Sunday, March 04, 2007

"ബ്ലോഗര്‍വിജയം - ഒന്നാം ദിവസം" അഥവ"യാഹൂവധം തുള്ളല്‍"


തസ്‌കരശാസ്ത്ര വിശാരദനാകിയ
ദുഷ്‌കൃത യാഹൂ ഇങ്ങനെയെന്നും
വഞ്ചനവിദ്യാപീഠം കയറി-
ത്തഞ്ചിയിരിപ്പാന്‍ ഇച്ഛിക്കുകയോ?

പാവം ബ്ലോഗര്‍ പരീക്ഷിച്ചുള്ളൊരു
പാചകവിദ്യകളൊക്കെ ഉലര്‍ത്തി
യാഹൂ.. എന്നു 'യുറേക്ക' മൊഴിഞ്ഞി-
ട്ടാകെ വിലസ്സിയിരിക്കുന്നേരം...

പലപലദൂരം ഭൂവില്‍ വസിക്കും
പല ബ്ലോഗര്‍മാര്‍ പുകിലു തുടങ്ങി...
തര്‍ക്കം, വേദപുരാണം, ശാസ്ത്രം
ഒക്കെയുമായി തകഥിമി മേളം.

തന്നുടെ മുറ്റത്തുള്ള കറുമ്പി-
പ്പയ്യിനെയാരോ മോഷ്ടിക്കുമ്പോള്‍
തല്ലാനറിയാ പൈതലുമല്‍പ്പം
തൊള്ളതുറന്നു ചിലയ്ക്കുകയില്ലേ?

അതിന്റെ പാല്‌ കറക്കുന്നതിനും
മില്‍മാ ബൂത്തില്‍ വില്‍ക്കുന്നതിനും
നേരേചൊവ്വേ മാന്യതയോടെ
അനുവാദത്തിനു ചോദിക്കേണ്ടേ?

ധീരതയോടിതു പറയുന്നേരം
മ>മാങ്കത്തിനു കോപ്പുമെടുത്തോ?
'അമ്പടവീരാ!' തോളിലിരുന്നീ
ചെവി തിന്നേണ്ടാ നീയിനി മേലില്‍!

'എന്നുടെ ലോകത്തെന്തുണ്ടേലും
കോപ്പിയടിക്കാനെന്നുടെ ധര്‍മ്മം
ചോദിക്കാനായെത്തുന്നവരുടെ
ചോരകുടിച്ചേ ഞാനൊഴിവാകൂ.'....

എന്ന്‌ പുലമ്പും യാഹൂ വില്ലന്‍
എന്നുനിറുത്തും ചോരണവേല?
ഇന്നു നിറുത്താനാവില്ലെങ്കില്‍
അന്നുവരേക്കും നമ്മുടെ സമരം.

അന്യരെ മാനിക്കാത്ത വിലാസം
അങ്ങനെ നീണ്ടുനടക്കില്ലുലകില്‍!
മാപ്പുപറഞ്ഞൊരു വാക്കിന്‍ വിലയില്‍പ
രിഹാരത്തിനു തുനിയൂ... യാഹൂ.

ഓലപ്പാമ്പിനെ നീട്ടിച്ചീറി
ഓക്കാനക്കളി വേണ്ടായിനിയും.
ഹുങ്കുമുയര്‍ത്തിവരേണ്ടാ യാഹൂ..
വങ്കത്തരമിതു നീ മതിയാക്കൂ.

മാനമ്മര്യാദയ്ക്കു നടക്കാന്‍
പാടില്ലാത്ത തരത്തില്‍ വീണ്ടും
നാണക്കേടാമീവഴി നിന്നുടെ
തീക്കളി ബ്ലോഗര്‍മരൊടുവേണ്ട.

000

6 comments:

നന്ദു said...

ശിവപ്രസാദ്:) തുള്ളല്‍ നന്നായി.
പ്രതിഷേധമറിയിക്കാന്‍ നല്ല മീഡിയ തുള്ളല്‍ ആണെന്നു നമ്മെ പഠിപ്പിച്ചതു കുഞ്ചന്‍ നമ്പ്യാര്‍ തന്നെ. അതിനാല്‍ യാഹൂവിനെതിരായ പോരാട്ടത്തില്‍ ഇത്തരം പ്രതിഷേധമാര്‍ ഗ്ഗം സ്വീകരിച്ചതു നന്നായി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഹൂ... യാ!

അപ്പോള്‍ മൂന്നര മണിക്കൂറിനുമുമ്പ്‌ പോസ്റ്റിത്തുടങ്ങിയ ആ 'വധം' ഇപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടു, അല്ലേ? രാവിലെ മുതല്‍ തൂങ്ങിത്തൂങ്ങി മരിക്കുകയാണ്‌ സെര്‍വര്‍. ഞാന്‍ വീണ്ടും ഇപ്പോള്‍ ഒരു ശ്രമം നടത്തിയപ്പോള്‍ കിട്ടിയത്‌ നന്ദുവിന്റെ കമന്റ്‌. ഇന്നലെ... മുഴുവന്‍ ശ്രമിച്ചിട്ടും ഒരു ഐക്കണും ഒരു ബാനറും ബ്ലോഗില്‍ ഒട്ടിക്കാന്‍ സിസ്റ്റം സമ്മതിച്ചില്ല. ഇനി... ഇവിടത്തെ 'സിസ്റ്റത്തി'ക്ക്‌ 'യാഹൂ വില്ലനു'മായി വല്ല രഹസ്യ ഏര്‍പ്പാടും ഉണ്ടോ എന്നറിയില്ല! അപ്പോള്‍പ്പിന്നെ കുഞ്ചന്‍ നമ്പ്യാരെ ഓെത്തു. തുള്ളാനുള്ള കാരണം അതൊക്കെയാണ്‌.

krish | കൃഷ് said...

ചാരുകേശി അങ്ങു ഒറഞ്ഞുതുള്ളുകയാ..
ഈ ബൂലോഗത്തുള്ളല്‍ കൊള്ളാം.
തുള്ളല്‍ രണ്ടാം ദിവസം നാളെ പ്രതീക്ഷിക്കാമല്ലോ..
കവിത ഇങ്ങനെ ആയാല്‍ ആര്‍ക്കും രസിക്കും.

keralafarmer said...

തുള്ളുക ഞങ്ങളും കൂടെ തുള്ളാം.

Manoj | മനോജ്‌ said...

തുള്ളൂ തുള്ളൂ, ഉറഞ്ഞു തുള്ളൂ
പിന്‍‌തിരിപ്പരെ ഓടിക്കൂ... :)

Anonymous said...

യാഹൂ വധം ഉഗ്രനായി ശിവപ്രസാദേ, ഇനി രണ്ടാം ദിവസവും ഉണ്ടാകുമോ? തോളിലിരുന്ന് ചെവികടിക്കുന്നവരെപ്പറ്റിയുള്ള വരിയില്‍(“മ>മാങ്കത്തിനു“), ‘മ’യുടെ ദീര്‍ഘം കണ്ടപ്പോള്‍ ഒരു ചെറിയ സംശയം, ഇത് ആര്‍ക്കോ ഇട്ടൊരു കുത്ത് അല്ലേയെന്ന്!! ഏതായാലും സംഗതി പൊളപ്പനായി!