Saturday, March 01, 2008

അകത്തും പുറത്തും

Photobucket

വഴിയൊന്നേയുള്ളു
അകത്തു പോകുവാന്‍,
വഴിയതു തന്നെ
പുറത്തിറങ്ങുവാന്‍.

ഉപഭോഗങ്ങള്‍ തന്‍
സുഖഗുണിതങ്ങള്‍
നുരയിടുന്നൊരു
വിപണിനേരങ്ങള്‍
കടക്കണ്ണാല്‍ മുട്ടി
കരനഖം നീട്ടി
കവിള്‍ച്ചോപ്പും കാട്ടി
അധരത്താല്‍ തൊട്ട്‌
വിളിച്ചിടുന്നുണ്ട്‌.

തലയല്‍പ്പം കുനിച്ച്‌
ഉടലല്‍പ്പം വളച്ച്‌
ശ്വസിച്ച സ്വാതന്ത്ര്യം
മൃതിയെന്നു നിനച്ച്‌
കരള്‍ കടയുന്ന
കനത്ത മത്തുകള്‍
അവയില്‍ നീറുന്ന
മുനച്ച വാക്കുകള്‍
വിറയ്ക്കും താപത്തിന്‍
വിഷപ്പല്ലില്‍ച്ചെന്ന്‌
വിധിയെ ചോദിച്ച്‌
വിയര്‍ക്കും ജീവിതം...!

പുറത്തുവയ്ക്കാതെ
മറന്നുപോകാതെ
അകംപേറിത്തിക്കി
കുടയുമാര്‍ത്തി തന്‍
ജലദാഹങ്ങളില്‍
ഒഴുകിച്ചേരുക
തുടിച്ചു നീന്തുക.

മറന്നിടായ്ക...
ഈ വഴിതുറന്നു നീ
കടന്നുപോയൊരീ
പടികളില്‍ നീളെ
ചൊരിഞ്ഞിരിപ്പൂ
നീര്‍നിണമുകിലുകള്‍,
തിണര്‍ത്തു നില്‍പ്പൂ
കൈവിരല്‍ക്കുറിപ്പുകള്‍.
പതിഞ്ഞു കേള്‍ക്കുന്നു
വെടിമുഴക്കങ്ങള്‍
പുകഞ്ഞിരിക്കുന്നു
മറഞ്ഞ ബോംബുകള്‍
തുറന്നിരിക്കുന്നു
മൃതിക്കിണറുകള്‍
വരിഞ്ഞുചുറ്റുന്നു
അതിര്‍മുള്‍വേലികള്‍.
ഒരു ഭ്രൂണം മുതല്‍
വിശുദ്ധഹൃത്തോളം
പതിച്ചിരിക്കുന്നു
പുതുനിരക്കുകള്‍.

അതുവഴി പിന്നെ
തിരിച്ചിറങ്ങുവാന്‍
അരികു ചേര്‍ന്ന്‌
കാല്‍ തളര്‍ന്നുറഞ്ഞ്‌
തീമഴയില്‍ പൊള്ളി,
മഞ്ഞടരില്‍ ചൊള്ളി,
നീരണിഞ്ഞൊരുപ്പിന്റെ
ഉറവയില്‍ കത്തി,
പുകഞ്ഞ കൊള്ളികള്‍
പുരപ്പുറത്തെറിഞ്ഞ്‌
അതില്‍ച്ചിന്നും കനല്‍
തലനെരിപ്പോടില്‍
തവിഞ്ഞുമിത്തീയായ്‌
ജ്വലിപ്പതും കണ്ട്‌...
മറവി കൊണ്ട
പാഴ്‌വിധിയെ പുച്‌ഛിച്ച്‌
മടങ്ങിയെത്തുക
പുറത്തെ വേനലില്‍.

ഇവിടെ
നമ്മള്‍ക്കൊരില വിരിക്കുക
ഇനിപ്പും കയ്‌പുമായ്‌
സ്‌മരണ തന്‍ കറി
നിരത്തി വെയ്ക്കുക.
എരിവിനായ്‌ മനോമുളകുടച്ചത്‌
മുറിഞ്ഞ നാവിലായ്‌
നുണഞ്ഞു പോവുക.

അറിയുക...
വാതില്‍ തുറന്നു തന്നെ.
നീ അകത്തുമില്ലല്ലോ
പുറത്തുമില്ലല്ലോ!

***

7 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അകത്തും പുറത്തും

"ഉപഭോഗങ്ങള്‍ തന്‍
സുഖഗുണിതങ്ങള്‍
നുരയിടുന്നൊരു
വിപണിനേരങ്ങള്‍
കടക്കണ്ണാല്‍ മുട്ടി
കരനഖം നീട്ടി
കവിള്‍ച്ചോപ്പും കാട്ടി
അധരത്താല്‍ തൊട്ട്‌
വിളിച്ചിടുന്നുണ്ട്‌."

പുതിയ കവിത.

നന്ദു said...

"അറിയുക...
വാതില്‍ തുറന്നു തന്നെ.
നീ അകത്തുമില്ലല്ലോ
പുറത്തുമില്ലല്ലോ"

നമ്മുടെ അന്വേഷണവും അതു തന്നെയല്ലെ?

നല്ല കവിത :)

ശെഫി said...

മാഷേ വല്ലാത്തൊരു രാഷ്ട്രീയമുണ്ടല്ലോ ഈ കവിതക്ക്.
വിപണിയുടെ മായികത തിരിച്ചറിയുന്നു

ഗ്ലോബല്‍ മലയാളിയായി പൊയ്യി പലതിനോടും സമരസപ്പ്ടുന്നു

sv said...

കടന്നു വന്നതും പോകുന്നതുമായ വഴികളിലെ രാഷ്ടീയം.. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ദമ്മാമില്‍ നിന്നാണു...

തോന്ന്യാസി said...

ഇവിടെ
നമ്മള്‍ക്കൊരില വിരിക്കുക
ഇനിപ്പും കയ്‌പുമായ്‌
സ്‌മരണ തന്‍ കറി
നിരത്തി വെയ്ക്കുക.
എരിവിനായ്‌ മനോമുളകുടച്ചത്‌
മുറിഞ്ഞ നാവിലായ്‌
നുണഞ്ഞു പോവുക.


മനോഹരമായിരിക്കുന്നു മാഷേ

Anonymous said...

kavitha valare valre nannaayirikkunnu

sunilraj said...

നല്ല കവിത