Monday, November 06, 2006

പ്രയാസി

അയാള്‍
നാലുകൊല്ലം കൊണ്ട്‌
വീടുപണിതു,
കാറുവാങ്ങി.
മറ്റേയാള്‍ അബ്‌കാരിയായി,
അയല്‍പക്കം മുഴുവന്‍ സ്വന്തമാക്കി.
നിങ്ങള്‍ പത്തുകൊല്ലം കൊണ്ട്‌
മൂത്തുനരച്ചതു മിച്ചം.
ആയകാലത്ത്‌,
ഭാഗ്യമോ നിര്‍ഭാഗ്യമോ,
മൂന്നു പിള്ളേരെത്തന്നു.
കാതും കഴുത്തും മനസ്സുമൊഴിഞ്ഞ്‌
ഞാനാകെ തകര്‍ന്നു.
നിങ്ങള്‍ക്കോ...
ഷുഗറിനും പ്രഷറിനും അലോപ്പതി,
ഇടുപ്പെല്ലിന്‌ ആയുര്‍വ്വേദം;
വായ്പയും പലിശക്കടങ്ങളും
ഗതികേടിന്റെ പഴമ്പുരാണവും
മാങ്ങാത്തൊലി സാഹിത്യ ചര്‍ച്ചയും!

മടുപ്പായി പിള്ളേരെടപ്പനേ,
ഇനിയെന്നാ തിരിച്ചുപോണെ?

000

19 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

"മടുപ്പായി പിള്ളേരെടപ്പനേ,
ഇനിയെന്നാ തിരിച്ചുപോണെ?"
പ്രയാസി (കവിത)

വല്യമ്മായി said...

സത്യം അതിന്റെ മുഖം വികൃതമാണല്ലെ

സു | Su said...

പ്രയാസി ഇഷ്ടമായി. പിള്ളേരടമ്മ ആളു മോശം ഇല്ലല്ലോ. :)

അത്തിക്കുര്‍ശി said...

ദൈവമേ,

ഇതു എcന്നക്കുറിച്ചാണല്ലൊ!
പ്രവാസികളെയും..

ചില നേരത്ത്.. said...

പ്രവാസി കവിത നന്നായി.
(ഇതെന്നെ കുറിച്ചല്ല)

Anonymous said...

ആക്ഷേപരസം സമുദ്രനിരപ്പിനും മുകളിലാണ്‌.
നന്നായിരിക്കുന്നു ശിവപ്രസാദ്‌.

രാജ് said...

സുനില്‍ കൃഷ്ണന്റെ അഭിപ്രായം തന്നെ എനിക്കും.

ഞാന്‍ ഇരിങ്ങല്‍ said...

സത്യം സത്യത്തിന് സുന്ദരം അല്ലേ...
ബ്ലോഗില്‍ സംബന്ധിച്ച് നല്ല കവിത.
സ്നേഹത്തോടെ
രാജു

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'ഗതികേടിന്റെ ഇത്തരം പുരാണങ്ങള്‍' ഉള്ളിലൊതുക്കുന്നവരാണ്‌ പല പ്രവാസികളും. സ്വകാര്യത്തില്‍ ചിലപ്പോള്‍ ചിലതൊക്കെ പറഞ്ഞുപോകാറുണ്ടെങ്കിലും, ഉള്ളിലെ നെരിപ്പോടിന്റെ നേരിയ ചൂടുപോലും അതില്‍ പുകയാറില്ല. തീക്ഷ്ണമായ ആ വേദനയെ ഇങ്ങനെയൊക്കെ ഞാന്‍ പലര്‍ക്കുവേണ്ടി ഒന്നിറക്കിവച്ചതാണ്‌.

സൂ,... പിള്ളേരടമ്മയെ മാത്രം കുട്ടം പറഞ്ഞതുകൊണ്ടായില്ല. ചില പ്രവാസികളുടെ കാര്യത്തില്‍ ആ അമ്മമാരാണ്‌ വഞ്ചിക്കപ്പെടുന്നത്‌.

അത്തിക്കുര്‍ശീ, ... തങ്കളാണ്‌ ഈ കവിത ഏറ്റവും നന്നായി അനുഭവിച്ചതെന്ന്‌ മനസ്സിലായി. നന്ദി.

ചിലനേരത്ത്‌, ... പരുങ്ങല്ലേ സ്നേഹിതാ! ഇത്‌ താങ്കളുമാവില്ലെന്ന്‌ എന്താണുറപ്പ്‌? പ്രത്യേകിച്ചും 'പ്രവാസി'യുടെ കാര്യത്തില്‍?

സുനില്‍ കൃഷ്ണാ, ...കളിയക്കല്ലേ! എവിടെ... താങ്കളുടെ ചില നുറുങ്ങു കവിതകളുടെ വാലില്‍ ഇതിനെ...?

പെരിങ്ങോടാ,...ഏറെ നന്ദി. പുതിയ കഥയൊന്നും ആയില്ലേ? പോരട്ടേ ഒരു സ്ട്രോങ്ങ്‌!

ഇരിങ്ങല്‍,... താങ്കളുടെ ദിനേശ്‌ ബീഡിക്കഥ ചെറിയ ഒരു 'കല്ലേറായി' ചിലര്‍ക്ക്‌. ഇതുതന്നെയാണ്‌ കലയുടെ ശക്തി. കൊള്ളേണ്ടിടത്ത്‌ കൊണ്ടാല്‍ രചന നന്നായി.

വാളൂരാന്‍ said...

(ആത്മഗതം) സത്യം, പരിപൂര്‍ണ സത്യം
(പ്രകാശം) എന്റെ പ്രിയന്‍, ഉള്ളതു പങ്കിട്ട്‌ ഞങ്ങള്‍ രണ്ടാളും, ഒരിക്കലും പിരിയാതെ, ഒന്നായി....
ശിവപ്രസാദ്‌, താങ്കള്‍ മനസ്സിന്റെ ഉള്ളിലുള്ളതു പറഞ്ഞിരിക്കുന്നു, പുറത്തു പറയുന്നതല്ല. മടുപ്പിന്റെ ഒരാവരണം അവളെടുത്തു പുതച്ചിരിക്കുന്നു. നിരാശയുടെ ഒരു കൂന്‌ അവളുടെ പുറത്ത്‌. നിത്യജീവിതത്തിലെ പലരുടേയും, സത്യമാണ്‌, പലരുടേയും രോദനങ്ങള്‍......
ശിവ, നല്ലകവിതകള്‍ക്ക്‌ വെറുതേ കമന്റിപ്പോകുന്നത്‌ ശരിയല്ലെന്നറിയാവുന്നതുകൊണ്ട്‌, പലപ്പോഴും മാറ്റിവക്കും പിന്നെ കമന്റിടാന്‍, പിന്നെ മറക്കും.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

മുരളീ: സത്യത്തില്‍ നേര്‍ക്കുനേരെയുള്ള അഭിപ്രായങ്ങള്‍ (വിമര്‍ശനമായാലും) ഒരു രചനയുടെ ശരിക്കുള്ള വിലയിരുത്തലാവാം. താങ്കളും പ്രവാസിയെ സംബന്ധിച്ച ഒരു വാസ്തവം അംഗീകരിച്ചതില്‍ സന്തോഷമുണ്ട്‌.

ഞാനും പലപ്പോഴും കമന്റുകള്‍ എഴുതി, തിരക്കുകള്‍ക്കിടയില്‍ അത്‌ പോസ്റ്റ്‌ ചെയ്യാനാവാതെ വിഷമിക്കാറുണ്ട്‌. (പലരുടെയും മെച്ചപ്പെട്ട 'പോസ്റ്റുകള്‍'ക്കു ഞാന്‍ എഴുതിവച്ചവ ചേര്‍ത്തുവായിക്കാന്‍ നല്ല രസമായിരിക്കും). പിന്നെ കരുതും, നാളെ ശ്രമിക്കാം എന്ന്‌. നാളെയും ഇന്നിന്റെ ആവര്‍ത്തനമായാല്‍ പിന്നെ?

Rasheed Chalil said...

സംഭവം ഒരു കറുത്ത സത്യം. സംഭവിക്കാതിരിക്കട്ടേ... ആര്‍ക്കും

വേണു venu said...

പ്രയാസി, ഇഷ്ടപ്പെട്ടു.
പ്രയാസി അവസ്സാനിപ്പിക്കുന്ന ആ വരികള്‍,ഇനിയെന്നാ തിരിച്ചുപോണെ?, അതൊഴിവാക്കിയിരുന്നെങ്കില്‍ പ്രയാസി, പ്രവാസിയില്‍ ഒതുങ്ങതൊരു യൂണിവെര്‍സല്‍ തലത്തിലേക്കെത്തുമായിരുന്നോ എന്നൊരു വിചാരം.ആ വരികളിലാണു കവിതയുടെ കഴുക്കോലുകള്‍ ഇരിക്കുന്നതു് എന്നു കണ്ടു കൊണ്ടു തന്നെ.
ശിവപ്രസാദ്ജി എനിക്കു അങ്ങനെ തോന്നുന്നു.

കുറുമാന്‍ said...

അക്ഷരം പ്രതി വാസ്തവം. പിള്ളാരുടെ അമ്മ മാത്രമല്ല,മറ്റു ബന്ധുജനങ്ങളും പറയുന്ന അല്ലെങ്കില്‍ ചോദിക്കുന്ന “ഇനിയെന്നാ തിരിച്ചുപോണെ” അല്ലെങ്കില്‍, ഇനി പോകുന്നില്ലേ? എന്നക്കാ മടക്കം എന്ന ആ ചോദ്യം അതു പ്രവാസിക്കെന്നും നേരിട്ടേ മതിയാകൂ.

sreeni sreedharan said...

ഈശ്വരാ..
ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ടിട്ട്
ഇതെന്തു പരീക്ഷണം.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വേണൂ:
പ്രവാസി ഒരു യൂണിവേഴ്സല്‍ സബ്ജക്റ്റായ സ്ഥിതിക്ക്‌ ഇതേ ചോദ്യങ്ങള്‍ പലരീതികളില്‍ നേരിടുന്നവരാണ്‌ എല്ലാ പ്രവാസികളും. മാത്രമല്ല, കവിതയുടെ മര്‍മ്മം ആ ചോദ്യം തന്നെയല്ലേ? താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. വെട്ടാനും തിരുത്താനും രുചിക്കാനുമൊക്കെ അനുവചകനാണല്ലോ അവകാശം.

കുറുമാനേ:
കണ്ണില്‍ക്കൊള്ളുന്ന സത്യങ്ങള്‍ പറയാന്‍ നമുക്കൊക്കെ മടിയാണെന്നേയുള്ളു. സത്യം ഒരിക്കലും അതല്ലാതാവില്ലല്ലൊ!

പച്ചാളം:
പ്രാവസികളില്‍ത്തന്നെ നേരും നെറിയും കെട്ടവര്‍ കുമാര്‍ഗ്ഗങ്ങളിലൂടെ വാരിക്കൂട്ടുന്ന സമ്പത്തിന്റെ 'ബഹളങ്ങള്‍' കാണുന്ന നാട്ടുകാര്‍ എല്ലാവരെയും അതേ സ്കെയില്‍ ഉപയോഗിച്ച്‌ അളക്കുന്നതിനാലുള്ള ഒരു പ്രശ്നം മാത്രമാണ്‌ ഞാന്‍ ഈ ചെറിയ കവിതയിലൂടെ പറയാന്‍ ശ്രമിച്ചത്‌. ഇതിലും എത്രയോ 'ഭീകരങ്ങളായ സത്യങ്ങള്‍' ബാക്കി കിടക്കുന്നു! അതും ആരെങ്കിലുമൊക്കെ പറയട്ടെ. 'അപ്രിയമായാലും സത്യം പറയണം' എന്നതാണ്‌ ഈ എളിയവന്റെ പോളിസി.

എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നു.

Unknown said...

അയാളെയും മറ്റെയാളെയും മാത്രം കാണുന്ന കണ്ണുകള്‍ക്ക്‌ എന്തേ വേറെ ഒരുപാടുപേരെ കാണാന്‍ പറ്റുന്നില്ല എന്നൊരു സംശയം. കാറു വാങ്ങിയവരും അബ്കാരി മാരും മാത്രമല്ല, ക്ലാസ്സിലും നാട്ടിലും ഒന്നാമനായിട്ട്‌ കടം കയറി ചത്തുപോയവനും ഉണ്ടായിരുന്നില്ലേ അയലോക്കത്ത്‌? അതോ ഇതൊരു പെണ്‍കാഴ്ചയുടെ കുഴപ്പമോ? എപ്പോഴും മുകളിലേക്ക്‌ മാത്രം നോക്കുന്ന ജീവിക്ക്‌ ഭാര്യ എന്നും പേര്‌ പറയുമോ ശിവാ. എന്തായാലും സംഭവം നന്നായി. പ്രത്യേകിച്ച്‌ അവസാനത്തെ ചോദ്യം. (എന്റെ ഭാര്യ ഇത്‌ ചോദിക്കും മുന്‍പ്‌ ഞാന്‍ അവളെ നാട്ടിലാക്കി).

Unknown said...

നന്നായി രസിച്ചു എന്ന് പറയട്ടെ. ആ സാഹിത്യ ചര്‍ച്ച പ്രത്യേകിച്ചും. :-)

സുല്‍ |Sul said...

ബോഗഭിമാനിയില്‍ നിന്നാണ് ലിങ്ക് കിട്ടിയത്. ഇതുവരെ ഞാനെന്തെ ഇവിടെ എത്തിയില്ല.

കവിതയിലെ ആശയത്തിലേക്ക് അടിവച്ചടിവച്ചടുക്കുന്ന മറ്റൊരു പ്രയാസിയാണു ഞാന്‍. ഇനി ആരെല്ലാം എന്നെ നോക്കി ആ ചോദ്യം ചോദിക്കും????