Tuesday, June 12, 2007

സ്വരപ്പകര്‍ച്ചകള്‍

കവിത:


‍കൊല്ലണോ, വളര്‍ത്തണോ...
മുന്മൊഴിയുടെ നിഴലിനെ?

ബലിക്കാക്ക പറഞ്ഞു:
കൊന്നേക്കൂ...
മൂന്നുരുള കൊത്താന്‍ അതല്ലേ ഉപായം?

കുറിഞ്ഞി മൊഴിഞ്ഞു:
നടുത്തുണ്ടം കിട്ടുമെങ്കില്‍
നാലുവട്ടം സമ്മതം.

നിഴല്‍ വെറുമൊരു നിഴലല്ലെന്ന്‌,
നിറംപിടിപ്പിച്ച നുണയെന്ന്‌,
നിലവറയിലെ സര്‍പ്പമെന്ന്‌,
നിത്യനിര്‍വാണസൂത്രമെന്ന്‌,
നീതിയില്ലാ സത്വമെന്ന്‌,
ശുദ്ധശൂന്യതാ സ്വത്വമെന്ന്‌...
പലരും ഗവേഷണത്തില്‍ കണ്ടു.

പടവലത്തിന്‌ വളമിട്ട്‌
തണലോല നാട്ടി മഴപ്പാട്ട്‌ ചാറ്റി
തനിമലയാളത്തിന്റെ രുചിയോര്‍ത്ത്‌
ദിനപത്രം മെല്ലെ നുണഞ്ഞിറക്കി
അവനിരിക്കുമ്പോള്‍
അതിരുകള്‍ക്കകം ചടഞ്ഞിരിക്കുമ്പോള്‍
പുലരിപ്പൊന്തയില്‍ ഉറക്കം തൂങ്ങുന്ന
കിളികള്‍ തമ്മില്‍ ആര്‍ത്തുകലമ്പുന്നു...
കൊന്നേക്കൂ...കൊന്നേക്കൂ...

മനസ്സിലുള്ളതാം ചെറിയ വിത്തുകള്‍
നിലത്തിലേക്കവ ചിതറിപ്പാകുവാന്‍
പറഞ്ഞതില്ലാരും, തടഞ്ഞതുമില്ല.
പറന്നുവന്നൊരു കതിരെടുത്തവര്‍..
കിളികളായിടാം, പഥികരായിടാം...
കവിതപോലുള്ള കരളിന്നുള്ളിലെ
സുഗന്ധമേറ്റൊരു കമനിയായിടാം!
ചുരവും മാമലമുടിയും ലാളിച്ച്‌
പുകഞ്ഞ ഗ്രീഷ്മത്തിന്‍ ചെറുകാറ്റായിടാം.
അവരെടുത്തവ, അഭിരമിച്ചവ,
അതിലെ ബാഷ്പവും മുകിലും തൂര്‍ന്നവ...
പരപരാഗണം ഭവിച്ച കാലത്തിന്‍
കുരുതിയില്‍ മുങ്ങി മറഞ്ഞുപോയവ...
ചിലവ വാള്‍മുനച്ചിരിയില്‍ കോര്‍ത്തുള്ള
നെറിയും നേരുമായ്‌ വിറങ്ങലിച്ചവ...
അവയൊക്കെ പകര്‍ന്നരുളിയ സ്നേഹം
ഇവിടെന്‍ പാത്രത്തില്‍ ചെറുനാണ്യങ്ങളായ്‌
തിളങ്ങുമ്പോള്‍, അതിന്‍ നിഴലിനെക്കൊല്ലാന്‍
എനിക്കു വയ്യ...!

വിപരീതങ്ങള്‍തന്‍ വിപണിബാന്ധവം
കൊതിച്ചു ഞാനെന്റെ മുഖം മറയ്ക്കില്ല.
വികൃതമെങ്കിലും വിഫലമെങ്കിലും
എനിക്ക്‌ പഥ്യമീ സ്വരപ്പകര്‍ച്ചകള്‍.

000

7 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

‍കൊല്ലണോ, വളര്‍ത്തണോ...മുന്മൊഴിയുടെ നിഴലിനെ?ബലിക്കാക്ക പറഞ്ഞു:കൊന്നേക്കൂ...മൂന്നുരുള കൊത്താന്‍ അതല്ലേ ഉപായം?

നന്ദു said...

“...പുലരിപ്പൊന്തയില്‍ ഉറക്കം തൂങ്ങുന്ന
കിളികള്‍ തമ്മില്‍ ആര്‍ത്തുകലമ്പുന്നു...
കൊന്നേക്കൂ...കൊന്നേക്കൂ...“

ശിവപ്രസാദ്..:) നല്ല കവിത.
കൊല്ലാന്‍ പറയുന്നവര്‍ക്ക് ആര്‍ത്തട്ടഹസിക്കാം പക്ഷെ ഞാനെന്റെ അഭിപ്രായം അവിടെ രേഖപ്പെടുത്തി. എന്തൊക്കെ പ്പറഞ്ഞാലും എന്നെപ്പോലുള്ളവര്‍ക്ക് അതൊരു സഹായം തന്നെയാണ്.
ശിവപ്രസദിന്റെ അഭിപ്രായം കവിതയിലൂടെ അറിയിച്ചത് നന്നായി. കൊല്ലാന്‍ പറയുന്നവര്‍ ഈ കവിതയിലെ വരികള്‍ ആത്മാര്‍ത്ഥമായി വായിക്കുമെന്നും പ്രതീക്ഷിക്കാം.

Unknown said...

പ്രിയ കവിസുഹൃത്തേ,
താങ്കള്‍ സാര്‍ത്ഥകമായ ഒരു കവനകര്‍മ്മം നിര്‍വഹിച്ചിരിക്കുന്നു.

വല്യമ്മായി said...

കവിത ഇഷ്ടമായി.

G.MANU said...

ശിവേട്ടാ...കുറെയേറെയായല്ലോ കണ്ടിട്ട്‌... ഒരുപാടു സന്തോഷം..ഒപ്പം ധീരമായ കവിതകൂടി കണ്ടപ്പോള്‍...

വിഷ്ണു പ്രസാദ് said...

കവിത ഇഷ്ടമായി.ആശയം ഇഷ്ടമായില്ല.

മൂര്‍ത്തി said...

കവിത കൊള്ളേണ്ടിടത്ത് കൊള്ളട്ടെ..