Tuesday, November 21, 2006

കപ്പപ്പുഴുക്കും ചമ്മന്തിയും

എല്ലാവര്‍ക്കും നന്ദി. 'ഗൗരവമുള്ള സാഹിത്യചര്‍ച്ച്യ്ക്ക്‌ ബ്ലോഗിടം പക്വമല്ല' എന്ന എന്റെ അഭിപ്രായം നിരുപാധികം പിന്‍വലിക്കുന്നു. സഹിത്യത്തെയും അതിന്റെ ചാലുകളെയും തിരിച്ചറിയുന്ന പലരും ചര്‍ച്ചയെന്നു കേള്‍ക്കുമ്പോള്‍ ധൃതിയില്‍ 'ഫോര്‍ ഡയലോഗ്‌സ്‌' കാച്ചി തിരിച്ചുപോവുകയോ, വികടമോ വിമതമോ ഒക്കെയായ അഭിപ്രായങ്ങളെ പാതിവഴിയില്‍ 'ബാറ്റണ്‍' കൈമാറുകയോ ചെയ്യുന്നതിന്റെ നിരാശയിലാണ്‌ അത്തരമൊരഭിപ്രായം പറഞ്ഞുപോയത്‌.

കവിതയെയും സാഹിത്യത്തെയും ഇഷ്ടപ്പെടുന്ന, തിരിച്ചറിഞ്ഞ്‌ ആസ്വദിക്കുന്ന, പലരുമുണ്ടെന്നും, വെറും വാദത്തിനുവേണ്ടിയല്ലാതെ 'സംവാദം' തുടരാമെന്നും ഇതുവരെയുള്ള ചര്‍ച്ച തെളിയിച്ചു. അതുകൊണ്ടുമാത്രം ചില അഭിപ്രായങ്ങള്‍കൂടി പറയട്ടെ?'സര്‍ഗവേദന' എന്ന 'ക്ലീഷേ' ഒഴിവാക്കാം. പലസൃഷ്ടികള്‍ക്കു പിന്നിലും ആ അര്‍ത്ഥത്തിലുള്ള രചനാപരമായ അബോധലോകമോ, ഉള്‍പ്രേരണയെന്ന്‌ പലരും പറയാറുള്ള ജൈവരാസപ്രക്രിയയോ നടക്കുന്നില്ലായിരിക്കാം. അതുകൊണ്ട്‌ എല്ലാ എഴുത്തുകാര്‍ക്കും 'മറുകൂക്കോ' 'മറുപടിയോ' മാത്രമാണോ രചന? എല്ലാ എഴുത്തുകള്‍ക്കും അത്തരമൊരു 'പരന്ന ചട്ടിയിലേക്കൊഴിച്ച മാവിന്റെ' ജന്മരഹസ്യമേ ഉള്ളു എന്നാണോ? സാമൂഹികമായും സാമൂഹ്യമായും ഒരാളില്‍ പതിക്കുന്ന ശബ്ദങ്ങളുടെയും, ശിരസ്സിലും നെഞ്ചിലും തറഞ്ഞുകയറുന്ന അനുഭവ തീക്ഷ്ണതയുടെയും പ്രതിശബ്ദമാണെങ്കില്‍, അത്‌ ഒരു കണ്ണാടിയിലെ വെറുമൊരു പ്രതിബിംബം മാത്രമാവാന്‍ തരമില്ല. അത്‌ മനസ്സിന്റെ പല കടമ്പകളും(ട്രാഫിക്‌ ഐലണ്ടുകള്‍... 'U' വളവുകള്‍) കടന്നുപോകേണ്ടിവരും. ആശിക്കുന്ന നിലാവിനു പകരം ഉച്ചസൂര്യന്റെ തിളപ്പുകള്‍ ഉള്ളില്‍ ഒതുക്കേണ്ടിവരും.

പല അനുഗൃഹീത കവികള്‍ക്കും സൃഷ്ടി ഇത്തരം പാതയിലൂടെ രചനയുടെ പൂര്‍ണ്ണത തേടിയുള്ള അലച്ചിലായിരുന്നു.ഗുരുവായൂര്‍ നിന്ന്‌ തിരുവനന്തപുരംവരെ സഞ്ചരിച്ച്‌ ഓ. എന്‍. വി.-യെ തേടിച്ചെന്ന മഹാകവി പി. 'ഞാന്‍ ഒരു വാക്കു തേടി നടക്കുകയാണ്‌' എന്നു പറഞ്ഞത്‌ ഈ പഴഞ്ചന്‍ 'സര്‍ഗവേദന'യുമായി എങ്ങനെ പൊരുത്തപ്പെടുമെന്നത്‌ ചിന്തിക്കേണ്ടുന്ന കാര്യമാണ്‌.ചുരുക്കത്തില്‍, ചിലര്‍ക്കൊക്കെ എഴുത്ത്‌ 'മനസ്സും ശരീരവും സമര്‍പ്പിക്കപ്പെടുന്ന ഒരു വ്യക്തിപരമായ സാമൂഹികദൗത്യ'വും; മറ്റു ചിലര്‍ക്ക്‌ ഒരു പ്രതിച്‌ഛായയെ സൃഷ്ടിക്കുവാനുള്ള എതിര്‍വാക്കും ആകുന്നത്‌ ആപേക്ഷികം മാത്രമാണ്‌. ഈ ആപേക്ഷികത എല്ലാ ലോകത്തും, 'എഴുത്തുല്‍പ്പന്നങ്ങളിലും' ബന്ധപ്പെട്ടിരിക്കുന്നതുമാണ്‌.അതുകൊണ്ട്‌ 'സര്‍ഗവേദന' (സിസേറിയന്‍ എന്നും വിളിക്കാം) ആയായാലും 'മറുകൂക്ക്‌' (സുഖപ്രസവം എന്ന്‌ മറുവാക്ക്‌) ആയാലും സൃഷ്ടിക്ക്‌ അതിന്റേതായ ഒരു മൂല്യമുണ്ട്‌. അത്‌ ആസ്വാദകരുടേതായി മാറുംവരെയെങ്കിലും! കവിത സ്വാഭാവിക വഴക്കങ്ങളിലൂടെ, മൊഴികളിലൂടെ, ഭാവപരവും ജീവിതബന്ധിയുമായ അനുഭവങ്ങളിലൂടെ അവയുടെയൊക്കെ പരിണാമങ്ങളെയും താളങ്ങളെയും ഏറ്റുവങ്ങാനല്ലെങ്കില്‍ ആസ്വാദകരുടെ മുന്നിലേക്ക്‌ അവയെ സമര്‍പ്പിക്കേണ്ടുന്ന ആവശ്യമെന്ത്‌? മനുഷ്യന്റെ (തൊഴിലാളി, കര്‍ഷകന്‍, അടിസ്ഥാനവര്‍ഗ്ഗം എന്നൊന്നുമല്ല ഉദ്ദ്യേശിച്ചത്‌... common man/human എന്നു മാത്രം) മനസ്സില്‍നിന്ന്‌ (നിരവധി രാസത്വരകങ്ങളുടെ സ്വാധീനത്താല്‍)ഉല്‍ഭവിക്കുകയും, ആസ്വാദകമനസ്സുകളില്‍ നിപതിക്കുകയും ചെയ്യുന്ന കവിത എന്തായലും KFC പൊരിച്ച കോഴിയുടെ 'പാചകക്കുറിപ്പ്‌' ഒരിക്കലുമാവില്ല. രണ്ടിനും ഒരു രചനാരഹസ്യം ഒളിച്ചുവച്ചിട്ടുണ്ടെങ്കിലും.

കവിത തീര്‍ച്ചയായും ഒരു വിനിമയമാണ്‌. അതൊരു നെഞ്ചുകീറിക്കാട്ടലുമാണ്‌. പല എഴുത്തുകാര്‍ക്കും അത്‌ യാന്ത്രികമയ ഒരു ദൈനംദിന പരദൂഷണമാവാം. അങ്ങനെയുള്ള ഒരുപാട്‌ വൈജാത്യങ്ങള്‍ എക്കാലത്തും സാഹിത്യത്തില്‍ ഉണ്ടായിരുന്നല്ലോ! വിനിമയം ഒരു റ്റെലഫോണില്‍നിന്നാവാം. തെരുവിലെ വ്യത്യസ്തങ്ങളായ ശബ്ദങ്ങളില്‍ നിന്നാവം. വായിച്ച കൃതിയുടെ അനുരണനങ്ങളില്‍ നിന്നാവാം. പരിഭവിച്ച പങ്കാളിയുടെ മുഖത്തുനിന്നുമാവാം. അധികാരത്തിന്റെ ഹുങ്കില്‍ നിന്നാവാം. അടിയേല്‍ക്കുന്നവന്റെ ചോരയില്‍നിന്നാവാം. സ്വപ്നം കാണുന്നവന്റെ രാത്രിയില്‍നിന്നാവാം. ഇക്കരെ നില്‍ക്കുന്നവന്റെ അക്കരെയില്‍നിന്നാവം. എന്തില്‍നിന്നും എവിടെനിന്നും അത്‌ ജലമായി, ലവണമായി, സ്പര്‍ശമായി, ജ്വലനമായി... ചിലപ്പോള്‍ വെറും ശൂന്യതയായി കവിതയിലേക്ക്‌ വരാം. അതുപോലെ ഇതര സാഹിത്യ ശാഖകളിലും സംഭവിക്കുന്നു.

രചനയ്ക്കു പിന്നില്‍ എഴുത്തുകാരന്റെ ബോധപൂര്‍വമായ ഇച്‌ഛയുണ്ട്‌. ഇല്ലാതെ പറ്റില്ല. ചിലതൊക്കെ പറയാനുള്ള നിര്‍ബന്ധങ്ങളും ഉണ്ട്‌. ഒരു രചനയ്ക്ക്‌ അയാള്‍ ദിവസമോ, ആഴ്ചയോ... കൊല്ലങ്ങളോ എടുക്കുന്നത്‌ അക്ഷരങ്ങള്‍ നിരത്തുന്ന 'കമ്പോസിംഗ്‌' പണി ചെയ്യാനാണെന്ന്‌ വിശ്വസിക്കാന്‍ ആര്‍ക്കാണ്‌ കഴിയുക? ക്രാഫ്റ്റ്‌ മാത്രമാണ്‌ കവിത എന്ന്‌ നിരീക്ഷിക്കുന്നത്‌ ഒരുതരം അനീതിയാണ്‌. എങ്കില്‍ കേരള്‍ത്തിലെ എറ്റവും വലിയ എഴുത്തുകാര്‍ കൈനിക്കര കുമാര പിള്ളയോ പഴവിള രമേശനോ, അതുമല്ലെങ്കില്‍ എന്‍. വി. കൃഷ്ണവരിയരോ ആകുമായിരുന്നു. ഏറ്റവും നന്നായി പല എഴുത്തുകാരെയും അവരുടെ രചനകളെയും കൈയിലൊതുക്കി 'എഡിറ്റര്‍' തസ്തികയില്‍ ജോലി ചെയ്തവരാണ്‌ അവരൊക്കെ. ഒന്നുമല്ലാതിരുന്നിട്ടും, 'കമ്പോസിങ്ങും ക്രാഫ്റ്റും' തീരെ പരിചയമില്ലാതിരുന്ന സാക്ഷാല്‍ ബഷീര്‍ മഹാസാഹിത്യകാരനായത്‌ ഒരു അല്‍ഭുതമാവണം. അല്ലേ? പ്രതിഭയും അതിന്റെയൊപ്പം മനനവും ചേരാതെ എഴുത്ത്‌ യാന്ത്രികമായി വരില്ല തന്നെ.

അപ്പോള്‍, പുതിയ കാലത്തിന്റെ കവിതയെ സംബന്ധിച്ച്‌ ചെറിയ ജീവിതം, ചെറിയ ലോകം, ചെറിയ മനസ്സ്‌) ചെറിയ നിഘണ്ടുവില്‍ നമ്മള്‍ കണ്ടെത്തുന്ന ഏക പദം എന്താവണം? ഇഷ്ടം പോലെ ആയിക്കോളൂ! ബാലചന്ദ്രന്‍ 'ക്ഷമാപണം' എഴുതിയ മാതിരിയാവില്ല 'സഹശയനം' എഴുതിയത്‌. സച്ചിദാനന്ദന്‍ 'ഗസലുകള്‍' എഴുതിയ പോലെയാവില്ല 'സാക്ഷ്യം' എഴുതിയത്‌. അയ്യപ്പപണിക്കര്‍ സാര്‍ 'വഴക്കൊലപാതകം' 'കവിതയരങ്ങ്‌' തുടങ്ങിയ സാധനങ്ങള്‍ എഴുതിയപോലെ ആവില്ല 'കുരുക്ഷേത്രം' എഴുതിയത്‌. ഓ. എന്‍. വി. 'പൊന്നരിവളമ്പിളിയില്‌' എഴുതിയമാതിരിയാവില്ല 'ഭൂമിക്ക്‌ ഒരു ചരമഗീതം' എഴുതിയത്‌. ഡി. വിനയചന്ദ്രന്‍ 'വിനയചന്ദ്രിക' എഴുത്ജിയതും 'കയിക്കരയിലെ കടല്‍' എഴുതിയതും രണ്ടു വ്യത്യസ്ത ലോകത്തിലിരുന്നായിരുന്നു. കുരീപ്പുഴ ശ്രീകുമാര്‍ 'ജെസ്സി'-യും 'ചാര്‍വാകന്‍'-ഉം എഴുതിയത്‌ പല മാനസികലോകങ്ങളില്‍ ഇരുന്നാവണം. (ഇന്നതെ പുതുതലമുറയെ തല്‍ക്കലം വിടുന്നു).

ഓരോ കവിക്കും (എഴുത്തുകാരനും) കവിതയ്ക്കും അവയുടെ ഉല്‍ഭവവും ഒഴുക്കും പതനവും സംഭവിക്കുന്നത്‌ പല അര്‍ഥങ്ങളിലും വേഗങ്ങളിലും ലോകങ്ങളിലുമാവണം. ആയതിനാല്‍, കവിതയുടെ താളം, താളമില്ലായ്മ, പദഘടന, വികാരോന്മീലനം എന്നൊക്കെയുള്ള കാര്യങ്ങള്‍ വ്യത്യസ്തവും പ്രതിഭിന്നവും ആകണം. അങ്ങനെയായില്ലെങ്കില്‍ കവിതയുടെ ലോകം ആകെയൊരു 'ബോറായി' എന്ന്‌ പറയേണ്ടിവരും.ഒരു സ്‌കെയില്‍ ഉപയോഗിച്ച്‌ സമചതുരത്തെ, ദീര്‍ഘചതുരത്തെ, ത്രികോണത്തെ ഒക്കെ അളക്കാന്‍ പറ്റിയേക്കും. ഒരു സമവൃത്തം അളക്കാന്‍ അതേ സ്‌കെയില്‍ മതിയാവുമെന്ന്‌ പറഞ്ഞാല്‍... എന്തോ എനിക്ക്‌ മനസ്സിലാവുന്നില്ല, സുഹൃത്തുക്കളേ!

ആയതിനാല്‍, എഴുത്തുകാര്‍ അവരുടെ ഇഷ്ടമനുസ്സരിച്ച്‌ എഴുതട്ടെ. കാലപ്രവാഹം അവയുടേ വേരുറപ്പ്‌ തെളിയിക്കട്ടെ. സങ്കേതിക പദാവലിയില്‍ ഊന്നിക്കൊണ്ടുള്ള തര്‍ക്കം ഒഴിവാക്കം. നല്ല രചനകള്‍ കിട്ടുകയാണ്‌ നമുക്ക്‌ പ്രധാനം. കുറെ ദിവസമായി അന്യഗ്രഹസഞ്ചാരത്തിലായിരുന്ന എന്റെ അനിയന്‍ 'പൊന്നപ്പന്റെ' ചില വിശേഷങ്ങള്‍ ഇന്നത്തെ പത്രത്തിലുണ്ട്‌. ശരിക്കും 'കപ്പപ്പുഴുക്കിന്റെ സര്‍ഗവേദന'യ്ക്ക്‌ ടിയാനാണ്‌ ഒരു കാരണം. ജാമ്യാപേക്ഷയ്ക്കു പകരം 'ഇന്നാ എന്നെ വീണ്ടും തല്ലിക്കോ' എന്ന നിലപാടാണ്‌ കക്ഷിയുടേത്‌. "കേവലം അജീര്‍ണ്ണവസ്ഥയില്‍ ഉണ്ടാകുന്ന ഒരു തരം ഉദരരോഗവും, തല്‍ഫലമായി പുറപ്പെടുന്ന അധോവായുവുമാണ്‌ കവിത" എന്നും, കപ്പപ്പുഴുക്ക്‌ ഇത്തരം 'ഗ്യാസ്‌ ട്രബിള്‍' ഉണ്ടാക്കുന്നതിനാല്‍ തനിക്ക്‌ അത്‌ ഒഴിവാക്കാന്‍ പറ്റില്ലെന്നും ടിയാന്‍ ഞങ്ങളുടെ ലേഖകരെ അറിയിക്കുകയുണ്ടായി. ഏതായാലും, ഈ അജീര്‍ണാവസ്ഥ തുടര്‍ന്നാല്‍ പൊന്നപ്പന്റെ കൂടുതല്‍ എഴുത്തുകളാല്‍ ബ്ലോഗിടം സുഗന്ധസമ്പന്നമാകുമെന്നും പലര്‍ക്കും ആശങ്കയുണ്ട്‌. അനിയാ... പ്രത്യേക നന്ദി.

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എന്റെ എല്ലാ ബഹുമാന്യ സുഹൃത്തുക്കള്‍ക്കും (പ്രത്യേകിച്ച്‌ 'നല്ല ചില കഥ'കളിലൂടെ എനിക്ക്‌ പ്രിയങ്കരനായ പെരിങ്ങോടന്‍, തുടങ്ങിവെച്ച നന്ദു, അഭിപ്രായങ്ങള്‍ നിര്‍ഭയം (അങ്ങനെ വേണം)രേഖപ്പെടുത്തിയ ഇരിങ്ങല്‍, വീണ, ഇഞ്ഞി പെണ്ണ്‌, സര്‍വോപരി ആരംഭധീരന്‍ വിഷ്ണുമാഷ്‌...) എല്ലാവര്‍ക്കും നന്ദി. നമ്മുടെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍, യോജിപ്പും വിയോജിപ്പും പറഞ്ഞ്‌ പറഞ്ഞ്‌ തിരുത്താനും, ക്ഷമാപൂര്‍ണമായ നിലപാടുകള്‍ സൃഷ്ടിക്കുവാനും ബ്ലോഗിടം ഉപകരിക്കുമെന്ന പ്രത്യാശയോടെ...

000

('കവിത = കപ്പപ്പുഴുക്ക്‌' എന്ന ശാസ്ത്രീയ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ മലയാളദേശത്ത്‌ പ്രചരിച്ചിരുന്ന ഒരു നാടന്‍പാട്ട്‌. എഴുതിയ ആള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്‌ സഹിത്യ അക്കാദമിയുടെ രേഖകളില്‍ കാണുന്നു.)

കപ്പപ്പുഴുക്ക്‌.കോം

ഏനുമെന്റപ്പനും പണിക്ക്‌ പോയ്‌
ഏട്ടക്കുളങ്ങരെ പണിക്ക്‌ പോയ്‌.
അക്കരെക്കാടും കടന്ന്‌ പോയ്‌
കച്ചേരിക്കവലേം മുറിച്ച്‌ പോയ്‌.
പൂക്കരെപ്പറമ്പ്‌ കുറുകെ പോയ്‌
കാക്കരക്കടവ്‌ തൊഴഞ്ഞ്‌ പോയ്‌.
മുണ്ടകപ്പാടോം മുതുനെല്ലിത്തോടും
പല്‍പ്പൊഴ പൈമ്പൊഴേം നീന്തിപ്പോയ്‌.

കൊച്ചുളി വീതുളി ചിന്തേരും
ചുറ്റുളി കൊട്ടൂടി തൂക്കട്ടേം
ആളൊക്കും നീളന്‍ മൊഴക്കോലും
ആഴക്ക്‌ വെറ്റെല ചമ്പഴുക്കേം!
തമ്പ്രനൊരിച്ചിരി ജാപ്പാണോം
തമ്പ്രാട്ടിക്കഞ്ചാറ്‌ തെച്ചിപ്പഴോം
നായര്‌ക്കരകെട്ടാന്‍ ചുട്ടിത്തൊര്‍ത്തും
നമ്പ്യാര്‌ക്കൊര്‌നുള്ള്‌ മൂക്കിപ്പൊടീം!

കൊട്ടാരമ്പോലൊര്‌ കൂര കണ്ടേ
മിറ്റത്ത്‌ കര്‍പ്പൂരമാവ്‌ കണ്ടേ.
വെച്ചടപ്പില്ലാത്ത ചെപ്പ്‌ കണ്ടേ
സൊപ്പനമ്പോലേനും ചെലത്‌ കണ്ടേ!

ഉച്ചക്കൊടുംവെയിലുച്ചിമേലേ
പച്ചമരമ്പോലെ കത്തി നിന്നേ.
അപ്പനും ഏനും പണിക്കമ്മാരും
കന്നുംചാണകച്ചൂരണിഞ്ഞേ.
മണ്ണുകുഴിച്ചൊരെലയും വെച്ച്‌
കഞ്ഞിപകര്‍ന്ന കരിഞ്ചെറുമന്
‍കപ്പപ്പുഴുക്കിലെ ഉപ്പിനായോ
കണ്ണീര്‍ പൊഴിച്ചതന്നേനും കണ്ടേ.
അതുകണ്ടിട്ടേന്റെയീ ചങ്കിലൊര്‌
ചുഴികുത്തി തമരുളി പാഞ്ഞുപോയേ!
കരവാഴും ദൈവത്താരത്‌കണ്ടിട്ടോ
മച്ചിമ്മേലൊളിപാര്‍ത്ത്‌ കണ്‍തൊടച്ചേ!
നാഴൂരിക്കഞ്ഞീടെ നാണക്കേടും
നാറ്റത്തെറീമെല്ലം തീര്‍ന്ന നേരം
ഏനപ്പോ നല്ലപ്പം കവിത വന്നേ
കപ്പപ്പുഴുക്കിന്റെ ഏമ്പക്കമായ്‌!

തുഞ്ചമ്പറപില്‌ ചെന്നനേരം
ചുമ്മാതെ ചുറ്റിനടന്നനേരം
കള്ളങ്ങൊരിച്ചിരി ചേരുന്നേരം
ഏനും എഴുത്തച്ചനായിപ്പോയെ!

000

5 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'കപ്പപ്പുഴുക്ക്‌.കോം'-ന്‌ സഹൃദയര്‍ നല്‍കിയ കമന്റുകള്‍ക്ക്‌ ഞാന്‍ ഒരു മറുപടി പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കമ്പ്യൂട്ടര്‍ തകരാറായി. വീണ്ടും തുടങ്ങിയപ്പോള്‍, പോസ്റ്റ്‌ ആകെ വമ്പന്‍ Font ആയി കാണിച്ചു. മറ്റു മാര്‍ഗ്ഗമില്ലാതെ നിലവിലുള്ള പോസ്റ്റ്‌ മായ്‌ക്കേണ്ടി വന്നു. ഇത്‌ രണ്ടാമത്‌ പോസ്റ്റ്‌ ചെയ്യുകയാണ്‌. (മറന്നുപോയ ചമ്മന്തിയോടൊപ്പം കപ്പപ്പുഴുക്കും വിളമ്പിയിട്ടുണ്ട്‌. കമന്റുകളില്‍ തെളിയാതെ എന്റെ മറുപടി 'ജങ്ക്‌' ആയി കാണിക്കുന്നതിനാല്‍ ഒരു പോസ്റ്റ്‌ ആക്കേണ്ടിവന്നു. ക്ഷമിക്കുക.)

പൊന്നപ്പന്‍ - the Alien said...

നോക്കൂ എത്ര സുന്ദരമായി എന്നെ അപമാനിച്ചിരിക്കുന്നു. ഞാന്‍ പറഞ്ഞ വാക്കുകള്‍ തന്നെ കൃത്യമായി ഉപയോഗിച്ചു. എന്നാല്‍ വായിച്ചപ്പോ എനിക്കു തന്നെ എന്നോട് അയ്യേന്നു തോന്നി. സാരമില്ല. മാഷേ, താങ്കള്‍ പറഞ്ഞതിനോടൊന്നും എനിക്കു യാതൊരെതിര്‍പ്പുമില്ല.
ശരിയാണ്.. വാക്കുകള്‍ തിരക്കി അലയുന്നവരുണ്ട്. ചിലരെ തിരഞ്ഞു വാക്കുകളെത്തുകയും ചെയ്യും. വാക്കുകള്‍ സൃഷ്ടിക്കപ്പെടുന്ന ആ ഇന്നര്‍ പ്രോസസ്സ് എന്തായാലും അവിടെ ഉണ്ടാകും. കവിത എന്ന ഡൊമൈനില്‍ മാത്രമല്ല അതുള്ളത്.. ജീവിതത്തിലാകെ അതുണ്ടാകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കവിത ഒരു ഉപോല്‍പ്പന്നമാണ്‌. ജീവിതമാകുന്ന ഒരു വലിയ പ്രോഡക്റ്റിന്റെ ഒരു ബൈ-പ്രോഡക്റ്റ്. അതു കൂടുതല്‍ ഉന്നങ്ങളിലേക്കെത്തിക്കാന്‍ ചിലപ്പോഴൊക്കെ ബോധപൂര്‍വമായ ശ്രമങ്ങളും വേണ്ടി വരും. ഇതൊന്നും താങ്കള്‍ പറഞ്ഞതിനെതിരല്ല. പകരം ഞാന്‍ പറയുന്നതും അതു തന്നെയാണെന്നാണ്‌ ഉദ്ദേശിച്ചത്.
താങ്കള്‍ പറഞ്ഞ രണ്ടാമത്തെ കാര്യം.. ഓരോ കവിതയുടേയും മാനകങ്ങള്‍ വിഭിന്നമാണെന്ന കാര്യം. ഇതു ഞാന്‍ കുറച്ചു കൂടെ എക്സ്റ്റന്റ് ചെയ്യുന്നു. കവിതയുടെ മാനകങ്ങള്‍ മാത്രമല്ല.. കവിതയുടെ നിര്‍വചനങ്ങള്‍ പോലും വിഭിന്നമാണ്‌ എന്നെനിക്കു തോന്നുന്നു. അല്ലെങ്കില്‍ ഞാന്‍ കവിതയെന്നു തിരിച്ചറിയുന്നതു യഥാര്‍ത്ഥ കവിതയല്ലെന്നു താങ്കള്‍ക്കു തിരുത്തി വായിക്കാം.. അതിലേക്കുള്ള ശ്രമങ്ങളും വിഭിന്നമായിരിക്കാം. ഒരു മഴവില്ലു കുലയ്ക്കാനായി ആകാശം ദ്രോണാചാര്യര്‍ക്കു ശിഷ്യപ്പെടേണ്ട ആവശ്യമൊന്നുമില്ലല്ലോ.. ഒരു മഴ പെയ്തു തീരുമ്പോള്‍ കൂടെ വെയിലൊന്നു പുഞ്ചിരിക്കുമ്പോള്‍ അതങ്ങു വിടരും. എന്തു വിഭംഗനമാണു അതിനു പിന്നിലുള്ളതെങ്കിലും.. ഒന്നു കൂടെ പറഞ്ഞോട്ടേ, താങ്കള്‍ ആ സുഗന്ധ പൂരിതമായ ബ്ളോഗ്ഗുകളെ പറ്റി പറഞ്ഞതു വളരെ നിലവാരം കുറഞ്ഞ ഒരു പ്രയോഗമായി തോന്നി..(ചുരുക്കി പറഞ്ഞാല്‍ എനിക്കു കൊണ്ടു എന്നു സാരം :) )

വിഷ്ണു പ്രസാദ് said...

പ്രിയ ശിവപ്രസാദ്,പ്രതിഭാഷയില്‍ ഇത്തരമൊരു ചര്‍ച്ച തുടങ്ങാനുള്ള സാഹചര്യം ചില‍പ്പോള്‍ താങ്കള്‍ക്ക് അറിയുമായിരിക്കും.ആരംഭശൂരന്‍ എന്ന പ്രയോഗം ആസ്വദിക്കുന്നു.താങ്കളുടെ മിക്ക നിലപാടുകളോടും ഞാന്‍ യോജിക്കുന്നുമുണ്ട്.എന്തുകൊണ്ട് ഞാന്‍ ചര്‍ച്ച പാതിവഴിയില്‍ നിര്‍ത്തി എന്ന ഒരു മാനുഷികമായ അന്വേഷണം ആവാമായിരുന്നു.ഞാന്‍ കവിതകളിലൂടെയും പോസ്റ്റുകളിലൂടെയും ഈചര്‍ച്ച തുടരാനാണ് ശ്രമിക്കുന്നതെന്ന് താങ്കള്‍ മനസ്സിലാക്കിയോ എന്തോ?പൊന്നപ്പന്‍ പ്രതിഭാശാലിയായ കവിയാണ്.അദ്ദേഹത്തെക്കുറിച്ച് താങ്കള്‍ക്ക് പരുഷമായഭാഷയില്‍ പറയാന്‍ തോന്നിപ്പിച്ചത് എന്താണെന്നെനിക്ക് മനസ്സിലാവുന്നില്ല.പൊന്നപ്പന് അത് പറയാം.അതുകൊണ്ടാണ് ഞാന്‍ നിശ്ശബ്ദനായത്.
പൊന്നപ്പന്റെ ഓരോ ബ്ലോഗ്കമന്റ് പോലും കവിതയാണ്. എനിക്ക് പറ്റാത്ത കാര്യാമാണ്.എന്നെ സംബന്ധിച്ച് അത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന സംഗതിയാണ്.ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെയാണ് നാലുവരി എഴുതുന്നത്.പൊന്നപ്പന്റെ കൂടെ കവിത നടക്കുന്നത് ഞാനും കാണുന്നുണ്ട്.ആ ഒര‍നുഭവമാണ് അയാളെക്കൊണ്ട് എഴുത്തിനെ നിസ്സാരവല്‍ക്കരിക്കുന്ന ഒരു അഭിപ്രായം പറയിപ്പിച്ചതെന്ന് ഞാന്‍ കരുതുന്നു.പിന്നെ ഞാന്‍ നിശ്ശബ്ദനായി.ബ്ലോഗില്‍ ഇങ്ങനെ കവിത വായിക്കണം എന്നു പറയാനേ ഞാനുദ്ദേശിച്ചുള്ളൂ.ചിലരൊക്കെ അതു മനസ്സിലാക്കി. ചിലര്‍ മനസ്സിലായിട്ടും മനസ്സിലായില്ലെന്ന് നടിക്കുന്നതു പോലെ തോന്നിപ്പിച്ചു.അപ്പോള്‍ ഈ പാഴ്ച്ചെലവ് ഞാന്‍ വേണ്ടെന്ന് വെച്ചു.ഈചര്‍ച്ചകള്‍ ഉണ്ടാക്കുന്ന അനാവശ്യമായ സമ്മര്‍ദ്ദങ്ങള്‍ താങ്കള്‍ക്ക് ഇപ്പോഴെങ്കിലും ഒരുപക്ഷേ ബോധ്യപ്പെട്ടുകാണും.അതുകൊണ്ട്,അതൊന്നും താങ്ങാനാവാത്തതുകൊണ്ട് ഞാന്‍ നിര്‍ത്തി.ബൂലോകരെ മുഴുവന്‍ കവിതാസ്വാദനം പഠിപ്പിക്കാമെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല.എന്തായാലും ആരംഭ ധീരത എനിക്കിരിക്കട്ടെ :)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ക്ഷമിക്കണേ അനിയാ. ഞാന്‍ ദുരുദ്ദേശപരമായല്ല അങ്ങനെ 'താങ്ങി'യത്‌. ഇങ്ങോട്ടയച്ച ശരംതന്നെ തിരിച്ചയച്ചു എന്നേയുള്ളു. വേദനിച്ചെങ്കില്‍ - മാപ്പ്‌. (ജോര്‍ദ്ദാനിയായ ബോസ്സിനോട്‌ അകാരണമായി മാപ്പുപറയുക പ്രയാസമായതിനാല്‍ ഒരു തവണ ജോലി നഷ്ടപ്പെട്ടവനാണ്‌ ഞാന്‍. പൊന്നപ്പനോട്‌ ഇക്കാര്യത്തില്‍ അങ്ങനെ ചെയ്യുന്നതില്‍ ആക്ഷേപം തോന്നുന്നില്ല. നീ നമ്മടെ കുടുംബാംഗമല്ലേ കുട്ടാ!)

ഇവിടെ എനിക്കും അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ല. മാനകത്തിന്റെ കാര്യത്തില്‍ ഒരോ കവിയും അവരവരുടെ വഴി തേടുന്നത്‌ തെറ്റാവുന്നില്ല. അഭിരുചി പോലും പത്തു പേര്‍ക്ക്‌ പത്തുതരമാവാമല്ലോ. ഇക്കാര്യത്തില്‍ സമീപനത്തിലും തിരഞ്ഞെടുപ്പിലുമുള്ള സ്വാതന്ത്രം ആരും ഹനിക്കുന്നുമില്ല. കൃത്യമായ ഒരു ഫ്രെയിം വെച്ചിട്ട്‌ ഇങ്ങനെ മാത്രമേ കവിതയോ കഥയോ ആവാന്‍പാടുള്ളൂ എന്നമട്ടിലുള്ള നിര്‍ബ്ബന്ധമൊക്കെ അത്‌ അരനൂറ്റാണ്ടുകാലം ചുമന്നുകൊണ്ടുനടന്നവരുടെ നായകന്‍ തന്നെ ഒരൊറ്റ പ്രസംഗത്തിലൂടെ പൊളിച്ചുകളഞ്ഞതല്ലേ? പിന്നെയും ചിലപ്പോള്‍ ചില 'മനിതര്‍കള്‍' ഇക്കാര്യത്തില്‍ ഒടുക്കത്തെ വാശിപിടിക്കാറുണ്ടെന്നു മാത്രം.

എന്നെ സംബന്ധിച്ച്‌ ഏതെങ്കിലും ഒരു ചരടിന്റെ നിയന്ത്രണത്തിലുള്ള കലയോ സാഹിത്യമോ സ്വതന്ത്രതയെപ്പറ്റി വീമ്പിളക്കുന്നത്‌ 'കാണാന്‍ നല്ല ചേല്‌' മാത്രമാണ്‌. അതുകോണ്ടാണ്‌ എല്ലാ പരിമിതികളും ഭേദിച്ച്‌ രചനയുടെ ലോകം വികസിക്കണമെന്ന്‌ നമ്മള്‍ ആഗ്രഹിക്കുന്നത്‌.

ഇവിടെ, നമ്മള്‍ക്കിടയില്‍ ഒരു മുടിനാരിഴയുടെ അഭിപ്രായവ്യത്യാസം ഉണ്ടാവുകയാണെങ്കില്‍ അവിടെയാണ്‌ 'കവിത'യുള്ളത്‌ എന്ന്‌ ഞാന്‍ കരുതും.

പൊന്നപ്പന്റെ എഴുത്ത്‌ (കമന്റ്‌ ഇല്ലാതെ) വായിക്കാറുണ്ട്‌. ചിലതൊക്കെ നന്നായി രസിച്ചിട്ടും, ചിന്തിപ്പിച്ചിട്ടുമുണ്ട്‌. താങ്കള്‍ പറഞ്ഞ കപ്പപ്പുഴുക്കിന്‌ 'നേരമ്പോക്ക്‌' എന്ന ബാലിശമായ ഒരു ദുരര്‍ഥം എനിക്ക്‌ അന്നേരം തോന്നിയതാണ്‌ ഈ കുഴപ്പത്തിന്‌ കാരണമെന്ന്‌ തോന്നുന്നു. ശരിയാണോ? ഇപ്പോല്‍ തൊന്നുന്നു കവിതയെ സംബന്ധിച്ച നമ്മുടെ സമീപനങ്ങളില്‍ അത്ര വലിയ അകലം ഇല്ലെന്ന്‌. എങ്കില്‍പിന്നെ നല്ല കവിതയെ നമുക്ക്‌ വരവേല്‍ക്കാന്‍ ശ്രമിക്കാം. ബ്ലോഗിടങ്ങളില്‍ ഭേദപ്പെട്ട നിലയില്‍ കവിത്കള്‍ എഴുതുന്ന കുറേപ്പേരുണ്ട്‌. എല്ലാവരും ഒന്ന്‌ കൈപൊക്കിയേ.

ലോക മലയാള കവിസംഘം വിജയിക്കട്ടെ.

ലാല്‍സലാം.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എന്റെ ഭാഷയ്ക്ക്‌ ഭ്രന്തു പിടിച്ചെന്നാണൊ കരുതേണ്ടത്‌? ആയിരിക്കാം. 'തെറ്റുധാരണ' ഒരു ആഗോള പ്രതിഭാസമാണെന്ന്‌ ഇപ്പോള്‍ പിടികിട്ടി.
സത്യത്തില്‍ വിഷ്ണുവിന്റെ പ്രതിഭാഷയില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ച നിലച്ചുപോകരുതെന്ന ഉദ്ദേശ്യമായിരുന്നു എന്റേത്‌. ഓഫീസിലെ തിരക്കില്‍ അപ്പപ്പോള്‍ പ്രതികരിക്കന്‍ പട്ടറില്ല. പ്രതിഭാഷയില്‍ തുടരെവന്ന താങ്കളുടെ ലേഖനങ്ങള്‍ അനംഗാരി മാഷിന്റെ പോലും ക്ഷമാപണത്തില്‍ വരെ ചെന്നെത്തിയത്‌ ഓര്‍ക്കുമല്ലോ. പിന്നെ ചര്‍ച്ച വഴിമാറാന്‍ തുടങ്ങി. ആദ്യത്തെ പ്രതികരണത്തില്‍ ഞാനത്‌ പറയുകയും ചെയ്തിരുന്നു. (ചര്‍ച്ചകളുടെ അവസാനം ഇത്തരം വികലസഞ്ചാരമാണെന്ന്‌ ഇപ്പോള്‍ തോന്നുന്നു. ശരിയാണോ?)

ഒരു ബ്ലോഗറുടെ ഇഷ്ടാനിഷ്ടങ്ങളെയോ വ്യക്തിപരമായ വിഷയങ്ങളെയൊ ഞാനോ പൊന്നപ്പനോ താങ്കള്‍പോലുമോ ഇവിടെ ചര്‍ച്ച ചെയ്യുകയുണ്ടായില്ലല്ലോ? പിന്നെ ഞാന്‍ പൊന്നപ്പനെ തേജോവധം ചെയ്തതായി തോന്നിയതെന്താ വിഷ്ണു? നമ്മളാരും വിഷയമല്ലാതിരിക്കുകയും 'കവിതയുടെ ലാവണ്യശാസ്ത്രത്തില്‍ ഉള്‍പ്പെടുന്ന ചില പ്രശ്നങ്ങള്‍' തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യുകയുമായിരുന്നു. 'കപ്പപ്പുഴുക്ക്‌' എന്ന പൊന്നപ്പന്റെ പ്രയോഗത്തില്‍ അസന്തുഷ്ടി ഉണ്ടായ ഞാന്‍ ചെയ്ത രണ്ട്‌ കമന്റുകളും പിന്നെ അതേ പേരിലുള്ള കവിതയും പിന്തുടര്‍ന്ന്‌ പെരിങ്ങോടനാണ്‌ ചര്‍ച്ച ഗൗരവമുള്ള ഒന്നാക്കിമാറ്റിയത്‌. വ്യത്യസ്താഭിപ്രായങ്ങള്‍ എന്തിലും എവിടെയും ഉണ്ടാവുക സാധാരണമാണെന്ന്‌ അറിയാതെയല്ല ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ എഴുതിയത്‌. ഇടയ്ക്ക്‌ പൊന്നപ്പന്റെ കമന്റില്‍ ഉദ്ധരിച്ചു ചേര്‍ത്ത വരികളെ ഞാന്‍ ഒരു നെഗറ്റീവ്‌ മൂഡില്‍ തിരിച്ചെഴുതി എന്നേയുള്ളു. അത്‌ പൊന്നപ്പനെന്ന എഴുത്തുകാരന്റെ വ്യക്തിത്വത്തെയോ കവിത്വതെയോ ഇകഴ്ത്തന്വേണ്ടി ആയിരുന്നില്ല. ഇനി, ഞാന്‍ അങ്ങനെ ലക്ഷ്യം വച്ചാലും അതിലൂടെ ഒരു പുതിയ ബ്ലോഗറായ എനിക്കല്ലേ പേരുദോഷമുണ്ടാവുക. വരുമോരോ ദശ... അല്ലേ?

പൊന്നപ്പനുമായുള്ള തര്‍ക്കം ഞാന്‍ ഐക്യരാഷ്ട്ര സഭയുടെ സാന്നിധ്യത്തില്‍ പറഞ്ഞു തീര്‍ത്തു. കക്ഷി സാഹിത്യബന്ധിയായും കവിതയില്‍ പ്രത്യേകിച്ചും ഗൗരവമുള്ള ആളാണെന്ന്‌ എനിക്ക്‌ കുറഞ്ഞ നാള്‍കൊണ്ട്‌ മനസ്സിലായതാണ്‌. മനപ്പൂര്‍വമായ ആക്ഷേപമായി ഇതിനെ കണക്കാക്കാതിരിക്കുക. എന്തോ... ധൃതിക്കിടയില്‍ മൂശേട്ട നാവില്‍ക്കയറിയതാവുമോ? അല്ലെങ്കില്‍ എന്റെ ഭാഷയ്ക്ക്‌ ഭ്രാന്ത്‌ പിടിച്ചതു തന്നെയാവണം. അതോ... എനിക്കുതന്നെ...?