Thursday, November 23, 2006

നീലക്കൊടുവേലിയുടെ വിത്ത്‌

കവിത:

പ്രണയം
ഒരൊറ്റ ദിശയിലേക്കുള്ള
അതിവേഗപാത.
വേഗം കൂടുന്തോറും
ചക്രങ്ങളുടെ സ്ഥാനത്ത്‌
ചുഴിവൃത്തങ്ങള്‍ മാത്രം.
പുറത്തുള്ളവര്‍ കാണുന്നു
കാറ്റായ്‌ തീയായ്‌ ഗതിവേഗം.
അകത്ത്‌ രസിച്ചിരിക്കുന്നവര്‍ക്ക്‌
കാലം എതിര്‍വേഗം മാത്രം.

പ്രണയം
പാതിമുഖമുള്ള അഭിനേതാവ്‌.
പരിഭവങ്ങളുടെ പാഞ്ചാലി
വ്രണവാഴ്‌വിന്റെ കര്‍ണ്‌ണന്‍
നഷ്‌ടയുദ്ധങ്ങളുടെ ഭീഷ്മര്
‍മൃഗതൃഷ്‌ണകളുടെ നളജന്മം.
ഭാവരസങ്ങളുടെ പുഴ
മിഴി കവിഞ്ഞൊഴുകുമ്പോള്
‍മറുപാതിയില്‍ പുളയ്‌ക്കുന്നു
കാരമുള്ളും കരിനാഗവും.

പ്രണയം
എതിരാളിയില്ലാത്ത ശിബിരത്തില്
‍ആയുധമെടുക്കാത്ത പോരിലെ
ചീറിത്തെറിക്കാത്ത ചോരയില്
‍ആരോ മറന്നുപേക്ഷിച്ച
നീലക്കൊടുവേലിയുടെ വിത്ത്‌.
അവള്‍ മാത്രം അതറിയുന്നില്ല!

മുളയ്‌ക്കാനും ഇലവിരിക്കാനും
ആരെങ്കിലും ഒരുപിടി മണ്ണ്‌
ഓലമറയാല്‍ ചെറുതണല്
‍ചാറ്റല്‍മഴയായ്‌ ദയാപുണ്യം...!
ഇല്ല...
തോന്നലുകളിലൂടെ വളര്‍ന്ന്‌
ആകാശത്തെ സ്വന്തമാക്കിയ
മരമെന്ന ദുഷ്‌പ്പേര്‌ അതിനുവേണ്ട.

ഒരുവശം മാത്രമുള്ള നാണയം
തിരസ്‌കരിക്കുകയാണ്‌ യുക്തി.
നൂറ്റാണ്ടുകള്‍ക്കു ശേഷം ആര്‍ക്കെങ്കിലും
പുരാവസ്‌തുക്കളുടെ കൂട്ടത്തില്
‍മിനുക്കിവെച്ച്‌ പ്രദര്‍ശിപ്പിക്കാം.
പ്രണയമെന്ന പേരില്‍ മാത്രം
ആരും അതിനെ പരിചയപ്പെടുത്തരുത്‌.

000

24 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രണയം
എതിരാളിയില്ലാത്ത ശിബിരത്തില്‍
ആയുധമെടുക്കാത്ത പോരിലെ
ചീറിത്തെറിക്കാത്ത ചോരയില്‍
ആരോ മറന്നുപേക്ഷിച്ച
നീലക്കൊടുവേലിയുടെ വിത്ത്‌.
അവള്‍ മാത്രം അതറിയുന്നില്ല!
കവിത: നീലക്കൊടുവേലിയുടെ വിത്ത്‌

ടി.പി.വിനോദ് said...

പ്രണയത്തിന്റെ ഈ നിഘണ്ടു നിറയെ വ്യഥയുടെ പര്യായങ്ങളാണല്ലോ..?
കവിത ഇഷ്ടമായി മാഷേ...

ലിഡിയ said...

പ്രണയത്തിന്റെ അറിഞ്ഞിട്ടും അറിയില്ലാന്ന് നടിക്കുന്ന മുഖങ്ങള്‍, എന്നാലും തീയില്‍ വരണ്ട് കിടക്കുന്ന വിത്ത് ഒന്ന് മുളയ്ക്കാനുള്ള ആര്‍ത്തിയില്‍...

:-)

-പാര്‍വതി.

Anonymous said...

Sivaprasad,
Pranayathe puraavasuthukkalude koottathil minukki vachu sookshikkanulla onnaaayi chithreekarichathinodu ente viyojanakkurippu.
ellaa pranayangalum anganeyaavanamennundo?. Thaankal(Kavi)paranjapole oru vasam maathramulla naanayam aanenkil erekkure sari ennu parayaam. pakshe pranayam nashttangalude maathram aake thukayaavunnathengane ennu aalochicchittu kathunnilla?.
palappozhum ullil ullathu thurannu parayaathe oru tharam oneway traffic aakumpozhalle ithram bimbangal athinu yojikkooo?.

O:T: ente mozhi innu work cheyyunnilla re-instaal cheyyendi varum athinaalaanu manglish. sorry.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നന്ദൂ,
കവിത ആസ്വാദകന്‍ വായിച്ചെടുക്കുകയാണ്‌ പതിവ്‌. ഒരോ കവിതയുടെയും വിഷയം, അന്തരീക്ഷം, രീതി എന്നിവയെല്ലാം മുന്‍കൂട്ടി കല്‍പ്പിക്കപ്പെടുന്നതാവണമെന്നില്ല.

'പറഞ്ഞതിലേറെ
പറയാതെയുള്ള
പനിപിടിച്ചൊരു
പ്രണയമാണു ഞാന്‍'...

എന്നത്‌ ഇതാ ഈ നിമിഷത്തില്‍ .. ഇതെഴുതുമ്പോള്‍ .. തോന്നുകയാണ്‌.

പ്രണയത്തിന്‌ കോടി ഉപമകളും ഉല്‍പ്രേക്ഷകളും ഉണ്ടാവാം. പക്ഷേ ജീവിതം ഒന്നല്ലേയുള്ളു?

വല്യമ്മായി said...

പ്രണയത്തിന്റെ ആരും പറയാത്ത മുഖങ്ങള്‍,കവിത ഇഷ്ടമായി.

ഓ.ടോ.ഭാര്യയ്ക്ക് സുഖമായോ

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കവിതയുടെ വ്യത്യസ്തത ആസ്വദിച്ചതിന്‌ നന്ദി വല്യമ്മായീ.

എന്റെ നല്ലപാതി, സ്റ്റിച്ചെടുത്ത്‌ മൂന്നു മാസത്തെ ബെഡ്‌റെസ്റ്റിലേക്ക്‌ പ്രവേശിച്ചു. 500 ഗ്രാം ഭാരം എടുക്കാന്‍ അനുമതിയുണ്ട്‌. അങ്ങനെയൊരവസ്ഥ!

ലാപുട,

കവിയായ താങ്കളുടെ അഭിപ്രായത്തെ ഞാന്‍ ശരിവെയ്ക്കണോ? പ്രണയവും വ്യഥയും ഒരു നാണയത്തിന്റെ രണ്ട്‌....! അറിയാമല്ലോ? നന്ദി സ്നേഹിതാ.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പാര്‍വതീ,

ആ വിത്ത്‌ എവിടെ എപ്പോള്‍ മുളയ്ക്കുമെന്നും, വാടുമെന്നും ആര്‍ക്കും പറയാനാവില്ലല്ലോ! എന്തായാലും ഒന്നുറപ്പാണ്‌; ഹൃദയനൊമ്പരം ഒപ്പമുണ്ട്‌. അല്ലേ?

പൊന്നപ്പന്‍ - the Alien said...

നിറഞ്ഞതിലേറെ
നിറയാതെ പായുന്ന
നിലവിളി പോലത്തെ
പുഴയാണു പ്രണയം

ഒഴുകി നീങ്ങുമ്പോള്‍
ഒഴിഞ്ഞു പോവാത്ത,
കഴിഞ്ഞതല്ലാത്ത,
നിതാന്ത വേഗത..

(മാഷുടെ കമന്റിലെ വരികള്‍ കൂടുതല്‍ ഇഷ്ടമായി)

Anonymous said...

കൊള്ളാം, ആസ്വദിച്ചു.
പ്രണയം അരൂപി.
നിറഭേദങ്ങളായ് അതിനെ ഓരോരുത്തരും തിരിച്ചറിയുന്നു.
പ്രണയത്തെ കാട്ടുതീയോടുപമിക്കാനാണു എനിക്കിഷ്ടം.
ഉണങ്ങിയ പുല്‍നാമ്പില്‍ ഒരു ചെറിയ നാളമായി തുടങ്ങും. പിന്നെപ്പിന്നെ..............
ഒടുവില്‍, ആരൊക്കെയോ എന്തൊക്കെയോ നേടും, ആര്‍ക്കൊക്കെയോ നഷ്ടപ്പെടും, ആരുടെയൊക്കെയോ വിശപ്പു മാറും...
പക്ഷേ കുറേ തേങ്ങലുകള്‍ എങ്ങോ ബാക്കിയാവും.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അനിയാ പൊന്നപ്പാ,
എന്നോടുള്ള പരിഭവമൊക്കെ മാറിയോ? ഇന്നലെയും രാത്രിയില്‍ ചിന്തിച്ചു, നമ്മള്‍ ചെറുതായി ഉടക്കിയ ആ പോസ്റ്റ്‌ അങ്ങ്‌ മായ്ച്ചുകളഞ്ഞാലോ എന്ന്‌.

ഇപ്പോഴത്തെ ഈ വരികളില്‍നിന്ന്‌ പുതിയ ഒരു കവിത ഞാന്‍ പ്രതീക്ഷിക്കുന്നു. എഴുതാതിരിക്കരുത്‌. അതങ്ങ്‌ പൂര്‍ത്തിയാക്ക്‌ അനിയാ.
അഭിപ്രായം പറഞ്ഞതിന്‌ നന്ദി .(.. അല്ലെങ്കില്‍ അതു വേണ്ട. ഒരു മാതിരി 'ക്ലീഷേ'. ഈ സാധനം എന്നെ വിട്ടുപോവാതെ കൂടെത്തന്നെയൊണ്ട്‌!).

Anonymous said...

ശിവനും പാര്‍വതിയും(സാക്ഷാല്‍) അല്ലെങ്കില്‍ കൃഷ്ണനും രാധയുംപ്രേമത്തിന്റെ രണ്ടു വ്യത്യസ്ഥ മുഖങ്ങളാണ് രണ്ടും. ഈ രണ്ടു വ്യത്യസ്ഥതകളെയും ശിവപ്രസാദ് എങ്ങിനെ നോക്കി കാണുന്നു?
ചോദ്യം മറ്റൊരു കവിതയുടെ ജനനത്തിനാണെങ്കില്‍ അങ്ങനെ.

ബെന്യാമിന്‍ said...

ശിവപ്രസാദ്, നല്ല കവിത. ഓര്‍മ്മകളില്‍ ഒരു നൊമ്പരം!!

പൊന്നപ്പന്‍ - the Alien said...

മാഷേ, ഐക്യരാഷ്ട്രസഭയുടെ മാധ്യസ്ഥം ഞാന്‍ മറക്കാനോ! പിന്നെ കവിത.. മാഷുടെ വരികള്‍ക്കു ശേഷം ഞാന്‍ എന്റെ വരികള്‍ കൂട്ടിച്ചേര്‍ത്തു.. ഇനി നമുക്ക് അതു ഇതു വഴി വരുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിക്കാം. എല്ലാവരും പൂരിപ്പിക്കട്ടെ. എന്നിട്ടു പ്രണയത്തിന്റെ നൂറ്റൊന്നു നിര്‍വചനങ്ങള്‍ എന്നൊരു പോസ്റ്റാക്കാം

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കൊള്ളാം. അങ്ങനെയാണെങ്കില്‍ 'പ്രണയത്തെക്കുറിച്ചുള്ള നൂറ്റൊന്ന്‌ നിര്‍വചനങ്ങള്‍'-ലേക്ക്‌ കവിതകള്‍ പ്രവഹിക്കട്ടെ. ബൂലോഗത്തെ പത്തു-പതിനഞ്ച്‌ ശതമാനം പേര്‍ക്ക്‌ കവിതയുടെ 'അസ്കിത' ഉണ്ടെന്നാണ്‌ എന്റെ വിശ്വാസം. ഒത്തുപിടിച്ചാല്‍ ഒരു പുസ്തകമാവാനും സാധ്യത ഇല്ലാതില്ല! ആല്ലേ? എത്രപേര്‍ അവരുടെ സംഭാവന നല്‍കുമെന്ന്‌ നോക്കിയിട്ട്‌ ബാക്കിയൊക്കെ തീരുമാനിക്കാം.

അല്ലാ... അനിയന്‌ ഈ പുത്തി എപ്പോ തോന്നി? ബൂലൊക മാതൃകയില്‍ അടിക്കാന്‍ തേങ്ങ കിട്ടാത്തതുകൊണ്ട്‌ ഇന്നാ ഒരു 'വെടലച്ചിരി'.

കുറുമാന്‍ said...

മാഷെ കവിത ഇഷ്ടായി..
പ്രണയത്തേക്കുറിച്ചുള്ള നൂറ്റൊന്നു നിര്‍വ്വചനങ്ങള്‍ - മോനേ ദില്‍ബാ, വലിച്ചെടുക്കു നിന്റെ പഴയ ബുക്ക്

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഈശ്വരോ രക്ഷതു! ഈ കുറുമാന്റെ വിളികേട്ട്‌ ആ ദില്‍ബാസുരന്‍ ഗദയുമുയര്‍ത്തി ചാടിവീണ്‌ പണ്ട്‌ യാരുക്കോ എഴുതിക്കൊടുത്ത ഒരു കവിത പോസ്റ്റ്‌ ചെയ്തു കളയുമോ പൊന്നപ്പാ? ഇന്നത്തെ ചെറുവാല്യക്കാരെ നമ്മള്‌ ഇത്തിരി പേടിക്കണമല്ലോ!

ചില നേരത്ത്.. said...

ചാരുകേശീ,
പ്രണയം അറിഞ്ഞവനല്ല, അറിയാത്തവന്‍ ഹൃദ്യമായി ആസ്വദിക്കാനാവുന്ന കവിതയാണിത്. മനോഹരം!

Unknown said...

ശിവപ്രസാദേട്ടാ,
കവിത മനോഹരമായിട്ടുണ്ട്. ഒരു സങ്കടത്തിന്റെ അണ്ടര്‍ടോണ്‍ ഫീല്‍ ചെയ്തു.

ഓടോ: കുറുമാഞ്ചേട്ടാ.. ‘പ്രേമിക്കാന്‍ 101 വഴികള്‍’ ഡി.സി.ബുക്സിന് വില്‍ക്കാന്‍ ഞാന്‍ ആലോചിച്ചതാ. പക്ഷെ അന്ന് കോഴിക്കോട് വരെ പോണെങ്കിലും അഛന്റേന്ന് കാശ് വാങ്ങണം. :-)

വീണ said...

അലറി തിമിര്‍ ത്തൊരു മഴ വന്ന നേരം
കരിയില കാറ്റത്തു പറന്നും പോയി
മണ്ണാങ്കട്ടയൊ അലിഞ്ഞും പോയി
രണ്ടു പ്രണയ രക്തസാക്ഷികള്‍ കൂടി
-വീണ

Unknown said...

പ്രിയ ശിവപ്രസാദ്‌,

ഇവിടെയെത്താന്‍ അല്പം വൈകിപ്പോയോ എന്നൊരു സംശയം. എങ്കിലും കവിതയെന്റെ ഹൃദയത്തിലേക്കാണ് കയറിച്ചെന്നത്‌.


എല്ലാവരും കവിതകള്‍ അവരവരുടെ ബ്ലോഗിലിടുന്നതിനോടൊപ്പം അതിനു മാത്രമായുള്ള കവിയരങ്ങിനെപ്പോലുള്ള പേജില്‍ക്കൂടി പോസ്റ്റ്‌ ചെയ്യണമെന്നാണ് എന്റെ അപേക്ഷ. അങ്ങനെയായാല്‍ കവിത തേടി വരുന്ന ഒരാസ്വാദകന് ഒരിടത്ത്‌ തന്നെ എല്ലാ കവിതകളും വായിക്കാനും പലബ്ലോഗുകളിലൂടെ നീങ്ങുമ്പോഴുള്ള സമയനഷ്ടം ഒഴിവാക്കാനും സാധിക്കും.

ബൂലോകത്തില്‍ ആരൊക്കെയാണ് കവികളെന്നറിയാത്തതിനാല്‍ ഞാന്‍ തന്നെ ഇത്തരം എത്ര നല്ല കവിതകള്‍ കാണാതെ പോകുന്നുണ്ടാകും എന്നാണ് ഞാന്‍ ഇപ്പോള്‍ സംശയിക്കുന്നത്‌.

പ്രണയം ജീവന്റെ പ്രകാശമാണ്,
പ്രണയം രക്തത്തിന്റെ ഇളംചൂടാണ്,
പ്രണയംജീവിതത്തിന്റെസുഗന്ധമാണ് ,
പ്രണയം പരാജിതന്റെ കയ്പുനീരാണ്,

ആദ്യാവസാനമില്ലാത്ത കാലവു,
ആദി തൊട്ടിന്നോളമുള്ള ചരിത്രവു,
അന്ത്യയാത്രയില്‍ കൂട്ടാകുമൂന്നുവടിയു,
അന്തമില്ലാത്തൊരര്‍ത്ഥമല്ലോ പ്രണയത്തിന്.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയപ്പെട്ട പൊതുവാള്‍,

താങ്കളുടെ അഭിപ്രായം വായിക്കാന്‍ ഇപ്പോഴാണ്‌ സൌകര്യമൊത്തത്‌. നല്ല നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ (കവിതകള്‍ 'കവിയരങ്ങില്‍' പോസ്റ്റ്‌ ചെയ്യുന്നതിനെപ്പറ്റി)എനിക്ക്‌ യോജിപ്പാണ്‌. കവിതകള്‍ക്കായി പൊതുവായ ഇടം ഉണ്ടാകുന്നത്‌ നല്ലതുതന്നെ. ഇപ്പോള്‍ 'മലയാളം ബൂലോഗക്കൂട്ടായ്മയും'(ശ്രീജിത്തും മറ്റും) അതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയാണല്ലോ? ഒപ്പം അനംഗാരി മാഷിന്റെ ശ്രമവും വിജയിക്കട്ടെ.

പ്രണയം പലനാള്‍ പലര്‍ക്ക്‌ പലതാവണമല്ലോ. ഇല്ലെങ്കില്‍ അത്‌ ആവര്‍ത്തനവിരസമായ കുറെ കല്‍പ്പനകളുടെ മഴപ്പെയ്ത്തോ അത്യുഷ്ണമോ ഒക്കെ ആയിപ്പോവുകയില്ലേ? പ്രപഞ്ചവും മനുഷ്യനും ഉള്ള കാലം വരെ അത്‌ പൂത്തും കൊഴിഞ്ഞും സാന്നിദ്ധ്യമറിയിക്കും. അങ്ങനെ വേണം താനും!
നന്ദി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഒറ്റയ്‌ക്കിരിക്കുമ്പോള്‍ എന്ന ബ്ലോഗില്‍ 'പ്രണയം' എന്നൊരു നല്ല കവിതയുണ്ട്‌ കൂട്ടരേ. അത്‌ ആസ്വദിച്ചിട്ട്‌ ഒരു കമന്റ്‌ ഇടാമെന്ന്‌ കരുതിയപ്പോള്‍ 'യാതൊരു' വഴിയുമില്ല. നന്ദ എന്ത്‌ കടമ്പയാണ്‌ അതില്‍ സ്ഥാപിച്ചിരിക്കുന്നത്‌.
അവിടെ പറ്റാത്തതുകൊണ്ട്‌ ആ കമന്റ്‌ ഇതാ ഇവിടെ, എന്റെ അതിരില്‍ സ്ഥാപിക്കുന്നു.

എന്തായാലും നല്ല പുതുമയുള്ള ചില പ്രയോഗങ്ങളാല്‍ സമ്പന്നമായ കവിത. വായിച്ചു നോക്കൂ!

Anonymous said...

Priya Sivaprasad,

Nandi, kavithakkum aashashayathinum.

Nanmakal!