Saturday, January 03, 2009

കുളം

മുറ്റത്തെ കിണറിന്‌
ഒരു ഓവുണ്ടായിരുന്നു.
മഴനിറഞ്ഞു കിണര്‍ തൂവുമ്പോള്‍
അച്‌ഛന്‍ ഓവ്‌ തുറന്നു വിടും.

ഒളിച്ചുകളിക്കുന്ന സൂര്യനെ
ഇളം നീലയായി പകര്‍ത്തി
മലര്‍ന്നുകിടക്കുന്ന കിണര്‍
‍ആഴങ്ങളില്‍ നിന്നുള്ള
ചൂടുള്ള ധാരയെ പുറംതള്ളും.
ചെറിയ ജലസസ്യങ്ങളും
മാനത്തുകണ്ണിയും
പിച്ചകത്തിന്റെ അടര്‍ന്ന മൊട്ടുകളും
ഓളങ്ങളുടെ ധിക്കാരത്തില്‍
ഒഴുക്കിനെതിരെ കൂടിനില്‍ക്കും.

ഒഴുക്കിനൊപ്പം വഴിതുറന്ന്
ഞാനും അച്‌ഛനൊപ്പം
തൂമ്പയുമായി നടക്കും.
തെങ്ങുകള്‍ക്കും വാഴകള്‍ക്കും
കറിവേപ്പിനും നാരകത്തിനും
ചാലുകള്‍... തോടുകള്‍.

ഒഴുക്കിന്റെ വേഗം
വയല്‍ക്കരയിലെ കുളം വരെ.
ആകാശത്തെ നിറച്ചുവച്ച
പ്രണയിനിയുടെ കണ്ണുപോലെ
ആഴവും അനന്തതയും തുടിക്കുന്ന
നീലിമയുടെ നൃത്തം.

കുളം
പ്രപഞ്ചവും ആകാശഗംഗയും
ജീവിതത്തിന്റെ സമൃദ്ധിയും
ജലത്തിന്റെ അപാരതയും
മനസ്സിന്റെ ശാന്തതയും...
എന്നൊക്കെ അച്‌ഛന്‍ പറയും.

തിരികെ വീട്ടിലെത്തുമ്പോള്‍
ഒറ്റയ്‌ക്കായെന്ന തോന്നലുമായി
കണ്ണുനിറയ്ക്കുന്നു അമ്മ.
- നീയെവിടെപ്പോയിരുന്നു?
- കുളക്കര വരെ.
- ഈ സന്ധ്യക്ക്‌... ഒറ്റയ്ക്കോ?
- അല്ലല്ലോ!
- പിന്നെ?
- അച്‌ഛനും ഉണ്ടായിരുന്നു.

അമ്മയുടെ മൗനം
ഒരു തേങ്ങലിന്
ഞൊടിയിടയില്‍ വഴിമാറും.

***

9 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

“ആകാശത്തെ നിറച്ചുവച്ച
പ്രണയിനിയുടെ കണ്ണുപോലെ
ആഴവും അനന്തതയും തുടിക്കുന്ന
നീലിമയുടെ നൃത്തം.“
‘കുളം’ എന്ന കവിതയുമായി വീണ്ടും.
സസ്നേഹം....

പ്രയാസി said...

അച്ഛന്റെ ഓര്‍മ്മകളുമായി തൊടിയിലൂടെ ഒരു യാത്ര..

നന്നായിരിക്കുന്നു പ്രസാദേട്ടാ..:)

ആശംസകള്‍

വേണു venu said...

മനോഹരം എന്ന വാക്കില്‍ മാത്രം എന്‍റെ പ്രതികരണം ഒതുക്കുന്നു. അല്ല അതില്‍ കൂടുതലൊന്നും പറയാനും എനിക്കറിയില്ലല്ലോ.!

Kaithamullu said...

നാട്ടിലെത്തുമ്പോള്‍ എനിക്കുണ്ടാകുന്ന ചില അനുഭവങ്ങള്‍......

ശിവപ്രസാദ്, എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നൂ!
(മറ്റൊന്നും പറയാനില്ല!)

വിശാഖ് ശങ്കര്‍ said...

അല്പനേരം ഞാനും ഒപ്പം നടന്നു.

ഇഷ്ടമായ് ഈ കവിത.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രയാസി, വേണു, ശശിയേട്ടന്‍,വിശാഖ്...
എല്ലാവര്‍ക്കും നന്ദി പറയട്ടെ. എന്റെ അനുഭവം മറ്റുപലരുടേതുമാണെന്ന് അറിയുന്നതില്‍ സന്തോഷം.

പാമരന്‍ said...

wonderful maashe.

Ranjith chemmad / ചെമ്മാടൻ said...

അനുഭവിക്കുന്നു....മാഷേ..
ഓരോ വരികള്‍ക്കിടയിലും....

Shaivyam...being nostalgic said...

Excellent!