Saturday, May 19, 2007

ശീര്‍ഷാസനം

കവിത:

പാതിരാത്രിയില്‍
ഞെട്ടിയുണര്‍ന്ന്‌ പരതിനോക്കുമ്പോള്‍
എല്ലാം തലകുമ്പിട്ട്‌.
തറയില്‍
മൂന്നിലയുമായി
അപ്പോള്‍ മുളച്ചപോലെ
ലോഹച്ചെടി.
മേശയ്‌ക്കടിയില്‍
തുളുമ്പാതെ ഗ്ലാസ്സും വെള്ളവും.
ഭിത്തിമേല്‍
ക്ലോക്കില്‍
പന്ത്രണ്ടിനുപകരം ഒമ്പത്‌.
ജനാലപ്പുറത്ത്‌ ...
ചെമ്മതില്‍
നാട്ടുമാവ്‌
വിഷവാനം.
മുറ്റത്തെ കിണറും തെങ്ങും
അഴയില്‍ വിരിച്ചിട്ട കാലുറ, യൂണിഫോമും...
അഴുക്കുമൂലയിലെ തുറപ്പച്ചൂല്‌?
കമിഴ്‌ന്നുറങ്ങുന്ന പുസ്തകങ്ങള്‍
കലണ്ടര്‍ദൈവങ്ങള്‍
നിലവിളക്ക്‌
ടെലിവിഷന്‍
എലിക്കെണി.

മറവിയുടെ ചാരം നിറഞ്ഞ
കുടുംബചിത്രങ്ങളില്‍
മരിച്ചവര്‍
‍ജനിക്കാത്തവര്‍...
മഹാത്മാവ്‌

ഗുരു
മാര്‍ക്‌സ്‌...!
മക്കളുടെ പഠനമുറിയിലെ ഭൂപടവും...?

അസഹ്യമായി തല പെരുത്ത്‌
അലറിവിളിച്ചപ്പോള്‍
അതാ...
വീട്ടുകാരിയുടെയും മക്കളുടെയും ഉടുവസ്ത്രങ്ങള്‍
കാറ്റുപിടിച്ച പോലെ
തലകുത്തനെ വരുന്നു.

അവര്‍
ഏകകണ്ഠമായി
സുപ്രഭാത നിലവിളിയോടെ
ആശ്ചര്യപ്പെട്ടു...
ഈ അച്ഛന്‍ മാത്രമെന്താ ഇങ്ങനെ...!
ശീര്‍ഷാസനം ചെയ്യുവാ?

000

6 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അസഹ്യമായി തല പെരുത്ത്‌
അലറിവിളിച്ചപ്പോള്‍
അതാ...
വീട്ടുകാരിയുടെയും മക്കളുടെയും
ഉടുവസ്ത്രങ്ങള്‍ കാറ്റുപിടിച്ചപോലെ
തലകുത്തനെ വരുന്നു.

Pramod.KM said...

വാക്കുകളില്‍ തീവ്രത ഏറിയിട്ടുണ്ട് ശിവപ്രസാദ് മാഷേ..നന്നായി ഈ കവിതയിലെ ശീറ്ഷാസനം.

നന്ദു said...

ഒരു ഭ്രാന്തന്‍ സ്വപ്നം പോലെ എല്ലാം കുറേശ്ശെ മാഞ്ഞുപോകട്ടെ. നേരിന്റെ വെളിച്ചം എല്ലാം തിരുത്തും.
തലകീഴായതൊക്കെയും നേരെ വരും.
ആദ്യമായാണ്‍ നമ്മള്‍ ഇത്ര അകലെയിരുന്ന് പ്രതികരിക്കുന്നതു. കവിതകളിലെ സംശയം ചോദിക്കാന്‍ ഇനി ഇന്ററ്നാഷണല്‍ കോള്‍ വേണ്ടിവരുമല്ലോ ശിവപ്രസാദ്...!

ടി.പി.വിനോദ് said...

നന്നായി ഈ വിഭ്രമവിനിമയം...

വല്യമ്മായി said...

ഒരു ജയന്റ് വീല്‍ യാത്ര പോലെ ചിലപ്പോഴൊക്കെ നമ്മളെ തല കീഴാക്കി തൂക്കിയിടുന്നു ജീവിതവും,പുതിയ കാഴ്ചകളുമായി.പതിവ് പോലെ നല്ല കവിത.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രമോദ്‌. കെ. എം., ഈ കവിത ജയിലനുഭവത്തിന്റെ 'ബഹിഷ്കൃതഭാഷ'യല്ല. അതിനും ഒരാഴ്ച മുമ്പത്തെ രചനയാണ്‌.കുറെ നാളായി നമ്മള്‍ ഈ 'ശീര്‍ഷാസന'ത്തിലാണല്ലോ?

നന്ദു, തലകീഴായത്‌ നേരെ വരുമെന്നത്‌ നമ്മുടെയൊരു പ്രതീക്ഷ മാത്രമാണോ... എന്ന് സംശയിക്കണം! കവിതയുടെ കാര്യത്തില്‍ സംശയം ചോദിക്കാന്‍ 'ജി-മെയില്‍ തന്നെ ശരണം. ഇടയ്ക്കൊക്കെ അതാവാം. (സംശയങ്ങള്‍ക്ക്‌ മനസ്സിന്റെയും മസ്തിഷ്ക്കത്തിന്റെയും വിശകലനമാവും കവിതയില്‍ പഥ്യമെന്ന്‌ സൌന്ദര്യശാസ്ത്രം..)

ലാപുടയുടെ വാക്കുകള്‍ക്ക്‌ ഞാന്‍ മൂന്ന്‌ കാതുകള്‍ തുറന്നുവയ്ക്കാറുള്ളതില്‍ ഇത്തവണ അമൃതാണല്ലോ വീണത്‌! 'നന്ദി' ഒരു 'ക്ലീഷെ' ആയിട്ടുണ്ട്‌.

വല്യമ്മായി, ഇനിയും നന്ദി പറയുന്നത്‌ ശരിയാവില്ല. ക്ഷമിക്കണം.