ഹോളിവുഡാണിത് സാധനം,
കത്തുന്ന സോവിയറ്റാണിതിവൃത്തം.
തോണ്ടിയെടുത്ത ലെനിന്റെ ജഢം,
കയര്ത്തൂക്കിലാടുന്ന പ്രതിമ.
ക്യൂവില്‍നിന്ന് ഏറെ പെരുത്ത പാദം
വേരിറക്കിയ മണ്ണിലെ ദുഃഖവോള്ഗ.
നിശിതാധികാരിയുടെ രാത്രികള്‍ തുളയ്ക്കുന്ന
ചെമ്പടത്തോക്കിന് തുരുമ്പൊച്ചകള്.
വോഡ്കയില് മുങ്ങിയ ടോള്‍സ്റ്റോയ്
തെരുവേശ്യ ആലിംഗന ചെയ്ത ഗോര്‍ക്കി
സൈബീരിയന്‍ കാട്ടിലലയുന്ന പുഷ്കിന്
ഉന്മാദത്തിലാണ്ട മയക്കോവ്സ്കി.
ചരടുപൊട്ടിപ്പോയ പട്ടം തെരഷ്കോവ
ഉള്‍ക്കയാല്‍ വെന്ത ഗഗാറിന്
സ്പുട്നിക്കടുപ്പില്‍ പൊരിച്ച റൊട്ടി-
'ലെയ്ക്ക' എത്രയോ നല്ല സഖാവ്!
ധീരകൊസാക്കിന്റെ ശൂലം തറച്ചവന്‍
ഗോതമ്പു നാറും ഷൊളോഖോവ്,
പച്ചിരുമ്പൂറയ്ക്കു വെച്ചൊരു ട്രോട്സ്കി,
കല്‍ക്കരിപോലെ ഗോര്‍ബച്ചേവ്.
സ്റ്റാലിന് ചിരിപ്പതു കാണേണ്ടതാണ്
അയാള്‍ ചോരയല്ലേ കുടിക്കുള്ളു!
തൊപ്പിയും മീശയും നക്ഷത്രവും വെച്ചു
താങ്കളെ സ്റ്റാലിനായ് മാറ്റാം.
വേണ്ടെങ്കില്‍ ബുള്ഗാനെടുക്കാം,
അതൊട്ടിച്ച് ലെനിനായി പോസ്സു ചെയ്തീടാം.
വീട്ടില്‍ തിരിച്ചുചെന്നിട്ടുവേണം എന്റെ
വീട്ടുകാരിക്കു സര്‍ക്കീട്ടുപോകാന്‍.
നേരം വെളുത്താലവള്ക്കുറക്കം
മക്കള്‍ തീരെ പറക്കമുറ്റാത്തവരും.
എന്തെങ്കിലുമൊന്ന് വാങ്ങൂ, സന്ദര്‍ശകാ...
താങ്കളൊരിന്ഡ്യനാണല്ലേ?
പുച്ഛച്ചിരിക്കുമേല് റൂബിള്‍ പാറ്റുന്നു ഞാന്‍
കാസറ്റയാള് പൊതിയുന്നു.
'എങ്കിലുമീ ലെനിന്റാളുകളിങ്ങനെ
വല്ലാത്ത വര്ഗ്ഗമായ്പ്പോയോ?'
തെല്ലുറക്കെ ചോദ്യമങ്ങനെ പൊങ്ങവേ
ദീപങ്ങള്‍ കണ്ണടയ്ക്കുന്നു.
ചത്വരത്തില്‍ വിലപേശലിന് ദിഗ്ഭ്രമം
നാണയത്തിന് കിലുക്കങ്ങള്‍.
യാങ്കിപ്പടക്കങ്ങള് തീക്കിനാവേല്ക്കുന്ന
സാറിന്റെ പ്രേതാലയങ്ങള്‍.
എല്ലാമറിഞ്ഞെന്ന് ഭാവിച്ച് വാളമീന്‍
പോലെ പായുന്നുണ്ട് വോല്‍ഗ.
ഹോട്ടലിലെത്തി സിനിമകാണാനുള്ള
വീറൊടിരിക്കുന്ന നേരം
നഗ്നദൈവങ്ങളായ് തമ്മില്‍പ്പിണയുന്നു
മാംസാര്ദ്ര സംഗീതഘോഷം.
ഉള്ളിലിരുന്നിടശ്ശേരി ചിരിച്ചുകൊണ്ട്
ഇങ്ങനെയോ മൊഴിയുന്നു?
'സിംഹത്തെ നേരിടാന്‍ ബുദ്ധപ്രതിമയും
ശങ്കകൂടാതെ ചുഴറ്റാം,
ജീവന് സുരക്ഷിതമല്ലെങ്കിലെങ്ങാണ്
സ്വാതന്ത്ര്യസിദ്ധാന്തഭേരി?'
000