ചുവന്ന ബലിച്ചോര
കറുത്തുറഞ്ഞ ചെളിനിലത്തിലൂടെ
ഒരു കണ്ണീര്‍പ്പുഴയൊഴുകുന്നു.
ചത്തമീനുകളായി
കാലവും കവിതയും
അതില്‍ നീന്തിനടക്കുന്നു.
കണ്ണഴുകിയ തലയോട്ടിയിലൂടെ
യാങ്കിസര്‍പ്പങ്ങള്‍ എണ്ണ തിരയുന്നു.
പൊലിഞ്ഞ മെഴുതിരികളില്‍
വിഷധൂമം വര്‍ത്തുളാകൃതിയില്‍ ചുറ്റുന്നു.
സ്വന്തം ശിരസ്സുകള്‍ തേടിത്തളര്‍ന്ന
ഒരു കൂട്ടം ബാല്യങ്ങള്
തെരുവിലൂടെ അലയുന്നു.
ഒരു വാക്കുപോലും സ്വന്തമല്ലാത്ത
അവരുടെവിരലറ്റുതൂങ്ങിയ കൈപ്പടത്തില്‍
പനിനീര്‍മൊട്ടുകള്‍ മാത്രം.
അതവര്‍ അന്ധലോകത്തിന്റെ
ചപലതയ്ക്കുനേരെ നീട്ടുന്നു.
ലോകമോ?
അതിന്റെ ലോഹവാതില്‍
ചെകിട് പൊട്ടുമാറ് കൊട്ടിയടയ്ക്കുന്നു.
കബന്ധങ്ങള്‍ തിങ്ങിയ മോര്‍ച്ചറിയുടെ
ഇടുങ്ങിയ വാതില്‍ ആരോ തുറക്കുന്നു.
നിലവിളികളില്‍ മരവിച്ച
നിരാശ്രയരായ അമ്മമാരുടെ
നീലിച്ച ഒലിവുമുലക്കണ്ണുകള്‍.
അമ്മിഞ്ഞപ്പാലുണങ്ങാത്ത ചുണ്ടില്‍ഒ
രു സ്വപ്നച്ചിരിയുമായി
അന്ത്യനിദ്രയിലാണ്ട പിഞ്ചുടല്‍.
അവന്റെ മുഷ്ടിയുടെ ശൂന്യതയില്‍
ദുര്‍ബലമായ ഒരു ചോദ്യം മാത്രം.
'എവിടെ എന്റെ പ്രിയപ്പെട്ട ലോകം?'
ഇതാ, യു. എന്‍. നിരീക്ഷകന്
ആതുരാലയത്തിന്റെ ഇടനാഴിയില്‍.
'ഈ സമാധാനപ്രാവിനെ നാം വരവേല്‍ക്കുക.
ലോകത്തിന്റെ വിശുദ്ധ മനഃസാക്ഷിയും
ലോഹനീതിയുടെ തുലാസും ഇവനല്ലോ!'
ശിഥിലഭ്രൂണങ്ങളുടെ കുഞ്ഞുനഖങ്ങള്
പ്രാവിന്റെ ബൂട്ടുകളില്‍ അള്ളിപ്പിടിക്കുന്നുവോ?
അദ്ദേഹം ഒരു ടോയ്‌ലെറ്റ് അന്വേഷിച്ച്
പരക്കം പായുകയാണല്ലോ!
അച്ഛന്‍ ഇനിയും വരാത്തതെന്ത്?
ഒന്നും വേണ്ടിയിരുന്നില്ല.
ഋതുപ്പകര്‍ച്ചയുടെ സമ്മാനങ്ങളും
മൂന്ന് നിറങ്ങളിലുള്ള കൈവളകള്‍,
വെള്ളിപ്പാദസരം, ഹല്‍വ, ബദാം,
പച്ചയില്‍ മഞ്ഞപ്പൂക്കളുള്ള പട്ടുറുമാല്‍,
കവിത കുറിക്കാന്‍ ഒറ്റവരയന്‍ പുസ്തകം.
ഒന്നും ഇനി വേണ്ടല്ലോ അച്ഛാ!
അതൊക്കെ കുഞ്ഞാമിന എടുത്തോട്ടെ,
അവള്‍ക്ക് ഒരു കണ്ണല്ലേ പോയുള്ളൂ!
യുദ്ധവിരുദ്ധ മുന്നേറ്റത്തിന്റെ
കൊടിയടയാളമായ കവിയൊരാള്‍
തന്റെ പ്രണയം തേടിയുഴലുന്നു.
അത് പൂക്കളിലും പുഴയിലും ഇല്ലായിരുന്നു.
പൂഴിയില്‍, ചാരത്തില്‍, ജ്വലിത വിഭ്രാന്തിയോടെ
അതൊരു നക്ഷത്രനിശ്ശബ്ദതയായി
ഒളിച്ചു കഴിഞ്ഞിരുന്നു.
ബലിച്ചോരയുടെ ഉപ്പളങ്ങളില്‍ പിച്ചവെച്ച്,
ക്രൂരതയുടെ അധിനിവേശങ്ങളില്‍ വളര്‍ന്ന്
കാഴ്ചകളാല്‍ കബളിപ്പിക്കുന്ന സൂര്യ .. ..!
നിന്റെ കുടിലദൃഷ്ടികള്‍ ഇനി അടയ്ക്കുക.
ഇരുട്ടിന്റെ ഞൊറി വിടര്‍ത്തിയിടുക.
കണ്ണീര്‍വറ്റാത്ത ഓര്‍മ്മകളെ തഴുകിയുറക്കാന്‍
ഞങ്ങള്‍ക്കിനിയൊരു പാട്ടുപോലുമില്ലല്ലോ!
****
എല്ലാ യുദ്ധങ്ങളുടെയും രക്തസാക്ഷികള്‍ക്ക്.
10 comments:
ബലിച്ചോര - കവിത (എല്ലാ യുദ്ധങ്ങളുടെയും രക്തസാക്ഷികള്‍ക്ക്.) - അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
കണ്മുമ്മില്‍ കാണുന്നതൊക്കെ ഇത്തരം ചിത്രങ്ങള്‍ മാത്രം സുഹൃത്തേ..എഴുതി ഫലിപ്പിക്കാന്‍ താങ്കളുടെ തൂലികക്കായീല്ലോ..
മറ്റൊരു പടയ്ക്ക് കോപ്പ് കൂട്ടുന്ന ദൈവത്തിന്റെ കാവല്‍ നായകന്മാര്‍ക്ക് ഇനിയാര് ബുദ്ധിയുപദേശിക്കാന്‍..
-പാര്‍വതി.
പാര്‍വതീ,
'വികാരപ്രപഞ്ചത്തെ ആവിഷ്കരിക്കാന്‍ വാക്കുകള്‍ അശക്തമാണ്'എന്ന സത്യം എഴുതുമ്പോഴാണല്ലോ തിരിച്ചറിയുന്നത്. അപ്പോള്‍ കവിത തികച്ചും അപൂര്‍ണവും അപക്വവുമായ ഒരു നിശ്ചേതന വസ്തുവായി തോന്നും. ഇങ്ങനെ ചിലരെങ്കിലും ആസ്വദിച്ചെന്ന് അറിയുന്നതിലെ സന്തോഷം ചെറുതല്ല. നന്ദി.
നന്നായിട്ടുണ്ട്. ചിത്രങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിച്ച വാക്കുകള്‍ താങ്കള്‍ പകര്‍ത്തിയിരിക്കുന്നു.
നേരില്‍ കാണുന്ന അനുഭവം.നല്ല വരികള്‍
കവിതകള്‍ ഓരോന്നായി പോരട്ടെ ശിവപ്രസാദ്.
കവിതകള്‍ ബൂലോഗത്തിലും സുലഭമാവട്ടെ.
ചാരുകേശി, കവിത മനോഹരം.ഇനിയും പോരട്ടെ.
അഭിനന്ദനങ്ങള്‍.
വാക്കുകളില്‍ ഒളിപ്പിച്ച ചിത്രങ്ങള്‍. അല്ലെങ്കില്‍ ചിത്രങ്ങള്‍ പറയാന്‍ കൊതിച്ച വക്കുകള്‍... അസ്സലായിരിക്കുന്നു.
എല്ലാ യുദ്ധങ്ങളുടെയും രക്തസാക്ഷികള്‍ക്ക്...
അവര്‍ക്കു നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ല ആദരാഞജലി....മനോഹരമായ കവിത്...
താങ്കളില്‍ നിന്ന് കൂടുതല്‍ നല്ല രചനകള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു...
ബലിച്ചോര......
ലോകം അന്ധമാണു്, ചപലവുമാണു്. അന്ധമായതു കണ്ണുകാണാത്തതു കൊണ്ടല്ല. കണ്ണു കാണാത്തവര്‍ മാത്രമല്ലല്ലൊ അന്ധന്മാര്‍. കാണേണ്ടവ കാണാത്തവരും കാണേണ്ടവയ്ക്കു നേരെ കണ്ണടയ്ക്കുന്നവരും കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പെരുമാറുന്നവരും അന്ധന്മാര്‍ തന്നെ.
അതുകൊണ്ടാണല്ലൊ പനിനീര്‍ പൂക്കള്‍ക്കു നേരെ അവര്‍ തങ്ങലുടെ ലോഹവാതില്‍ കൊട്ടിയടയ്ക്കുന്നതു്. അങ്ങനെയുള്ള ലോകത്തെ അന്ധമെന്നു തന്നെ “അഗ്നിമലയാളം“ വിളിക്കും.
ആ ലോകം നമ്മുടെ ദൃശ്യവാസ്തവങ്ങളില്‍ "ചുവന്ന ബലിച്ചോര കറുത്തുറഞ്ഞ ചെളിനിലങ്ങ"ളാണു പ്രതിഫലിപ്പിക്കുന്നതു്. കദനത്തിന്റെ പര്‍വ്വതനിരകളില്‍ നിന്നൂറി നിറയുന്ന കണ്ണുനീര്‍ അതിലൂടെയാണു പുഴയായൊഴുകുന്നതു്. കാലവും കവിതയും ചത്തമീനുകളായി അതില്‍ നീന്തി നടക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട ജനതയുടെ ദ്വിമാന സമവാക്യമാണു് ലോകം. അതിന്റെ നിര്‍ദ്ധാരണമൂല്യങ്ങളായ കാലവും കവിതയുമാണു ചത്തുമലച്ചൊഴുകുന്നതു്. ദുരന്തബലിപ്പാറകള്‍ക്കിടയിലൂടെയുള്ള ഈ കുത്തൊഴുക്കു് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നതു് ശക്തമായ ഒരു തിരിച്ചറിവിലേയ്ക്കാണു്. അങ്ങനെ ജീവോന്മുഖമായിരിക്കണം കാലവും അതിന്റെ പ്രതിസ്പന്ദമായ കവിതയുമെന്ന ഉദ്ഘോഷമായി “ബലിച്ചോര“ മാറുന്നു
Post a Comment