കവിത: പി. ശിവപ്രസാദ്
ഏഴര വെളുപ്പിന്നേ എഴുന്നേല്ക്കും ചിരുതയ്ക്ക്
പമ്പയാറ്റില്‍ മുങ്ങിനിവരും പതിവുണ്ടല്ലോ.
വരണ്ട കിണറ്റുവക്കില്‍ ചുരുളും വൃദ്ധനാം പട്ടി
അകമ്പടി പോവതുണ്ട് പുഴവക്കോളം.
പള്ളിയുണരും മുമ്പേ ചുറ്റുമതില്‍ തൊഴുതവള്
പുരയിലെ തിടുക്കത്തില്‍ തിരിച്ചെത്തുന്നു.
മുടങ്ങാതെ പരിഭവം പറയുന്നു മക്കളെല്ലാം
കടുത്ത കൌമാരമേറി സഞ്ചരിക്കുന്നോര്.
അവര്‍ക്കിന്നു ജലകേളീ മത്സരത്തിന് പുകിലല്ലോ
അതിരില്ലാ തിമിര്‍പ്പാളും ദിനമാണല്ലോ.
`സ്വന്തബന്ധങ്ങളിലുള്ള പലരുമെത്തും,
മുഷിപ്പിക്കാതവര്‍ക്കൊക്കെ സദ്യ നല്കേണം,
കാലമെത്ര മാറിയാലും ചിരുത മാറില്ല...`
കാര്യമിങ്ങനെ പുലമ്പുന്നതവള്‍ക്കു ശീലം.
എല്ലാം അവളുടെ പതിവുകള്‍!
പണികള്‍ നുറുങ്ങുകളായ് ചിതറുന്നോരടുക്കള-
ച്ചുമരിലായ് കരിപടിച്ചിരിപ്പതുണ്ടേ
അവളുടെ മനസ്സിന്റെ തെളിമയായ്, ഗരിമയായ്
അകം നിറഞ്ഞുറവായ ചെറുകണ്ണാടി.
ആറന്മുളയാശാമ്മാര്‍ പണിക്കുറ്റം തീര്‍ത്തെടുത്ത
പളപളാ തിളങ്ങുന്ന വാല്‍ക്കണ്ണാടി.
മുടിവിതിര്‍ത്തെറ്റിയെറ്റി മുനിഞ്ഞ വിളക്കൊളിയില്‍
അവള് പടിഞ്ഞിരിക്കുന്നു, മുഖം നോക്കുന്നു.
എല്ലാം അവളുടെ പതിവുകള്‍!
ഉറക്കങ്ങള്‍ കരിന്തേളായിഴയുന്ന കണ്ണുകള്‍ക്ക്
കാക്കവിളക്കെന്ന പഴി ചേര്‍ന്നു പോകുന്നു.
മുടിനാരില്‍ വെള്ളിചാര്‍ത്തി മഴനിലാവുദിക്കുന്നു
മുളകള്‍ പൂക്കും നെഞ്ചിനുള്ളില്‍ മുറിപ്പാടല്ലോ.
ചുഴികുത്തും കവിളൊക്കെ മറന്ന ചുംബനങ്ങളെ
കളിയാക്കിച്ചിരിക്കുംപോല്‍ കോഴി കൂവുന്നു.
തിരികെ വച്ചീടും മുമ്പേ പാളുന്ന നോട്ടമൊന്നില്‍
വാല്‍ക്കണ്ണാടി പുഴയായി തെളിഞ്ഞീടുന്നു.
തിരക്കുത്തിന്‍ വാതിലുകള്‍ മലര്‍ക്കുന്നു
കാലദേശ കരിങ്കാക്ക കരയുന്നുണ്ടവള്‍ക്കു ചുറ്റും.
`പെണ്ണാളേ? പെണ്ണാളേ? കരിമീനാം കണ്ണാളേ,
തിങ്കള്‍ നോമ്പു നോറ്റു നീറിയ കമനിയാളേ..'
പഴയൊരു പാട്ടുപാടി പുഴയുടെ ഈണത്തില്‍
തുഴയേറ്റിയൊരു തോണി കരതേടുമ്പോള്‍
പ്രാണനാളം പിടയുമ്പോലവള്‍ക്കുള്ളില്‍
കടല്‍ ചീറുംതുഴയില്ലാ ചെറുവഞ്ചിയാകുമവള്‍ പിന്നെ.
`പറയൂ നീ, പെണ്ണാളേ.. കരിമീനാം കണ്ണാളേ
കടവെത്തും വഴിയിലെത്ര കടലാഴങ്ങള്‍?
വലയൊക്കെ വീശിവീശി പുഴനടുക്കെത്തുമ്പോള്‍
നിന്റെ പുഞ്ചിരി നെഞ്ചിലേറ്റി കനവു കാണുമ്പോള്‍
കുലച്ചൊരു ചെങ്കദളിക്കുടം പോലെ തുടുക്കുന്ന
നിന്നരികത്തെത്തുവാനായ് മനം തുടിക്കും.
ഒരു മീനും വന്നതില്ലെന്‍ വിളി കേട്ടിട്ടും,
പരല്‍വെള്ളിച്ചിലമ്പിട്ടു തുള്ളിയോളങ്ങള്‍.
ഒരുകോര് മീന്‍ കിടച്ചാലുത്സവം പോലെ
കരതേടാം മദം കൊണ്ട മനസ്സുമായി.
വലയ്ക്കുള്ളില്‍ കുടുങ്ങുന്നു ശവങ്ങള് മാത്രം
ആളറിയാ പേരറിയാ ശവങ്ങള് മാത്രം.
തലയറ്റ മുലയറ്റ ശവങ്ങള് കാണാം,
തലക്കനം തികഞ്ഞുള്ള ശവങ്ങള് കാണാം.
ഇളം ചോര ചുവപ്പിച്ച ശവങ്ങളുണ്ടേ
മരിച്ചിട്ടും മരിക്കാത്ത ശവങ്ങളുണ്ടേ.
തളരുന്നു - പിടയ്ക്കുന്നു - തല കറങ്ങുന്നു
അകത്തിരുന്നൊരു മൌനം ചുണ്ടനക്കുന്നു
ചോരയിറ്റ കനവിലൊരു കിളി പറക്കുന്നു
ചേലകന്ന ജിവിതത്തിന് കൊടികള്‍ പാറുന്നു.
ഇടിമിന്നല്‍ തീപെരുക്കും യൌവനരാത്രി,
കൊടുങ്കാറ്റില്‍ മഴക്കാടിന് ഗരുഢന്‍ തൂക്കം,
തിരക്കോളില്‍ തുഴവീണു മറഞ്ഞീടുന്നു
കരയ്ക്കെത്താന്‍ വഴി കാണതുഴന്നീടുന്നു.
ഉള്ളിലേതോ വഞ്ചിമുങ്ങിയ നിലവിളിത്തോറ്റം
കൊമ്പനാന മദിച്ചപോലെ രാത്രിയുറയുന്നു.
`പറയൂ നീ, പെണ്ണാളേ.. കരിമീനാം കണ്ണാളേ
കടവെത്തും വഴിയിലെത്ര വ്യാമോഹങ്ങള്‍?`
എല്ലാം ചിരുതയുടെ പതിവുകള്‍!
കണ്ണാടി ചുവരിന്മേലുറപ്പിക്കുന്നു
കന്മദക്കൂട്ടലിയുമുള്ളില്‍ ചാരമടിയുന്നു!
അസ്ഥികലശം തുറന്നേതോ പുഴ കുതിക്കുന്നു
ഓര്‍മ്മയ്ക്കു കുറുകെ നീന്തി തോണിയൊഴുകുന്നു.
അമരത്തായ് മരുവുന്നോരാണാളിന്നായി
വെറ്റിലച്ചുരുള്‍ തെറുക്കുന്നു ചിരുതപ്പെണ്ണാള്‍.
000
7 comments:
`പറയൂ നീ, പെണ്ണാളേ.. കരിമീനാം കണ്ണാളേ
കടവെത്തും വഴിയിലെത്ര കടലാഴങ്ങള്‍?
വലയൊക്കെ വീശിവീശി പുഴനടുക്കെത്തുമ്പോള്‍
നിന്റെ പുഞ്ചിരി നെഞ്ചിലേറ്റി കനവു കാണുമ്പോള്‍
കുലച്ചൊരു ചെങ്കദളിക്കുടം പോലെ തുടുക്കുന്ന
നിന്നരികത്തെത്തുവാനായ് മനം തുടിക്കും. ' പഴയ നാടന്‍ വഴക്കത്തിലുള്ള ഒരു കവിത ഇതാ ഇങ്ങനെ... വായിച്ചോളൂ!
Athaanu pennu.. :)
ശിവപ്രസാദ്, ഇതുവരെ വായിച്ചതില്‍ നിന്നും വ്യത്യസ്ഥതയാറ്ന്നൊരനുഭവം. കൂട്ടത്തില്‍ ഒന്നു ചോദിച്ചോട്ടേ.? ഇന്നോ ഇന്നലെയോ (നാട്ടിലെ)വീട്ടിലേയ്ക്കെങ്ങാനും വിളിച്ചിരുന്നോ?
നല്ല കവിത
ഇന്നലെ വിളിച്ചെങ്കിലും വീട്ടുകാരിയുമായി സംസാരിച്ചില്ല. അതിനുള്ള സമയംകൂടി അഹങ്കാരിപ്പിള്ളേര് മുതലാക്കിക്കളഞ്ഞു. ഇനി... പുതിയ വൌച്ചര്‍ വാങ്ങി നാളെ വിളിക്കാമെന്ന് കരുതുന്നു.
കവിത ഇപ്പോള്‍ തോന്നിയതല്ല. ആറന്മുള ജലോല്സവക്കാരുടെ ഇത്തവണത്തെ സോവനീറിനുവേണ്ടി ചൂടോടെ എഴുതിയതാ.
അതിരിക്കട്ടെ! ഓരോ ഓഫ് ടോപ്പിക്കുമായി എന്നെ കുപ്പിയിലെറക്കുവാന്നോ അപ്പീ. "'ബോന്ങ്ങ്ചി' ഒരെണ്ണം എട്ക്കട്ടോ..?"
പ്രസാദിന്റെ കവിതകള്‍ ഒരവൃത്തി വായിച്ചു. മതിയായില്ല. ഓടിയൊപ്പമെത്താനുള്ള ശ്രമമായിരുന്നു. ഗഹനമായ ഒരു പഠനത്തിനു കോപ്പുകൂട്ടുന്നു.
ആശംസകളോടെ ....
great thoughts
Post a Comment