Monday, November 13, 2006

പത്രാധിപര്‍ക്കുള്ള കത്ത്‌ (മാട്രിമോണിയല്‍ പര്‍പസ്‌)

കവിത:

കഴുത്തില്‍ കുടുക്കായ വൃത്തം
കാലില്‍ വ്രണിതം അലങ്കാരങ്ങള്‍
കല്‍പനാ വൈഭവമെന്ന്‌ കൊണ്ടാടിയ
നെക്‌ലേസും, വൈഡൂര്യമോതിരവും...
എല്ലാമുപേക്ഷിച്ചു വന്ന വിവസ്ത്രയാം ഞാനിതാ ...
താങ്കളുടെ മേശയില്‍.
പരിഗണിക്കേണമേ പത്രാധിപാ!

കവിയുടെ കാല്‍പാട്‌ കണ്ടതില്ല,
കളിയച്‌ഛനേതെന്നുമറികയില്ല,
താരാട്ടുമന്ത്രം തിരിഞ്ഞതില്ല,
വിപ്ലവാരിഷ്ടം കുടിച്ചുമില്ല.
കാവിയുടുക്കാന്‍ കൊതിയില്ലയെങ്കിലും
നാണമൊരിത്തിരി ബാക്കിയുണ്ട്‌.
പരിഗണിക്കേണമേ പത്രാധിപാ!

ലല്ലലം പാടാത്തൊരരുവി,
തീരങ്ങളില്‍ തലയുടയ്ക്കാത്ത കടല്
‍മുല കടിച്ചുന്മത്തനായൊരു കണ്ണന്റെ
നഖമേറ്റു നീലിച്ച പൂതന.
മുടിയഴിച്ചാടാത്ത തെങ്ങ്‌. മടിക്കുത്തിലാത്മാവൊളിപ്പിച്ച്‌
ഘടികാരദിശയിലോടുന്നവള്‍.
പരിഗണിക്കേണമേ പത്രാധിപാ!

കണ്ണുനീര്
‍ഗദ്ഗദം
സെന്റിമെന്റ്‌സ്‌
വായുകോപങ്ങള്‍ തെല്ലുണ്ട്‌.
പീരിയെഡൊക്കെ ക്രമത്തില്‍
എന്നാകിലും പേടിക്കുവാനേറെയുണ്ട്‌!

ചലച്ചിത്രബോധം
ചരിത്രപഞ്ചാംഗങ്ങള്
‍കംപ്യൂട്ടറെല്ലാം മിതമായുണ്ട്‌.
സാരൂപ്യമുള്ള,
സ്വജാതിയായുള്ള
ഗണത്തിലാണെങ്കില്‍ ഉടന്‍ സമ്മതം.
പരിഗണിക്കേണമേ പത്രാധിപാ!

000

5 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ലല്ലലം പാടാത്തൊരരുവി,
തീരങ്ങളില്‍ തലയുടയ്ക്കാത്ത കടല്‍
മുല കടിച്ചുന്മത്തനായൊരു കണ്ണന്റെ
നഖമേറ്റു നീലിച്ച പൂതന.
മുടിയഴിച്ചാടാത്ത തെങ്ങ്‌.
മടിക്കുത്തിലാത്മാവൊളിപ്പിച്ച്‌
ഘടികാരദിശയിലോടുന്നവള്‍.

പത്രാധിപര്‍ക്കുള്ള കത്ത്‌ (മാട്രിമോണിയല്‍ പര്‍പസ്‌) - കവിത

Unknown said...

ശിവാ, കവിത നന്നായി. പ്രത്യേകിച്ച്‌ ആദ്യ ഭാഗം. സറ്റയറിനെയും ഗൌരവത്തെയും കൂട്ടിയിണക്കിയതിനെക്കുറിച്ച്‌ മാത്രം എനിക്കത്ര നല്ല അഭിപ്രായമില്ല. ഒരേ കവിതയില്‍ തന്നെ രണ്ട്‌ സ്വരം കേട്ടതു പോലെ. ഒരുപക്ഷേ പുതിയ സങ്കേതങ്ങളെ അല്ലെങ്കില്‍ അപരിചിതമായവയെ സ്വീകരിക്കാന്‍ മനസ്സ്‌ കാട്ടുന്ന മടിയാവാം കാരണം.

ഞാന്‍ ഇരിങ്ങല്‍ said...

കവിയുടെ കാല്‍പാട്‌ കണ്ടതില്ല,
കളിയച്‌ഛനേതെന്നുമറികയില്ല,
താരാട്ടുമന്ത്രം തിരിഞ്ഞതില്ല,
വിപ്ലവാരിഷ്ടം കുടിച്ചുമില്ല.
കാവിയുടുക്കാന്‍ കൊതിയില്ലയെങ്കിലും
നാണമൊരിത്തിരി ബാക്കിയുണ്ട്‌.
പരിഗണിക്കേണമേ പത്രാധിപാ!

ശിവപ്രസാദ് .. ബാലചന്ദ്രന്‍ ചുള്ളിക്കാടിനുള്ള മറുപടിയാണൊ മുകളിലത്തെ വരികള്‍?
പക്ഷെ “താരാട്ടു മന്ത്രം തിരിഞ്ഞതില്ല” എന്ന് എന്താണുദ്ദേശിക്കുന്നത്?

“മടിക്കുത്തിലാത്മാവൊളിപ്പിച്ച്‌
ഘടികാരദിശയിലോടുന്നവള്‍“ വരികള്‍ മനോഹരങ്ങളായി.

സ്നേഹത്തോടെ
രാജു

Anonymous said...

ശിവ പ്രസാദ്,
കവിത വായിച്ചു.
പറയാനുള്ളത് നര്‍മ്മം കലര്‍ത്തി കൊള്ളേണ്ടിടത്ത് കൊള്ളിക്കൂന്ന രീതി നന്നായി. ചെമ്മനം ചാ‍ക്കോസാറിന്റെ കവിതകളിലെ ആഖ്യാന രീതി..
ഉള്ളതെല്ലാം തുറന്നു പറഞ്ഞു മാട്രിമോണിയല്‍ കോളത്തില്‍ പരസ്യം നല്‍കുന്ന ആരുമുണ്ടാവില്ല ഇന്ന് . ഇട നിലക്കാരില്‍ നിന്നും കല്ല്യാണ ക്കച്ചവടം പത്രങ്ങളുടെ മട്രിമോണിയല്‍ കോളവും കടന്ന് ഡോട്ട് കോമുകളില്‍ എത്തി നില്‍ ക്കുന്ന ഈ കാലഘട്ടത്തില്‍ പത്രാധിപരും ഞെട്ടിയിട്ടുണ്ടാ‍വാം ലൈവായി ഇത്തരം ഒരു അപേക്ഷ കിട്ടിയപ്പോള്‍?!.
--നന്ദു.

വിഷ്ണു പ്രസാദ് said...

'കണ്ണുനീര്
‍ഗദ്ഗദം
സെന്റിമെന്റ്‌സ്‌
വായുകോപങ്ങള്‍ തെല്ലുണ്ട്‌.
പീരിയെഡൊക്കെ ക്രമത്തില്‍
എന്നാകിലും പേടിക്കുവാനേറെയുണ്ട്‌!'
കവിത വളരെ നന്നായിട്ടുണ്ട് സുഹൃത്തേ...