Saturday, May 26, 2007

ഇലമഞ്ഞ

കവിത:
Photo Sharing and Video Hosting at Photobucket

ഹരിതകമൊടുങ്ങി വീണോരെ
വളമായിക്കണ്ട്‌ ചിരിക്കേണ്ട
തളിരേ... ഇലപ്പച്ചേ!
നീയും തുടര്‍ച്ച മാത്രം.

തിരുജഢമായെടുത്ത്‌
കുളിപ്പിച്ച്‌
ഉപചരിച്ച്‌
ആല്‍ബത്തിലടുക്കുമ്പോള്‍...
ഉള്ളില്‍ മറന്നിരുന്ന
ബോട്ടണിവിദ്യാര്‍ഥി
നീലക്കുറിഞ്ഞിയായി പൂത്തു.

ഉറക്കറയിലെ മഞ്ഞവെളിച്ചം
വധുവിന്റെ താലിപ്പൊന്നില്‍ പുളഞ്ഞ്‌,
ജനാലയിലെത്തി ഒളിഞ്ഞുനോക്കുന്ന
മിന്നാമിന്നിയെ കളിയാക്കി.

പുലര്‍ച്ചെ...
ഈറനായെത്തി,
നാണിച്ച്‌
ദേ... കണ്ടില്ലേ - എന്ന്‌
ചുണ്ടുകള്‍ കൂര്‍പ്പിച്ചവളുടെ
കഴുത്തിലും കവിളിലും
മിന്നാമിന്നിയുടെ മഞ്ഞ.

മീനത്തിന്റെ ഉഷ്‌ണമുടിയില്‍
‍കൊന്ന മാത്രം വിലാസിനിയായി
കമ്മലിളക്കുന്ന നടനം...
പൂത്തിരി കൊളുത്തിയ വെട്ടവും
മഞ്ഞത്തരികളുടെ സിനിമാറ്റിക്‌ ഡാന്‍സും.

പ്രാതലിന്റെ മണ്‍പാത്രത്തില്‍
‍പൊട്ടാത്ത കാളക്കണ്ണായി
മഞ്ഞക്കരുവിന്റെ രക്തസാക്ഷ്യം.
ഭ്രൂണത്തെ വിഴുങ്ങാനും
പിശാചിന്റെ കൂടോത്രം!

ചുമരിലെ ചിത്രത്തില്‍
മണ്ണും മഴയും മണത്ത്‌,
കിളയും വിതയും പൊലിച്ച്‌
സൂര്യകാന്തികള്‍ ചിരിച്ചപ്പോള്‍
‍ഭ്രാന്താലയത്തിന്റെ അകംചുമരില്‍
ചിത്രമെഴുതുന്ന കവിയുടെ
കാലടയാളമായി ഇലമഞ്ഞകള്‍.

ആല്‍ബം തുറന്ന്‌ നോക്കുമ്പോള്‍,
ഇലമഞ്ഞയ്ക്കു പകരം
അസ്ഥികളുടെ പരുപരുപ്പില്‍
കരിയിലകള്‍ കലമ്പുന്നു.

മരക്കൊമ്പില്‍
ഇന്നലത്തെ തളിര്
‍സുമുഖമായ ഇലപ്പച്ച
ഇലമഞ്ഞയായി വിറയ്ക്കുന്നു.

ഏതെങ്കിലും കാറ്റില്‍ അതും...?

000

4 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ചുമരിലെ ചിത്രത്തില്‍
മണ്ണും മഴയും മണത്ത്‌,
കിളയും വിതയും പൊലിച്ച്‌
സൂര്യകാന്തികള്‍ ചിരിച്ചപ്പോള്‍
ഭ്രാന്താലയത്തിന്റെ അകംചുമരില്‍
ചിത്രമെഴുതുന്ന കവിയുടെ
കാലടയാളമായി ഇലമഞ്ഞകള്‍. (പുതിയ കവിത: ഇലമഞ്ഞ )

[ nardnahc hsemus ] said...

ghവായിച്ച്‌ വായിച്ച്‌ എനിയ്ക്ക്‌ മഞ്ഞപിത്തം വന്നൂലോ, മാഷേ... അസൂയയുടെയ്‌...:)

വിഷ്ണു പ്രസാദ് said...

വായിച്ച് എടുക്കുവാനൊന്നുമില്ലതെ നിരാശനായി പോകുന്നു.ശിവേട്ടാ...

നന്ദു said...

എവിടെയും മഞ്ഞ മയം!.

“തളിരേ... ഇലപ്പച്ചേ!
നീയും തുടര്‍ച്ച മാത്രം.“

സുഖമുള്ളൊരു കവിത!