Sunday, June 17, 2007

ഡെപ്യൂട്ടേഷന്‍

കവിത:
Photo Sharing and Video Hosting at Photobucket


ഉത്തലലെന്‍സിന്റെ കനത്തില്‍
അടുത്തുകാണുന്നവയെല്ലാം അസ്സലാവണമെന്നില്ല!
ഓര്‍മയുണ്ടാവുമല്ലോ
കൊറ്റിയൂരിലെ കാഴ്ചകളെപ്പറ്റി
ടെലിവിഷന്‍കാര്‍ ചമച്ച
പൊട്ടക്കഥകളിലെ പൊരുള്‍.

വംശനാശമില്ലാത്ത പാവങ്ങള്‍
‍കൊറ്റിയൂരിലെ കൊറ്റികള്‍ പറഞ്ഞു:

നാലെണ്ണം ഇല്ലാഞ്ഞത്‌ ഭാഗ്യം!
മൂന്നെണ്ണം പൊക്കിപ്പിടിച്ച്‌
ഒന്നിലൂന്നിയുള്ള ധ്യാനയോഗം
സ്വര്‍ഗ്ഗവാതില്‍ നൂഴുമ്പോലെ എളുപ്പമല്ല.
മീന്‍പിടിക്കുന്നതിലെ നയതന്ത്രം
വെറും മലം മുട്ടലല്ല.
ബുദ്ധിയുള്ളവര്‍ക്കേ അതിന്റെ മുട്ടറിയൂ.

റബറ്‌ കര്‍ഷകന്‍ ഈനാശു
ഉന്നംപിടിക്കുന്ന എരട്ടക്കുഴല്‌
ആത്മാവിന്‌ സഞ്ചരിക്കാനുള്ള
ഇരുള്‍ത്തുരങ്കമാണെന്ന്‌ കരുതിയാലും
ധ്യാനത്തിന്‌ ശാന്തി വേണമെങ്കില്‍
ചുണ്ടനെത്തന്നെ കോര്‍ക്കണം.

പൊന്തമറവിലെ ചെന്നായ
ചങ്ങാത്തം കൊതിച്ച്‌
കടങ്കഥ പറയാന്‍ വരുമ്പോള്‍
സുല്ലിടാന്‍ പറ്റില്ലല്ലോ!
ധ്യാനമൊടുക്കി കോക്രിച്ച്‌
കളിയാക്കല്‍ കൂക്കോടെ
ഒറ്റയൊരു പറക്കലാ പിന്നെ.
തൊണ്ടയിലെ മുള്ളെടുക്കാന്‍
പണ്ട്‌ പോയതിന്റെ പൊല്ലാപ്പ്‌
നൂറ്‌ തലമുറയ്ക്കും മറക്കാവതല്ല.

അങ്ങനെ പറക്കുമ്പോള്‍...
പതിനാലുകാരിയുടെ ഞരങ്ങല്‍
എഴുപതുകാരിയുടെ മൃതിച്ചോര
തൊപ്പിക്കാരന്റെ തീഗുണ്ട്‌
നെറ്റിക്കുങ്കുമമുള്ള കൊടുവാള്‍
തടിയൂര്‍ ഷാപ്പിലെ കുടിപ്പകമേളം
തൊഴില്‍ത്തര്‍ക്കത്തിലെ ചോരത്തുണി
പ്ലസ്‌ ടു മാവിന്റെ മറവിലെ
ഡപ്പാങ്കൂത്ത്‌ പ്രേമത്തകില്‍...
എല്ലാമെല്ലാം കാണുന്നുണ്ട്‌.

ഉറപ്പായി പറയാം...
ഗ്രാമസഭാംഗിയുടെ അവിഹിതത്തില്‍
കുറ്റാരോപിതന്റെ കുടുക്കത്തലപൊളിച്ചതും
കുളത്തിലിട്ടതുമൊന്നും
ബാങ്കുമുറ്റം മുതല്‍ കോടന്‍ചിറ വരെ
അനുഗമിച്ച ഞാനും കണ്ടിട്ടില്ല.

മണലൂറ്റുകാരന്‍ മാത്തുകണ്ട്രേക്കിന്‌
വാക്കിനും വാശിക്കും കുറവോ?
അതിയാനൊന്നും പറഞ്ഞില്ല
അറിഞ്ഞുമില്ലെന്ന്‌ ഞാന്‍ പറയണോ?
എല്ലാം തലവിധിയാണെന്നേ...!

ചുമ്മാതല്ല മാളോരെ,
ഈ കൊറ്റിയൂരിലെ കൊറ്റികളെല്ലാം
ഡെപ്യൂട്ടെഷന്‍ വാങ്ങി സ്ഥല വിടുന്നെ!
അവനവന്റെ ആസനം നനയാതെ നോക്കാന്‍
എന്തെല്ലാം പാടാണ്‌
എന്റെ ശ്രീവല്ലഭാ!

***

4 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പൊന്തമറവിലെ ചെന്നായ
ചങ്ങാത്തം കൊതിച്ച്‌
കടങ്കഥ പറയാന്‍ വരുമ്പോള്‍
സുല്ലിടാന്‍ പറ്റില്ലല്ലോ!
ധ്യാനമൊടുക്കി കോക്രിച്ച്‌
കളിയാക്കല്‍ കൂക്കോടെ
ഒറ്റയൊരു പറക്കലാ പിന്നെ.
തൊണ്ടയിലെ മുള്ളെടുക്കാന്‍
പണ്ട്‌ പോയതിന്റെ പൊല്ലാപ്പ്‌
നൂറ്‌ തലമുറയ്ക്കും മറക്കാവതല്ല.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...
This comment has been removed by the author.
നന്ദു said...

നാട്ടിലെ ഇടവഴിയിലൂടെ നടന്നതിന്റെ സുഖം.

Unknown said...

പ്രിയ ശിവപ്രസാദ്,

വളരെ നന്നായിരിക്കുന്നു പലതും പറയാതെ പറയുന്ന ഈ പുതിയ (?)ശൈലി....

ഇതു വായിച്ചപ്പോള്‍ ചെമ്മനത്തിന്റെ ആളില്ലാക്കസേരകള്‍ വായിച്ചപ്പോളുണ്ടായ ഒരു മനസ്ഥിതിയാണ് മനസ്സിലോടിയെത്തിയത്.