"മാനം ഇടിഞ്ഞുവീഴാന്‍ പോകുന്നു.
ജീവനില്‍ കൊതിയുള്ളവര്‍
അടുത്തുള്ള കുഴികളില്‍ ചാടിയൊളിച്ചുകൊള്ളുക.."
ഇന്നലെ രാത്രി
ദുബൈയില്‍ മാനം നിലംപൊത്തി.
പുല്‍മെത്തെയില്‍ ഒട്ടിപ്പോയ
വെളുത്തപ്രാവുകളായ്
മേഘങ്ങള്‍ പരുത്തിപ്പൂ വിരിച്ചു.
ബര്-ദുബൈ ബസ്സില്‍
ചിരിച്ചു ചിലച്ച് കയറിയ
ലെബനീസ് പെണ്‍കുട്ടികളുടെ
പച്ചക്കണ്ണുകളില്‍
ഒലീവുമണികള്‍ക്കുമേല്‍
ഇളംതേന്‍ ഒഴുക്കിയ
നിലാശോഭ പോലെ
"ഓ.. വണ്ടര്ഫുള്!"
എന്നൊരു മുലയിളക്കത്താല്‍
അവര്‍ കൂട്ടമായ് മദിച്ചു.
ജുമൈരയിലെ കടല്‍
അവരില്‍ തിരയടിച്ചു.
ക്രീക്കിലെ ഇരുള്
തലപ്പാവണിഞ്ഞ്
കരിമരുന്ന് നൃത്തവാദ്യങ്ങളുടെ
നിഴലാട്ടം തിമിര്‍ത്തു.
ഷാര്‍ജയിലെ ജലാശയങ്ങളിലും
മഞ്ഞലോഹച്ചന്തകളിലും
കളഞ്ഞുപോയ നക്ഷത്രങ്ങളെ
തിരഞ്ഞലഞ്ഞ് കാറ്റിന് പനിച്ചു.
മേലതിരിനും കീഴ്മണ്ണിനുമിടയില്‍
ഒരു മീന്‍തോണിയായി
ബസ്സ് ഇഴഞ്ഞു.
ജമൈക്കയില്‍ നിന്നുള്ള ഹാന്നയും
ഫിലിപ്പീന്‍സുകാരിയായ ക്രിസ്റ്റീനയും
കൈകള്‍ തലയ്ക്കുമേലുയര്‍ത്തി
തൂണുകളാക്കി എന്തോ കാത്തിരുന്നു.
അഫ്ഘാനിയായ ഒമറും
പലസ്റ്റീനിയായ അഹ്മദും
പരമകാരുണികന്റെ പേരില്‍
തര്‍ക്കിച്ചുകൊണ്ടെയിരുന്നപ്പോള്‍
ഇരുവര്‍ക്കും കിട്ടി
ഓരോ മിസ്ഡ് കോള്‍!
ഇരുപത്തൊന്നാം നമ്പര്‍ ബസ്സില്‍
അല്‍-ഖൂസിലേക്കുള്ള വഴിയില്‍
മാനം വീണുകിടന്നു.
കാലില്‍ത്തടഞ്ഞ ചില പല
അന്യഗ്രഹജീവികളെ
പെപ്സിക്കുപ്പിയാക്കി
തൊഴിച്ചെറിഞ്ഞ് നടക്കുമ്പോള്‍...
ഹാവൂ!
മാനത്തില്‍ നിന്ന് വേര്‍പെട്ട്
ആകാശം തിരികെപ്പോയി
ഒരു ഷോറൂമൊരുക്കിക്കൊണ്ട്
പഴയൊരു പരസ്യവാചകം മുരണ്ടു.
"ജനകോടികളുടെ.....!"
***
1 comment:
വായിച്ചു,പുതിയ ചിന്ത അല്ലേ
Post a Comment