Wednesday, April 04, 2007

ഹോളിവുഡ്‌

കവിത:


Photo Sharing and Video Hosting at Photobucket

ഹോളിവുഡാണിത്‌ സാധനം,
കത്തുന്ന സോവിയറ്റാണിതിവൃത്തം.
തോണ്ടിയെടുത്ത ലെനിന്റെ ജഢം,
കയര്‍ത്തൂക്കിലാടുന്ന പ്രതിമ.
ക്യൂവില്‍നിന്ന് ഏറെ പെരുത്ത പാദം
വേരിറക്കിയ മണ്ണിലെ ദുഃഖവോള്‍ഗ.
നിശിതാധികാരിയുടെ രാത്രികള്‍ തുളയ്ക്കുന്ന
ചെമ്പടത്തോക്കിന്‍ തുരുമ്പൊച്ചകള്‍.

വോഡ്‌കയില്‍ മുങ്ങിയ ടോള്‍സ്റ്റോയ്‌
തെരുവേശ്യ ആലിംഗന ചെയ്ത ഗോര്‍ക്കി
സൈബീരിയന്‍ കാട്ടിലലയുന്ന പുഷ്കിന്‍
ഉന്മാദത്തിലാണ്ട മയക്കോവ്‌സ്കി.
ചരടുപൊട്ടിപ്പോയ പട്ടം തെരഷ്കോവ
ഉള്‍ക്കയാല്‍ വെന്ത ഗഗാറിന്‍
സ്‌പുട്‌നിക്കടുപ്പില്‍ പൊരിച്ച റൊട്ടി-
'ലെയ്‌ക്ക' എത്രയോ നല്ല സഖാവ്‌!
ധീരകൊസാക്കിന്റെ ശൂലം തറച്ചവന്‍
‍ഗോതമ്പു നാറും ഷൊളോഖോവ്‌,
പച്ചിരുമ്പൂറയ്‌ക്കു വെച്ചൊരു ട്രോട്‌സ്‌കി,
കല്‍ക്കരിപോലെ ഗോര്‍ബച്ചേവ്‌.

സ്റ്റാലിന്‍ ചിരിപ്പതു കാണേണ്ടതാണ്‌
അയാള്‍ ചോരയല്ലേ കുടിക്കുള്ളു!
തൊപ്പിയും മീശയും നക്ഷത്രവും വെച്ചു
താങ്കളെ സ്റ്റാലിനായ്‌ മാറ്റാം.
വേണ്ടെങ്കില്‍ ബുള്‍ഗാനെടുക്കാം,
അതൊട്ടിച്ച്‌ ലെനിനായി പോസ്സു ചെയ്തീടാം.

വീട്ടില്‍ തിരിച്ചുചെന്നിട്ടുവേണം എന്റെ
വീട്ടുകാരിക്കു സര്‍ക്കീട്ടുപോകാന്‍.
നേരം വെളുത്താലവള്‍ക്കുറക്കം
മക്കള്‍ തീരെ പറക്കമുറ്റാത്തവരും.
എന്തെങ്കിലുമൊന്ന്‌ വാങ്ങൂ, സന്ദര്‍ശകാ...
താങ്കളൊരിന്‍ഡ്യനാണല്ലേ?

പുച്‌ഛച്ചിരിക്കുമേല്‍ റൂബിള്‍ പാറ്റുന്നു ഞാന്‍
കാസറ്റയാള്‍ പൊതിയുന്നു.
'എങ്കിലുമീ ലെനിന്റാളുകളിങ്ങനെ
വല്ലാത്ത വര്‍ഗ്‌ഗമായ്‌പ്പോയോ?'
തെല്ലുറക്കെ ചോദ്യമങ്ങനെ പൊങ്ങവേ
ദീപങ്ങള്‍ കണ്ണടയ്ക്കുന്നു.
ചത്വരത്തില്‍ വിലപേശലിന്‍ ദിഗ്ഭ്രമം
നാണയത്തിന്‍ കിലുക്കങ്ങള്‍.
യാങ്കിപ്പടക്കങ്ങള്‍ തീക്കിനാവേല്‍ക്കുന്ന
സാറിന്റെ പ്രേതാലയങ്ങള്‍.
എല്ലാമറിഞ്ഞെന്ന്‌ ഭാവിച്ച്‌ വാളമീന്‍
‍പോലെ പായുന്നുണ്ട്‌ വോല്‍ഗ.

ഹോട്ടലിലെത്തി സിനിമകാണാനുള്ള
വീറൊടിരിക്കുന്ന നേരം
നഗ്നദൈവങ്ങളായ്‌ തമ്മില്‍പ്പിണയുന്നു
മാംസാര്‍ദ്ര സംഗീതഘോഷം.

ഉള്ളിലിരുന്നിടശ്‌ശേരി ചിരിച്ചുകൊണ്ട്‌
ഇങ്ങനെയോ മൊഴിയുന്നു?
'സിംഹത്തെ നേരിടാന്‍ ബുദ്ധപ്രതിമയും
ശങ്കകൂടാതെ ചുഴറ്റാം,
ജീവന്‍ സുരക്ഷിതമല്ലെങ്കിലെങ്ങാണ്‌
സ്വാതന്ത്ര്യസിദ്ധാന്തഭേരി?'

000

15 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

"വോഡ്‌കയില്‍ മുങ്ങിയ ടോള്‍സ്റ്റോയ്‌
തെരുവേശ്യ ആലിംഗന ചെയ്ത ഗോര്‍ക്കി
സൈബീരിയന്‍ കാട്ടിലലയുന്ന പുഷ്കിന്‍
ഉന്മാദത്തിലാണ്ട മയക്കോവ്‌സ്കി.
ചരടുപൊട്ടിപ്പോയ പട്ടം തെരഷ്കോവ
ഉള്‍ക്കയാല്‍ വെന്ത ഗഗാറിന്‍
സ്‌പുട്‌നിക്കടുപ്പില്‍ പൊരിച്ച റൊട്ടി-
'ലെയ്‌ക്ക' എത്രയോ നല്ല സഖാവ്‌!
ധീരകൊസാക്കിന്റെ ശൂലം തറച്ചവന്‍
ഗോതമ്പു നാറും ഷൊളോഖോവ്‌,
പച്ചിരുമ്പൂറയ്‌ക്കു വെച്ചൊരു ട്രോട്‌സ്‌കി,
കല്‍ക്കരിപോലെ ഗോര്‍ബച്ചേവ്‌."
ഇതൊക്കെയല്ലേ... നമ്മുടെ സര്‍വ്വതന്ത്ര-സ്വതന്ത്രറഷ്യ? - പുതിയ കവിത.

Rajeeve Chelanat said...

ശിവപ്രസാദ്‌,

കവിത ഉജ്ജ്വലമായിട്ടുണ്ട്‌.
കവിതയുടെ സ്റ്റ്രക്ചര്‍ (രൂപം) അല്‍പം മാറ്റിയിരുന്നെങ്ങില്‍ എന്തൊരു തിളക്കമാവുമായിരുന്നു ഈ കവിതക്ക്‌ എന്നും തോന്നി.

ആശംസകളോടെ

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

രാജീവ്‌ ചേലനാട്ട്‌,

വിലയേറിയ അഭിപ്രായത്തിന്‌ നന്ദി. ശ്രമിച്ചുനോക്കാം. വന്നതിങ്ങനെയാണ്‌; ഇനി മാറ്റുക ദുഷ്‌കരവും!

കുറേ നാളായി തകരാറിലായ 'വല' ഇപ്പോള്‍ ഒന്ന്‌ നിവര്‍ന്നുവരുന്നതേയുള്ളു. താങ്കളുടേ ബ്ലോഗ്‌ ഇടയ്ക്കൊക്കെ കാണാറുണ്ട്‌. ഗൌരവമുള്ള ഒരൊ ബ്ലോഗ്‌ എന്നനിലയില്‍ ഞാന്‍ അതിനെ ഉറ്റുനോക്കുന്നു.

vimathan said...

പ്രിയ ശിവപ്രസാദ്, കവിത നന്നായി. എന്തോ ഇതെന്നെ, എന്‍ എസ്സ് മാധവന്റെ (?) നാലാം ലോകം ഓര്‍മ്മിപ്പിച്ചു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വിമതന്‍... അതിന്‌ നമ്മളിപ്പോള്‍, ഏഴാം സ്വര്‍ഗ്ഗത്തിലല്ലേ? ഇനിയിപ്പോ 'നാലാം ലോക'വും പഴകിയെന്ന്‌ പറയണമല്ലോ!

ശ്രീ said...

വളരെ നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍‌.

അത്തിക്കുര്‍ശി said...

ശിവ,

ഒക്കെ വായിക്കാറുണ്ട്‌! ഇതും നന്നായി.

അവസാനത്തെ ആ ഇടശ്ശേരി വരികളില്‍ ആശ്വസിക്കാം..

ഇന്നലെ ഒരു 'പ്രമാദ'മായ 'ക്ഷണം' കണ്ട്‌ എത്തിനോക്കിയപ്പോള്‍ അവിടെയും റഷ്യ തന്നെ!

എന്തായാലും ഒരു കാലത്തെ ഒരാശ്വാസം തന്നെയായിരുന്നു! ഇപ്പോള്‍ പലരും തള്ളിപ്പറയുന്നെങ്കിലും ഇന്നും എനിക്കെന്തോ..

കണ്ണൂസ്‌ said...

ഗാന്ധിജിയെപ്പറ്റി ആരും ഇങ്ങനെ കവിതയെഴുതാതിരുന്നാല്‍ മതിയായിരുന്നു.

നന്നായിട്ടുണ്ട്‌. :-)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എല്ലാ സ്നേഹിതര്‍ക്കും നന്ദി.

പഴയ സോവിയറ്റ്‌ യൂണിയനില്‍ 'സഖാവായി' പഠിച്ച, പുതിയ സ്വതന്ത്രലോകത്തില്‍ ആന്റി-സഖാവായ ഒരു സ്നേഹിതന്‍, ഒരുകൊല്ലം മുന്‍പ്‌ 'ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട' റഷ്യയില്‍ പോയിവന്നപ്പോള്‍, ഒന്നര മാസക്കാലം കണ്ടനുഭവിച്ച കാര്യങ്ങള്‍ ദുഃഖത്തോടെ പറഞ്ഞത്‌ ഉള്ളില്‍ കിടപ്പുണ്ടായിരുന്നു. അടുത്തകാലത്ത്‌ 'ഹോളിവുഡ്‌' ഇറക്കിയ നാലഞ്ച്‌ 'ആന്റി-സോവിയറ്റ്‌' സിനിമകള്‍ കണ്ട്‌ തലചൊറിഞ്ഞപ്പോള്‍, ഒരു കവിതയുണ്ടായി. അത്രേയുള്ളു കാര്യം.

ഇപ്പോള്‍ ആരും സ്‌റ്റേറ്റിനുവേണ്ടി ജോലിചെയ്യേണ്ട, കൂട്ടുകൃഷി വേണ്ട, കൂട്ടുത്തരവാദിത്തം ഒന്നിനും വേണ്ട; 'ക്യൂ' നില്‍ക്കേണ്ട! എല്ലാം സമ്പൂര്‍ണ്ണ വിപണിയധിഷ്ടിതമായി, സ്വര്‍ഗ്ഗീയ-ജനകീയമായിരിക്കുന്നു!

സര്‍ക്കാരിന്‌ ജനങ്ങളുടെ ക്ഷേമത്തില്‍ ഒരിഞ്ചുപോലും തല്‍പ്പര്യമില്ലാതാവുന്ന, മിനിമം 'സങ്കുചിത ദേശസ്നേഹം' മാത്രമുള്ള ലോകം അവിടെയും സ്ഥാപിക്കപ്പെട്ടു.

ഈയൊരു ചിന്തയാണ്‌ കവിതയുടെ അടിസ്ഥാനം. ഏത്‌ സിദ്ധാന്തത്തിന്റെയും പ്രയോഗത്തില്‍ ജനങ്ങള്‍ അസംതൃപ്തരാകുമ്പോള്‍ അണക്കെട്ടുകള്‍ സ്വയം തകരുമെന്നതിന്‌ വേറെ ദൃഷ്ടാന്തം ആവശ്യമില്ല. (മാര്‍ക്സിനെ മര്‍ക്സിസ്റ്റല്ലാതാക്കിയത്‌ അനുഗാമികള്‍ തന്നെയാണ്‌.)

ഇന്നലെ, 'പ്രമാദ'ത്തില്‍ 'ക്ഷണം' എന്ന കവിത വായിച്ചപ്പോള്‍, ചിന്തയുടെ ഒരു തുടര്‍ച്ചയെന്ന നിലയില്‍ ഇന്ന്‌ ഇവിടെ പോസ്റ്റ്‌ ചെയ്തു എന്നു മാത്രം.

Pramod.KM said...

ശിവപ്രസാദ് മാഷേ..
ഒരു കാലത്തെ ആശ്വാസത്തിന്റെ, ശ്വാസം നിലച്ചു പോയ അവസ്ഥയുടെ നിരീക്ഷണക്കുറിപ്പ് നന്നായി...

Anonymous said...

Congrats sivetta.. for the mobchannel award..!

നന്ദു said...

ഓ:ടോ:
പ്രിയ സുഹൃത്തെ,
വിഷുവിന്റെ സന്തോഷം മനസ്സില്‍ നിന്നും മാഞ്ഞുപോയി. സുഹൃത്താണെന്നു പറഞ്ഞിട്ടെന്തുകാര്യം ഒരു ചെറുവിരല്‍ പോലും ചലിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ?. ക്ഷമിക്കുക!.

Satheesh said...

വാര്‍ത്ത കേട്ടത് വല്ലാത്തൊരു ഞടുക്കത്തോടെയാണ്‍. എല്ലാം എത്രയും വേഗം നല്ല നിലയിലാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

Kumar Neelakandan © (Kumar NM) said...

ദയവായി, തല്‍ക്കാലത്തേക്ക് ഇവിടെ ഈ പോസ്റ്റുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം വയ്ക്കുക.

Kuzhur Wilson said...

"ജീവന്‍ സുരക്ഷിതമല്ലെങ്കിലെങ്ങാണ്‌
സ്വാതന്ത്ര്യസിദ്ധാന്തഭേരി?'"

കവിത സത്യമുള്ളതെന്നു
പിന്നെയും തെളിയിച്ച വരികള്‍.

കവിതകളെങ്കിലും കൂട്ടുണ്ടോ കൂടെ...