Thursday, December 07, 2006

കാമധേനു അഥവ ഭ്രാന്തിപ്പശു

കവിത:
കാമധേനുവെന്ന്‌ പഴയ രൂപകം!

ഒന്ന്‌:

അത്‌ ഗോകുലത്തിലെ വൃദ്ധയായ പശു.
ചെറുശ്‌ശേരിഗാഥയുടെ പാല്‍പ്പുഴകള്‍
ഉണങ്ങിച്ചുളിഞ്ഞ അകിടുകള്‍.
കോര്‍ത്തുകെട്ടിയ പദങ്ങളുടെ
ബീജപ്രളയങ്ങളൊന്നും
അതില്‍ ഗര്‍ഭമാവുന്നില്ല.
കണ്ണുതുറക്കുന്നതെല്ലാം
ഏരകപ്പുല്ലിന്റെ വിത്തുകള്‍.
കുളമ്പുകളില്‍ പഴുവരിക്കുന്നത്‌
ഗോവര്‍ദ്ധനത്തിന്റെ സ്വപ്നം.
ഗോപികള്‍ നീന്തുന്ന കടവില്‍
കുലവൈരത്തിന്റെ കാളകൂടം.
പൂതനയുടെ നിറമാറ്‌ കടിച്ചീമ്പി
പാലും പ്രാണനുമെടുത്ത്‌,
മഞ്ജരിയുടെ നിറമാലകളില്‍ നിന്ന്‌
രതിയും വിരഹവുമിറുത്ത്‌
കാളിയന്റെ ശിരസ്സുകളിലൂടെ
ലാസ്യതാണ്ഡവങ്ങളാടി .. ..
ഒടുവില്‍ ഒരമ്പിന്‍മുനയിലൂടെ
അതിന്‌ നിര്‍വ്വാണം.

രണ്ട്‌:

കിളിക്കൊഞ്ചലിലെ കളകാകളികള്‍
‍കെട്ടിക്കിടക്കുന്ന ക്ഷേത്രക്കുളം.
മാരീചന്മാര്‍ വിഭ്രമിപ്പിക്കുന്ന
ശോകനീലിമയില്‍
മഞ്ഞപ്പൂക്കളുടെ ഋതുപ്പകര്‍ച്ച.
വിദ്വേഷത്തിന്റെ നിര്‍മ്മാല്യങ്ങളില്‍
‍സോപാനത്തിന്റെ എട്ടാംപദം.
പകിടക്കളത്തില്‍ വീണുരുളുന്ന
പവിത്രശംഖിന്റെ മുഴക്കം പോലെ
ഭൂമിപുത്രിയുടെ നിലവിളികള്‍.
കവിതയുടെ വിതക്കാലവും
കാഞ്ഞിരത്തിന്റെ പൂക്കാലവും
കിളിയോടൊപ്പം പറന്നേ പോയ്‌.
ആരോ ജപിച്ചു:
'ആ മരം ഈ മരം'.

മൂന്ന്‌:

നാലുംകൂട്ടിയിരുന്നാല്‍ വേദനകള്‍
‍വേദാന്തക്കടലിലെ നാഴിയരി.
തിളയ്ക്കുന്തോറും തൂവുന്ന ജലം
തിരിച്ചുകിട്ടാത്ത ജീവിതം.
മിഴാവുകൊട്ടിക്കുഴഞ്ഞ കൈത്തുമ്പില്‍
മിഴിയെണ്ണതൂവിക്കൊളുത്തിയ
തിരികളുമായി കവിയൊരാള്‍.
മുഷ്ക്കനായ ചാക്യാരുടെ
മുള്ളുള്ള പരിഹാസങ്ങളില്‍
കാന്താരിയുടെ കടുംനീറ്റല്‍.
ഉറക്കില്ലാ പകലും രാവുകളും
വേഷംപകര്‍ന്ന വ്യാക്ഷേപകങ്ങള്‍!
എവിടെയൊ ഒരു നായ കുരച്ചുവോ?

നാല്‌:

കാമമോഹിതമായ ലോകത്തിന്‌
കവിതയും പേറ്റന്റില്ലാപ്പശുവും
തമ്മിലെന്ത്‌?
അതൊരു ഭ്രാന്തിപ്പശുവാണെന്ന്‌
ആത്മാവിന്‌ തോന്നുമ്പോള്‍ !

000

7 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പകിടക്കളത്തില്‍ വീണുരുളുന്ന
പവിത്രശംഖിന്റെ മുഴക്കം പോലെ
ഭൂമിപുത്രിയുടെ നിലവിളികള്‍.
കവിതയുടെ വിതക്കാലവും
കാഞ്ഞിരത്തിന്റെ പൂക്കാലവും
കിളിയോടൊപ്പം പറന്നേ പോയ്‌.
ആരോ ജപിച്ചു:
'ആ മരം ഈ മരം'.
"കാമധേനു അഥവ ഭ്രാന്തിപ്പശു" - കവിത

സു | Su said...

മനസ്സിലാക്കാന്‍ കുറച്ച് പ്രയാസമുണ്ട്. വായിച്ചിട്ട് ഇഷ്ടമായി. :)

Anonymous said...

ശുദ്ധ ബെര്ളിത്തരം പോലെ സുന്ദരം...
മനസ്സിലായെങ്കിലും ഇഷ്ടപ്പെട്ടില്ല !

Anonymous said...

ക്ലാസ്സിക് ശൈലിയുടെ പതനമാണോ ഉദ്ദേശിച്ചിരിക്കുന്നതു? അതൊക്കെ അനിവാര്യമല്ലേ? കാല്പനികതയും കിഴവിയായല്ലോ. കുറച്ചു ദിവസം മുമ്പു്‌ ഓഎന്‍വി പറഞ്ഞതായി കണ്ടു:"കാല്പനികത രോഗമാണെങ്കില്‍ എന്നും രോഗിയായിക്കഴിയാനാണെനിക്കിഷ്ടം"

Anonymous said...

കൃഷ്ണ-രാമന്മാരിലൂടെ ഒരു യാത്ര!!.
നന്നായി ശിവപ്രസാദ്. ‘ശനി‘ യുടെ തിരക്കുകളില്‍ നേരെ ചൊവ്വേ വായിക്കാന്‍ കഴിഞ്ഞില്ല.

Anonymous said...

ശിവപ്രസാദ്,
ബിംബങ്ങളില്‍ കുറച്ചു കൂടി ലാ‍ളിത്യം വരുത്തിയാല്‍
കൊള്ളാമെന്നൊരഭിപ്രായം കൂടിയുണ്ട്. ഇതിലെ മൂന്നാമത്തെ ഭാഗം അല്പം കട്ടിയായിപ്പോയില്ലെ?.
നേരെ വായിച്ചപ്പോള്‍ തുള്ളലിന്റെ പിറവിയെന്നാണെനിക്കു തോന്നിയതു? അതു ശരിയൊ? കവി എന്താണ്‍ അതു കൊണ്ട് ഉദ്ദേശിച്ചതെന്നു ഒരു കമന്റിട്ടാല്‍ നന്നായി.

Unknown said...

ഈ കവിതയെ ,ഭാഷയുടെ ബൃഹത്തായ ഒരു ഭൂതകാലത്തെയും അതിനിന്നു വന്നു ചേര്‍ന്ന ദുര്‍ഗതിയെയും വായനക്കാരിലെത്തിക്കാന്‍ ഒരുപാധിയാക്കിയിരിക്കുകയാണെന്നു തൊന്നുന്നു ശ്രീ ശിവ പ്രസാദ്.
ഇനിയും ലളിത സുന്ദരങ്ങളായ കവിതകള്‍ പ്രവഹിക്കട്ടെ.