Sunday, March 11, 2007

അരം, വാള്‍, മരം...

കവിത:


Photo Sharing and Video Hosting at Photobucket



അരം വെയ്ക്കുന്ന കൊലച്ചിരിയില്‍
തിടമ്പേറ്റുന്നത്‌ മരണത്തെ.
വക്രതയുടെ വാളേ,
നീ കരുതുന്നുണ്ടോഈ
മൂര്‍ച്ച സ്വന്തമെന്ന്‌?

മരം വിധേയയാം കന്യക.
മഴയേറ്റ്‌ മദം തികഞ്ഞവള്‍
‍കാറ്റുഴിഞ്ഞ്‌ മുടി വകഞ്ഞവള്‍
പകല്‍ കൊണ്ട്‌ തീ കാഞ്ഞവള്‍.
വക്രതയുടെ വാളേ,
നീ കരുതുന്നുണ്ടോ
ഈ മരം നിന്റേതെന്ന്‌?

അടിമുടി നഗ്നയാക്കപ്പെട്ട,
കെട്ടിയിടപ്പെട്ട ഏതൊരു മരവും
ഒന്നു ചീറാതിരിക്കില്ല
കന്യകാത്വം പിളരുമ്പോള്‍.
അത്‌ നിലവിളിയാണെന്നോ
സീല്‍ക്കാരമുറയെന്നോ കരുതി
ഒരു വാളും പിന്തിരിയാറുമില്ല.
മരങ്ങളുടെ ജാഥയേറ്റ്‌
കൊല്ലപ്പെടുന്ന വാളുകളുടെ കഥ
വരും കാലങ്ങളിലുണ്ട്‌.

തച്ചനെ പേടിക്കാത്ത മരവും
ഒച്ചിനെ പേടിക്കാത്ത വേഗവും
ഉലകിലുണ്ടാവില്ല.
കടലാസില്‍ ലാവയായ്‌
കൈവിറപ്പിക്കുന്ന കവിതയെ
ഉയരമെത്താത്ത മകളെങ്കിലും
ഉള്ളാല്‍ ഭയക്കാത്ത കവിയുമില്ല.

എങ്കിലും...
കാന്താരി അരമേ,
വക്രതയുടെ വാളേ,
വകതിരിവിന്റെ മരമേ...
എന്റെ കൈകളെത്താതെ
നിങ്ങള്‍ക്കെന്ത്‌ ജിവിതം?

000

2 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

"തച്ചനെ പേടിക്കാത്ത മരവും
ഒച്ചിനെ പേടിക്കാത്ത വേഗവും
ഉലകിലുണ്ടാവില്ല.
കടലാസില്‍ ലാവയായ്‌
കൈവിറപ്പിക്കുന്ന കവിതയെ
ഉയരമെത്താത്ത മകളെങ്കിലും
ഉള്ളാള്‍ ഭയക്കാത്ത കവിയുമില്ല."
പുതിയ കവിത: "അരം, വാള്‍, മരം..."

നന്ദു said...

“ മരങ്ങളുടെ ജാഥയേറ്റ്
കൊല്ലപ്പെടുന്ന വാളുകളുടെ കഥ
വരും കാലങ്ങളിലുണ്ട് “.

ചിന്തയും ഭാവനയും ഇഴപാകിയ വരികള്‍
ശിവപ്രസാദ്, പതിവുപോലെ നല്ലൊരു കവിത കൂടെ.