Saturday, October 21, 2006

ശ്രീവിദ്യ - ദൈവത്തിന്റെ മറ്റൊരു വികൃതി

പ്രതിഭയുടെ സ്ത്രീരൂപമായിരുന്ന പ്രശസ്ത അഭിനേത്രി ശ്രീവിദ്യയുടെ അന്ത്യം അപ്രതീക്ഷിതമായിരുന്നു. അച്ചന്റെ മരണമുണ്ടാക്കിയ വേദനയെ അത്‌ മറ്റൊരാവര്‍ത്തനമാക്കി.

സ്ഥിരമായി ടെലിവിഷന്‍ കാണാറില്ലാത്ത ഞാന്‍ ഒരു ദിവസം അവസാനിക്കുമ്പോള്‍, ടി. വി. സ്ക്രീനില്‍ ശ്രീകുമാരന്‍തമ്പി പറയുന്ന വാക്കുകള്‍ക്ക്‌ കാതോര്‍ത്തു. "'അമ്മത്തമ്പുരാട്ടി'യായ ശ്രീവിദ്യ ഇനി ചികില്‍സയ്ക്കായി പോവുകയാണ്‌. അവര്‍ തിരിച്ചുവന്നശേഷം ഈ സീരിയല്‍ തുടരും' എന്നതായിരുന്നു ആ സന്ദേശം.

നൂറുകണക്കിന്‌ സിനിമകളിലെ സാധാരണ വേഷങ്ങളില്‍ അവര്‍ വേണ്ടത്ര തിളങ്ങിയില്ലെങ്കിലും, 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച' (എം. ടി.), 'കാറ്റത്തെ കിളിക്കൂട്‌' (ജോണ്‍ പോള്‍), 'ദൈവത്തിന്റെ വികൃതികള്‍'(ലെനിന്‍ രാജേന്ദ്രന്‍), 'രചന'(ഭരതന്‍), 'പവിത്രം'(പി. ബാലചന്ദ്രന്‍), 'ദളപതി' (മണിരത്നം) തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ അഭിനയം ഹൃദയസ്പര്‍ശിയായിരുന്നു.

തമിഴ്‌ മക്കളില്‍നിന്ന്‌ ഭിന്നരെങ്കിലും, സിനിമയിലെ താരശോഭകളെ ജീവിതവുമായി ചേര്‍ത്തുവായിക്കുന്ന നമ്മള്‍ മലയാളികളില്‍ പ്രതിനിധാന സ്വഭാവമുള്ള ചില വ്യക്തികളെ ആരാധനാപാത്രങ്ങളായി പ്രതിഷ്ടിക്കാറുണ്ട്‌. കവിയൂര്‍ പൊന്നമ്മ 'നല്ലമ്മ'യാകുന്നതു പോലെ, ശ്രീവിദ്യയും ചിലപ്പോള്‍ അമ്മയും പലപ്പോഴും ചേച്ചിയും ആയി മാറി. അതുകോണ്ടാവാം ഏറ്റവുമടുത്ത ഒരു ബന്ധുവിന്റെ വിയോഗമായി നാം ആ മരണത്തെ അനുഭവിക്കുന്നത്‌.

സിനിമാരംഗം നഷ്ടങ്ങളുടെ ആവര്‍ത്തനമായതുകൊണ്ടാവം അവര്‍ (ശ്രീവിദ്യ) മെല്ലെ ടെലിവിഷന്‍ സീരിയലിന്റെ പ്രധാന ഘടകമായി മാറിയത്‌? ഡസന്‍കണക്കിന്‌ അവര്‍ അഭിനയിച്ച സീരിയലുകളുടെ കൂട്ടത്തില്‍ 'അവിചാരിതം' (കെ. കെ. രാജീവ്‌) എന്ന ചെറിയ സീരിയല്‍ ഒരു അനുഭവമാക്കി മാറ്റിയത്‌ ശ്രീവിദ്യയുടെ അസാധാരണ കൈയൊതുക്കമായിരുന്നു.

വിവാഹജീവിതം അവര്‍ക്ക്‌ ഒരു കുരിശ്‌ശാരോഹണമായിരുന്നു എന്ന്‌ സിനിമാരംഗത്തെ അറിയാവുന്ന ചില പരിചയക്കാര്‍ പറഞ്ഞുള്ള അറിവ്‌ എനിക്കുണ്ട്‌. 'തീക്കനല്‍' സിനിമയുടെ നിര്‍മ്മാതാവിനെ സ്നേഹിച്ച്‌ വിവാഹം കഴിച്ചതിലൂടെ അവര്‍ സ്വന്തം അമ്മയുമായി പിണങ്ങിയ കഥ പില്‍ക്കാലത്ത്‌ മനോവേദനയോടെ, അവര്‍ ഏറ്റുപറഞ്ഞിരുന്നു. ആ ദാമ്പത്യം ഏതോ കുരങ്ങന്റെ കൈയിലെ പൂമാലയായി പരിണാമഗുപ്തി പ്രാപിച്ചത്‌ ഒത്തിരി 'ഭ്രൂണരോദനങ്ങളോടെ'യാണെന്ന്‌ നമ്മള്‍ വ്യസനത്തോടെയാണ്‌ വായിച്ചത്‌. പണത്തിനുമീതെ പല ആണ്‍കഴുകന്മാരും പറക്കില്ലെന്ന്‌ ഒന്നുകൂടി തിരിച്ചറിയുകയും ചെയ്തു.

ഭര്‍ത്താവുമായുള്ള വേര്‍പിരിയലും കോടതികയറ്റവും, അതില്‍ നേടിയ വിജയവുമൊന്നും അവര്‍ ആഘോഷമാക്കിയില്ല. പല തലമുറകളില്‍പ്പെട്ട മഹാനടന്മാരുടെ ഒപ്പം, പലര്‍ക്കും അമ്മയായി അഭിനയിച്ച്‌ കൊതിതീര്‍ത്ത തനിക്ക്‌ ജീവിതത്തില്‍ 'ഒരു അമ്മ'യാവാന്‍ കഴിയാഞ്ഞതിന്റെ ആഴമേറിയ വേദന അവരില്‍ മരണത്തോളം വേരിറക്കിയിരുന്നു. ചുരുക്കത്തില്‍ അവരുടെ മരണം, ഒരു ദീപ്തനക്ഷത്രത്തിന്റെ വിടവാങ്ങലായി എനിക്ക്‌ തോന്നുന്നു. ഇനിയും ശ്രദ്ധേയമായ ഒത്തിരി കഥാപാത്രങ്ങള്‍ക്കായി അവര്‍ വേഷമിടുമെന്ന്‌ കരുതിയത്‌ ... വെറും തോന്നല്‍ മാത്രമായി. (മനസ്സില്‍ നിറച്ചുവച്ചിരിക്കുന്ന ഒരു തിരക്കഥ ആരെങ്കിലും സിനിമയാക്കാനൊരുങ്ങിയാല്‍ അതില്‍ ഒരു 'അമ്മ' വേഷമായി സങ്കല്‍പ്പിച്ചിരുന്നതും ശ്രീവിദ്യയെ ആയിരുന്നു എന്നത്‌ ഒരു വിരോധാഭാസമാവാം.)

പുനര്‍ജന്മത്തില്‍ വിശ്വാസമില്ലെങ്കിലും... അങ്ങനെയുണ്ടാവുന്നതാണ്‌ ഹിതകരമെന്ന്‌ ഇപ്പോള്‍ ചിന്തിച്ചുപോകുന്നു. അല്ലെങ്കിലും, നമുക്ക്‌ പ്രിയപ്പെട്ടവര്‍ ജീവിതത്തിലേക്ക്‌ തിരികെ വരുന്നത്‌, സ്വപ്നം സത്യമാകുന്നത്‌.... ഒക്കെയൊക്കെയും... കൊതിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ?

* ഇരുപത്‌ വര്‍ഷങ്ങള്‍ക്കപ്പുറം... സര്‍വകലാവല്ലഭന്‍ 'കമലഹാസന്‍' പറഞ്ഞത്‌:
"ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ആകര്‍ഷകമായ കണ്ണുകള്‍ ശ്രീവിദ്യയുടേതാണ്‌. പക്ഷെ അവര്‍ എന്റെ ചേച്ചി ആയിപ്പോയി. അതുപോലെ കണ്ണുകളുള്ള ഒരു പെണ്ണിനെയാണ്‌ ഞാന്‍ വിവാഹം കഴിക്കുക."

ശ്രീവിദ്യ യുവത്വത്തില്‍ തന്നെ ആകര്‍ഷിച്ചതിനെയും, പില്‍ക്കാലത്ത്‌ അവരില്‍നിന്നു മാതൃതുല്യമായി ലഭിച്ച സ്നേഹത്തെയും അവലംബിച്ച്‌ 'ക്ഷോഭിക്കുന്ന കവി' ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എഴുതിയിട്ടുണ്ട്‌.

മിമിക്രി വയറ്റിപ്പാടാക്കിയവര്‍ ശ്രീവിദ്യയുടെ നിതംബഗുരുത്വത്തെ അതിശയോക്തിയുടെ തലയണകള്‍ വച്ചുകെട്ടി ഉപഹസിച്ചത്‌ കണ്ടുചിരിച്ച 'ടീവി നോക്കികള്‍' ഇപ്പൊഴെങ്കിലും ആ പരിഹാസത്തിന്റെ മുള്‍മുനകള്‍ സ്വന്തം കണ്ണില്‍ ഏറ്റുവാങ്ങുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു.

അച്ചാര്‍:

ഒരു കുമ്പിള്‍ കണ്ണീരും ഒരു കുടന്ന പുഷ്പങ്ങളും.

***

5 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

മിമിക്രി വയറ്റിപ്പാടാക്കിയവര്‍ ശ്രീവിദ്യയുടെ നിതംബഗുരുത്വത്തെ അതിശയോക്തിയുടെ തലയണകള്‍ വച്ചുകെട്ടി ഉപഹസിച്ചത്‌ കണ്ടുചിരിച്ച 'ടീവി നോക്കികള്‍' ഇപ്പൊഴെങ്കിലും ആ പരിഹാസത്തിന്റെ മുള്‍മുനകള്‍ സ്വന്തം കണ്ണില്‍ ഏറ്റുവാങ്ങുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു.

Kiranz..!! said...

കൊച്ച് കള്ളന്‍ കമലഹാസനും ഈ സ്ത്രീ വ്യക്തിത്തത്തിനു മോഹഭംഗങ്ങള്‍ സമ്മാനിച്ചു എന്നറിഞ്ഞത് കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖം കണ്ടപ്പോള്‍ മാത്രമാണ്..!

ശ്രീവിദ്യക്ക് ആദരാഞലികള്‍..!

Aravishiva said...

ശ്രീവിദ്യക്ക് ആദരാഞലികള്‍...

അസാമാന്യമായ അഭിനയശേഷിയുള്ള ഒരു നടിയായിരുന്നു അവര്‍..സിനിമകളിലേക്കാള്‍ കൂടുതല്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍ അവര്‍ക്ക് കെ.കെ രാജീവിന്റെ സീരിയലുകളില്‍ നിന്ന് ലഭിച്ചിരുന്നു...ടൈറ്റിലില്‍ പറഞ്ഞതുപോലെ ദൈവത്തിന്റെ മറ്റൊരു വികൃതി..ഒരിയ്ക്കല്‍ കൈവിട്ടുപോയ ജീവിതം പിന്നീടൊരിയ്ക്കലും പിടി തരാതെ ഒഴിഞ്ഞുമാറുമെന്നു ശ്രീവിദ്യയുടെ അനുഭവ കഥ ഓര്‍മ്മിപ്പിയ്ക്കുന്നു..

ആയുസ്സിന്റെ നല്ലൊരു പങ്കും വേദനാനിര്‍ഭരമായൊരു ജീവിത നയിച്ച ആ വലിയ കലാകാരിയ്ക്ക് ഒരിയ്ക്കല്‍ക്കൂടി ആദരാഞ്ജലികള്‍.....

Anonymous said...

ശ്രീവിദ്യ സിനിമാരംഗത്ത്‌ അവശതയനുഭവിച്ചിരുന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും നല്ലവണ്ണം സഹായങ്ങള്‍ ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്‌. അതുപോലെ അനാഥാലയങ്ങള്‍ക്കും നല്ലവണ്ണം സംഭാവന നല്‍കാറുണ്ടത്രെ. ഐശ്വര്യമുള്ള ഒരു മുഖമാണ്‌ മലയാള സിനിമക്ക്‌ നഷ്ട്ടപ്പെട്ടത്‌ അതുപോലെ മികച്ച ഒരു നര്‍ത്തകിയും ഗായികയും കൂടിയായിരുന്നു അവര്‍. തെന്റെ അസുഖം പുറത്തുപറയാതെ ആരുടേയും സഹതാപം കേള്‍ക്കാന്‍ നില്‍ക്കാതെ പറ്റാവുന്നിടത്തോളം കാലം കലാരംഗത്ത്‌ പ്രവര്‍ത്തിച്ച ആ കലാകാരിക്ക്‌ ആദരാഞ്ജലികള്‍..
{www.paarppidam.blogspot.com}

ദിവാസ്വപ്നം said...

this post is much more sensible and fair to late actress Sreevidya.

I dont know why people (including me) waste time and effort in benyamin's post.

:)

warm regards,