അറിയാമോ?
ഈ തോക്കിനുള്ളില്‍
നിന്റെ പേരു കുറിക്കപ്പെട്ട
തീയുണ്ടകള്‍.
അറിയാം...
നിന്റെ ഹൃദയത്തോട് ചേര്‍ന്നും
മറ്റൊരു യന്ത്രം മിടിക്കുന്നുണ്ട്.
പല ജീവിതങ്ങളുടെ
തിരിയണയ്ക്കാവുന്ന ഇന്ധനം!
ഞാനൊരു ജൂതനും
നീയൊരു പാലസ്റ്റീനിയും
നമ്മള്‍ക്കിടയില്‍ ഒരു പാലമില്ല.
ഉള്ളത്...
കടിച്ചാല്‍ പൊട്ടാത്ത കാരണങ്ങള്‍ മാത്രം!
ചോരയോ ജീവനോ കൊടുത്താല്‍
ഒടുങ്ങുന്നതല്ല
നമ്മുടെ പുരാതന വൈരം...
അവര്‍ നമ്മെ പഠിപ്പിച്ച വേദം.
വിവേകത്തിന്റെ കണികയില്ലാതെ
വികാരങ്ങളില്‍ കൂപ്പുകുത്തിയിരിക്കുന്ന
നമ്മുടേ പ്രജാപതിമാര്‍ക്ക്
ദൈവത്തില്‍നിന്ന് സാത്താനിലേക്കുള്ള വഴി
നന്നായിട്ടറിയാമെങ്കിലും...
അജ്ഞതയാണ് അലങ്കാരമെന്ന ചേലില്
അവര്‍ ഇടയ്ക്കൊക്കെ കൈകുലുക്കുന്നു.
അധിക്ഷേപത്തിന്റെ വാള് വീശുന്നു
ആസനച്ചൂടില്‍ ഇരിപ്പുറക്കാതെ
പരസ്പരം വെല്ലുവിളിക്കുന്നു.
ഡ്രാക്കുളയുടെ കൊതിയുമായി
ചുടുചോരയുടെ ഗലീലിക്കടലില്‍
അവര്‍ പാദം നനയാതെ നടക്കുന്നു.
ഒലീവുകളില്‍പ്പോലും ചോര ചുവയ്ക്കുന്നു.
രണ്ടിടങ്ങളിലെയും അടുക്കളകളില്‍
ഒരുനാള്‍
റൊട്ടിയില്ലാതെ വന്നാല്‍
ആര്‍ക്കും മനസ്സിലാവും
ജൂതനും പാലസ്റ്റീനിയുമായുള്ള
അസാമാന്യ സാമ്യത.
എന്നാല്‍പ്പോലും...
കാവല്‍ക്കാരനാകേണ്ടിവന്ന എനിക്കും
അതിക്രമിയായിപ്പോയ നിനക്കും
ഒരേ അമ്മ
മക്കള്‍
പ്രണയിനി.
ഒരേ കണ്ണീര്
വിരഹം
രതി.
ഒരേ നനമണ്ണ്
കാറ്റ്
വെയില്
മഴ.
ഒരേ ചോര
കരച്ചില്
ചിരി.
ആര്‍ക്കറിയാം...
ഇതില്‍ ജൂതനാര്?
പാലസ്റ്റീനിയാര്?
ആയതിനാല്‍ സഹോദരാ...
നമുക്കിടയില്‍ മുള്ളുവേലിയായ
ഈ വെറുപ്പിന്റെ അയസ്ക്കാന്തം
ഉപേക്ഷിക്കാതെ പറ്റുമോ,
ഇനി നമുക്കൊന്ന്കെട്ടിപ്പിടിക്കാന്‍?
000