Wednesday, November 08, 2006

ബാക്കിവെച്ച സ്വകാര്യങ്ങള്‍

(ഓര്‍ത്തു പോവുകയാണ്‌... വെറുതെ,
ഏകാന്തത പട്ടുചുറ്റിയ
കള്ളിമുള്ളുകള്‍ പുണര്‍ന്നെന്റെ
ചുട്ട രോദനങ്ങളില്‍ തീമഞ്ഞു പുകയവെ!)

മറന്നുവച്ച പുസ്തകത്തിലെ
പ്രണയകവിതയിലെ വരികളെ
ചുവന്ന അടിവരയാല്‍ തെളിയിച്ചത്‌.
ജനാലക്കാറ്റിലെ ചിലന്തിവല പോലെ
നെടുകെയും കുറുകെയുംകണ്ണുകളാല്‍ നെയ്തത്‌.
തീവണ്ടി കടന്നുപോകുവോളം
അപ്പുറമിപ്പുറം അകലങ്ങളിലെ
അന്തിത്തുടുപ്പില്‍ നൊന്തടര്‍ന്നത്‌.
ജീവിത ചക്രവ്യൂഹം പ്രവേശിച്ച
ശിഷ്ടസ്വപ്നങ്ങളെ പൊലിപ്പിക്കാന്
‍ഭാഷാംഗരാഗമായി അവന്‍ പിറന്നത്‌.
വളപ്പൊട്ടുകളുടെ വിചിത്രാകൃതികളില്
‍വിരല്‍ മുറിഞ്ഞ കൈയൊപ്പാല്‍
വിദേശവാസത്തിന്റെ ചൂണ്ടയെറിഞ്ഞത്‌.
സ്വന്തം ചൂണ്ട തന്നെ വിഴുങ്ങിയ മീനായി
മണല്‍പ്പെയ്‌ത്തിലും നിഴല്‍ത്തീയിലും
ഇരുവശം കിടന്ന്‌ പൊരിഞ്ഞത്‌.
ഉറങ്ങാത്ത രാത്രികളുടെ കടലില്‍
തുഴയില്ലാത്ത പൊങ്ങുതടിയായി
കരകാണാതെ നീന്താതെ അലഞ്ഞത്‌.
ഇരുകൊല്ലത്തിലൊരിക്കല്‍
കണ്ണകലമോടെ അരികത്തിരിക്കവേ
കരുതിവച്ച വാക്കുകള്‍ പിടിവിട്ടോടിയത്‌.
മറന്നുവച്ച ഡയറിയുടെ ഉള്‍പ്പേജില്‍
ഉണങ്ങിയ തുളസിക്കതിരായി
നിന്റെ സ്‌നേഹയൌവനം തിരികെത്തന്നത്‌.

ഒപ്പമില്ലെങ്കിലും ഒട്ടുമകലെയല്ലാതെ
നിന്റെ നെഞ്ചിടിപ്പ്‌ ഗുണിതങ്ങളായി
മിഴിമുനയില്‍ തുടിക്കുന്നുണ്ട്‌.
ഏത്‌ അച്ചുകൂടത്തിനും പിഴയ്‌ക്കാവുന്ന
കൂട്ടക്ഷരങ്ങളല്ലേ
നമ്മുടെ ആത്മകഥയിലുമുണ്ടാവൂ?

അനസ്തീഷ്യയുടെ പാലത്തിനിക്കരെ
പിടയ്ക്കുന്ന ഉള്‍ത്താപങ്ങളോടെ
ഞാന്‍ കാത്തിരിപ്പുണ്ടെന്ന്‌ മറക്കരുത്‌.
തിരിച്ചെത്തുവോളം എനിക്കു ജപിക്കാന്‍
പഴയൊരീ റാട്ടുചക്രങ്ങളില്‍ കുരുങ്ങിയ
നിന്റെ ഇടറാത്ത ഒച്ചയോര്‍മ്മകള്‍ മാത്രം.
അവയില്‍നിന്ന്‌ ഒരിഴ ഈരിഴയായി
പുതിയൊരു കയര്‍ നീര്‍ത്തുകയാണ്‌ ഞാന്‍...
നമ്മുടെ ദുഃസ്വപ്നങ്ങളെ തൂക്കിലിടാന്‍.

000

21 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ബാക്കിവെച്ച സ്വകാര്യങ്ങള്‍ (കവിത)
(ഓര്‍ത്തു പോവുകയാണ്‌... വെറുതെ
ഏകാന്തത പട്ടുചുറ്റിയ
കള്ളിമുള്ളുകള്‍ പുണര്‍ന്നെന്റെ
ചുട്ട രോദനങ്ങളില്‍ തീമഞ്ഞു പുകയവെ!)

Anonymous said...

കവിത ആസ്വദിച്ചു. :)

പിന്മൊഴി said...

പ്രവാസിയുടെ ആത്മനൊമ്പരങ്ങള്‍്..
നല്ല കവിത..

Anonymous said...

ഒപ്പമില്ലെങ്കിലും ഒട്ടുമകലെയല്ലാതെ
നിന്റെ നെഞ്ചിടിപ്പ്‌ ഗുണിതങ്ങളായി
മിഴിമുനയില്‍ തുടിക്കുന്നുണ്ട്‌.
I must say something, but what?

Anonymous said...

ശിവപ്രസാദ്,
കവിത വായിച്ചു. ഈ വരികള്‍ ഒരു ശരാശരി
പ്രവാസിയുടെ ചിന്തകള്‍ തന്നെയല്ലേ?
“ഇരുകൊല്ലത്തിലൊരിക്കല്‍
കണ്ണകലമോടെ അരികത്തിരിക്കവേ
കരുതിവച്ച വാക്കുകള്‍ പിടിവിട്ടോടിയത്‌“.
“പ്രയാസി“ എന്ന കവിതയും വാ‍യിച്ചു.
നമ്മുടെ ചുറ്റുപാടും നിന്ന് ഗള്‍ഫിലെത്തി ധാരാളം കാശുണ്ടാക്കി (നേരായും അല്ലാതെയും) നാട്ടില്‍ സുഖലോലുപരായി അവര്‍ കഴിയുന്നതു കാണുമ്പോള്‍ ഏതു ഭാര്യയും ചോദിച്ചൂപോകും “നിങ്ങള്‍ക്കെന്തു പറ്റി” എന്നു.
നന്നായിരിക്കുന്നു.
നന്ദു-റിയാദ്

Anonymous said...

നല്ല കൃതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതു കഷ്ടമാണ്. യു.എ.യിലെയും ദില്ലിയിലെയും തീറ്റക്കഥകള്‍ പറഞു മടുക്കുമ്പോള്‍ ദയവായി ഇതുപോലുള്ള സൃഷ്ടികള്‍ കൂടെ ഒന്നു ശ്രദ്ധിക്കുകയും വിലയിരുത്തുകയും വേണമെന്നു അഭ്യര്‍ഥിക്കുന്നു.
സസ്നേഹം.
നന്ദു-റിയാദ്.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പൊതുജനം പലവിധമല്ലേ നന്ദൂ? ബ്ലോഗുകളെ തമാശ മാത്രമായി കരുതുന്നവരും ഒരുതരം ആത്മാവിഷ്കാരമാണല്ലോ നടത്തുന്നത്‌! വിഷയമില്ലാത്ത എത്രയെത്ര ചര്‍ച്ചകളും 'ചാര്‍ച്ച'കളുമാണ്‌ ഇവിടെ നടക്കുന്നത്‌. ഒരു കവിത 72 പേര്‍ വായിച്ചതില്‍ 5 കമന്റുകള്‍ ഉണ്ടായാല്‍... നമ്മള്‍ തൃപ്തിപ്പെട്ടു. അത്യാഗ്രഹമൊന്നും പാടില്ലല്ലോ. ചില 'ഇ-മെയിലുകള്‍' ഒരുപാട്‌ സന്തോഷം തരാറുണ്ട്‌. അത്രയൊക്കെ ധാരാളം.
ഹൃദയപൂര്‍വമുള്ള അഭിപ്രായത്തിന്‌ 'വളരെ വളരെ നന്ദി...' എന്ന്‌ വാക്കാല്‍ പറയുന്നില്ല.

asdfasdf asfdasdf said...

തിരിച്ചെത്തുവോളം എനിക്കു ജപിക്കാന്‍
പഴയൊരീ റാട്ടുചക്രങ്ങളില്‍ കുരുങ്ങിയ
നിന്റെ ഇടറാത്ത ഒച്ചയോര്‍മ്മകള്‍ മാത്രം.
പ്രവാസിയുടെ നൊമ്പരങ്ങള്‍..
നന്നായിരിക്കുന്നു.

Anonymous said...

ശിവപ്രസാദ്,
പോസ്റ്റില്‍ വരുന്ന കമന്റുകളുടെ എണ്ണം നോക്കി അതിനെ വിലയിരുത്താ‍ന്‍ വേണ്ടിയല്ല. വെറുതെ ഉണ്ടപ്പൊരിയുടെയൂം പൊട്ടിച്ച്തീര്‍ത്ത കാലിക്കുപ്പിയുടെയും കണക്കുകള്‍ പറഞു കമന്റിന്റെ എണ്ണം 200 ഉം 400 ഒക്കെ ആയെന്ന് വീമ്പിളക്കുന്നതു കണ്ടു പറഞുപോയത്ണ്. അതൊന്നുംവേണ്ട എന്നല്ല. ഇടയ്ക്കു ഇതുപോലുള്ളതു കൂടെ ബൂലോകര്‍ പ്ര്രോത്സാഹിപ്പിക്കട്ടെ.
- നന്ദു.

വീണ said...

അയ്യോ ഓടി വരണേ ദേ ഇവിടെ തീ പിടിക്കുന്നേയ്.

സു | Su said...

:) വായിച്ചിരുന്നു. കമന്റ് ടൈപ്പ് ചെയ്ത് പബ്ലിഷ് ചെയ്യാന്‍ പോയപ്പോള്‍ കറന്റ് പോയി.

വായിക്കുന്നവര്‍ മുഴുവന്‍ കമന്റിടാറില്ല. അതുകൊണ്ട് ആരും വായിക്കുന്നില്ല എന്ന് കരുതരുത്. എല്ലാവരും വായിക്കും. :)

മീറ്റ് ആഘോഷിക്കുന്നപോലെയുള്ള കമന്റ് ഇവിടെ, നല്ല കവിതകള്‍ക്ക് വേണോ?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

സ്നേഹിതാ,
ഈ കവിത നാലുദിവസമായി അപ്രത്യക്ഷമായ ഉറക്കത്തില്‍ നിന്ന്‌ പൊട്ടിവീണതാ. എന്റെ മനസ്സിനെ സമധാനിപ്പിക്കാന്‍ ഞാന്‍ കണ്ടെത്തിയ ഉപായം എന്ന്‌ വേണമെങ്കില്‍ പറയാം. കാരണം വെളിപ്പെടുത്തേണ്ടതില്ലെന്നാണ്‌ ആദ്യം കരുതിയത്‌. കവിത സ്വയം സംസാരിക്കുമല്ലോ! ഇത്രയുമായ സ്ഥിതിക്ക്‌ പറയുന്നതാവും നല്ലത്‌.

എന്റെ ജീവിതപങ്കാളി ഒരു മേജര്‍ സര്‍ജറിക്കുശേഷമുള്ള ബോധാബോധങ്ങളുടെ പാലത്തിലൂടെ, വേദനയിലൂടെ സഞ്ചരിക്കുകയാണ്‌. ഇത്‌ അവള്‍ക്കുള്ള സമര്‍പ്പണമാണ്‌. അതുകൊണ്ടുതന്നെ ഇതിന്‌ ഒരു കമന്റ്‌ പോലും ഇല്ലെങ്കിലും ദുഃഖം തോന്നില്ല. ഇതൊക്കെത്തന്നെ ധാരാളം. പിന്നെ ഈ സന്ദര്‍ഭം പലര്‍ക്കും പരിചിതമാണ്‌. പലര്‍ക്കു വേണ്ടിയും കാലം കാത്തുവയ്ക്കുന്ന സന്ദര്‍ഭവുമാണ്‌.

വീണ വിളിച്ചറിയിച്ച പോലെ ഇവിടെ തീയും പുകയും ഒന്നുമില്ല. സര്‍വം ശാന്തം. സംവാദം വിവാദമാക്കല്ലേ കൂട്ടരേ.

ചന്ദ്രസേനന്‍ said...

ശരിയാണ് എന്തൊക്കെയൊ ഇടക്ക് എനിക്കും തോന്നാറുണ്‍ദ്...

നല്ല കവിത...:)

Unknown said...

ശിവാ, ഏതച്ചുകൂടത്തിനും പിഴക്കുന്ന കൂട്ടക്ഷരങ്ങള്‍.... എല്ലാ ജീവിതങ്ങളിലും അതു മാത്രമാണ്‌. തിരുത്തി വായിക്കാന്‍ കഴിയാത്തതിണ്റ്റെ നോവില്‍ നിന്നുകൊണ്ട്‌ അത്‌ കാണുമ്പോള്‍ വല്ലാതെ നൊന്തു. നന്ദി... ഈ വരികള്‍ക്ക്‌ മാത്രമായെങ്കിലും...

reshma said...

ശിവപ്രസാദ്,
കവിത അതിന്റെ പൂര്‍ണ്ണതയോടെ ആസ്വദിക്കാനുള്ള കഴിവെനിക്ക് വളര്‍ത്തിയെടുക്കാനുണ്ട്. ചില വരികള്‍ ചങ്കിലൊരു പിടുത്തം പിടിച്ചെന്ന് പറയട്ടെ.

താങ്കളുടെ ജീവിത പങ്കാളിക്ക് വേദനകളില്‍ നിന്ന് സമാധാനം നേരുന്നു.

വീണ said...

പ്രിയ ശിവപ്രസാദ്,
ഇതിനു ഇങിനെയൊരു പശ്ചാ‍ത്തലം ഉണ്ടായിരുന്നതയി അറിഞ്ഞിരുന്നില്ല. ഒരു ശരാശരി പ്രവാസിയുടെ വിരഹത്തിന്റെ മാറ്റൊലിയായി മാത്രമേ കരുതിയുള്ളു. കമന്റു കണ്ട ശേഷം ഒരാവര്‍ത്തി കൂടെ വായിച്ചു. വരികള്‍ക്കിടയിലെ അണപൊട്ടിയ ദുഖം ഞാനറിയുന്നു.
“അനസ്തീഷ്യയുടെ.........” ഈ വരികള്‍ എന്റെ കണ്ണുകളെ ഈറനണിയിച്ചു.
പിന്നെ ഒരു കുസൃതിക്കു വേണ്ടി വിളിച്ചു കൂവിയതാണു. സോറി.
- വീണ

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ക്ഷമാപണത്തിന്റെ ആവശ്യമൊന്നുമില്ല, വീണേ. ഇപ്പോള്‍ കവിതയുടെ ധര്‍മ്മം നിറവേറ്റപ്പെട്ടു. വിശദീകരണമില്ലാതെ ആസ്വാദ്യത നല്‍കുന്നതാണ്‌ നല്ല കവിത. ചില വിഷയങ്ങളില്‍ വിശദീകരണം വേണ്ടിവന്നാല്‍ അത്‌ കവിത അല്ലാതാകുന്നുമില്ല.

(ബാക്കി: നാട്ടില്‍, അവള്‍ ഇപ്പോള്‍ ബോധത്തിലാണ്‌. കുറെ ദിവസത്തേക്ക്‌ വേദന ഉണ്ടാകുമെന്ന്‌ ഡോക്റ്റര്‍ പറയുന്നു. ഏഴു ദിവസം അമൃതയില്‍ത്തന്നെ കഴിയണം. പിന്നെ മൂന്നു മാസത്തോലം ബെഡ്‌റസ്റ്റ്‌ വേണ്ടിവരും. അല്‌പം മുന്‍പ്‌ ഞാന്‍ ഫോണില്‍ സംസാരിച്ചു, ചില വാക്കുകള്‍ മാത്രം. അധികം വേണ്ടെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. പ്രാര്‍ഥനയുടെ ഫലം എനിക്കിതുവരെ അനുഭവമല്ല. എങ്കിലും, പല സുഹൃത്തുക്കളും കുടുംബങ്ങളും അവള്‍ക്കായി പ്രാര്‍ഥിച്ചിരുന്നു. എല്ലാവരോടും നന്ദിയുണ്ട്‌.)

വാളൂരാന്‍ said...

വൈകിയതിനു ക്ഷമിക്കുക. വാക്കുകള്‍ കനലുകളാകുമ്പോള്‍ പലപ്പോഴും കമന്റുകള്‍ക്കതീതമാകുന്നു. കല്ലേച്ചി കോട്ടുചെയ്ത വരികള്‍ ഉള്ളില്‍ തീകോരിയിടുന്നു. രോദനങ്ങളുടെ തീമഞ്ഞ്‌ അണയാനായുള്ള പ്രാര്‍ത്ഥനയോടെ...

ശിശു said...

മാഷെ:) കാണാന്‍ വൈകിപ്പോയി, (മീറ്റുകള്‍ക്ക്‌ പിന്നാലെ ആയിരുന്നില്ല, എന്നിട്ടും..?)


അനസ്തീഷ്യയുടെ പാലത്തിനിക്കരെ
പിടയ്ക്കുന്ന ഉള്‍ത്താപങ്ങളോടെ
ഞാന്‍ കാത്തിരിപ്പുണ്ടെന്ന്‌ മറക്കരുത്‌.
തിരിച്ചെത്തുവോളം എനിക്കു ജപിക്കാന്‍
പഴയൊരീ റാട്ടുചക്രങ്ങളില്‍ കുരുങ്ങിയ
നിന്റെ ഇടറാത്ത ഒച്ചയോര്‍മ്മകള്‍ മാത്രം.
അവയില്‍നിന്ന്‌ ഒരിഴ ഈരിഴയായി
പുതിയൊരു കയര്‍ നീര്‍ത്തുകയാണ്‌ ഞാന്‍...
നമ്മുടെ ദുഃസ്വപ്നങ്ങളെ തൂക്കിലിടാന്‍.

നല്ല പ്രയോഗങ്ങള്‍, വാക്കുകള്‍, പറയാന്‍ ശ്രമിച്ചതിത്രയും തുടിച്ചു നില്‍ക്കുന്ന വരികള്‍,
(ഓ.ടൊ) പ്രിയതമക്കിപ്പോഴെങ്ങനെ? സുഖം പ്രാപിച്ചോ?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയപ്പെട്ട ശിശു,
മുകളിലത്തെ കമന്റില്‍ (വീണയ്ക്കുള്ള മറുപടിയില്‍ വിശദാംശമുണ്ട്‌). പ്രിയതമ സ്സ്ധാരണ ജീവിതത്തെ ഇപ്പോഴും സ്വപ്നം കാണുന്നു. മെല്ലെ റിക്കവറിയാകും. വൈകിയെന്ന ക്ഷമാപണമെന്തിന്‌? താങ്കള്‍ വായിച്ചുവല്ലോ. അതുമതി. ഇന്ന്‌ പുതിയൊരു കവിത പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. നന്ദി.

വിഷ്ണു പ്രസാദ് said...

പലതവണ കമന്റിടാന്‍ വന്നതാണ് .ഓരോരോ കാരണങ്ങളാല്‍ മുടങ്ങിപ്പോയി.താങ്കളുടെ ജീവിതപങ്കാളി വേഗം സുഖം പ്രാപിക്കട്ടെ .