Monday, February 05, 2007

കാട്‌

കവിത : പി. ശിവപ്രസാദ്‌ഉണ്ണീ കാടിതു കണ്ടോളൂ...
ഉള്‍ക്കണ്ണു കുളിര്‍ക്കെ കണ്ടോളൂ...

കാടൊരു കവിപോല്‍ ഓരോ തരുവിലു-
മാത്മസ്വരങ്ങള്‍ തളിര്‍ത്തും പൂത്തും,
ഋതുവാം ഭാവതരംഗങ്ങളില്‍ മതി-
വിഭ്രമരേണു പകര്‍ന്നും കായ്ച്ചും,
മണ്ണിനെ മുത്തിവിടര്‍ന്നീരിലയുടെ
അഞ്ജലിയാകാശത്തിനു നേര്‍ന്നും,
എവിടെ മിഴിക്കോണുടയുന്നവിടെയൊ-
രെതിര്‍വാക്കായി വിളഞ്ഞു തിമിര്‍ത്തും...
കാടൊരു കവിപോല്‍, കാവ്യം പോല്‍,
കനലാഴി തിളയ്ക്കും കല്‍പ്പനപോല്‍.

കാടൊരു വീടാ,ണെല്ലാദിക്കിലു-
മാദിമനുഷ്യര്‍ പണിഞ്ഞവ,തൂണുകള്‍,
ഉത്തര,മെശകള്‍,കഴുക്കോ,ലോലകള്‍
ഒന്നും വേണ്ടാത്തറവാട്‌.
ഓരോ ജന്മമെടുത്തവര്‍ വന്നും
പോയുമിരിക്കും സത്ര, മതാര്‍ക്കും
സ്വന്തമിതെന്ന്‌ ശഠിക്കാനാവാ-
തെന്തുമൊളിക്കാത്തൊരു വീട്‌.

അച്ഛനുമമ്മയുമാദ്യം കണ്ടൊരു
സ്വച്‌ഛവിതാനമിതേ കാട്‌.
അന്ന്‌ നിലാവിന്‌ കുളിരിന്‍ കുമ്പിള്‍,
അഞ്ജനമിട്ട മിഴിക്കോണ്‌.
അപ്സരനൃത്തച്ചുവടുകളാലേ
തൃക്കണിയേകുമുദാരത്വം.
അലയും പഥികനൊരാധിയെഴാതെ
ശയിക്കാന്‍ പച്ചപ്പുല്‍മേട്‌.
പ്രണയം നുരയുമൊരുറവകണക്കെ
പ്രമദസുഗന്ധത്തളിര്‍പോലെ
കാടിതു കാണ്‍കെയൊരാമോദത്തിന്‍
‍കാറ്റലപാടിപ്പുണരുകയായ്‌.
തണ്ണീര്‍ തേവിരസിക്കാനാറുകള്‍
കിങ്ങിണികെട്ടിയ മലയോരം
തമ്മിലറിഞ്ഞു ചിരിക്കാ,നോമല്‍-
ക്കനവിലുറങ്ങാനണിമഞ്ചല്‍.
കണ്‍മണിതന്നുടെ നാവിലണയ്ക്കാന്‍
‍പൊന്നുവയമ്പിന്‍ തേന്‍കൂട്‌.
പ്രാവിനൊരൂഞ്ഞാല്‍വള്ളിയിലാടി
കാവലിരിക്കാന്‍ പൂന്തൊട്ടില്‍.
അപ്പൂന്തൊട്ടിലൊരമ്മമടിത്ത,
ട്ടച്ഛന്‍ പാടും താരാട്ട്‌.
ഇത്തിരിയുയരെ കൈനീളുമ്പോള്‍
ഒത്തുകളിക്കാ*നപ്പൂപ്പന്‍.
പൂവിലുറങ്ങാം, പുലരിയിലുണരാം,
മുകിലാമാനപ്പുറമേറാം.
വെള്ളക്കുതിരയതെന്നുനിനച്ചാ
കുന്നിന്‍മേട്ടില്‍ ചാഞ്ചാടാം.
എല്ലാമേറ്റുപുലമ്പും ഗുഹകളി-
ലെങ്ങുമൊളിച്ചുകളിച്ചീടാം.
അക്കാടിനിയൊരു പാഴ്‌സ്‌മൃതിമാത്രം
ഓര്‍ത്തുചിരിക്കാന്‍, കരയാനും.

ഉണ്ണീ, കാടിതു കണ്ടോളൂ,
ഉള്‍ക്കണ്ണുതുറന്നേ കണ്ടോളൂ.

ഉണ്‍മകള്‍ തൂങ്ങിമരിച്ചൊരു കൊമ്പില്‍
ഉപ്പന്മാരുടെ ഹുങ്കാരം.
പകലും രാവുമുറങ്ങാ മൂങ്ങകള്‍
പാട്ടുപഠിക്കും പുഴയോരം.
ചോരക്കണ്ണുകള്‍ ചൂണ്ടയിടുന്നൊരു
പൊക്കിള്‍ച്ചുഴിയുടെ മണലോരം.
സര്‍പ്പനിലാവിന്‍ നീലക്കുളിരുകള്‍
നൃത്തമൊരുക്കും ഖരവാദ്യം,
ആണുംപെണ്ണുംകെട്ട യുവത്വം
ആളിപ്പടരും മരുവാദ്യം.

ഉണ്ണീ, കാടിതു കണ്ണീരുറയും
കാനല്‍ജലത്തിന്‍ ഘനവര്‍ഷം.
പ്ലാസ്റ്റിക്‍പുഷ്പമനോജ്ഞതയാലേ
പ്ലേഗുപിടിച്ചൊരു യുഗശീര്‍ഷം.
ആണവവിധുവിന്‍ മധുകരനടനം
പ്രാണനലിഞ്ഞു സ്ഖലിക്കുമ്പോള്‍
പുതുവൈറസ്സിന്‍ മാത്രകള്‍ നീളും
പകല്‍സ്വപ്നത്തിന്‍ മൃതമൌനം.
കാടിതു മോഹത്തെളിനീരോ,
കലി-ബാധിച്ചവരുടെ ജ്വരശീലോ?

അതിരുകള്‍ മാനംമുട്ടെയുയര്‍ന്നും
അടിമത്തുടലിന്‍ രോഷമറിഞ്ഞും
അരുതായ്മകളുടെ വിരുതുവിളഞ്ഞും
പൊലിയുകയായി മനുഷ്യത്വം.
നേരും നെറിയും കെട്ടൊരു കാലം
പോരിനു വന്നു വിളിക്കുമ്പോള്‍
ഓടിയൊളിക്കാനുഴറുകയോ
നിന്‍നാവു മരിക്കാതുള്ളപ്പോള്‍?
രക്ഷാമാര്‍ഗ്ഗം തേടുക നീയീ
ഭിക്ഷാപാത്രം കണ്ടറിയാന്‍
അക്ഷരലക്ഷം തിരയാതെന്നും
അക്ഷയമാക്കുക ധ്വനിരാഗം.

000
*അപ്പൂപ്പന്‍താടി

10 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അച്ഛനുമമ്മയുമാദ്യം കണ്ടൊരു
സ്വച്‌ഛവിതാനമിതേ കാട്‌.
അന്ന്‌ നിലാവിന്‌ കുളിരിന്‍ കുമ്പിള്‍,
അഞ്ജനമിട്ട മിഴിക്കോണ്‌.
അപ്സരനൃത്തച്ചുവടുകളാലേ
തൃക്കണിയേകുമുദാരത്വം.
അലയും പഥികനൊരാധിയെഴാതെ
ശയിക്കാന്‍ പച്ചപ്പുല്‍മേട്‌.
പ്രണയം നുരയുമൊരുറവകണക്കെ
പ്രമദസുഗന്ധത്തളിര്‍പോലെ,
കാടിതു കാണ്‍കെയൊരാമോദത്തിന്‍
കാറ്റലപാടിപ്പുണരുകയായ്‌.

mumsy-മുംസി said...

നന്നായീന്നു പ്രത്യേകം പറയേണ്ടല്ലോ? നീളം കുറച്ചു കുറക്കാമായിരുന്നു.
കവിതയുടെ താളമാണ്‌ എനിക്ക് കൂടുതല്‍ ഇഷ്ടമായത്..

Anonymous said...

"അക്കാടിനിയൊരു പാഴ്‌സ്‌മൃതിമാത്രം
ഓര്‍ത്തുചിരിക്കാന്‍, കരയാനും.

ഉണ്ണീ, കാടിതു കണ്ടോളൂ,
ഉള്‍ക്കണ്ണുതുറന്നേ കണ്ടോളൂ."

ഈ കാലം അതിവിദൂരമല്ല!.
നല്ല ഭാവഗീതം.

sandoz said...

നല്ല രസം വായിക്കാന്‍...നല്ല താളം.

വല്യമ്മായി said...

വരികളും താളവും ഇഷ്ടമായി.ഉറക്കെ ചെല്ലാന്‍ നല്ല രസം.ആശംസകള്‍

പൊന്നപ്പന്‍ - the Alien said...

ഹാ.. എന്താ രസം ! ഇതു കലക്കി മാഷേ.. ശരിക്കും നന്നായി!

വിഷ്ണു പ്രസാദ് said...

അതിമനോഹരം.
‘അക്കാടിനിയൊരു പാഴ്‌സ്‌മൃതിമാത്രം
ഓര്‍ത്തുചിരിക്കാന്‍, കരയാനും.’
എന്ന വരികള്‍ വരെയുള്ളത് ഒരു ഹൃദയത്തെയും തൊടാതെ പോവില്ല.അതുകഴിഞ്ഞുള്ള മുഴുവന്‍ വരികളും മുറിച്ചു മാറ്റണമെന്ന് നിര്‍ദ്ദയനായ ഒരു വായനക്കാരന്‍ എന്ന മട്ടില്‍ ഞാന്‍ പറഞ്ഞുവെക്കുന്നു.

വേണു venu said...

നല്ലൊരു ഭാവഗീതം വായിച്ച സംതൃപ്തി. ഇഷ്ടപ്പെട്ടു മാഷേ.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കവിത വായിച്ചവര്‍ക്കും അഭിപ്രായപ്പെട്ടവര്‍ക്കും നന്ദി. കവിതയുടെ നീളം കുറയ്‌ക്കാനുള്ള ശ്രമം പരാജയപ്പെട്ട കഥയാണ്‌ പലര്‍ക്കുമുള്ളത്‌. എന്റെയും കഥ വ്യത്യസ്തമല്ല.

പൊന്നപ്പനും കൂടി ഇത്‌ ഇഷ്ടപ്പെട്ടു എന്ന്‌ കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഈ കവിതയ്ക്ക്‌ അതിന്റെ മെച്ചവും ചിലയളവില്‍ പരിമിതിയുമുണ്ടെന്ന്‌ എനിക്കറിയാം. അഞ്ചു കൊല്ലം മുന്‍പത്തെ കവിത മാറ്റങ്ങളില്ലാതെ പോസ്റ്റ്‌ ചെയ്തപ്പോള്‍ അത്‌ ഇന്നത്തെ കാലവുമായി എങ്ങനെ സംവദിക്കും എന്ന സംശയം ഇല്ലാതിരുന്നില്ല.

വലിയ കുഴപ്പമില്ല; അല്ലേ?

[ nardnahc hsemus ] said...

vaakkinoru panjavumillallo maashe :) hahaha!
kalakkan!!!