Sunday, December 24, 2006

അന്ധന്മാരുടെ പൂരം

പി. ശിവപ്രസാദ്‌

(ക)വിത:

അന്ധന്മാരുടെ പൂരം

തീപിടിച്ച വാക്കുകള്‍ ‍
അടയാളവാക്യം പറഞ്ഞ്‌
ആംബുലന്‍സില്‍ കയറി.
മുഖം മറച്ച ഓര്‍മ്മയൊരെണ്ണം
മുന്‍സീറ്റില്‍ വിതുമ്പിയിരുന്ന്‌
പഴയൊരു ചലച്ചിത്രഗാനം മൂളി.

പിരിഞ്ഞുപിണഞ്ഞ വഴികളിലൂടെ
കോണി കയറിയ യാത്രികന്‍
‍സര്‍പ്പമാളത്തിലെത്തി ചൂളം മുഴക്കി.
സ്വപ്നതംബുരുവില്‍
പൊട്ടിയ ഞരമ്പുകമ്പികള്‍
വിളക്കിച്ചേര്‍ക്കാന്‍
ബ്ലേഡുകമ്പനിയുടെ ഇണ്ടാസ്‌
ശ്രൂതിമൂളി പടിക്കലെത്തി.

മണല്‍ക്കൂനയുടെ കണ്ണീരായി
നദിയോര്‍മ്മകളുടെ പുസ്തകങ്ങള്‍
ടെക്‌നോപാര്‍ക്കിലേക്ക്‌ മാര്‍ച്ചു ചെയ്തു.
കലക്ടറുടെ വാര്‍ത്താസമ്മേളനത്തില്‍
എ. ഡി. ബി. രേഖകള്‍
ഇഷ്ടികകളായി പൊട്ടിത്തെറിച്ചു.

ലേലമേല്‍ക്കാന്‍ അബ്‌കാരീം ബിനാമീം
കുഴിയെടുക്കാന്‍ പാണ്ടിത്തൊഴിലാളീം...
കര്‍ഷക-യുവജന സംഘങ്ങള്‍
ജാഥ നടത്തി റോഡു തടഞ്ഞ്‌
പിണങ്ങിപ്പിരിഞ്ഞു...
വിഷനുകളില്‍ പൂരം കൊടിയേറി.

കുഴിമൂടാനിത്തിരി മണ്ണില്ലാതെ
ശവഘോഷങ്ങള്‍ തെരുവിനെ പീഡിപ്പിച്ചു.
ശോഭായാത്രകള്‍ കോടതി മുറിച്ചുകടന്ന്‌
ഐസ്ക്രീം പാര്‍ലറിനുമുന്നില്‍
മാലയിട്ട്‌ ശരണംവിളിച്ചു.

"സ്മാര്‍ട്ടായി നഗരം പണിയെടാ മക്കളേ.."

'ആവാം ഉടയതേ. അടിയങ്ങള്‍ക്കാവോളം..'

"ആരാണ്ടാ പോഴത്തം ചെലക്കണത്‌?"

'ആരൂല്ല.. അറിയാ പൈതങ്ങളാണേ...'

"പോയ്‌ തൊലയെടാ കഴുവേറീന്റെ..
അമ്മേടെ..
അപ്പന്റെ..
പെങ്ങടെ..."

'തോന്നിയതാ തമ്പ്രാ.. വെറുതെ..'

"പിരിഞ്ഞുപോ... വെടിവെക്കുമെടാ പന്നീന്റെ..!"

കേരളം സാദരം വിജയിപ്പൂതാക,
പാണ്ഡിത്യം പലരൂപേ ദര്‍ശിപ്പൂതാക,
സമസ്ത ലോകാ അന്ധിപ്പൂതാക.

ബബ്ബാ ബബ്ബബ്ബഃ.

*

കടങ്ങളും കാല്‍ച്ചങ്ങലയും
കലിയുമില്ലാത്ത പുതുവര്‍ഷത്തിലേക്ക്‌
എന്നെ വിമോചിപ്പിക്കാനായ്‌
തരൂ സ്നേഹിതാ...
ഒരു വിഷപാത്രം.

000

6 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

തീപിടിച്ച വാക്കുകള്‍
അടയാളവാക്യം പറഞ്ഞ്‌
ആംബുലന്‍സില്‍ കയറി.
മുഖം മറച്ച ഓര്‍മ്മയൊരെണ്ണം
മുന്‍സീറ്റില്‍ വിതുമ്പിയിരുന്ന്‌
പഴയൊരു ചലച്ചിത്രഗാനം മൂളി.
ക)വിത: അന്ധന്മാരുടെ പൂരം

വിഷ്ണു പ്രസാദ് said...

കവിത നന്നായിട്ടുണ്ട്.രണ്ടു തവണ വായിച്ചു. ഒന്നു കൂടി വായിക്കാന്‍ പോണു.താങ്കള്‍ക്ക് ക്രിസ്മസ് ആശംസകള്‍ .

Unknown said...

ശിവപ്രസാദ്,

ചിലപ്പോഴെങ്കിലും ദുര്‍ഗ്രാഹ്യതയുടെ കരിനിഴല്‍ കവിതയുടെ സ്വത്വം തെളിഞ്ഞു കാണുന്നതില്‍ നിന്നും വായനക്കാരനെ വിലക്കുന്നുണ്ടോ എന്നു സംശയം .രണ്ടുമൂന്നാവര്‍ത്തി വായിക്കേണ്ടിവന്നു ആകെത്തുക കണ്ടെത്താന്‍.
ഇതിനുമുന്‍പെഴുതിയ കഥയും വായിച്ചത് ഇപ്പോഴാണ്,അതെനിക്കു വളരെയേറെ ഇഷ്ടപ്പെട്ടു.

എനിക്കു തോന്നുന്നത് കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ താങ്കള്‍ക്ക് പറയാനുള്ളത് സുഗ്രാഹ്യമായി വായനക്കാരനിലേക്കെത്തിക്കാന്‍ പറ്റിയ മാധ്യമം കഥയാണെന്നാണ്. എങ്കിലതില്‍ തന്നെ ശ്രദ്ധയൂന്നി കൂടുതല്‍ ആസ്വാദകരിലേക്കെത്തിച്ചേരുന്ന കാര്യം ഒന്നു ഗൌരവമായിത്തന്നെ ചിന്തിച്ചുകൂടെ?

ഇനിയുമിനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

Anonymous said...

പ്രതികരിക്കാം, പക്ഷേ നിരാശാഭരിതമായ അവസാനം ആ പ്രതികരണത്തെ അര്‍ത്ഥരഹിതമാക്കുന്നു. ശുഭാപ്തിവിശ്വാസത്തോടെയുള്ള പോരാട്ടങ്ങള്‍ തന്നെയാണൂ പഴയ ചില കാല്‍ച്ചങ്ങലകളെങ്കിലും അഴിച്ചതെന്നു മറക്കരുത്‌!

സസ്നേഹം, കൈയൊപ്പ്‌

Anonymous said...

കൊള്ളാം

Anonymous said...

കേരളത്തെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു ശരാ‍ശരി മനുഷ്യന്റെ ഉള്ളില്‍ ഇതൊക്കെ തന്നെയുണ്ടാവുകയുള്ളു ശിവപ്രസാദ്.
പഴയതൊക്കെയും മാറ്റി പുതുലോകം വരേണമെന്നു നാമെല്ലാം ആശിക്കും. എവിടെ!.
കോരനു കഞ്ഞി വീണ്ടും കുമ്പിളില്‍ തന്നെ!.

നല്ല കവിത :)