Thursday, November 16, 2006

കനല്‍നിലാവിലെ കൈത

കവിത:

നിലാവിലാണത്രേ കൈത പൂക്കുന്നത്‌!
പറഞ്ഞതാരാണ്‌?
അമ്മുമ്മയോ, അപ്പുപ്പനോ?
അതോ...
കഥപറയാന്‍ മിടുക്കത്തിയായ
കളിക്കൂട്ടുകാരിയോ?

ധനുമാസരാവിന്റെ കുളിരും
കിനാവിന്റെ സുഗന്ധവും
അങ്ങനെയാണത്രേ
കൈതപ്പൂവില്‍ഉറഞ്ഞുകൂടുന്നത്‌.
കഥയും കല്‍പ്പനയും കണ്ണീരും
വാസ്തവജീവിതത്തെ പകുത്തെടുക്കെ
ഈന്തത്തണല്‍ വേനലിലും
കൈത്തോടിന്റെ കളിചിരി
കേട്ടുകൊണ്ടേയിരുന്നു.
കനലൂതുന്ന പകലിരവുകളില്
‍പ്രണയവും, വാല്‍സല്യവും
വാക്കുകളായിപെയ്തുനിറഞ്ഞും
കുടം കവിഞ്ഞും,
കടം വാങ്ങിയ തുറുപ്പുകളില്
‍സ്വന്തം കഴുതമുഖം തിരഞ്ഞും,
അര്‍ദ്ധായുസ്സിന്റെ ജാതകം പോലെ
ഒളിജീവിതത്തിന്റെ തിരനോട്ടം.

ഇനി...
വയലിനെ വിഴുങ്ങിയ മൈതാനത്ത്‌
തിടമ്പുയര്‍ത്തിയ വീടിന്നുള്ളില്‍
പഴകിയ ഗൃഹാതുരതയുടെ
ഹൃദയനോവാറ്റാന്‍ (അതിനെങ്കിലും..!)
ഞാനൊരു കൈത നട്ടു പിടിപ്പിക്കും.
ഓര്‍മ്മകളുടെ കനല്‍നിലാവിലെ കൈത...
അറേബ്യന്‍ സുഗന്ധം പൂശിയ
ഒരു പ്ലാസ്റ്റിക്‌ കൈത.

000

9 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കനലൂതുന്ന പകലിരവുകളില്‍
പ്രണയവും, വാല്‍സല്യവും വാക്കുകളായി
പെയ്തുനിറഞ്ഞും കുടം കവിഞ്ഞും,
കടം വാങ്ങിയ തുറുപ്പുകളില്‍
സ്വന്തം കഴുതമുഖം തിരഞ്ഞും,
അര്‍ദ്ധായുസ്സിന്റെ ജാതകം പോലെ
ഒളിജീവിതത്തിന്റെ തിരനോട്ടം. (കനല്‍നിലാവിലെ കൈത - കവിത)

വാളൂരാന്‍ said...

ആ പ്ലാസ്റ്റിക്‌ കൈതക്കും സുഗന്ധമുണ്ടാകട്ടെ എന്നാശംസിക്കുന്നു....

വേണു venu said...
This comment has been removed by a blog administrator.
വിഷ്ണു പ്രസാദ് said...

'വയലിനെ വിഴുങ്ങിയ മൈതാനത്ത്‌
തിടമ്പുയര്‍ത്തിയ വീടിന്നുള്ളില്‍
പഴകിയ ഗൃഹാതുരതയുടെ
ഹൃദയനോവാറ്റാന്‍ (അതിനെങ്കിലും..!)
ഞാനൊരു കൈത നട്ടു പിടിപ്പിക്കും.
ഓര്‍മ്മകളുടെ കനല്‍നിലാവിലെ കൈത...
അറേബ്യന്‍ സുഗന്ധം പൂശിയ
ഒരു പ്ലാസ്റ്റിക്‌ കൈത.'നാട്ടുനന്മകളെ തിരിച്ചിപിടിക്കാന്‍ കൊതിക്കുന്ന ഈ കവിതയ്ക്കുപിന്നില മനുഷ്യനെ ഞാന്‍ സ്നേഹിക്കുന്നു.

ലിഡിയ said...

മാറ്റം പ്രകൃതി നിയമമല്ലേ, എന്നാലും കൃത്രിമ സുഗന്ധങ്ങള്‍ വാസനിക്കുമ്പോള്‍ മനസ്സ് നോവുക തന്നെ ചെയ്യും..

ഓര്‍മ്മകളെങ്കിലും നമുക്ക് സ്വന്തമായിരിക്കട്ടെ, നാളെ അവയും അന്യമാവില്ലെന്നാര് കണ്ടു .

-പാര്‍വതി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

യഥാര്‍ത്ഥത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകേണ്ടുന്ന, വാക്കുകള്‍ക്കും അര്‍ഥങ്ങള്‍ക്കും അപ്പുറത്തുള്ള ഒരു 'പ്രത്യേക തരം' സ്‌നേഹം, അല്ലെങ്കില്‍ മമത... അതാവണമല്ലോ വിഷുവിനെക്കൊണ്ട്‌ ഇങ്ങനെ പറയിച്ചത്‌. ഈ കവിത സഫലമായി എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഇനിയത്‌ തീയെടുത്താലും കടലെടുത്താലും വിഷമമില്ല. ആളറിയാതെ അകലത്തിരുന്ന്‌ ഒരു കവിതയുടെ പേരില്‍ ഒരാളെ സ്‌നേഹിക്കണമെങ്കില്‍ 'വിഷ്ണുവിന്‌ വട്ടായിരിക്കും' എന്ന്‌ ലോകം പറയുമെങ്കിലും! ആ സ്‌നേഹം ഞാന്‍ സവിനയം സ്വീകരിച്ചിരിക്കുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പാര്‍വതിയുടെ സംശയം തന്നെ എനിക്കുമുണ്ട്‌. എന്നുവച്ച്‌ മാറ്റത്തിനും വികസനത്തിനും ഞാന്‍ എതിരുമല്ല. അതൊക്കെ, നടിന്റെ സ്വാഭാവിക പരിണതിയിലൂടെ ആയാല്‍ നന്ന്‌. പക്ഷെ, നമ്മുടെ കൈകളില്‍നിന്ന്‌ മലയാളിത്തത്തിന്റെ പല മൂല്യങ്ങളും പോയകൂട്ടത്തിലാണല്ലോ 'വയലുകള്‍ പോയതും 'കോണ്‍ക്രീറ്റ്‌ മേടകള്‍' നമ്മേ പുഴുങ്ങാന്‍ തുടങ്ങിയതും. അങ്ങനെ, വിയര്‍ത്ത്‌ വിളര്‍ന്നിരിക്കുമ്പോല്‍ ഒരു കൈതപ്പൂവിന്‌ മാത്രം കൈമാറാന്‍ കഴിയുന്ന സാന്ത്വനം നന്നായി അനുഭവപ്പെട്ടിട്ടുമുണ്ട്‌. ഇത്‌ പതിനായിരങ്ങളുടെ തൊന്നലാണെന്ന്‌ ഞാന്‍ കരുതുന്നു. ഒര്‍മ്മകളെങ്കിലും മരിക്കതിരിക്കട്ടെ. അല്ലേ പാര്‍വതീ?

വല്യമ്മായി said...

സുഗന്ധം പരത്തുന്ന ഓര്മ്മകളെങ്കിലുമുണ്ടല്ലോ എന്നാശ്വസിക്കാം

Physel said...

ഉവ്വ്, നിലാവിലാണ് കൈത പൂക്കുന്നത്..ഈപ്പോള്‍ ഈ കവിതയുടെ നിലാവില്‍ എന്റെ മനസ്സിലാണ് കൈത പൂത്തു നില്‍ക്കുന്നത്......മഞ്ഞു നനഞ്ഞ പ്രഭാതങ്ങളില്‍ ചാലിക്കര തോടിന്റെ വശങ്ങളില്‍ പണ്ടെങ്ങോ പൂത്തുനിന്ന കൈത! പിന്നെ ഒരുപാടു മുതിര്‍ന്നപ്പോള്‍ ആരോ പറഞ്ഞു കൈതപ്പൂവിന്റെ ഗന്ധം പാമ്പുകളെ ആകര്‍ഷിക്കുമെന്ന്....

ശിവപ്രസാദ് നന്ദി!