ലോകം, ചെറിയ മനസ്സ്‌) ചെറിയ നിഘണ്ടുവില്‍ നമ്മള്‍ കണ്ടെത്തുന്ന ഏക പദം എന്താവണം? ഇഷ്ടം പോലെ ആയിക്കോളൂ! ബാലചന്ദ്രന്‍ 'ക്ഷമാപണം' എഴുതിയ മാതിരിയാവില്ല 'സഹശയനം' എഴുതിയത്‌. സച്ചിദാനന്ദന്‍ 'ഗസലുകള്‍' എഴുതിയ പോലെയാവില്ല 'സാക്ഷ്യം' എഴുതിയത്‌. അയ്യപ്പപണിക്കര്‍ സാര്‍ 'വഴക്കൊലപാതകം' 'കവിതയരങ്ങ്‌' തുടങ്ങിയ സാധനങ്ങള്‍ എഴുതിയപോലെ ആവില്ല 'കുരുക്ഷേത്രം' എഴുതിയത്‌. ഓ. എന്‍. വി. 'പൊന്നരിവളമ്പിളിയില്‌' എഴുതിയമാതിരിയാവില്ല 'ഭൂമിക്ക്‌ ഒരു ചരമഗീതം' എഴുതിയത്‌. ഡി. വിനയചന്ദ്രന്‍ 'വിനയചന്ദ്രിക' എഴുത്ജിയതും 'കയിക്കരയിലെ കടല്‍' എഴുതിയതും രണ്ടു വ്യത്യസ്ത ലോകത്തിലിരുന്നായിരുന്നു. കുരീപ്പുഴ ശ്രീകുമാര്‍ 'ജെസ്സി'-യും 'ചാര്‍വാകന്‍'-ഉം എഴുതിയത്‌ പല മാനസികലോകങ്ങളില്‍ ഇരുന്നാവണം. (ഇന്നതെ പുതുതലമുറയെ തല്‍ക്കലം വിടുന്നു).

ഓരോ കവിക്കും (എഴുത്തുകാരനും) കവിതയ്ക്കും അവയുടെ ഉല്‍ഭവവും ഒഴുക്കും പതനവും സംഭവിക്കുന്നത്‌ പല അര്‍ഥങ്ങളിലും വേഗങ്ങളിലും ലോകങ്ങളിലുമാവണം. ആയതിനാല്‍, കവിതയുടെ താളം, താളമില്ലായ്മ, പദഘടന, വികാരോന്മീലനം എന്നൊക്കെയുള്ള കാര്യങ്ങള്‍ വ്യത്യസ്തവും പ്രതിഭിന്നവും ആകണം. അങ്ങനെയായില്ലെങ്കില്‍ കവിതയുടെ ലോകം ആകെയൊരു 'ബോറായി' എന്ന്‌ പറയേണ്ടിവരും.ഒരു സ്‌കെയില്‍ ഉപയോഗിച്ച്‌ സമചതുരത്തെ, ദീര്‍ഘചതുരത്തെ, ത്രികോണത്തെ ഒക്കെ അളക്കാന്‍ പറ്റിയേക്കും. ഒരു സമവൃത്തം അളക്കാന്‍ അതേ സ്‌കെയില്‍ മതിയാവുമെന്ന്‌ പറഞ്ഞാല്‍... എന്തോ എനിക്ക്‌ മനസ്സിലാവുന്നില്ല, സുഹൃത്തുക്കളേ!

ആയതിനാല്‍, എഴുത്തുകാര്‍ അവരുടെ ഇഷ്ടമനുസ്സരിച്ച്‌ എഴുതട്ടെ. കാലപ്രവാഹം അവയുടേ വേരുറപ്പ്‌ തെളിയിക്കട്ടെ. സങ്കേതിക പദാവലിയില്‍ ഊന്നിക്കൊണ്ടുള്ള തര്‍ക്കം ഒഴിവാക്കം. നല്ല രചനകള്‍ കിട്ടുകയാണ്‌ നമുക്ക്‌ പ്രധാനം. കുറെ ദിവസമായി അന്യഗ്രഹസഞ്ചാരത്തിലായിരുന്ന എന്റെ അനിയന്‍ 'പൊന്നപ്പന്റെ' ചില വിശേഷങ്ങള്‍ ഇന്നത്തെ പത്രത്തിലുണ്ട്‌. ശരിക്കും 'കപ്പപ്പുഴുക്കിന്റെ സര്‍ഗവേദന'യ്ക്ക്‌ ടിയാനാണ്‌ ഒരു കാരണം. ജാമ്യാപേക്ഷയ്ക്കു പകരം 'ഇന്നാ എന്നെ വീണ്ടും തല്ലിക്കോ' എന്ന നിലപാടാണ്‌ കക്ഷിയുടേത്‌. "കേവലം അജീര്‍ണ്ണവസ്ഥയില്‍ ഉണ്ടാകുന്ന ഒരു തരം ഉദരരോഗവും, തല്‍ഫലമായി പുറപ്പെടുന്ന അധോവായുവുമാണ്‌ കവിത" എന്നും, കപ്പപ്പുഴുക്ക്‌ ഇത്തരം 'ഗ്യാസ്‌ ട്രബിള്‍' ഉണ്ടാക്കുന്നതിനാല്‍ തനിക്ക്‌ അത്‌ ഒഴിവാക്കാന്‍ പറ്റില്ലെന്നും ടിയാന്‍ ഞങ്ങളുടെ ലേഖകരെ അറിയിക്കുകയുണ്ടായി. ഏതായാലും, ഈ അജീര്‍ണാവസ്ഥ തുടര്‍ന്നാല്‍ പൊന്നപ്പന്റെ കൂടുതല്‍ എഴുത്തുകളാല്‍ ബ്ലോഗിടം സുഗന്ധസമ്പന്നമാകുമെന്നും പലര്‍ക്കും ആശങ്കയുണ്ട്‌. അനിയാ... പ്രത്യേക നന്ദി.

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എന്റെ എല്ലാ ബഹുമാന്യ സുഹൃത്തുക്കള്‍ക്കും (പ്രത്യേകിച്ച്‌ 'നല്ല ചില കഥ'കളിലൂടെ എനിക്ക്‌ പ്രിയങ്കരനായ പെരിങ്ങോടന്‍, തുടങ്ങിവെച്ച നന്ദു, അഭിപ്രായങ്ങള്‍ നിര്‍ഭയം (അങ്ങനെ വേണം)രേഖപ്പെടുത്തിയ ഇരിങ്ങല്‍, വീണ, ഇഞ്ഞി പെണ്ണ്‌, സര്‍വോപരി ആരംഭധീരന്‍ വിഷ്ണുമാഷ്‌...) എല്ലാവര്‍ക്കും നന്ദി. നമ്മുടെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍, യോജിപ്പും വിയോജിപ്പും പറഞ്ഞ്‌ പറഞ്ഞ്‌ തിരുത്താനും, ക്ഷമാപൂര്‍ണമായ നിലപാടുകള്‍ സൃഷ്ടിക്കുവാനും ബ്ലോഗിടം ഉപകരിക്കുമെന്ന പ്രത്യാശയോടെ...

000

('കവിത = കപ്പപ്പുഴുക്ക്‌' എന്ന ശാസ്ത്രീയ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ മലയാളദേശത്ത്‌ പ്രചരിച്ചിരുന്ന ഒരു നാടന്‍പാട്ട്‌. എഴുതിയ ആള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്‌ സഹിത്യ അക്കാദമിയുടെ രേഖകളില്‍ കാണുന്നു.)

കപ്പപ്പുഴുക്ക്‌.കോം

ഏനുമെന്റപ്പനും പണിക്ക്‌ പോയ്‌
ഏട്ടക്കുളങ്ങരെ പണിക്ക്‌ പോയ്‌.
അക്കരെക്കാടും കടന്ന്‌ പോയ്‌
കച്ചേരിക്കവലേം മുറിച്ച്‌ പോയ്‌.
പൂക്കരെപ്പറമ്പ്‌ കുറുകെ പോയ്‌
കാക്കരക്കടവ്‌ തൊഴഞ്ഞ്‌ പോയ്‌.
മുണ്ടകപ്പാടോം മുതുനെല്ലിത്തോടും
പല്‍പ്പൊഴ പൈമ്പൊഴേം നീന്തിപ്പോയ്‌.

കൊച്ചുളി വീതുളി ചിന്തേരും
ചുറ്റുളി കൊട്ടൂടി തൂക്കട്ടേം
ആളൊക്കും നീളന്‍ മൊഴക്കോലും
ആഴക്ക്‌ വെറ്റെല ചമ്പഴുക്കേം!
തമ്പ്രനൊരിച്ചിരി ജാപ്പാണോം
തമ്പ്രാട്ടിക്കഞ്ചാറ്‌ തെച്ചിപ്പഴോം
നായര്‌ക്കരകെട്ടാന്‍ ചുട്ടിത്തൊര്‍ത്തും
നമ്പ്യാര്‌ക്കൊര്‌നുള്ള്‌ മൂക്കിപ്പൊടീം!

കൊട്ടാരമ്പോലൊര്‌ കൂര കണ്ടേ
മിറ്റത്ത്‌ കര്‍പ്പൂരമാവ്‌ കണ്ടേ.
വെച്ചടപ്പില്ലാത്ത ചെപ്പ്‌ കണ്ടേ
സൊപ്പനമ്പോലേനും ചെലത്‌ കണ്ടേ!

ഉച്ചക്കൊടുംവെയിലുച്ചിമേലേ
പച്ചമരമ്പോലെ കത്തി നിന്നേ.
അപ്പനും ഏനും പണിക്കമ്മാരും
കന്നുംചാണകച്ചൂരണിഞ്ഞേ.
മണ്ണുകുഴിച്ചൊരെലയും വെച്ച്‌
കഞ്ഞിപകര്‍ന്ന കരിഞ്ചെറുമന്
‍കപ്പപ്പുഴുക്കിലെ ഉപ്പിനായോ
കണ്ണീര്‍ പൊഴിച്ചതന്നേനും കണ്ടേ.
അതുകണ്ടിട്ടേന്റെയീ ചങ്കിലൊര്‌
ചുഴികുത്തി തമരുളി പാഞ്ഞുപോയേ!
കരവാഴും ദൈവത്താരത്‌കണ്ടിട്ടോ
മച്ചിമ്മേലൊളിപാര്‍ത്ത്‌ കണ്‍തൊടച്ചേ!
നാഴൂരിക്കഞ്ഞീടെ നാണക്കേടും
നാറ്റത്തെറീമെല്ലം തീര്‍ന്ന നേരം
ഏനപ്പോ നല്ലപ്പം കവിത വന്നേ
കപ്പപ്പുഴുക്കിന്റെ ഏമ്പക്കമായ്‌!

തുഞ്ചമ്പറപില്‌ ചെന്നനേരം
ചുമ്മാതെ ചുറ്റിനടന്നനേരം
കള്ളങ്ങൊരിച്ചിരി ചേരുന്നേരം
ഏനും എഴുത്തച്ചനായിപ്പോയെ!

000

Thursday, November 16, 2006

കനല്‍നിലാവിലെ കൈത

കവിത:

നിലാവിലാണത്രേ കൈത പൂക്കുന്നത്‌!
പറഞ്ഞതാരാണ്‌?
അമ്മുമ്മയോ, അപ്പുപ്പനോ?
അതോ...
കഥപറയാന്‍ മിടുക്കത്തിയായ
കളിക്കൂട്ടുകാരിയോ?

ധനുമാസരാവിന്റെ കുളിരും
കിനാവിന്റെ സുഗന്ധവും
അങ്ങനെയാണത്രേ
കൈതപ്പൂവില്‍ഉറഞ്ഞുകൂടുന്നത്‌.
കഥയും കല്‍പ്പനയും കണ്ണീരും
വാസ്തവജീവിതത്തെ പകുത്തെടുക്കെ
ഈന്തത്തണല്‍ വേനലിലും
കൈത്തോടിന്റെ കളിചിരി
കേട്ടുകൊണ്ടേയിരുന്നു.
കനലൂതുന്ന പകലിരവുകളില്
‍പ്രണയവും, വാല്‍സല്യവും
വാക്കുകളായിപെയ്തുനിറഞ്ഞും
കുടം കവിഞ്ഞും,
കടം വാങ്ങിയ തുറുപ്പുകളില്
‍സ്വന്തം കഴുതമുഖം തിരഞ്ഞും,
അര്‍ദ്ധായുസ്സിന്റെ ജാതകം പോലെ
ഒളിജീവിതത്തിന്റെ തിരനോട്ടം.

ഇനി...
വയലിനെ വിഴുങ്ങിയ മൈതാനത്ത്‌
തിടമ്പുയര്‍ത്തിയ വീടിന്നുള്ളില്‍
പഴകിയ ഗൃഹാതുരതയുടെ
ഹൃദയനോവാറ്റാന്‍ (അതിനെങ്കിലും..!)
ഞാനൊരു കൈത നട്ടു പിടിപ്പിക്കും.
ഓര്‍മ്മകളുടെ കനല്‍നിലാവിലെ കൈത...
അറേബ്യന്‍ സുഗന്ധം പൂശിയ
ഒരു പ്ലാസ്റ്റിക്‌ കൈത.

000

Monday, November 13, 2006

പത്രാധിപര്‍ക്കുള്ള കത്ത്‌ (മാട്രിമോണിയല്‍ പര്‍പസ്‌)

കവിത:

കഴുത്തില്‍ കുടുക്കായ വൃത്തം
കാലില്‍ വ്രണിതം അലങ്കാരങ്ങള്‍
കല്‍പനാ വൈഭവമെന്ന്‌ കൊണ്ടാടിയ
നെക്‌ലേസും, വൈഡൂര്യമോതിരവും...
എല്ലാമുപേക്ഷിച്ചു വന്ന വിവസ്ത്രയാം ഞാനിതാ ...
താങ്കളുടെ മേശയില്‍.
പരിഗണിക്കേണമേ പത്രാധിപാ!

കവിയുടെ കാല്‍പാട്‌ കണ്ടതില്ല,
കളിയച്‌ഛനേതെന്നുമറികയില്ല,
താരാട്ടുമന്ത്രം തിരിഞ്ഞതില്ല,
വിപ്ലവാരിഷ്ടം കുടിച്ചുമില്ല.
കാവിയുടുക്കാന്‍ കൊതിയില്ലയെങ്കിലും
നാണമൊരിത്തിരി ബാക്കിയുണ്ട്‌.
പരിഗണിക്കേണമേ പത്രാധിപാ!

ലല്ലലം പാടാത്തൊരരുവി,
തീരങ്ങളില്‍ തലയുടയ്ക്കാത്ത കടല്
‍മുല കടിച്ചുന്മത്തനായൊരു കണ്ണന്റെ
നഖമേറ്റു നീലിച്ച പൂതന.
മുടിയഴിച്ചാടാത്ത തെങ്ങ്‌. മടിക്കുത്തിലാത്മാവൊളിപ്പിച്ച്‌
ഘടികാരദിശയിലോടുന്നവള്‍.
പരിഗണിക്കേണമേ പത്രാധിപാ!

കണ്ണുനീര്
‍ഗദ്ഗദം
സെന്റിമെന്റ്‌സ്‌
വായുകോപങ്ങള്‍ തെല്ലുണ്ട്‌.
പീരിയെഡൊക്കെ ക്രമത്തില്‍
എന്നാകിലും പേടിക്കുവാനേറെയുണ്ട്‌!

ചലച്ചിത്രബോധം
ചരിത്രപഞ്ചാംഗങ്ങള്
‍കംപ്യൂട്ടറെല്ലാം മിതമായുണ്ട്‌.
സാരൂപ്യമുള്ള,
സ്വജാതിയായുള്ള
ഗണത്തിലാണെങ്കില്‍ ഉടന്‍ സമ്മതം.
പരിഗണിക്കേണമേ പത്രാധിപാ!

000

Wednesday, November 08, 2006

ബാക്കിവെച്ച സ്വകാര്യങ്ങള്‍

(ഓര്‍ത്തു പോവുകയാണ്‌... വെറുതെ,
ഏകാന്തത പട്ടുചുറ്റിയ
കള്ളിമുള്ളുകള്‍ പുണര്‍ന്നെന്റെ
ചുട്ട രോദനങ്ങളില്‍ തീമഞ്ഞു പുകയവെ!)

മറന്നുവച്ച പുസ്തകത്തിലെ
പ്രണയകവിതയിലെ വരികളെ
ചുവന്ന അടിവരയാല്‍ തെളിയിച്ചത്‌.
ജനാലക്കാറ്റിലെ ചിലന്തിവല പോലെ
നെടുകെയും കുറുകെയുംകണ്ണുകളാല്‍ നെയ്തത്‌.
തീവണ്ടി കടന്നുപോകുവോളം
അപ്പുറമിപ്പുറം അകലങ്ങളിലെ
അന്തിത്തുടുപ്പില്‍ നൊന്തടര്‍ന്നത്‌.
ജീവിത ചക്രവ്യൂഹം പ്രവേശിച്ച
ശിഷ്ടസ്വപ്നങ്ങളെ പൊലിപ്പിക്കാന്
‍ഭാഷാംഗരാഗമായി അവന്‍ പിറന്നത്‌.
വളപ്പൊട്ടുകളുടെ വിചിത്രാകൃതികളില്
‍വിരല്‍ മുറിഞ്ഞ കൈയൊപ്പാല്‍
വിദേശവാസത്തിന്റെ ചൂണ്ടയെറിഞ്ഞത്‌.
സ്വന്തം ചൂണ്ട തന്നെ വിഴുങ്ങിയ മീനായി
മണല്‍പ്പെയ്‌ത്തിലും നിഴല്‍ത്തീയിലും
ഇരുവശം കിടന്ന്‌ പൊരിഞ്ഞത്‌.
ഉറങ്ങാത്ത രാത്രികളുടെ കടലില്‍
തുഴയില്ലാത്ത പൊങ്ങുതടിയായി
കരകാണാതെ നീന്താതെ അലഞ്ഞത്‌.
ഇരുകൊല്ലത്തിലൊരിക്കല്‍
കണ്ണകലമോടെ അരികത്തിരിക്കവേ
കരുതിവച്ച വാക്കുകള്‍ പിടിവിട്ടോടിയത്‌.
മറന്നുവച്ച ഡയറിയുടെ ഉള്‍പ്പേജില്‍
ഉണങ്ങിയ തുളസിക്കതിരായി
നിന്റെ സ്‌നേഹയൌവനം തിരികെത്തന്നത്‌.

ഒപ്പമില്ലെങ്കിലും ഒട്ടുമകലെയല്ലാതെ
നിന്റെ നെഞ്ചിടിപ്പ്‌ ഗുണിതങ്ങളായി
മിഴിമുനയില്‍ തുടിക്കുന്നുണ്ട്‌.
ഏത്‌ അച്ചുകൂടത്തിനും പിഴയ്‌ക്കാവുന്ന
കൂട്ടക്ഷരങ്ങളല്ലേ
നമ്മുടെ ആത്മകഥയിലുമുണ്ടാവൂ?

അനസ്തീഷ്യയുടെ പാലത്തിനിക്കരെ
പിടയ്ക്കുന്ന ഉള്‍ത്താപങ്ങളോടെ
ഞാന്‍ കാത്തിരിപ്പുണ്ടെന്ന്‌ മറക്കരുത്‌.
തിരിച്ചെത്തുവോളം എനിക്കു ജപിക്കാന്‍
പഴയൊരീ റാട്ടുചക്രങ്ങളില്‍ കുരുങ്ങിയ
നിന്റെ ഇടറാത്ത ഒച്ചയോര്‍മ്മകള്‍ മാത്രം.
അവയില്‍നിന്ന്‌ ഒരിഴ ഈരിഴയായി
പുതിയൊരു കയര്‍ നീര്‍ത്തുകയാണ്‌ ഞാന്‍...
നമ്മുടെ ദുഃസ്വപ്നങ്ങളെ തൂക്കിലിടാന്‍.

000

Monday, November 06, 2006

പ്രയാസി

അയാള്‍
നാലുകൊല്ലം കൊണ്ട്‌
വീടുപണിതു,
കാറുവാങ്ങി.
മറ്റേയാള്‍ അബ്‌കാരിയായി,
അയല്‍പക്കം മുഴുവന്‍ സ്വന്തമാക്കി.
നിങ്ങള്‍ പത്തുകൊല്ലം കൊണ്ട്‌
മൂത്തുനരച്ചതു മിച്ചം.
ആയകാലത്ത്‌,
ഭാഗ്യമോ നിര്‍ഭാഗ്യമോ,
മൂന്നു പിള്ളേരെത്തന്നു.
കാതും കഴുത്തും മനസ്സുമൊഴിഞ്ഞ്‌
ഞാനാകെ തകര്‍ന്നു.
നിങ്ങള്‍ക്കോ...
ഷുഗറിനും പ്രഷറിനും അലോപ്പതി,
ഇടുപ്പെല്ലിന്‌ ആയുര്‍വ്വേദം;
വായ്പയും പലിശക്കടങ്ങളും
ഗതികേടിന്റെ പഴമ്പുരാണവും
മാങ്ങാത്തൊലി സാഹിത്യ ചര്‍ച്ചയും!

മടുപ്പായി പിള്ളേരെടപ്പനേ,
ഇനിയെന്നാ തിരിച്ചുപോണെ?

000

Monday, October 30, 2006

അഗ്നിമലയാളം

(ജനിച്ച മണ്ണിനെക്കുറിച്ചാവുമ്പോള്‍, കവിതയില്‍ നിറയുന്നത്‌ ആ പുരാവൃത്തങ്ങളുടെ തൊങ്ങലണിഞ്ഞ 'ഗൃഹാതുരത'യാണ്‌. ഇന്നത്തെ 'തിന്മകള്‍'ക്കിടയില്‍നിന്ന്‌ അന്നത്തെ 'നന്മ'കള്‍ മാത്രം കാണുവാന്‍ ആര്‍ക്കും കൊതി തോന്നില്ലേ?)

തേനും കനകവും ചാലിച്ചിതാരെന്റ
നാവില്‍പ്പകര്‍ന്നതീ മധുരമലയാളം?
ജീവന്റെ ചാരുതയിലാത്മരാഗം തോറ്റി-
യാരെന്റെ കാതില്‍ മൊഴിഞ്ഞു മലയാളം?

വളയണിക്കൈകളാല്‍ അമ്മയെപ്പോലെന്റെ
തളിരുടലിലാലോലഭംഗിയാലേ
താളമാര്‍ന്നായിരം ചന്ദ്രാംശുഭാവമായ്‌
പാടിപ്പകര്‍ന്നതീ മഹിതമലയാളം.
തനിയേ നടന്നൊട്ടു വീണു ഞാന്‍ കേഴവേ
തഴുകുന്നു പീലിയാല്‍ പുളകജതികള്‍,
മുള്ളുകള്‍ കൊണ്ടു മുറിവേല്‍ക്കുന്ന നേരത്ത്‌
ഉള്ളുണരുമാര്‍ദ്രമാം സ്‌നേഹവര്‍ഷം,
പടിയിറങ്ങുമ്പൊഴും പകലിന്റെ മൂര്‍ച്‌ഛയി
ല്‍അകമിഴിയില്‍ വഴിയുന്നൊരഭയമന്ത്രം.
അറിയുന്നു ഞാന്‍, മനസ്സറിയാതെ ചൊല്ലുന്നൊ-
രാധിയും വ്യാധിയും എന്റെ മലയാളം.

സാന്ധ്യസോപാനത്തിലുണരുന്ന കീര്‍ത്തനം
ശാഖിയായ്‌ ചില്ലകള്‍ വിടര്‍ത്തുമാനന്ദം,
സ്വാതിയുടെ സദിരാര്‍ന്നു സരസ്സുകള്‍ പൂക്കുന്നൊ-
രാമ്പല്‍നിലാവിന്റെ ശീതളാനന്ദം,
ഗിരിമകുടമണിയുന്ന കസവണിച്ചേലയായ്‌
പുളകിത ശരന്നദീ തീര്‍ത്ഥപ്രമോദം,
കൂമ്പുന്ന രാത്രിതന്‍ മച്ചകത്തുള്ളൊരു
കൂമന്റെ കുരലിലെ അനുരണനഭംഗി.
വയലേല മൂളും പ്രഭാതരാഗങ്ങളില്
‍പുഴ മാറിലേന്തും തുലാവര്‍ഷധാരയില്
‍കന്മഷിയണിഞ്ഞേതു കരളിനും കണിപോലെ
കാക്കപ്പൂ കിളരുന്ന തൊടികള്‍ തോറും
കദളിവാഴക്കൂമ്പ്‌ യൌവനം നേദിച്ച്‌
ശൃംഗാരലാസ്യം നടത്തും പറമ്പിലും
പൊങ്ങിയും താണും നിരന്തരമാത്മാവു
ചൊല്ലിപ്പഠിച്ചതാണെന്റെ മലയാളം.

തുഞ്ചന്റെ പൈങ്കിളിപ്പാട്ടിന്‍ പദങ്ങളില്‍,
തുള്ളലിന്‍ ചിരികളില്‍ മിന്നും ചിലങ്കയില്‍,
കളരിപ്പയറ്റിന്റെ വീറുറ്റ നിലകളായ്‌
വേശമേറ്റുന്ന ശുദ്ധവായ്‌ത്താരിയില്‍,
ചാവേര്‍ക്കരുത്തിന്റെ കൌമാരവിസ്മയം
കേളികേട്ടുള്ള മാമാങ്കക്കളങ്ങളില്‍,
തെന്നും മലങ്കാറ്റിനുള്ളില്‍ച്ചുരത്തുന്ന
ചെന്തമിഴ്‌തെച്ചിതന്‍ ശലഭപൂരങ്ങളില്
‍ഏറനാടിന്‍ ക്ഷുഭിതഗ്രാമരംഗങ്ങളില്
‍തേക്കുപാട്ടിന്റെ വിയര്‍പ്പിറ്റുമോര്‍മ്മയില്‍,
മാനംകെടുത്തുവാനായുന്ന തമ്പ്രാനെ
നാവറുത്തെറിയുന്ന പെണ്‍മതന്‍ ചീറലില്.
കണ്ണാടിപോലാത്മദര്‍ശനപ്പൊരുളില്‍ നി-
ന്നുരുവാര്‍ന്ന യതിയുടെ ശ്ലോകസാരങ്ങളില്‍
സത്യത്തെ ദൈവമായ്‌ ചൊല്ലിയാരാധിച്ച
തൂലികാരൌദ്രം ജ്വലിപ്പിച്ച ദീപ്തിയില്
‍അസ്ഥികള്‍ കിളിര്‍ത്ത മണ്‍പാതയില്‍
ദുര്‍ബലര്‍ ഉയിര്‍നേടിയുണരുന്ന ധീരയത്നങ്ങളില്‍,
വീണപുഷ്പങ്ങള്‍തന്‍ സൂര്യോദയത്തിന്റെ
തേരൊച്ച കാത്തിരിക്കുന്ന മലയാളം,
വിരിമാറില്‍ വെടിയേറ്റ തെങ്ങിന്‍ പുരാവൃത്ത-
സ്മരണയാല്‍ ചെങ്കതിര്‍ നെയ്ത മലയാളം.

നോവിന്‍ ത്രിശ്‌ശൂലം തുളയ്ക്കുന്ന നെഞ്ചില്‍ഇ
ടിവാളിന്‍ പുളപ്പില്‍ കിഴിഞ്ഞ കണ്ണില്
‍ലേപനം തൂവുന്നൊരക്ഷരപ്പെരുമയായ്‌
ഗുരുവിന്‍ സ്വരാകാര ദിവ്യസാന്നിദ്ധ്യമായ്‌,
അറിയുന്നു ഞാന്‍, മനസ്സറിയാതെ തേങ്ങുന്നൊ-
രാധിയും വ്യാധിയും എന്റെ മലയാളം.

ഒരു ശ്രാവണോന്മാദമായെന്റെ സന്ധ്യയെ
തിരുമൊഴികള്‍ ചാര്‍ത്തിച്ച ഗരിമ മലയാളം,
മൃതിയോളവും ദാഹജലധിയുടെ തിരകളായ്‌
സിരകളില്‍ പ്രണയനിണമാര്‍ന്ന മലയാളം,
ഇനിയേറ്റുപാടുവാന്‍ ബാക്കിയാമിശലിന്റെ
ചരണസാമാര്‍ദ്രമാം ഭാവി മലയാളം,
ചന്ദനം പൂക്കുന്ന ഹൃദയകേദാരങ്ങള്
‍പുണ്യം വിളമ്പുന്ന ഭൂമി മലയാളം.

കടലുകള്‍ക്കകലെയും മിഴിയില്‍ കനയ്ക്കുന്നൊ-
രന്ധകാരത്തിന്റെ ശോകമലയാളം,
പാതിയോളം വെന്തുതൂവുന്ന ചോറിന്റെ-
നിഷ്‌ഫലത ദാമ്പത്യമായ മലയാളം,
നെഞ്ചോടുചേര്‍ക്കേണ്ട കുഞ്ഞിക്കിടാങ്ങള്‍തന്
‍ചിന്നുന്ന മിഴിനീരുമെന്റെ മലയാളം,
തലയറ്റുപോയൊരെന്‍ നാടിന്‍ പ്രതീക്ഷകള്‍-
ക്കിനിയും മുളയ്‌ക്കേണ്ട കനവ്‌ മലയാളം.
ജഡതകള്‍ മരുഭൂമിയായി വളരുന്നൊരീ
മലിനതയിലുണരട്ടെ അഗ്നിമലയാളം.

000

Monday, October 23, 2006

വീണ്ടും ഡയോജനിസ്സ്‌ ഈ തെരുവില്‍_!

വിജയന്റെ വാദം ശരിയാണ്‌.
'ശുനകന്‍' എന്നൊരു 'ജാതി' സര്‍ക്കാര്‍ അംഗീകരിക്കണമെന്നതാണ്‌ ആ വാദം.
അയാള്‍ വെറുതെ പറയുന്നതല്ല. ക്ഷുരക (ചില പ്രദേശങ്ങളില്‍ 'വിളക്കിത്തല നായര്‍') സമുദായത്തില്‍പ്പെട്ട തന്നെ വെറും 'ശുനകന്‍' അഥവ പട്ടിയാക്കിയതിന്‌ അങ്ങനെയൊരു ന്യായീകരണത്തിലൂടെ സമൂഹം 'പുരോഗതി കൈവരിച്ചോട്ടെ' എന്നാവുമോ പാവം വിജയന്റെ ഉള്ളിലിരുപ്പ്‌? ഭവനനിര്‍മാന വായ്‌പയ്ക്ക്‌ അപേക്ഷിക്കുമ്പോള്‍ അവശ്യം വേണ്ടുന്ന ജാതി സര്‍ട്ടിഫിക്കറ്റിലാണ്‌ വില്ലേജോഫീസര്‍ തന്റെ 'തനിപ്രകൃതി'യായുള്ള ഈ വികൃതി കണിച്ചത്‌! അതൊന്ന്‌ തിരുത്തി 'ക്ഷുരക'നാക്കിത്തരണം എന്ന്‌ വിനീതമായി അപേക്ഷിച്ചപ്പോള്‍, 'വേണമെങ്കില്‍ ഗസറ്റു വിജ്ഞാപനത്തിലൂടെ ജാതി മാറ്റിക്കോ' എന്ന്‌ ആപ്പീസറേമാന്‍ പരിഹാസപൂര്‍വം അരുളിച്ചെയ്തു.സര്‍ക്കാര്‍ അവര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന പരമാവധി, ഒരു 'സസ്പെന്‍ഷന്‍' കൊടുത്ത്‌ ആപ്പീസറെ വീട്ടിലിരുത്തി. എന്നിട്ടും പ്രശ്നം 'തിരുനക്കരേലെ വഞ്ചിയായി' കിടക്കുകയാണ്‌.

ഇതൊരു നിസ്സാര പ്രശ്നമാണോ? ജാതികള്‍ തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള സമരം ഏകദേശം ഇരുപത്തഞ്ച്‌ കൊല്ലങ്ങള്‍ക്കു മുമ്പായിരുന്നു. ഇപ്പോള്‍ ജാതിപറഞ്ഞ്‌ അഭിമാനിക്കുന്നവരായി നമ്മുടെ നാട്ടുകാര്‍. ആസനത്തില്‍ അശ്വത്ഥം കിളിര്‍ത്താലും അതൊരു തണലായി കരുതുന്ന മാനസികവളര്‍ച്ച...! അമ്പമ്പോ... അപാരസുന്ദരമായ കേരളം!

നമ്മുടെ ജാതിവ്യവസ്ഥയുടെ വേര്‌ പുരാതനമായ ചാതുര്‍വര്‍ണ്യത്തില്‍ തുടങ്ങി ഇത്തരം സംസ്കാരശൂന്യമായ ദുരവസ്ഥയോളം എത്തിനില്‍ക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ എനിക്കും നിങ്ങള്‍ക്കും, നാടിനെ കാലാകാലം കൊടിയും ചിഹ്നവും മാറ്റിമാറ്റി നയിച്ച നേതാക്കള്‍ക്കും, അവരുടെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിനും ആവില്ല. കണ്ണടച്ച്‌ ഇരുട്ടാക്കുന്ന വിദ്യയില്‍ അഗ്രഗണ്യന്മാരായ ആ നേതൃമന്യന്മാര്‍ക്കൊക്കെ 'പ്രാദേശികമായ' ഒരു വിഷയമായി ഇതിനെ ലഘൂകരിക്കന്‍ കഴിഞ്ഞേക്കും. എന്നാല്‍, വരുംകാലങ്ങളില്‍ ഭാരതത്തെ ഗ്രസിക്കാന്‍ പോകുന്ന വലിയ ഒരു അപകടമായി വേണം ജാതിചിന്തയുടെ പുനരുദ്ധാനത്തെയും അതിലൂടെ പിരിമുറുകിയ മതാത്മക രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെയും കാണുവാന്‍.

കേരളത്തെപ്പോലെ, ജാതിചിന്തയെ അതിന്റെ യുവത്വത്തില്‍ത്തന്നെ തകര്‍ത്തെറിഞ്ഞ ഒരു പരിഷ്കൃത സമൂഹത്തിന്റെ 'ജാതീയതയുടെ ചെളിക്കുണ്ടിലേക്കുള്ള തിരിച്ചുപോക്കായി' സമകാലത്തെ വിലയിരുത്തുന്നതില്‍ തെറ്റുണ്ടെന്ന്‌ തോന്നുന്നില്ല. ഓരോ മതവും, അതിനുള്ളിലെ ജാതികളും, പിന്നെ ഉപജാതികളും, അവയ്ക്കുള്ളില്‍പ്പോലും പ്രതിജാതികളും പെരുകിപ്പെരുകി... കേരളീയ സമൂഹവും തിളച്ചുമറിയുന്ന കാലത്തെ സങ്കല്‍പിച്ചാല്‍, അവിടെ സാമാന്യമായ വിവേചന ബുദ്ധിയുള്ള മനുഷ്യരുടെ വംശനാശമാണ്‌ കാണാന്‍ കഴിയുക.

സ്വാമി വിവേകാനന്ദന്റെ കാലത്തെ കേരളത്തില്‍ നിലവിലിരുന്ന അസ്പൃശ്യതയും അയിത്തവും തിരിച്ചുകൊണ്ടുവരാനണോ, ഇത്രയേറെ വിദ്യാഭ്യാസവും ചിന്താസ്വാതന്ത്ര്യവും, രാഷ്ട്രീയ-സമൂഹിക പുരോഗതിയും നമ്മള്‍ നേടിയത്‌? എല്ലാ വിഭജനങ്ങള്‍ക്കുമപ്പുറം ആത്യന്തികമയ 'മാനവ സമൂഹം' സൃഷ്ടിക്കപ്പെടുകയില്ലെന്നാണോ ഇതൊക്കെ സൂചിപ്പിക്കുന്നത്‌? ജാതീയമായ വേര്‍തിരിവുകള്‍ക്കപ്പുറം മനുഷ്യനെന്ന ചിന്ത ദുര്‍ബലമാവുന്നത്‌ എന്തുകൊണ്ടാണ്‌? സംവരണരീതിയാണ്‌ ഇതിനൊക്കെ കാരണമെന്ന്‌ ചിലര്‍ ആക്രോശിക്കുന്നു!

വിജയനു കിട്ടിയ വെറുമൊരു ജാതിസര്‍ട്ടിഫിക്കറ്റില്‍ നിന്നും വളരെ തഴേത്തട്ടിലേക്കുള്ള ഒരു പൊതുസമൂഹത്തിന്‌ ആശാസ്യമല്ലാത്ത ശീലക്കേടുകളിലേക്കല്ലേ നാം കൂപ്പുകുത്തുന്നത്‌? വരരുചിയുടെ കഥയിലൂടെ പന്ത്രണ്ടു സമുദായവും ഒരമ്മയുടെയും അച്ചന്റെയും മക്കളാണെന്ന ദൃഷ്ടാന്തം ആവര്‍ത്തിച്ചു പറയുന്ന പഴമയില്‍നിന്ന്‌ ജാതികളെല്ലാം പരസ്പര ശത്രുക്കളാണെന്നു ചിന്തിക്കുന്ന പുതിയ സമൂഹം നമുക്ക്‌ ആശാസ്യമാണോ? കുമരനാശാന്‍ വിവക്ഷിച്ച ജാതിക്കോമരങ്ങളൊഴിഞ്ഞ്‌ ഒരു നവസമൂഹം ഉരുത്തിരിയാന്‍ മിശ്രവിവാഹങ്ങള്‍ക്ക്‌ എന്തെങ്കിലും പങ്ക്‌ ഇക്കാര്യത്തില്‍ വഹിക്കാന്‍ കഴിയുമോ? (പ്രണയം പോലും ജതിമത ഗ്യാരണ്ടിയില്‍ ആരംഭിക്കുന്ന പുതു യുവത്വം...!)

ഇതാ മനുഷ്യപുത്രന്‍ ആ പഴയ ഡയോജനീസ്സിനെപ്പോലെ നട്ടുച്ചയ്ക്കു കത്തിജ്‌ജ്വലിക്കുന്ന വിളക്കുമായി തെരുവുകള്‍ തോറും തേടുന്നു. എവിടെ മനുഷ്യന്‍... എവിടെ... ഞാന്‍ തേടുന്ന മനുഷ്യന്‍? ഇരുട്ടിന്റെ സംഘനൃത്തത്തിനപ്പുറം അവനുണ്ടോ? എവിടെ.. എവിടെ.. ആ മതേതര മനുഷ്യന്‍? എവിടെ.. എവിടെ ആ ജാത്യേതര മനുഷ്യന്‍?

***

Saturday, October 21, 2006

ശ്രീവിദ്യ - ദൈവത്തിന്റെ മറ്റൊരു വികൃതി

പ്രതിഭയുടെ സ്ത്രീരൂപമായിരുന്ന പ്രശസ്ത അഭിനേത്രി ശ്രീവിദ്യയുടെ അന്ത്യം അപ്രതീക്ഷിതമായിരുന്നു. അച്ചന്റെ മരണമുണ്ടാക്കിയ വേദനയെ അത്‌ മറ്റൊരാവര്‍ത്തനമാക്കി.

സ്ഥിരമായി ടെലിവിഷന്‍ കാണാറില്ലാത്ത ഞാന്‍ ഒരു ദിവസം അവസാനിക്കുമ്പോള്‍, ടി. വി. സ്ക്രീനില്‍ ശ്രീകുമാരന്‍തമ്പി പറയുന്ന വാക്കുകള്‍ക്ക്‌ കാതോര്‍ത്തു. "'അമ്മത്തമ്പുരാട്ടി'യായ ശ്രീവിദ്യ ഇനി ചികില്‍സയ്ക്കായി പോവുകയാണ്‌. അവര്‍ തിരിച്ചുവന്നശേഷം ഈ സീരിയല്‍ തുടരും' എന്നതായിരുന്നു ആ സന്ദേശം.

നൂറുകണക്കിന്‌ സിനിമകളിലെ സാധാരണ വേഷങ്ങളില്‍ അവര്‍ വേണ്ടത്ര തിളങ്ങിയില്ലെങ്കിലും, 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച' (എം. ടി.), 'കാറ്റത്തെ കിളിക്കൂട്‌' (ജോണ്‍ പോള്‍), 'ദൈവത്തിന്റെ വികൃതികള്‍'(ലെനിന്‍ രാജേന്ദ്രന്‍), 'രചന'(ഭരതന്‍), 'പവിത്രം'(പി. ബാലചന്ദ്രന്‍), 'ദളപതി' (മണിരത്നം) തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ അഭിനയം ഹൃദയസ്പര്‍ശിയായിരുന്നു.

തമിഴ്‌ മക്കളില്‍നിന്ന്‌ ഭിന്നരെങ്കിലും, സിനിമയിലെ താരശോഭകളെ ജീവിതവുമായി ചേര്‍ത്തുവായിക്കുന്ന നമ്മള്‍ മലയാളികളില്‍ പ്രതിനിധാന സ്വഭാവമുള്ള ചില വ്യക്തികളെ ആരാധനാപാത്രങ്ങളായി പ്രതിഷ്ടിക്കാറുണ്ട്‌. കവിയൂര്‍ പൊന്നമ്മ 'നല്ലമ്മ'യാകുന്നതു പോലെ, ശ്രീവിദ്യയും ചിലപ്പോള്‍ അമ്മയും പലപ്പോഴും ചേച്ചിയും ആയി മാറി. അതുകോണ്ടാവാം ഏറ്റവുമടുത്ത ഒരു ബന്ധുവിന്റെ വിയോഗമായി നാം ആ മരണത്തെ അനുഭവിക്കുന്നത്‌.

സിനിമാരംഗം നഷ്ടങ്ങളുടെ ആവര്‍ത്തനമായതുകൊണ്ടാവം അവര്‍ (ശ്രീവിദ്യ) മെല്ലെ ടെലിവിഷന്‍ സീരിയലിന്റെ പ്രധാന ഘടകമായി മാറിയത്‌? ഡസന്‍കണക്കിന്‌ അവര്‍ അഭിനയിച്ച സീരിയലുകളുടെ കൂട്ടത്തില്‍ 'അവിചാരിതം' (കെ. കെ. രാജീവ്‌) എന്ന ചെറിയ സീരിയല്‍ ഒരു അനുഭവമാക്കി മാറ്റിയത്‌ ശ്രീവിദ്യയുടെ അസാധാരണ കൈയൊതുക്കമായിരുന്നു.

വിവാഹജീവിതം അവര്‍ക്ക്‌ ഒരു കുരിശ്‌ശാരോഹണമായിരുന്നു എന്ന്‌ സിനിമാരംഗത്തെ അറിയാവുന്ന ചില പരിചയക്കാര്‍ പറഞ്ഞുള്ള അറിവ്‌ എനിക്കുണ്ട്‌. 'തീക്കനല്‍' സിനിമയുടെ നിര്‍മ്മാതാവിനെ സ്നേഹിച്ച്‌ വിവാഹം കഴിച്ചതിലൂടെ അവര്‍ സ്വന്തം അമ്മയുമായി പിണങ്ങിയ കഥ പില്‍ക്കാലത്ത്‌ മനോവേദനയോടെ, അവര്‍ ഏറ്റുപറഞ്ഞിരുന്നു. ആ ദാമ്പത്യം ഏതോ കുരങ്ങന്റെ കൈയിലെ പൂമാലയായി പരിണാമഗുപ്തി പ്രാപിച്ചത്‌ ഒത്തിരി 'ഭ്രൂണരോദനങ്ങളോടെ'യാണെന്ന്‌ നമ്മള്‍ വ്യസനത്തോടെയാണ്‌ വായിച്ചത്‌. പണത്തിനുമീതെ പല ആണ്‍കഴുകന്മാരും പറക്കില്ലെന്ന്‌ ഒന്നുകൂടി തിരിച്ചറിയുകയും ചെയ്തു.

ഭര്‍ത്താവുമായുള്ള വേര്‍പിരിയലും കോടതികയറ്റവും, അതില്‍ നേടിയ വിജയവുമൊന്നും അവര്‍ ആഘോഷമാക്കിയില്ല. പല തലമുറകളില്‍പ്പെട്ട മഹാനടന്മാരുടെ ഒപ്പം, പലര്‍ക്കും അമ്മയായി അഭിനയിച്ച്‌ കൊതിതീര്‍ത്ത തനിക്ക്‌ ജീവിതത്തില്‍ 'ഒരു അമ്മ'യാവാന്‍ കഴിയാഞ്ഞതിന്റെ ആഴമേറിയ വേദന അവരില്‍ മരണത്തോളം വേരിറക്കിയിരുന്നു. ചുരുക്കത്തില്‍ അവരുടെ മരണം, ഒരു ദീപ്തനക്ഷത്രത്തിന്റെ വിടവാങ്ങലായി എനിക്ക്‌ തോന്നുന്നു. ഇനിയും ശ്രദ്ധേയമായ ഒത്തിരി കഥാപാത്രങ്ങള്‍ക്കായി അവര്‍ വേഷമിടുമെന്ന്‌ കരുതിയത്‌ ... വെറും തോന്നല്‍ മാത്രമായി. (മനസ്സില്‍ നിറച്ചുവച്ചിരിക്കുന്ന ഒരു തിരക്കഥ ആരെങ്കിലും സിനിമയാക്കാനൊരുങ്ങിയാല്‍ അതില്‍ ഒരു 'അമ്മ' വേഷമായി സങ്കല്‍പ്പിച്ചിരുന്നതും ശ്രീവിദ്യയെ ആയിരുന്നു എന്നത്‌ ഒരു വിരോധാഭാസമാവാം.)

പുനര്‍ജന്മത്തില്‍ വിശ്വാസമില്ലെങ്കിലും... അങ്ങനെയുണ്ടാവുന്നതാണ്‌ ഹിതകരമെന്ന്‌ ഇപ്പോള്‍ ചിന്തിച്ചുപോകുന്നു. അല്ലെങ്കിലും, നമുക്ക്‌ പ്രിയപ്പെട്ടവര്‍ ജീവിതത്തിലേക്ക്‌ തിരികെ വരുന്നത്‌, സ്വപ്നം സത്യമാകുന്നത്‌.... ഒക്കെയൊക്കെയും... കൊതിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ?

* ഇരുപത്‌ വര്‍ഷങ്ങള്‍ക്കപ്പുറം... സര്‍വകലാവല്ലഭന്‍ 'കമലഹാസന്‍' പറഞ്ഞത്‌:
"ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ആകര്‍ഷകമായ കണ്ണുകള്‍ ശ്രീവിദ്യയുടേതാണ്‌. പക്ഷെ അവര്‍ എന്റെ ചേച്ചി ആയിപ്പോയി. അതുപോലെ കണ്ണുകളുള്ള ഒരു പെണ്ണിനെയാണ്‌ ഞാന്‍ വിവാഹം കഴിക്കുക."

ശ്രീവിദ്യ യുവത്വത്തില്‍ തന്നെ ആകര്‍ഷിച്ചതിനെയും, പില്‍ക്കാലത്ത്‌ അവരില്‍നിന്നു മാതൃതുല്യമായി ലഭിച്ച സ്നേഹത്തെയും അവലംബിച്ച്‌ 'ക്ഷോഭിക്കുന്ന കവി' ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എഴുതിയിട്ടുണ്ട്‌.

മിമിക്രി വയറ്റിപ്പാടാക്കിയവര്‍ ശ്രീവിദ്യയുടെ നിതംബഗുരുത്വത്തെ അതിശയോക്തിയുടെ തലയണകള്‍ വച്ചുകെട്ടി ഉപഹസിച്ചത്‌ കണ്ടുചിരിച്ച 'ടീവി നോക്കികള്‍' ഇപ്പൊഴെങ്കിലും ആ പരിഹാസത്തിന്റെ മുള്‍മുനകള്‍ സ്വന്തം കണ്ണില്‍ ഏറ്റുവാങ്ങുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു.

അച്ചാര്‍:

ഒരു കുമ്പിള്‍ കണ്ണീരും ഒരു കുടന്ന പുഷ്പങ്ങളും.

***

Wednesday, October 18, 2006

കുപ്പായങ്ങള്‍

‍രാത്രി...
ആകാശക്കുപ്പായം തുന്നിക്കൂട്ടി
നഗ്നത മറയ്ക്കുന്ന വിരഹി.
സ്വപ്നം മറന്നുപോയ
വിധേയരുടെ വേനല്‍ക്കൂടാരത്തില്
‍പുറത്തേക്ക്‌ പായും മിഴിയില്‍
അകക്കാമ്പിന്റെ ചൊല്‍ക്കാഴ്ചകളായ്‌
ഓര്‍മ്മത്താളുകളിലൂടെ ഞാന്‍.

അഴയില്‍ തൂങ്ങുന്നതെല്ലാം
മരിച്ചവരുടെകുപ്പായങ്ങള്‍.
അളവുകള്‍ ചിലത്‌ - ഏറിയും കുറഞ്ഞും
നിറങ്ങള്‍ പലത്‌ - കടുത്തും വിളര്‍ത്തും
ആകൃതിയൊഴിഞ്ഞ ശ്വസനാവേഗങ്ങള്‍
ആഴം തിരയുന്ന പുരാവൃത്തങ്ങള്‍.

ജന്മിയപ്പൂപ്പന്റെ ചാരുകസാലയില്‍
ജരാനരകളിലൊടുങ്ങിയ മാതുലവിപ്ലവം
ഏക്കേജി, എമ്മെന്‍, ഈയെമ്മസ്‌,
കേപ്പീയാര്‍, കുന്നിക്കല്‍, മജൂംദാര്‍!
കുളയട്ടയെപ്പോലെ ചീര്‍ത്തുതൂങ്ങിയ
ചൂണ്ടുവിരലിലെ നീളന്‍ അരിമ്പാറ
മൂത്താശാരിയുടെ ഉളിമുനയാല്‍
പല്ലിവാലായി വീണുപിടച്ച ഓപറേഷന്‍!

അനിയന്റെ സിവില്‍ സര്‍വ്വീസ്‌ പഠനക്കുറിപ്പുകള്‍,
ഇരുചക്രശകടമായ്‌ സാഹസാന്ത്യം.
ദൈവങ്ങളുടെ കുംഭഗോപുരങ്ങള്‍ക്കപ്പുറത്ത്‌
തലയറ്റലയും പിതൃപ്രാര്‍ത്ഥനകള്‍.
പെയ്തും തപിച്ചും,
പൂവിട്ടു കൊഴിഞ്ഞും കാലം.
ശൂന്യമായ വേദിയില്‍ ഒറ്റയാള്‍വേഷമായി
മിശ്രാഭിനയം നടത്തുന്ന കോമാളി നീ...
നീയെന്ന്‌ വിദൂഷകവചനം.

മണങ്ങളിലൂടെ ...
വിയര്‍പ്പും ബീഡിയും വെറ്റിലപ്പാക്കും
അറ്റുതൂങ്ങിയ വിരലിന്റെ ചുവന്ന ചിരിയും
കുപ്പായങ്ങളിലേറി പുനര്‍ജ്ജനിയായി
ജാഥാംഗങ്ങളുടെ ആവേശമായി
ഇന്നും മായാതെ!

പാകമാകാത്ത കുപ്പായത്തിന്റെ
പൊട്ടിയടര്‍ന്ന സ്വര്‍ണ്ണക്കുടുക്കുകളില്‍
സ്നേഹവും സ്വാതന്ത്ര്യവും വായിച്ചെടുക്കുന്നു
രാത്രിയും ഞാനും നിങ്ങളും.

അതാ...
കുപ്പായങ്ങളുടെ ശൂന്യതയിലേക്ക്‌
അവര്‍ തിരികെ പ്രവേശിക്കുന്നതു കണ്ടില്ലേ?

000

Tuesday, October 17, 2006

ബലിച്ചോര

ചുവന്ന ബലിച്ചോര
കറുത്തുറഞ്ഞ ചെളിനിലത്തിലൂടെ
ഒരു കണ്ണീര്‍പ്പുഴയൊഴുകുന്നു.
ചത്തമീനുകളായി
കാലവും കവിതയും
അതില്‍ നീന്തിനടക്കുന്നു.
കണ്ണഴുകിയ തലയോട്ടിയിലൂടെ
യാങ്കിസര്‍പ്പങ്ങള്‍ എണ്ണ തിരയുന്നു.
പൊലിഞ്ഞ മെഴുതിരികളില്‍
വിഷധൂമം വര്‍ത്തുളാകൃതിയില്‍ ചുറ്റുന്നു.

സ്വന്തം ശിരസ്സുകള്‍ തേടിത്തളര്‍ന്ന
ഒരു കൂട്ടം ബാല്യങ്ങള്
‍തെരുവിലൂടെ അലയുന്നു.
ഒരു വാക്കുപോലും സ്വന്തമല്ലാത്ത
അവരുടെവിരലറ്റുതൂങ്ങിയ കൈപ്പടത്തില്‍
പനിനീര്‍മൊട്ടുകള്‍ മാത്രം.
അതവര്‍ അന്ധലോകത്തിന്റെ
ചപലതയ്ക്കുനേരെ നീട്ടുന്നു.
ലോകമോ?
അതിന്റെ ലോഹവാതില്‍
ചെകിട്‌ പൊട്ടുമാറ്‌ കൊട്ടിയടയ്ക്കുന്നു.

കബന്ധങ്ങള്‍ തിങ്ങിയ മോര്‍ച്ചറിയുടെ
ഇടുങ്ങിയ വാതില്‍ ആരോ തുറക്കുന്നു.
നിലവിളികളില്‍ മരവിച്ച
നിരാശ്രയരായ അമ്മമാരുടെ
നീലിച്ച ഒലിവുമുലക്കണ്ണുകള്‍.
അമ്മിഞ്ഞപ്പാലുണങ്ങാത്ത ചുണ്ടില്‍ഒ
രു സ്വപ്നച്ചിരിയുമായി
അന്ത്യനിദ്രയിലാണ്ട പിഞ്ചുടല്‍.
അവന്റെ മുഷ്ടിയുടെ ശൂന്യതയില്‍
ദുര്‍ബലമായ ഒരു ചോദ്യം മാത്രം.
'എവിടെ എന്റെ പ്രിയപ്പെട്ട ലോകം?'

ഇതാ, യു. എന്‍. നിരീക്ഷകന്
‍ആതുരാലയത്തിന്റെ ഇടനാഴിയില്‍.
'ഈ സമാധാനപ്രാവിനെ നാം വരവേല്‍ക്കുക.
ലോകത്തിന്റെ വിശുദ്ധ മനഃസാക്ഷിയും
ലോഹനീതിയുടെ തുലാസും ഇവനല്ലോ!'
ശിഥിലഭ്രൂണങ്ങളുടെ കുഞ്ഞുനഖങ്ങള്
‍പ്രാവിന്റെ ബൂട്ടുകളില്‍ അള്ളിപ്പിടിക്കുന്നുവോ?
അദ്ദേഹം ഒരു ടോയ്‌ലെറ്റ്‌ അന്വേഷിച്ച്‌
പരക്കം പായുകയാണല്ലോ!

അച്ഛന്‍ ഇനിയും വരാത്തതെന്ത്‌?
ഒന്നും വേണ്ടിയിരുന്നില്ല.
ഋതുപ്പകര്‍ച്ചയുടെ സമ്മാനങ്ങളും
മൂന്ന്‌ നിറങ്ങളിലുള്ള കൈവളകള്‍,
വെള്ളിപ്പാദസരം, ഹല്‍വ, ബദാം,
പച്ചയില്‍ മഞ്ഞപ്പൂക്കളുള്ള പട്ടുറുമാല്‍,
കവിത കുറിക്കാന്‍ ഒറ്റവരയന്‍ പുസ്തകം.
ഒന്നും ഇനി വേണ്ടല്ലോ അച്ഛാ!
അതൊക്കെ കുഞ്ഞാമിന എടുത്തോട്ടെ,
അവള്‍ക്ക്‌ ഒരു കണ്ണല്ലേ പോയുള്ളൂ!

യുദ്ധവിരുദ്ധ മുന്നേറ്റത്തിന്റെ
കൊടിയടയാളമായ കവിയൊരാള്‍
തന്റെ പ്രണയം തേടിയുഴലുന്നു.
അത്‌ പൂക്കളിലും പുഴയിലും ഇല്ലായിരുന്നു.
പൂഴിയില്‍, ചാരത്തില്‍, ജ്വലിത വിഭ്രാന്തിയോടെ
അതൊരു നക്ഷത്രനിശ്ശബ്ദതയായി
ഒളിച്ചു കഴിഞ്ഞിരുന്നു.

ബലിച്ചോരയുടെ ഉപ്പളങ്ങളില്‍ പിച്ചവെച്ച്‌,
ക്രൂരതയുടെ അധിനിവേശങ്ങളില്‍ വളര്‍ന്ന്‌
കാഴ്ചകളാല്‍ കബളിപ്പിക്കുന്ന സൂര്യ .. ..!
നിന്റെ കുടിലദൃഷ്ടികള്‍ ഇനി അടയ്ക്കുക.
ഇരുട്ടിന്റെ ഞൊറി വിടര്‍ത്തിയിടുക.
കണ്ണീര്‍വറ്റാത്ത ഓര്‍മ്മകളെ തഴുകിയുറക്കാന്‍
ഞങ്ങള്‍ക്കിനിയൊരു പാട്ടുപോലുമില്ലല്ലോ!

****
എല്ലാ യുദ്ധങ്ങളുടെയും രക്തസാക്ഷികള്‍ക്ക്‌.