Wednesday, January 23, 2008

ഓട്ടോക്കാരന്റെ ദിനക്കുറിപ്പുകള്‍

പഴവങ്ങാടീല്‌ തേങ്ങാവെല കൂടി
പതിനഞ്ചിനാ ഒരെണ്ണം കിട്ടിയെ..!
മേല്‍പ്പാലത്തേന്ന്‌ ഒരു തടിച്ചി കേറി
തമ്പാനൂരെറക്കിയപ്പോ നൂറിന്റെ കീറ്‌!
'ചേഞ്ചില്ലാ'ന്ന്‌ അവള്‌ പറഞ്ഞേനെടേല്‌
ഒന്നുരണ്ട്‌ സഹന്മാരെത്തപ്പീട്ടും
'ചേഞ്ചില്ല' തന്നെ?
എടുത്താപ്പൊങ്ങാത്ത ചരക്കും ചമയോം
ഏന്തിയേന്തി അവളങ്ങ്‌ പോയപ്പോ
ഭൂമികുലുക്കുന്ന ആ അപൂര്‍വചന്തിക്കിട്ട്‌
ഒന്ന്‌ തൊഴിക്കാനാ തോന്നിയെ!

അപ്പോ... ദാ വന്നു.. ഒരു സിംബ്ലന്‍.
ഷൂവും ടൈയും ചെവീലൊര്‌ മൊബേലും
ചറപറാചൊറിയന്‍ ഇംഗ്ലീഷും.
'ടെക്നോപാര്‍ക്കിന്‌ ദൂരം കൊറേണ്ട്‌,
ബസ്സാ നല്ലേ'ന്ന്‌ പറഞ്ഞപ്പോ
'ദോണ്ട്‌ വഴി' എന്നൊരു കാച്ച്‌!
അവന്റെയൊര്‌ പത്രാസ്‌... തേങ്ങാക്കൊല.
ഉള്ളൂര്‌ പോങ്ങുമ്മൂട്‌ കാര്യവട്ടം വഴി
കറക്കിയെടുത്ത്‌ കുറ്റിയടിച്ചപ്പോ
അവന്‌ മീറ്ററേല്‍ കാണണോന്ന്‌!
പേശാന്‍ നിക്കാതെ ടൈവാലേല്‌ പിടികൂടി
ഒര്‌ പെട കൊടുത്തപ്പോ...
'ന്നാണ്ണാ കാശ്‌'ന്നൊര്‌ ഐ. ട്ടി. ഡയലോഗ്‌!

Photobucket

കാര്യവട്ടത്തൂന്ന്‌ മൂന്ന്‌ ജഗജില്ലികളാ കേറിയെ.
എമ്പത്‌ തരണവെന്ന്‌ മുമ്പേറ്‌ പറഞ്ഞെ
അവമ്മാരോട്‌ വഴക്കിടന്‍ വയ്യാഞ്ഞിട്ടാ.
പുള്ളാരല്ലേ... പൂതിയല്ലേ... എന്നൊക്കെ തോന്നി
സകലമാന ഊടുവഴീലും
ഊരും പേരും ശരിയല്ലാത്ത ചെലവള്‌മാരെ
തപ്പിത്തപ്പി നടന്ന്‌ കൊഴഞ്ഞ്‌
ഉച്ചയോടെ കൊച്ചുവേളീ ചെന്ന്‌
ഞാന്‍ പൊറത്ത്‌ മുഷിഞ്ഞുകെടന്ന്‌
നാല്‌ ദിനേശ്ബീഡിം പൊകച്ച്‌.
തട്ടുമുട്ടും ചിരിബഹളോം തകര്‍ത്ത്‌
പിന്നേം പിന്നേം നേരംവൈകി...
എറ്റിപ്പിഴിഞ്ഞ ജീന്‍സ്‌ പോലെ
അവമ്മാര്‌ വണ്ടീക്കേറി മലന്നേപ്പിന്നെ
ബാറിന്റെ മുമ്പിലാ ഞാന്‍ നിര്‍ത്തിയെ.
കൊതിക്കെറുവ്‌ മാറ്റാന്‍ രണ്ട്‌ വാറ്റടിച്ച്‌
ഒരു താറമ്മൊട്ടേം വിഴുങ്ങി വന്നപ്പോ...
ദാ കെടക്കുന്നു... അവമ്മാരെടെ തരികിട.
'അമ്പതേ' തരത്തൊള്ളെന്ന്‌!
എമ്പതല്ലാ.. അമ്പതാത്രേ... പറഞ്ഞേന്ന്‌
ഒര്‌ ജാമ്യവെവസ്ഥേം വളിച്ച ചിരീം.
കിട്ട്യതും വാങ്ങിച്ച്‌ അവമ്മാരെ പൊറത്താക്കി
കേശവദാസപുരത്തേക്ക്‌ തിരിയുമ്പോ
മുടിയാനയിട്ട്‌ ഒരു മീന്‍ലോറി കേറിവന്ന്‌....

ഞാനിപ്പം കഷ്വാല്‍റ്റീലാടാ അപ്പീ...
വണ്ടിയാകെ ചളവായെടാ പൊന്നേ!
നീയാ യൂണ്യന്‍ നേതാവിനെ വിളിച്ചോണ്ട്‌
ഇങ്ങോട്ടൊന്ന്‌ വാടാ മോനേ.
ഇതേലെ കാശ്‌ തീരാറായി...
ങാ.. പിന്നെ,
മറക്കാതെ നാല്‌ പൊറോട്ടേം കോഴീം,
പറ്റുവെങ്കി... മറ്റേ...!

***

4 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ദാ ഒര്‌ ഓട്ടോക്കാരന്‍ പോണ്‌.

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം ഓട്ടോക്കാരന്റെ ഒരു ദിനം.

ആ കമന്റ് വെരിഫിക്കേഷന്‍ എടുത്തുകളയന്റെ മാഷെ... :)

മറ്റൊരാള്‍ | GG said...

പാവം ഓട്ടോക്കാരന്റെ ഒരുദിവസം അങ്ങനെ തീര്‍ന്നു!

ശിവേട്ടാ..
ഇങ്ങനെയൊക്കെ ഈയുള്ളവനുംകൂടി മനസ്സിലാവുന്ന ഭാഷയില്‍ എന്തെങ്കിലും ഇനിയും എഴുതൂ!

കാര്യം മനസ്സിലായപ്പോള്‍ ഏഴുത്തിന്റെ ശൈലിയും ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.

സാക്ഷരന്‍ said...

മറക്കാതെ നാല്‌ പൊറോട്ടേം കോഴീം,
പറ്റുവെങ്കി... മറ്റേ...!

:)