Monday, October 23, 2006

വീണ്ടും ഡയോജനിസ്സ്‌ ഈ തെരുവില്‍_!

വിജയന്റെ വാദം ശരിയാണ്‌.
'ശുനകന്‍' എന്നൊരു 'ജാതി' സര്‍ക്കാര്‍ അംഗീകരിക്കണമെന്നതാണ്‌ ആ വാദം.
അയാള്‍ വെറുതെ പറയുന്നതല്ല. ക്ഷുരക (ചില പ്രദേശങ്ങളില്‍ 'വിളക്കിത്തല നായര്‍') സമുദായത്തില്‍പ്പെട്ട തന്നെ വെറും 'ശുനകന്‍' അഥവ പട്ടിയാക്കിയതിന്‌ അങ്ങനെയൊരു ന്യായീകരണത്തിലൂടെ സമൂഹം 'പുരോഗതി കൈവരിച്ചോട്ടെ' എന്നാവുമോ പാവം വിജയന്റെ ഉള്ളിലിരുപ്പ്‌? ഭവനനിര്‍മാന വായ്‌പയ്ക്ക്‌ അപേക്ഷിക്കുമ്പോള്‍ അവശ്യം വേണ്ടുന്ന ജാതി സര്‍ട്ടിഫിക്കറ്റിലാണ്‌ വില്ലേജോഫീസര്‍ തന്റെ 'തനിപ്രകൃതി'യായുള്ള ഈ വികൃതി കണിച്ചത്‌! അതൊന്ന്‌ തിരുത്തി 'ക്ഷുരക'നാക്കിത്തരണം എന്ന്‌ വിനീതമായി അപേക്ഷിച്ചപ്പോള്‍, 'വേണമെങ്കില്‍ ഗസറ്റു വിജ്ഞാപനത്തിലൂടെ ജാതി മാറ്റിക്കോ' എന്ന്‌ ആപ്പീസറേമാന്‍ പരിഹാസപൂര്‍വം അരുളിച്ചെയ്തു.സര്‍ക്കാര്‍ അവര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന പരമാവധി, ഒരു 'സസ്പെന്‍ഷന്‍' കൊടുത്ത്‌ ആപ്പീസറെ വീട്ടിലിരുത്തി. എന്നിട്ടും പ്രശ്നം 'തിരുനക്കരേലെ വഞ്ചിയായി' കിടക്കുകയാണ്‌.

ഇതൊരു നിസ്സാര പ്രശ്നമാണോ? ജാതികള്‍ തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള സമരം ഏകദേശം ഇരുപത്തഞ്ച്‌ കൊല്ലങ്ങള്‍ക്കു മുമ്പായിരുന്നു. ഇപ്പോള്‍ ജാതിപറഞ്ഞ്‌ അഭിമാനിക്കുന്നവരായി നമ്മുടെ നാട്ടുകാര്‍. ആസനത്തില്‍ അശ്വത്ഥം കിളിര്‍ത്താലും അതൊരു തണലായി കരുതുന്ന മാനസികവളര്‍ച്ച...! അമ്പമ്പോ... അപാരസുന്ദരമായ കേരളം!

നമ്മുടെ ജാതിവ്യവസ്ഥയുടെ വേര്‌ പുരാതനമായ ചാതുര്‍വര്‍ണ്യത്തില്‍ തുടങ്ങി ഇത്തരം സംസ്കാരശൂന്യമായ ദുരവസ്ഥയോളം എത്തിനില്‍ക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ എനിക്കും നിങ്ങള്‍ക്കും, നാടിനെ കാലാകാലം കൊടിയും ചിഹ്നവും മാറ്റിമാറ്റി നയിച്ച നേതാക്കള്‍ക്കും, അവരുടെ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിനും ആവില്ല. കണ്ണടച്ച്‌ ഇരുട്ടാക്കുന്ന വിദ്യയില്‍ അഗ്രഗണ്യന്മാരായ ആ നേതൃമന്യന്മാര്‍ക്കൊക്കെ 'പ്രാദേശികമായ' ഒരു വിഷയമായി ഇതിനെ ലഘൂകരിക്കന്‍ കഴിഞ്ഞേക്കും. എന്നാല്‍, വരുംകാലങ്ങളില്‍ ഭാരതത്തെ ഗ്രസിക്കാന്‍ പോകുന്ന വലിയ ഒരു അപകടമായി വേണം ജാതിചിന്തയുടെ പുനരുദ്ധാനത്തെയും അതിലൂടെ പിരിമുറുകിയ മതാത്മക രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെയും കാണുവാന്‍.

കേരളത്തെപ്പോലെ, ജാതിചിന്തയെ അതിന്റെ യുവത്വത്തില്‍ത്തന്നെ തകര്‍ത്തെറിഞ്ഞ ഒരു പരിഷ്കൃത സമൂഹത്തിന്റെ 'ജാതീയതയുടെ ചെളിക്കുണ്ടിലേക്കുള്ള തിരിച്ചുപോക്കായി' സമകാലത്തെ വിലയിരുത്തുന്നതില്‍ തെറ്റുണ്ടെന്ന്‌ തോന്നുന്നില്ല. ഓരോ മതവും, അതിനുള്ളിലെ ജാതികളും, പിന്നെ ഉപജാതികളും, അവയ്ക്കുള്ളില്‍പ്പോലും പ്രതിജാതികളും പെരുകിപ്പെരുകി... കേരളീയ സമൂഹവും തിളച്ചുമറിയുന്ന കാലത്തെ സങ്കല്‍പിച്ചാല്‍, അവിടെ സാമാന്യമായ വിവേചന ബുദ്ധിയുള്ള മനുഷ്യരുടെ വംശനാശമാണ്‌ കാണാന്‍ കഴിയുക.

സ്വാമി വിവേകാനന്ദന്റെ കാലത്തെ കേരളത്തില്‍ നിലവിലിരുന്ന അസ്പൃശ്യതയും അയിത്തവും തിരിച്ചുകൊണ്ടുവരാനണോ, ഇത്രയേറെ വിദ്യാഭ്യാസവും ചിന്താസ്വാതന്ത്ര്യവും, രാഷ്ട്രീയ-സമൂഹിക പുരോഗതിയും നമ്മള്‍ നേടിയത്‌? എല്ലാ വിഭജനങ്ങള്‍ക്കുമപ്പുറം ആത്യന്തികമയ 'മാനവ സമൂഹം' സൃഷ്ടിക്കപ്പെടുകയില്ലെന്നാണോ ഇതൊക്കെ സൂചിപ്പിക്കുന്നത്‌? ജാതീയമായ വേര്‍തിരിവുകള്‍ക്കപ്പുറം മനുഷ്യനെന്ന ചിന്ത ദുര്‍ബലമാവുന്നത്‌ എന്തുകൊണ്ടാണ്‌? സംവരണരീതിയാണ്‌ ഇതിനൊക്കെ കാരണമെന്ന്‌ ചിലര്‍ ആക്രോശിക്കുന്നു!

വിജയനു കിട്ടിയ വെറുമൊരു ജാതിസര്‍ട്ടിഫിക്കറ്റില്‍ നിന്നും വളരെ തഴേത്തട്ടിലേക്കുള്ള ഒരു പൊതുസമൂഹത്തിന്‌ ആശാസ്യമല്ലാത്ത ശീലക്കേടുകളിലേക്കല്ലേ നാം കൂപ്പുകുത്തുന്നത്‌? വരരുചിയുടെ കഥയിലൂടെ പന്ത്രണ്ടു സമുദായവും ഒരമ്മയുടെയും അച്ചന്റെയും മക്കളാണെന്ന ദൃഷ്ടാന്തം ആവര്‍ത്തിച്ചു പറയുന്ന പഴമയില്‍നിന്ന്‌ ജാതികളെല്ലാം പരസ്പര ശത്രുക്കളാണെന്നു ചിന്തിക്കുന്ന പുതിയ സമൂഹം നമുക്ക്‌ ആശാസ്യമാണോ? കുമരനാശാന്‍ വിവക്ഷിച്ച ജാതിക്കോമരങ്ങളൊഴിഞ്ഞ്‌ ഒരു നവസമൂഹം ഉരുത്തിരിയാന്‍ മിശ്രവിവാഹങ്ങള്‍ക്ക്‌ എന്തെങ്കിലും പങ്ക്‌ ഇക്കാര്യത്തില്‍ വഹിക്കാന്‍ കഴിയുമോ? (പ്രണയം പോലും ജതിമത ഗ്യാരണ്ടിയില്‍ ആരംഭിക്കുന്ന പുതു യുവത്വം...!)

ഇതാ മനുഷ്യപുത്രന്‍ ആ പഴയ ഡയോജനീസ്സിനെപ്പോലെ നട്ടുച്ചയ്ക്കു കത്തിജ്‌ജ്വലിക്കുന്ന വിളക്കുമായി തെരുവുകള്‍ തോറും തേടുന്നു. എവിടെ മനുഷ്യന്‍... എവിടെ... ഞാന്‍ തേടുന്ന മനുഷ്യന്‍? ഇരുട്ടിന്റെ സംഘനൃത്തത്തിനപ്പുറം അവനുണ്ടോ? എവിടെ.. എവിടെ.. ആ മതേതര മനുഷ്യന്‍? എവിടെ.. എവിടെ ആ ജാത്യേതര മനുഷ്യന്‍?

***

3 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഇതാ മനുഷ്യപുത്രന്‍ ആ പഴയ ഡയോജനീസ്സിനെപ്പോലെ നട്ടുച്ചയ്ക്കു കത്തിജ്‌ജ്വലിക്കുന്ന വിളക്കുമായി തെരുവുകള്‍ തോറും തേടുന്നു. എവിടെ മനുഷ്യന്‍... എവിടെ... ഞാന്‍ തേടുന്ന മനുഷ്യന്‍? ഇരുട്ടിന്റെ സംഘനൃത്തത്തിനപ്പുറം അവനുണ്ടോ? എവിടെ.. എവിടെ.. ആ മതേതര മനുഷ്യന്‍? എവിടെ.. എവിടെ ആ ജാത്യേതര മനുഷ്യന്‍?

Anonymous said...

കണ്ടിട്ടുണ്ട്

ഉമേഷ്::Umesh said...

ലേഖനം കൊള്ളാം.

ഒരു തെറ്റു ചൂണ്ടിക്കാണിച്ചോട്ടേ. ‘ജാത്യേതരം’ എന്ന പ്രയോഗം തെറ്റാണു്. മത + ഇതരം = മതേതരം എന്നതു ശരി. പക്ഷേ, ജാതി + ഇതരം = ജാതീതരം എന്നേ വരൂ. മലയാളരീതിയില്‍ “ജാതിയിതരം” എന്നും പറയാം.

വാക്കുകള്‍ സംസ്കൃതം തന്നെയായിരിക്കണം എന്ന ശാഠ്യമാണു പലപ്പോഴും ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിക്കുന്നതു്. “ജാതിയില്ലാത്ത മനുഷ്യന്‍” എന്ന മലയാളത്തിനു പകരം മതേതരത്തിന്റെ ചുവടുപിടിച്ചു് വാക്കെഴുതാന്‍ ശ്രമിക്കുമ്പോള്‍. ഇതു പോലെയുള്ള ചില പ്രയോഗങ്ങളെപ്പറ്റി ഞാന്‍ ഇവിടെയും ഇവിടെയും ഇവിടെയും പറഞ്ഞിട്ടുണ്ടു്.