Saturday, February 17, 2007

ഉദരനിമിത്തം

കവിത:
പി. ശിവപ്രസാദ്‌


അടച്ചുവാര്‍ക്കാനെടുത്ത നേരം
മരപ്പലകയ്‌ക്കൊരു ചിന്തയുണ്ടായ്‌
തിളച്ച വെള്ളം തുവര്‍ന്ന ശേഷം
തിരിച്ചു പോകാതെ കാവല്‍വേല
തുടര്‍ന്നു ചെയ്‌താല്‍ ചിരിച്ചുകാട്ടും
വെളുത്ത കള്ളത്തികളായ വറ്റുകള്‍.
തിളച്ചുതൂവുന്ന വിഷാദമെല്ലാം
തിരപ്പുറത്തേക്ക്‌ മലര്‍ന്ന തോണി
കുതിച്ചുപായാനതിന്നു മോഹം
തുഴച്ചിലാരോ മറന്നുപോകെ!

ചുടലസ്‌സൂര്യന്‍ വറുത്തെടുക്കെ
ചുവന്നുപോയ മണ്‍ചട്ടിയെന്നാല്‍
അടുപ്പിലാളും വിറകുതീയില്‍
‍കറുത്തവാവായ്‌ പകര്‍ന്നിടുന്നു.
അതിന്റെയുള്ളില്‍ ജലപ്പിശാചിന്‍
തുടിച്ചുതുള്ളും ചിലമ്പുനൃത്തം...
പുറത്തു കാട്ടും വിധങ്ങളല്ല (അല്ല)
അകങ്ങള്‍ നമ്മില്‍ ചൊരിഞ്ഞിടുന്നു!

ചിരട്ടയോളം ചിരിച്ച തേങ്ങ
ചിരവയോടും ചിരിച്ച തേങ്ങ
മരിച്ചുവീഴും നിമിഷമോളം
രുചിക്കുവേണ്ടി ചരിച്ചിടുന്നു.
രുചിച്ചിടാനായ്‌ മരിച്ചുപായും
മനുഷ്യരെന്നാല്‍ അറിഞ്ഞുമില്ല
മൃഗക്കൊഴുപ്പില്‍ പതഞ്ഞുപൊങ്ങും
മൃതാന്തജന്മം നമുക്കു സ്വന്തം.
അടുക്കളയ്‌ക്കീ വിധിക്കരുത്തിന്‍
വിധങ്ങളെല്ലാം അറിയുമെന്നാല്‍
വിഷക്കുരുക്കിന്‍ കുതന്ത്രമെല്ലാം
അവളിലല്ലോ വളര്‍ന്നിടുന്നു.

തണുത്തുകോച്ചി മൂവാണ്ടുകാലം
പൊതിഞ്ഞുവെച്ചോരിറച്ചിയൊക്കെ
കടുംമസാലക്കുറുക്കിനാലേ
നരകഗര്‍ത്തത്തിലടിഞ്ഞിടുന്നു.
ഭുജിക്കുവാനും സുഖിക്കുവാനും
കരാറുറപ്പിച്ച നികൃഷ്‌ടകര്‍മ്മം
പടപ്പുറപ്പാടൊരുക്കി ലോകം
പകുത്തെടുക്കുന്നു വിശിഷ്‌ടജന്മം.

തലയ്‌ക്കുമുമ്പേ കുതിച്ചു പായും
വയര്‍നരകം തപിക്കയാലേ
പലവിധങ്ങള്‍ മുഖത്തെഴുത്താല്‍
ചതിച്ചുകൊണ്ടേ ചിരിപ്പൂ നമ്മള്‍.

000

5 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

തലയ്‌ക്കുമുമ്പേ കുതിച്ചു പായും
വയര്‍നരകം തപിക്കയാലേ
പലവിധങ്ങള്‍ മുഖത്തെഴുത്താല്‍
ചതിച്ചുകൊണ്ടേ ചിരിപ്പൂ നമ്മള്‍.
(കവിത)

Anonymous said...

ആസ്വദിച്ചു, ഈ കവിത.

Anonymous said...

ചിരട്ടയോളം ചിരിച്ച തേങ്ങ
ചിരവയോടും ചിരിച്ച തേങ്ങ
മരിച്ചുവീഴും നിമിഷമോളം
രുചിക്കുവേണ്ടി ചരിച്ചിടുന്നു.
രുചിച്ചിടാനായ്‌ മരിച്ചുപായും
മനുഷ്യരെന്നാല്‍ അറിഞ്ഞുമില്ല
മൃഗക്കൊഴുപ്പില്‍ പതഞ്ഞുപൊങ്ങും
മൃതാന്തജന്മം നമുക്കു സ്വന്തം.
വളരെ വളരെ നല്ല കവിത...ആസ്വാദനത്തിന്റെ നവ്യാനുഭവം...

എം.കെ.നംബിയാര്‍(mk nambiear) said...

നല്ലഭാവന.നല്ല സുഖം വായിച്ചപ്പോള്‍.
ആശംസകള്‍
എംകെനംബിയാര്‍

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നവന്‍, സിയ, നമ്പ്യാര്‍ സാര്‍... ഇതുവഴി വന്ന്‌ 'ഉദരനിമിത്തമല്ലാതെ' ഈ കവിത ആസ്വദിച്ചതിന്‌ ഒത്തിരി നന്ദി.