മണ്ടരിപ്പനി വന്നേപ്പിന്നെ
ഗൊണം പിടിച്ചിട്ടില്ല.
ഒരാള്‍പ്പൊക്കമായപ്പോ കാച്ചതാ..
ഇപ്പോ കണ്ടില്ലേ?
നരച്ച് നരകിച്ച്
എന്റെ ദേവ്യേ...
ആ ചാക്‌ക്‍വളത്തിന്റെ കേടാ!
അല്ലെങ്കിപ്പിന്നെ
ഇങ്ങനെയൊണ്ടോ
ചെറുപ്പത്തിലേ ഒരോ സൂക്കേടുകള്?
ഈ പറമ്പില് നെറയെ
പണ്ടൊക്കെ ഞാളേ ഒണ്ടാരുന്നൊള്ള്.
എടയ്ക്കെങ്ങാണ്ട്...
രണ്ട്‌മൂന്ന് പ്ലാവും മാവും;
ഇതിപ്പോ...
ശ്വാസവെടുക്കാന്‍ വയ്യാണ്ടായി,
എല്ലാടവും റബറല്ലേ പവറ്?
റബറ് വെട്ടാന് വെരാറൊള്ള തൊമ്മീം
ഞാളെ തലചെരിച്ചൊന്ന് നോക്കത്തില്ല.
മേത്ത് കേറാന് വന്നിര്‌ന്ന മൂപ്പരും
ഈയ്യിടെ...
ഏണികുലുക്കി വരാതായി.
...ന്നലെ കേക്കണ്,
പണ്ടാറവടങ്ങാനെക്കൊണ്ട്
ആരാന്റെയോ ഒരു മന്ത്രീന്റെ
പഴിയും പ്രാക്കും.
'തെങ്ങിന്റെ മണ്ടെലാന്നോ
വെവസായം വെരണേന്ന്...!'
ആ കൊലമരത്തിനറിയുവോ
പണ്ട്...
ആലപ്പൊഴേലെ സമരത്തില്
സഖാക്കമ്മാരുക്ക്
സായിപ്പ് വെച്ച വെടി
നെഞ്ചീക്കൊണ്ട തെങ്ങിനെപ്പറ്റി?
ഓ...
അയാക്കങ്ങനേയൊന്നും
ഓര്‍മ്മേണ്ടാവില്ലാലോ...!
ഫരിക്കുവല്ലിയോ
നാട്ടാരെടെ തലേക്കേറി.
ഇപ്പഴും... ആ തെങ്ങ്‌കാര്‍ണോര്
അവിടെത്തന്നെ നിപ്പാ...
നെഞ്ചും വിരിച്ച്!
ഒന്നീല്... ഞങ്ങളെയങ്ങ് കൊല്ലണം,
അല്ലെങ്കി... മനംമര്യാദ്യായിട്ട് നോക്കണം!
ഇങ്ങനെ പോയ്യാല്...
'തെങ്ങ് ചതിക്കില്ലാ'ന്ന്
പണ്ടാരോ പറഞ്ഞേക്കണത്
'നേരല്ല... നേരല്ലാ'ന്ന്
ഞങ്ങക്കും പറ്യേണ്ടിവെരും.
ഹല്ല... പിന്നെ?
***
7 comments:
നന്നായി ചേട്ടാ..:)
നന്നായിരിക്കുന്നു ഈ കേരകാണ്ഡം.
-സുല്‍
:)
ആസ്വാദകം...സരളമായ വാക്കും ഗഹനമായ ചിന്തയും....
ഇഷ്ടമായി , ആ ഗ്രാമ ഭാഷയും ആശയവും.:)
sweet poem...I really like it...
ഇതും നന്നായിരിക്കുന്നു
സഖാക്കമ്മാര്‍ വളര്‍ന്ന് നേതാക്കളും മന്ത്രിമാരുമായപ്പോ
കൊടിയും പിടിച്ച് ജാഥ നടത്തിയ വയല്‍വരമ്പൊക്കെ മറന്നില്ലേ?
ഇങ്ങനേയും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നല്ലോ....
Post a Comment