കവിത:
പാതിരാത്രിയില്‍
ഞെട്ടിയുണര്‍ന്ന് പരതിനോക്കുമ്പോള്‍
എല്ലാം തലകുമ്പിട്ട്.
തറയില്‍
മൂന്നിലയുമായി
അപ്പോള്‍ മുളച്ചപോലെ
ലോഹച്ചെടി.
മേശയ്‌ക്കടിയില്‍
തുളുമ്പാതെ ഗ്ലാസ്സും വെള്ളവും.
ഭിത്തിമേല്‍
ക്ലോക്കില്‍
പന്ത്രണ്ടിനുപകരം ഒമ്പത്.
ജനാലപ്പുറത്ത് ...
ചെമ്മതില്‍
നാട്ടുമാവ്
വിഷവാനം.
മുറ്റത്തെ കിണറും തെങ്ങും
അഴയില്‍ വിരിച്ചിട്ട കാലുറ, യൂണിഫോമും...
അഴുക്കുമൂലയിലെ തുറപ്പച്ചൂല്?
കമിഴ്‌ന്നുറങ്ങുന്ന പുസ്തകങ്ങള്‍
കലണ്ടര്‍ദൈവങ്ങള്‍
നിലവിളക്ക്
ടെലിവിഷന്‍
എലിക്കെണി.
മറവിയുടെ ചാരം നിറഞ്ഞ
കുടുംബചിത്രങ്ങളില്‍
മരിച്ചവര്‍
ജനിക്കാത്തവര്‍...
മഹാത്മാവ്
ഗുരു
മാര്‍ക്‌സ്...!
മക്കളുടെ പഠനമുറിയിലെ ഭൂപടവും...?
അസഹ്യമായി തല പെരുത്ത്
അലറിവിളിച്ചപ്പോള്‍
അതാ...
വീട്ടുകാരിയുടെയും മക്കളുടെയും ഉടുവസ്ത്രങ്ങള്‍
കാറ്റുപിടിച്ച പോലെ
തലകുത്തനെ വരുന്നു.
അവര്‍
ഏകകണ്ഠമായി
സുപ്രഭാത നിലവിളിയോടെ
ആശ്ചര്യപ്പെട്ടു...
ഈ അച്ഛന്‍ മാത്രമെന്താ ഇങ്ങനെ...!
ശീര്‍ഷാസനം ചെയ്യുവാ?
000