Thursday, January 04, 2007

മുയല്‍നീതി

കവിത: പി. ശിവപ്രസാദ്‌


കൊല്ലാനോ വളര്‍ത്താനോ
കൊതിതീരെ ലാളിക്കാനോ
ചെവിനീട്ടിത്തരുമ്പോഴും
തൊഴുതേ നില്‍ക്കും..
മുയലേ നീ പിടയ്‌ക്കാതെ
മണം നോക്കി വിറയ്‌ക്കാതെ
യജമാനന്‍ ഞാന്‍...
നിനക്കോ യാഗമുഹൂര്‍ത്തം!

മുലക്കണ്ണില്‍ മുഖം ചേര്‍ക്കും
കിളുന്നു കിടാങ്ങളൊക്കെ
കിഴങ്ങും ഇലയുമേറ്റ്‌
കൊഴുത്തീടട്ടെ.
തെഴുത്താലേ വിലയുള്ളു
തടിത്തൂക്കം തികഞ്ഞാലേ
വിലപേശും രുചിലോകം
പണമെണ്ണുള്ളൂ.

നീതിവേണം നമുക്കെല്ലാം
കൊടുപ്പോര്‍ക്കും വാങ്ങുവോര്‍ക്കും
ഒരു തട്ടില്‍ അവയ്‌ക്കൊപ്പം
മൃതിയും ചേരും.
ഇതു ജീവസ്‌നേഹലോകം
മരിപ്പോര്‍ക്കും ചതിപ്പോര്‍ക്കും
ഒന്നുപോലെ സ്വര്‍ഗമേകും
വേദനാചക്രം.

മുയലേ നീ പിടയ്‌ക്കാതെ
മുറിത്തര്‍ക്കം പുലമ്പാതെ
മരിച്ചാലും മരിക്കാത്ത
കളവേ ബാക്കി.

*

തിരിഞ്ഞിട്ടും മറിഞ്ഞിട്ടും
കിടക്കയില്‍ തപിച്ചിട്ടും
തിരച്ചുഴി വലവീശി
പിടയ്‌ക്കുന്നൊരുടല്‍ വെട്ടി
വറചട്ടി പൊരിക്കുന്ന
മീനും ഞാനല്ലേ?

ദഹിച്ചിട്ടും മരിക്കാതെ
ദയയൊട്ടും ത്യജിക്കാതെ
ഉദരത്തില്‍ ഉരുമ്മുന്നു
മുയലിന്‍ ക്രോധം.

അറിയുന്നു നമുക്കിപ്പോള്‍
‍വെളിവാകും വേദാന്തം
മുയലിനും സ്വന്തമാണീ
നീതിശാസ്‌ത്രങ്ങള്‍.

000

7 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

"തിരിഞ്ഞിട്ടും മറിഞ്ഞിട്ടും
കിടക്കയില്‍ തപിച്ചിട്ടും
തിരച്ചുഴി വലവീശി
പിടയ്‌ക്കുന്നൊരുടല്‍ വെട്ടി
വറചട്ടി പൊരിക്കുന്ന
മീനും ഞാനല്ലേ?"

(കവിത: മുയല്‍നീതി)

Sasi Kumar said...

good one

Anonymous said...

പുതുവര്‍ഷത്തില്‍ മാനുഷികതയെ ഓര്‍മ്മിക്കുന്ന കവിത നന്നായി.
/*പുതുവര്‍ഷാശംസകള്‍*/

Abdu said...

നല്ല ആശയം, നന്നായിരിക്കുന്നു.

വല്യമ്മായി said...

നല്ല ചിന്ത

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എല്ലാ സ്നേഹിതര്‍ക്കും ആശംസകള്‍. ഈ കവിത യഥാര്‍ഥത്തിലുള്ള ഒരു അനുഭവത്തിന്റെ ആവിഷ്കാരമാണ്‌.

ജീവിതത്തിലാദ്യമായി മുയലിറച്ചി തിന്നാന്‍ ഒരു സഹമുറിയന്‍ കള്ളം പറഞ്ഞു. കോഴിയിറച്ചിയാണെന്ന്‌ ഞാനും കരുതി. ഒരു കഷണം കഴിച്ചപ്പോഴേ തോന്നി അത്‌ വേറെന്തോ ആണെന്ന്‌. പിന്നെ തിന്നാനായില്ല. എങ്കിലും അപ്പുറത്തെ അണ്ണാച്ചി വളര്‍ത്തിയ മുയലാണ്‌ അതെന്ന്‌ മനസ്സിലായില്ല. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ്‌ അവന്‍ പറഞ്ഞു, 'അത്‌ ആ വേളുത്ത്ത്‌ കൊഴുത്ത മുയലായിരുന്നു' എന്ന്‌.

അപ്പോള്‍ തുടങ്ങിയ എരിച്ചില്‍ വയറ്റില്‍ അഗ്നിപര്‍വതമായി. ആ രാത്രി ഉറങ്ങാനായില്ല. ആ മുയലിന്റെ ചോരക്കണ്ണുകളിലെ നിശ്‌ശൂന്യതയും, ഭയവും, പതുങ്ങിയൊഴിയലും എല്ലാം ഓര്‍ത്ത്‌ ഞാന്‍ വലഞ്ഞു. മുയലിന്റെ നീതി എന്നെ ഈ കവിതയായി ശിക്ഷിക്കുന്നു.

ഗായത്രി said...

നല്ല കവിത :)