ആകാരമോ പ്രകാരമോ അല്ല
അവയ്ക്ക് പേരിടുന്നത്...
ശീലങ്ങളും ചലനങ്ങളും ചേര്‍ന്ന്
ഏതെങ്കിലുമൊരു പേരില്‍ പ്രതിഷ്ഠിക്കുകയാണ്.
ചിലവ പെരുവഴിയെങ്കില്‍
ഇടവഴികളോട് ഇണങ്ങില്ല.
പുച്ഛത്തിന്റെ അമ്ളജലം
അതില്‍ വഴുക്കലുണ്ടാക്കും .
ചിലവ ദേവനദിയെന്ന പുകഴ്ത്തലില്‍
നരകവാരിധികളെ ഒളിപ്പിക്കും.
പേരു മാത്രം നിലനില്ക്കും
ഒരു നോക്കുകുത്തിച്ചിരി പോലെ!
മരമായ് മേഘം തൊടുന്ന
മഴയായ് മണ്ണിലിറങ്ങുന്ന
ചിലവയൊക്കെ ഓര്‍മ്മിക്കപ്പെടും
പല ജന്‍മങ്ങളുടെ ഒളിപ്പടവുകളിലൂടെ.
വാക്കുകളുടെ സുഗന്ധമേറ്റിയ
കേഴ്വിയായ് മുഴങ്ങിക്കുഴങ്ങി
അവ ചരിത്രത്തില്‍ കൊടി നാട്ടും.
വിഷമധുരം കിനിയുന്നതോ
ശവക്കച്ചയായ് മൂടുന്നതോ
വാഗ്ദത്തമായ് നേരം കൊല്ലുന്നതോ
അക്കൂട്ടത്തിലുണ്ടാവാം.
മഴവില്ലായ് കൊതിപ്പിക്കുന്നതോ
മിഴിമുനയായ് കരള്‍ കീറുന്നതോ
ഒക്കെയൊക്കെ ചില നാള്‍
പ്രാര്‍ത്ഥനാമുറികളില്‍ ഇടം പിടിച്ചേക്കും!
ചിലവ കുളയട്ടകളായി
ആത്മരക്തം കുടിച്ചുചീര്‍ത്ത്
ദിച്ചുപാടും മഹോപനിഷത്തുകള്‍!
അങ്ങനെ... നാവുകള്‍
കോടി രൂപകങ്ങളുടെ അഭിസരണങ്ങളിലൂടെ
സ്വയം നഗ്നമാക്കപ്പെട്ട
ജനനേന്ദ്രിയങ്ങളായി തുടിച്ച്
പാതകളെയും പതാകകളെയും
ബലാല്‍സംഗം ചെയ്യും.
++++
6 comments:
നാവുകളുടെ രൂപപരിണാമങ്ങള്‍ ഇങ്ങനെയും!
നന്നായിരിക്കുന്നു മാഷേ
ശിവപ്രസാദ്,
പതിവില്‍ നിന്നും വ്യത്യസ്ഥമായി വളരെ തീഷ്ണമായ വരികള്‍.
“ചിലവ കുളയട്ടകളായി
ആത്മരക്തം കുടിച്ചുചീര്‍ത്ത്
മദിച്ചുപാടും മഹോപനിഷത്തുകള്‍!“
നല്ല കവിത. :)
“മരമായ് മേഘം തൊടുന്ന
മഴയായ് മണ്ണിലിറങ്ങുന്ന
...............
വാക്കുകളുടെ സുഗന്ധമേറ്റിയ
.................
അവ ചരിത്രത്തില്‍ കൊടി നാട്ടും“
എനിയ്ക് ഏറെ ഇഷ്ടപ്പെട്ട വരികള്‍
പതിവുപോലെ അധികമൊന്നും മനസ്സിലായില്ലെങ്കിലും
മാഷിന്റെ തിരിച്ചുവരവില്‍ ഏറെ സന്തോഷിക്കുന്നു.
സ്നേഹത്തോടെ,
എന്റെ പ്രസാദേട്ടാ.. ഹൌ..എന്തായിതു..
കവിതയെക്കുറിച്ചു വലുതായൊന്നും അറിയില്ല..
കുറെ പ്രാവശ്യം വായിച്ചു.. എന്നിട്ടും കടുപ്പം തന്നെ..അതു കൊണ്ടു നന്നായി എന്നു പറഞ്ഞിട്ടു ഓടുന്നു..;)
‘...വിഷമധുരം കിനിയുന്നതോ
ശവക്കച്ചയായ് മൂടുന്നതോ
വാഗ്ദത്തമായ് നേരം കൊല്ലുന്നതോ
അക്കൂട്ടത്തിലുണ്ടാവാം...’
‘...അങ്ങനെ... നാവുകള്‍
കോടി രൂപകങ്ങളുടെ അഭിസരണങ്ങളിലൂടെ
സ്വയം നഗ്നമാക്കപ്പെട്ട
ജനനേന്ദ്രിയങ്ങളായി തുടിച്ച്
പാതകളെയും പതാകകളെയും
ബലാല്‍സംഗം ചെയ്യും...’ ???
Post a Comment