Monday, May 24, 2010

പുഴയെഴുതുന്ന പൊയ്‌നാടകം

ഓരോരോ വരകളായ്... ചായങ്ങളായ്
പുഴ ഒരസ്തമയം സ്വപ്നം കാണുമ്പോള്‍
മേഘവില്ലിലൊരു കണ്ണേറുകനല്‍ മാത്രം
ഒളിച്ചും പാത്തും അടങ്ങാതടങ്ങി.

ചാഞ്ഞുറങ്ങിയൊരു പൂവരശ്
ഞാണില്ലാത്തൊരു മുതുതെങ്ങ്
കാക്കപ്പൂവള്ളിപ്പടര്‍പ്പില്‍
കരയുന്നൊരു കുളക്കോഴി
നീര്‍ക്കോലിക്കുളി
മാനത്തുകണ്ണിക്കനവ്...
പുഴയിതിലെല്ലാം പരന്നുപതഞ്ഞ്
പാതാളഗുഹ നൂണിറങ്ങിയൊരു
പഞ്ചാരനുണക്കഥ.

പൈതലിനൊരു പുഴയുടെ ഉച്ചിഷ്ടം
അമ്മിഞ്ഞപ്പാല്‍ക്കടല്‍ നീന്തും
നിലാവിന്റെ കളിമ്പം,
കുടിച്ചാലും തീരാതെയൊഴുകുന്നത്.

അതിശുദ്ധനാം ശാന്തിക്കാരന്
മുറിഞ്ഞ പൂണൂല്‍ പോലെ
ശരിയാകാത്തൊരു ജീവിതനുണ,
പേര്‍ത്തും പറയുക ദിനധര്‍മ്മം.

വിരഹിക്കത് നിലാവിരലാല്‍
ആകാശമെഴുതിയ പ്രണയക്കുറി,
വായിച്ചു മതിയാകാത്ത ചുംബനശ്രുതി.

വീടുമറന്നൊരു തീര്‍ഥാടകന്
വെന്തടര്‍ന്ന കരിഞ്ചുണ്ടില്‍
അമൃതമാകുമൊരു ജലസിന്ധു.

മണല്‍ക്കരാറിന്റെ മാന്ത്രികര്‍ക്കത്
ചവിട്ടടി കഴുകാനൊരു നിറകുടം,
തുളുമ്പാതെ ഒഴിയാതെ പകരുന്നത്.

വിപ്ലവവീണ്‍‌വാക്കിന്റെ
വിശ്വദര്‍ശന വീഥിയിലാരോ
നഞ്ചുകലക്കി മീന്‍പിടിക്കും വ്യാക്കൂള്‍.

ധ്യാനാത്മക ജീവിത വേദാന്തക്കരയില്‍
ദൈവം സ്വയം ഇരകോര്‍ത്തിട്ടൊരു
കൊമ്പന്‍സ്രാവിന്റെ ആത്മനിര്‍വ്വേദം.

ഒറ്റയാകുന്ന പാലത്തിലേറിക്കുരച്ച്
ചന്ദ്രബിംബത്തിനുമുന്നില്‍
ഒന്നുമല്ലാത്ത നീയും ഞാനും
പറയാനുള്ളതൊക്കെ മറന്ന്
ഒരുമയില്ല്ലാതഭിനയിച്ചു തീര്‍ക്കുന്ന
ഒരു പൊയ്‌നാടകം..!

യവനികച്ചരടില്‍ത്തൂങ്ങി നിമിഷമളന്ന്
കാണികളുടെ ഉദ്വേഗച്ചുഴികളിലമര്‍ന്ന്
ഭാഷ മറന്നുപോയ ഒരു ദേശത്തിന്റെ
പുരാതന നിഘണ്ടുവില്‍ ഒരു പുഴയായ്...
അരങ്ങില്‍ ഒരു പൊയ്‌നാടകം.

***

Thursday, May 13, 2010

പിണക്കം

വിഷു പിന്നെയും വന്നു
വിളറിച്ചിലമ്പിച്ച പുലർകാലത്തിൽ,
ഓർമ്മത്തെറ്റുപോൽ വെയിൽമഞ്ഞ.

കണ്ണീലാർത്തുരുകുന്ന എണ്ണതൻ വിലാപമായ്
നിന്നുകത്തുന്നു...
മകൾ കാത്തിരിക്കുന്നൊരച്ഛൻ .
വണ്ടികൾ വഴിതെറ്റിയോടുന്നു, വഴികളിൽ
അന്ധകാരത്തിൻ രാസമിശ്രിതം തുളുമ്പുന്നു.

കൊന്നയിൽ തൂക്കാനുള്ള സ്വർണ്ണവും കൊണ്ടേ നിൽ‌പ്പൂ
വർണ്ണമേലാപ്പിൽ ഡ്യൂട്ടിഫ്രീകളാം സായൂജ്യങ്ങൾ.
പൂത്തതില്ലൊറ്റപ്പെട്ട പെണ്മണി,
പൂക്കാക്കൊമ്പിൽ കനകം തൂക്കീടുമ്പോൾ
തെല്ലവൾക്കിളവുണ്ടാം!

അകലത്തെങ്ങോനിന്ന് മുഴങ്ങും ശബ്ദം മാത്രം
അരികത്തുണ്ടോ ഞാനെന്നുറക്കെ ചോദിക്കുന്നു.
അടുപ്പം, അകലവും അളക്കാനാവാതെന്നും
പരുക്കന്‍ മതില്‍ക്കെട്ടിലിരിപ്പോര്‍ക്കറിയുമോ
പരിക്കാല്‍ ഞരങ്ങുന്നൊരാത്മാവിന്‍ ജഢം പേറി
ചിരിക്കാന്‍ പഠിപ്പിച്ച് പോയതല്ലയോ കാലം!

ആയിരം, അതിലേറെ....യളന്നു വാക്കിന്‍ പത്തി
ചുരുക്കിയൊതുക്കിക്കൊണ്ടാഹ്ലാദവികാരത്താല്‍
ആശംസ നേരാനുള്ള വാക്കുകൾ പരതുമ്പോൾ
ഭാഷതൻ കടൽ വെള്ളം പിന്മടങ്ങിപ്പോകുന്നു.

എങ്കിലും... വിഷു വന്ന് കൺനിറയ്ക്കുമ്പോൾ
ദൂരെ വേനൽ ഗർഭത്തിൽപ്പേറും
കിണറും പിണങ്ങുന്നു.

000