പാലൊരു സമീകൃതഭക്ഷണ, മതിനാലേ
ധേനുവെത്തിന്നീടുവാന്‍ തീരുമാനിച്ചു ഞാനും.
മുട്ടയില്‍ നിറയെ നല്‍പ്പോഷകം താനല്ലയോ
കോഴിയെത്തിന്നാന്‍ വേറെ ജാമ്യവും വേണ്ടേ വേണ്ട.
മാമ്പഴം, ആപ്പിള്‍, ഓറെഞ്ച്, മാതളം, ഏത്തപ്പഴം
മരമായ് തിന്നീടുവാന്‍ പറ്റുകില്ലതിനാലേ
മനസ്സില്‍ അവയുടെ തണല്‍നട്ടതിന്‍ കീഴെ
മലര്‍ന്നു കിടക്കുന്നു, മുറുക്കിത്തുപ്പുന്നു ഞാന്‍.
ഇത്തിരിതിന്നുന്നവര്‍ക്കൊത്തിരി ജീവിക്കുവാന്‍
പറ്റുമെന്നൊരു വൈദ്യര് ഗണിച്ചുകല്‍പ്പിക്കവേ
തലച്ചോറല്‍പ്പാല്‍പ്പമായ് വിളമ്പിയതില്‍ത്തെല്ലു
മധുരം ചേര്‍ത്തു സ്വന്തം വിധിയെത്തിന്നുന്നു ഞാന്‍.
ഹൃദയം കൌമാരത്തിലൊരുവള്‍ മോഷ്ടിച്ചതാ,
ണവിടം ശൂന്യം; കത്തും നെരിപ്പോടിരിക്കട്ടെ!
സ്മൃതികള്‍ വല്ലപ്പോഴും വിരുന്നിന്നെത്തുന്നേരം
തണുക്കുന്നതുമാറ്റാന്‍ തീറ്റകള്‍ക്കാവില്ലല്ലോ?
000
6 comments:
കവിത (തീറ്റ):
"ഹൃദയം കൌമാരത്തിലൊരുവള്‍ മോഷ്ടിച്ചതാ,
ണവിടം ശൂന്യം; കത്തും നെരിപ്പോടിരിക്കട്ടെ!
സ്മൃതികള്‍ വല്ലപ്പോഴും വിരുന്നിന്നെത്തുന്നേരം
തണുക്കുന്നതുമാറ്റാന്‍ തീറ്റകള്‍ക്കാവില്ലല്ലോ?"
എന്തു പറയാന്‍?
ഹൃദയം നഷ്ടമായ ശൂന്യത നികത്താന്‍ അവിടെ നെരിപ്പോരൊരുക്കി പിന്നെ വല്ലപ്പോഴും വിരുന്നിനെത്തുന്ന സ്മ്രുതികള്ക്ക് കായാനായി ആ തീയെത്തന്നെ ഒരുക്കിയ മനസ്സിന് നമോവാകം.
തലച്ചോറു വിളമ്പിയ കാര്യം വായിച്ചപ്പോളൊന്നോര്മ്മവന്നു. പ്രശസ്ത പത്രപ്രവര്ത്തകന് ശ്രീ കെ. എം. റോയ് സഞ്ചാരത്തിനിടെ ഒരു സ്ഥലത്ത്(ഗ്വാട്ടിമാലയെന്നൊ മറ്റോ ആണ് ഓര്‍മ്മ)റെസ്റ്റോറന്റില്‍ കയറിയപ്പോല് അവിടെ ഇളനീര് ചെത്തി വയ്ച്ചതു പോലെ കുട്ടിക്കുരങ്ങന്മാരുടെ തല ചെത്തിക്കളഞ്ഞ ശേഷം സ്ട്രായിട്ടു കൊടുക്കുന്ന കാഴചയെപ്പറ്റി പറഞ്ഞിരുന്നു. ബ്രയിന്‍ ജ്യൂസ് !!. അങ്ങനെയും ഭക്ഷിക്കാം...
മലര്‍ന്നു കിടക്കുന്നു, മുറുക്കിത്തുപ്പുന്നു ഞാന്‍....
മനസ്സിന്റെ അവസ്ഥയെ വിവരിക്കാന്‍ ഈ വാക്കുകളില്‍ കവിഞ്ഞെന്തു വേണം?
കവിത നന്ന്.പക്ഷേ അവസാനത്തെ ഖണ്ഡം ഒഴിവാക്കിയാല്‍ കൂടുതല്‍ നന്ന്.
'തീറ്റ' അഞ്ചാറുവര്‍ഷം പഴക്കമുള്ള കവിതയാണ്. സമാനമായ ചില അനുഭവങ്ങള്‍ അടുത്തിടെ ഉണ്ടായപ്പോള്‍ അതങ്ങ് പോസ്റ്റിയതാണ്. വായിച്ച/കമന്റിയ എല്ലാവര്ക്കും നന്ദി.
നന്ദുവിന്റെ അറിവ് ശരിയാണ് ഇതേ രംഗം ഒരു സിനിമയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. കുരങ്ങിന്റെ കരള്‍, ഹൃദയം തുടങ്ങി എല്ലാം അവിടെ പല വിഭവങ്ങളായി റെഡിയാണ്.
ധ്വനി,
മനസ്സിന്റെ അവസ്ഥയെ വര്‍ണ്ണിക്കാന്‍ വാക്കുകള്ക്കാവുന്നില്ലെന്ന് നമ്മള്‍ക്ക് പലപ്പോഴും മനസ്സിലാവും. വര്‍ണ്ണന പോയിട്ട് മിതമായ അവതരണത്തിനുപോലും പരാജയപ്പെടും. അതാണ് മനസ്സെന്ന സമുദ്രത്തിന്റെ ആഴവും, വാക്കുകള്‍ നേരിടുന്ന പ്രതിസന്ധിയും.
വിഷ്ണൂ,
വാല് മുറിക്കണമെന്ന നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പലര്‍ക്കും ഇഷ്ടപ്പെട്ടത് ആ വാല്‍ക്കഷണമാണ്. എന്തു ചെയ്യും? അങ്ങനെ കിടക്കട്ടെ, അല്ലേ?
Post a Comment