Wednesday, November 29, 2006

കിണറ്റുലോകം

കവിത:


സംസ്‌കൃതസ്‌കൂളിന്റെ അങ്കണമാകയാല്
‍കേട്ടുവളര്‍ന്നത്‌ ശ്‌ളോകാത്മകം.
കൊക്കിക്കുരച്ചു കരഞ്ഞാലും
തെറ്റിപ്പിറക്കുന്നു ഭാഷാത്മകം.

മേലെയൊരാകാശം പൂര്‍ണവൃത്തം
ചുറ്റുമിരുണ്ടതാം കാവ്യലോകം
ആഴക്ക്‌ കണ്ണുനീര്‍ പാരാവാരം
മാനത്തുകണ്ണിയെനിക്ക്‌ കൂട്ട്‌.

പന്നല്‍ച്ചെടിയുടെ മേലെയെങ്ങോ
തുമ്പിയൊരെണ്ണമിരിപ്പതുണ്ട്‌
തൊട്ടടുത്തുള്ളൊരു പൊത്തിനുള്ളില്‍
സര്‍പ്പമുറക്കം നടിപ്പതുണ്ട്‌.
നാവൊന്നുനീട്ടാന്‍ കൊതിയുണ്ടെന്നാല്
‍നന്നല്ല രാശിയെന്നോര്‍മ്മയുണ്ട്‌!

ആദിത്യനായിരം തിരികൊളുത്തി
കാവലുപേക്ഷിച്ച്‌ പോകുന്നേരം
തൂവെള്ളിപ്പാത്രത്തില്‍ കഞ്ഞിമോന്തി
രാക്കുയില്‍ കൂവിത്തിമിര്‍ക്കുന്നേരം
കത്തും വയറിന്റെ ഉഷ്‌ണമാറ്റാന്
‍കാര്‍ക്കിച്ചുതുപ്പി ഞാന്‍ കേഴുന്നേരം
ഏതോകിളിക്കുഞ്ഞുടുത്തെറിഞ്ഞ
തൂവല്‍ വന്നെന്നെ തലോടുന്നല്ലോ!
അല്ല... തുറന്നൊരാ സര്‍പ്പവായില്‍
മെല്ലെയകപ്പെട്ട്‌ പോകയാവാം.

കണ്ണറിയാത്ത നിറങ്ങളുള്ള
കണ്ണുനീര്‍ക്കുണ്ടില്‍ കിടന്നലഞ്ഞ്‌
രാവും പകലും പിണഞ്ഞചുറ്റില്
‍സ്വാസ്ഥ്യം തിരയുന്നു ജീവചക്രം.
ആകാശവട്ടത്തിനിപ്പുറത്തെ
വാതായനങ്ങളില്‍ ചെന്നുമുട്ടാന്
‍പാമ്പിന്റെ പൊത്തും കടന്നുകേറാന്‍
ആവതില്ലാത്തതെന്‍ ഭാവലോകം.

000

14 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പന്നല്‍ച്ചെടിയുടെ മേലെയെങ്ങോ
തുമ്പിയൊരെണ്ണമിരിപ്പതുണ്ട്‌
തൊട്ടടുത്തുള്ളൊരു പൊത്തിനുള്ളില്‍
സര്‍പ്പമുറക്കം നടിപ്പതുണ്ട്‌.
നാവൊന്നുനീട്ടാന്‍ കൊതിയുണ്ടെന്നാല്‍
നന്നല്ല രാശിയെന്നോര്‍മ്മയുണ്ട്‌!
(കവിത): കിണറ്റുലോകം

ചില നേരത്ത്.. said...

നല്ല താളബോധത്തോടെയുള്ള കവിത.
കവിതയിലേക്കാകര്‍ഷിക്കുന്ന വാക്കുകളിലെ ലാളിത്യം
ചൊല്ലി കേള്‍ക്കാന്‍ കൊതി തോന്നിപ്പിക്കുന്ന വരികള്‍!!
ആസ്വാദിച്ചു..

Anonymous said...

സുന്ദരമായ കവിത. അഭിനന്ദനങ്ങള്‍!

കുറുമാന്‍ said...

വായിച്ചുകേള്‍പ്പിച്ചാല്‍ കൊച്ചുകുട്ടികള്‍ക്കു വരെ ആസ്വദിക്കാവുന്ന മനോഹരമായ, താളാത്മകമായ, കവിത മാഷെ. നന്ദി

ടി.പി.വിനോദ് said...

"ഏതോകിളിക്കുഞ്ഞുടുത്തെറിഞ്ഞ
തൂവല്‍ വന്നെന്നെ തലോടുന്നല്ലോ!"- എനിക്കുറപ്പുണ്ട്, ഈ വരികളില്‍ നിന്നുള്ള കവിത എന്റെ എല്ലാ ആഴങ്ങളിലേക്കും ഒലിച്ചെത്തുന്നുവെന്ന്..
നന്ദി...അഭിനന്ദനങ്ങള്‍

ഹേമ said...

കിണറ്റു ലോകം നന്നായി ഇഷടപ്പെട്ടു.
കവിത അധികം എഴുതിയിട്ടൊന്നുമില്ല.
എന്നാലും കവിത ഇഷടമാണ്
: സിമി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ചില നേരത്ത്‌, തനിമ, കുറുമാന്‍, ലാപുട, സിമി,

നിങ്ങളുടെയൊക്കെ രചനകള്‍ ഞാന്‍ ആസ്വദിക്കറുണ്ട്‌. പലപ്പോഴും കമന്റിനുള്ള സമയം ഓഫീസ്‌ തിരക്കിനിടയില്‍ കിട്ടാറില്ല. എന്റെ എളിയ വരികള്‍ക്ക്‌ നിങ്ങള്‍ തരുന്ന മനസ്സിന്‌ ഒത്തിരി നന്ദിയുണ്ട്‌.

ചിലപ്പോള്‍ മനസ്സിന്റെ ആധികള്‍ കവിതയെ ആവേശിക്കാറില്ലേ? ഉണ്ടാവും. എഴുതുന്നവര്‍ക്കറിയാവുന്ന ഒരു സത്യം. വ്യാകുലതകളെ കാടുകയറ്റാന്‍ കവിതയേ ഒരു മര്‍ഗ്ഗമുള്ളു. അപ്പോള്‍ ഭാഷയുടെ ഘടനയൊന്നും കൃത്യമായി നോക്കറില്ല. ഒരുതരം, പാതി-ഉന്മാദം. 'സര്‍പ്പങ്ങള്‍ക്കിടയില്‍' ജീവിക്കുമ്പോള്‍ ഇതൊക്കെയാണ്‌ അനുഭവം. 'കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോലചേതസാ ഭോഗങ്ങള്‍ തേടുന്നു' എന്ന എഴുത്തച്ചവാക്യം ഒരുപക്ഷേ ഓര്‍മയില്‍ കിടക്കുന്നതുകൊണ്ടായിരിക്കാം.

Unknown said...

ഓരോ വായനയിലും ഓരോ തരത്തിലുള്ള ചിന്തകളിലേക്കാണ് ഈ കവിത എന്നെ കൂട്ടിക്കൊണ്ടു പോയത്‌.

വളരെ നന്നായിരിക്കുന്നു.

ആദ്യവായനയില്‍ എനിക്കു തോന്നിയത്‌ ,ഈ ബൂലോകരോരോരുത്തരുടെയും മനോവിഭ്രമം തന്നെയല്ലെ കവിയിതില്‍ കോറിയിട്ടിരിക്കുന്നത്‌ ,എന്നാണ്.

തെറ്റുണ്ടെങ്കില്‍ ക്ഷമി...പുലികള്‍ ചാടി വീഴല്ലേ.....

Anonymous said...

മറ്റൊരു നല്ല കവിത കൂടി.

sandoz said...

അദിത്യനായിരം തിരി കൊളുത്തി
കാവലുപേക്ഷിച്ചു പോകും നേരം
മാഷേ,നല്ല താളം
ചൊല്ലിയവതരിപ്പിക്കാന്‍ പറ്റിയ കവിത

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പൊതുവാളന്‍, navan, sandoz,

നന്ദി.

ഈ കവിത ചൊല്ലോടുകൂടിത്തന്നെയാണ്‌ (കരഞ്ഞു) പിറന്നത്‌. മധുരമായി ഇത്‌ നിങ്ങളും ചൊല്ലിനോക്കൂ. 'ദിസ്‌ പൊയെം ഈസ്‌ നൗ ബിലോങ്ങ്‌സ്‌ റ്റു യു'. എന്തു പറയുന്നു?

Anonymous said...

ശിവപ്രസാദ്,
താങ്കളുടെ ഓരൊ കവിതയും വ്യത്യസ്ഥത പുലര്‍ത്തുന്നു. മറ്റുള്ള കവിതകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതു ഇതിലെ പദഘടനയും ഒഴുക്കും തന്നെയാണ്. ലളിത സുന്ദരമായ വരികള്‍.
ചില നേരത്തും, കുറുമാനും, സാന്‍ഡോസും പറഞ്ഞത് അടി വരയിടുന്നു. ചൊല്ലിക്കേള്‍ക്കാന്‍ കൊതിയുണ്ട്. ഓഡിയോ ഇടാനുള്ള സംവിധാനവും ബൂലോകത്തുണ്ട് കേട്ടോ.

ഓ:ടോ: ഡിസംബറിലെ കവിയരങ്ങില്‍ ഞാന്‍ പിടികൂടുന്നുണ്ട്, ചൊല്ലിക്കേള്‍ക്കാനായി!!.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഈ നന്ദൂ, എന്നെ കൊന്നേ അടങ്ങൂ എന്നാണോ? 'കാക്കിരി പൂക്കിരി കറകറ ശബ്ദത്തില്‍' ഞാന്‍ ചൊല്ലിക്കേട്ടാല്‍, പിന്നൊരിക്കല്‍ക്കൂടി 'കവിത ചൊല്ലൂ' എന്ന്‌ പറയില്ലല്ലോ?

ഓഡിയോ സൗകര്യം നമ്മുടെ വീട്ടില്‍(കമ്പനി ക്യാമ്പിലാ സാറേ താമസം!) ഉണ്ടെങ്കിലല്ലേ അത്‌ നടക്കൂ? പിന്നെ, അനംഗാരിമാഷോ കിരന്‍സോ വിചാരിച്ചാല്‍ നടന്നേക്കും. എന്നാലും അക്കാര്യം അവരോട്‌ പറയാന്‍ ചമ്മലുണ്ട്‌. ക്ഷമിക്കുകയേ നിവൃത്തിയുള്ളു ചങ്ങാതീ!

Anonymous said...

പാടാ‍ന്‍ കഴിവുള്ള ആരെങ്കിലും ഈ വെല്ലുവിളി ഏറ്റെടുത്ത് ഈ കവിതകള്‍ ഈ ണത്തില്‍ ചൊല്ലി പോസ്റ്റാമോ?